ഓസ്ട്രേലിയയിൽ താമസിക്കുന്ന ശ്രീജിത്ത് ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണു. ഈ കുറിപ്പിൽ പറയുന്നത് ചില തിരിച്ചുവരവുകളെ കുറിച്ചാണ്. ഒരിക്കൽ തിരസ്കാരങ്ങളിൽ മനംമടുത്തോ ആത്മവിശ്വാസമില്ലായ്മ കൊണ്ടോ കളിക്കളങ്ങളുടെയോ വേദികളുടെയോ പ്രകാശപൂരിതമായ ഇടങ്ങൾ വിട്ടു അജ്ഞതമായ ജീവിതങ്ങളിലേക്ക് പോകുന്നവർ മടങ്ങിവന്നു വിസ്മയങ്ങൾ തീർക്കാറുണ്ട്. ഈ കുറിപ്പിൽ ചിലരെ ഉദാഹരിച്ചിട്ടുമുണ്ട്. അതിലെ പ്രതിഭാധനരായ ആളുകളിൽ ഒരാളാണ് ലയണൽ മെസ്സി. താൻ ജനിക്കുന്നതിനു ഏകദേശം ഒരുവർഷം മുൻപ് ആണ് തന്റെ രാജ്യമായ അർജൻറീന ഒടുവിലായി ലോകക്കപ്പ് നേടിയത്. മെസിയുടെ 35 വർഷത്തെ ജീവിതത്തിൽ, ഇന്നലെ ഫിഫ കപ്പും ഏന്തിനിന്ന തന്നെയും ടീമിനെയും അല്ലാതെ അതിനുമുൻപ് അദ്ദേഹം ഒരിക്കൽ പോലും ലോകക്കപ്പേന്തിയ അർജന്റീന ടീമിനെ ലൈവായി കണ്ടിട്ടുമില്ല.
തന്റെ പൂർവ്വികർ രണ്ടുതവണ നേടിത്തന്ന, അനവധി തവണ വഴുതിപ്പോയ ആ വിലയേറിയ കപ്പ് വീണ്ടെടുക്കാൻ മെസ്സി നടത്തിയ പോരാട്ടത്തിന്റെ കഥ കൂടിയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ആ പോരാട്ടത്തിന്റെ കാലങ്ങളിൽ അദ്ദേഹം അനുഭവിച്ച അവഗണനകളും തിരസ്കാരങ്ങളും പഴികേൾക്കലുകളും എല്ലാം തന്നെ പഴങ്കഥ ആയിരിക്കുന്നു. ലാറ്റിനമേരിക്കയിലെ ഈ ഫുട്ബാൾ സമ്പന്ന രാജ്യത്തിലെ ജനങ്ങൾ ഇനി മെസ്സിയെ ഓർക്കുക തങ്ങൾക്കുവേണ്ടി ലോകക്കപ്പ് ഒരിക്കൽ കൂടി ബ്യൂണസ് ഐറിസിൽ എത്തിച്ച മഹാനായ കളിക്കാരൻ എന്നാണു. തന്റെ വിടപറയൽ പ്രഖ്യാപനത്തിന്റെ ഭാവി എന്തുതന്നെ ആയാലും അയാൾ തലകുനിച്ചല്ല..തല ഉയർത്തിപ്പിടിച്ചുതന്നെയാണ് മടങ്ങിപോകുന്നത്. ആ മടങ്ങിപ്പോക്ക് അജ്ഞാതമായ ഒരിടത്തയ്ക്കും അല്ല..ജനങ്ങളുടെ മനസിലേക്ക് തന്നെയാണ്. ചരിത്രത്തിന്റെ സുവർണ്ണ താളുകളിലേക്കു തന്നെയാണ്. ശ്രീജിത്ത് ശ്രീകുമാറിന്റെ മനോഹരമായ കുറിപ്പ് വായിക്കാം
ശ്രീജിത്ത് ശ്രീകുമാർ
1993ലാണ് തന്റെ ഉള്ളിൽ നിന്നുള്ള പ്രചോദനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി മൈക്കിൾ ജോർദാൻ പ്രൊഫഷണൽ ബാസ്കറ്റ്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 1995-ൽ ഗെയിമിലേക്ക് അദ്ദേഹം മടങ്ങി വരുന്നത് ഒരുപക്ഷെ ലോകം കണ്ട ഏറ്റവും ചെറിയ ഒരു പ്രസ്സ് സ്റ്റേറ്റ്മെന്റ് പത്രങ്ങൾക്ക് നൽകിയാണ്. അതിൽ അദ്ദേഹം കുറിച്ചത് ഇത്രമാത്രം, ‘I am Back”. പിന്നീട് ലോകം കണ്ടത് ചിക്കാഗോ ബുൾസിനെ മൂന്ന് NBA ചാമ്പ്യൻഷിപ്പുകളിലേക്ക് നയിക്കുന്ന ജോർദാനെയാണ്.
1985-ൽ ആണ് സ്റ്റീവ് ജോബ്സ് അദ്ദേഹം സഹസ്ഥാപിച്ച കമ്പനിയായ ആപ്പിളിൽ നിന്ന് പുറത്താക്കപ്പെടുന്നത്. 1997-ൽ അതേ കമ്പനിയിൽ അദ്ദേഹം മടങ്ങിയെത്തുന്നു. പിന്നീട് നമ്മൾ കണ്ടതാണ് അദ്ദേഹത്തിന്റെ വിഷൻ ഐപോഡ്, ഐഫോൺ, ഐപാഡ് തുടങ്ങിയ നൂതന ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആപ്പിളിനെ ലോകത്തെ ഏറ്റവും വാല്യൂ ഉള്ള കമ്പനിയാക്കിമാറ്റുന്നതാണ്.
ചർച്ചിലിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു, എന്നാൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ തിരിച്ചുവരവ് രണ്ടാം ലോകമഹായുദ്ധകാലത്തായിരുന്നു. ബ്രിട്ടീഷ് പൊതുജനങ്ങൾക്ക് അനുകൂലമായിരുന്നില്ലെങ്കിലും സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും, 1940-ൽ അദ്ദേഹം പ്രധാനമന്ത്രിയാകുകയും യുദ്ധത്തിലൂടെ രാജ്യത്തെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
മനുഷ്യന്റെ തിരിച്ചുവരുവകൾ അങ്ങനെയാണ്. അവ മനോഹരങ്ങളാണ്. അത് ചെയ്യുന്നവർ ഒറ്റക്കല്ല. ചുറ്റിലും പലരും അവരെ സഹായിക്കുന്നുണ്ട്. പക്ഷെ മുന്നിൽ നിൽക്കുന്നത് മിക്കപ്പോഴും ഒരാൾ ആയതുകൊണ്ട് പല തിരിച്ചുവരവുകളും ഒരാളുടെ പേരിൽ അറിയിൽപ്പെടുന്നു… അത് കഥയായും, കവിതയായും ലോകം ഏറ്റെടുക്കുന്നു…. കാരണം വീണ്ടും വീണ്ടും മറ്റുള്ള മനുഷ്യരെ പ്രചോദിപ്പിക്കാൻ അത് സഹായിക്കുന്നു…അതുപോലെ ഒരു തിരിച്ചുവരവും അതിന്റെ ഏറ്റവും മനോഹരമായ പ്രകടനത്തിന്റെ കലാശത്തിനുമാണ് നമ്മൾ ഇന്നലെ സാക്ഷിയായത്.
2016ൽ തന്നിൽ നിന്നും അമാനുഷികമായ പലതും പ്രതീക്ഷിക്കുകയും എന്നാൽ അതിനുള്ള ചുറ്റുപാടുകൾ ഒരുക്കിത്തരാതെ നിരന്തരം വിമർശനങ്ങൾകൊണ്ട് മൂടുകയും ചെയ്തപ്പോളാണ് തകർന്ന മനസ്സുമായി ലയണൽ മെസ്സി എന്ന പ്രതിഭ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുന്നത്. തന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചിട്ടും അയാൾക്ക് കിട്ടിയ സമ്മാനം അങ്ങനെയായിരുന്നു. പക്ഷെ ആ തീരുമാനത്തിൽ തകർന്ന അയാളുടെ നാട്ടുകാർ അയാളോട് തീരുമാനം മാറ്റാൻ അഭ്യർത്ഥിച്ചുകൊണ്ടിരുന്നു..”നിങ്ങൾക്ക് ആയിരം ഫൈനലുകൾ കൂടി തോൽക്കാം, ഞങ്ങൾ ഇപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടാകും. നിങ്ങളില്ലാതെ ഞങ്ങൾ ഒന്നുമല്ല, ദയവായി പോകരുത്…”അന്നത്തെ വാക്കുകളിൽ പലതിലും പൊതുവായുള്ള അഭ്യർത്ഥന ഇതായിരുന്നു. 2018ൽ തിരിച്ചു വന്നപ്പോഴും അയാൾ അന്നത്തെ കൊച്ചിനോട് തർക്കിച്ചത് മാറ്റങ്ങൾക്ക് വേണ്ടിയായിരുന്നു. അന്നത്തെ കൊച്ചിനെ വേൾഡ് കപ്പ് കഴിഞ്ഞു അർജന്റീന പുറത്താക്കി. പൈസയുടെ കുറവും, മറ്റു പ്രശ്നങ്ങളും കാരണം നട്ടം തിരിഞ്ഞിരുന്ന അർജന്റീനയുടെ ഫുട്ബാൾ ഫെഡറേഷൻ അപ്പോഴാണ് അത്രയൊന്നും ആരും ശ്രദ്ധിക്കാത്ത ലയണൽ സ്കലോണിയെന്ന മനുഷ്യന് ആ ടീമിനെ ഏൽപ്പിക്കുന്നത്.
പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ ആണ് സ്കിലോണിക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഒന്ന് മെസ്സി എന്ന ലോകം കണ്ട ഏറ്റവും വലിയ പ്രതിഭയെ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുക. അയാളുടെ മുന്നേ വന്ന എല്ലവരും പരാജയപ്പെട്ട ഒരു മേഖലയായിരുന്നു അത്. കാരണം അവർ ശ്രമിച്ചത് ബാർസിലോണയിൽ കളിക്കുന്ന മെസ്സിക്ക് അവിടത്തെ സാഹചര്യങ്ങൾ ഒരുക്കാതെ, അർജന്റീനയുടെ ജേഴ്സി കൊടുത്തുകൊണ്ട് ഒറ്റക്ക് പോരാടാൻ വിടുകയായിരുന്നു. സ്കലോണിയുടെ മുന്നിൽ രണ്ടാമത്തെ വെല്ലുവിളി തന്നെ തന്റെ ജനങ്ങൾക്ക് പോലും വേണ്ട എന്നതിൽ മനസ്സു വിഷമിച്ചു 2018ലെ വേൾഡ് കപ്പിന് ശേഷം തന്റെ ആയുധങ്ങൾ ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന മെസ്സിയെന്ന പോരാളിയെ, ആ രാജ്യത്തിനും, തനിക്കും, അവിടത്തെ ജനങ്ങൾക്കും വേണ്ടി ഇനിയും പലതും അയാൾക്ക് ചെയ്യാൻ കഴിയും എന്ന് വിശ്വസിപ്പിക്കലായിരുന്നു.
അതോടൊപ്പം മറ്റൊന്നുകൂടി അയാൾക്ക് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. അയാൾ ഒറ്റക്കല്ല എന്നയാളെ ബോധ്യപ്പെടുത്താൻ കൂടെ കൊല്ലാനും ചാവാനും തയ്യാറായി അയാളെ കണ്ണടച്ചു വിശ്വസിക്കുന്ന ഒരു കൂട്ടത്തെ അയാളുടെ ചുറ്റിലും അണി നിരത്തുക എന്നത്.അത് എളുപ്പമായിരുന്നു കാരണം മെസ്സിയെന്ന ജീനിയസ്സിനെ ആരാധിക്കുന്ന, അയാളോടുത്തു കളിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടം അവിടെ ഉണ്ടായിരുന്നു.
സ്കലോനിക്ക് ഉറപ്പായിരുന്നു നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആൾരൂപമായ തന്റെ പോരാളിക്ക് അങ്ങനെയൊരു സൈന്യത്തെ ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് തനിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. കാരണം അയാൾക്കറിയാമായിരുന്നു അങ്ങനെയൊരു കൂട്ടം പോരാളികളെ കിട്ടിയാൽ മുന്നിൽ നിന്ന് പട നയിക്കാൻ കോടിക്കണക്കിന് വരുന്ന തന്നെ വിശ്വസിക്കുന്നവരുടെ സ്വപ്ങ്ങൾ ചുമക്കുന്ന, അതിനുള്ള ബലവും, ആത്മവിശ്വാസവും, ഊർജ്ജവും ഉള്ള, ആ ശരീരത്തിനും മനസ്സിനും കഴിയുമെന്ന്.
സ്കലോണി തന്റെ പോരാളികളെ തിരഞ്ഞെടുത്തു. മെസ്സിയുടെ ബോഡിഗാർഡ് എന്നറിയപ്പെടുന്ന ഇരുപത്തിയെട്ടുകാരൻ റോഡ്രിഗോ ഡി പോൾ, ചെറുപ്പം മുതൽ അയാളുടെയൊപ്പം കളിക്കാൻ സ്വപ്നം കാണുന്ന അൽവാരസ്, മെസ്സിക്ക് വേണ്ടി എത്ര വേണമെങ്കിലും ഓടാൻ തെയ്യാറാണെന്ന് പറഞ്ഞു നടക്കുന്ന ലിസാന്ദ്രോ മാർട്ടിനസ്, മെസ്സിക്കെ വേണ്ടി മരിക്കാനും തയ്യാർ എന്ന് പറഞ്ഞു ടീമിന്റെ ഗോൾ വലയം കാക്കുന്ന എമിലിയാനോ മാര്ട്ടിനെസ്, കിരീട പോരാട്ടങ്ങളിൽ അർജന്റീനയുടെ മാലാഖയായ മെസ്സിയുടെ വിശ്വസ്തൻ ഡി മരിയ….ചില പേരുകൾ മാത്രമാണ് ഇത്… ചുരുക്കത്തിൽ മെസ്സിക്കൊപ്പം നിന്ന്, എന്നാൽ മെസ്സിക്ക് വേണ്ടി പൊരുതാൻ വെമ്പുന്ന ഒരു കൂട്ടം വിശ്വസ്തർ.
ആ കൂട്ടം പടയാളികൾ ഇന്നലെ തങ്ങളുടെ ചെറിയ മനുഷ്യന് വേണ്ടി, അയാളെ ആരാധിക്കുന്ന ഒരു വലിയ കൂട്ടത്തിനു വേണ്ടി, അവരുടെ നാടിനുവേണ്ടി, മരുഭൂമിയിലെ മണൽത്തരികളേയും, വെട്ടി തിളങ്ങുന്ന കടൽത്തിരകളേയും സാക്ഷി നിർത്തി തങ്ങളുടെ അവസാന യുദ്ധംത്തിനിറങ്ങുമ്പോൾ… നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യത്തിന്റെ തനിമയും പേറി അത്തറിന്റെ സുഗന്ധമുള്ള കാറ്റ് അവർക്ക് ചുറ്റും ഒരു കരുതലായി അവരുടെ വിജയത്തിന് പ്രാർത്ഥനാമന്ത്രം ഉരുക്കഴിക്കുമ്പോൾ, അതൊരു കാലത്തിന്റെ തെയ്യാറെടുപ്പായിരുന്നു….
കാരണം കാലത്തിനറിയാമായിരുന്നു…മനോഹരമായ ഭൂതകാലവും വർത്തമാനവും ഇഴചേർന്ന് കിടക്കുന്ന ഖത്തറിന്റെ മൈതാനത്തിലെ പുല്നാമ്പുകൾക്ക് തീപ്പിടിക്കുമെന്നും….ആ അഗ്നിയെ സാക്ഷി നിർത്തി യുദ്ധം അവസാനിക്കുമ്പോൾ കാൽപ്പന്തുകളിയുടെ ഒരേ ഒരു ഖലീഫയെ അവിടെ വെച്ച് ലോകം വാഴിക്കുമെന്നും…അവന്റെ സ്ഥാനാരോഹണം ലോകം മുഴുവനും രാവും പകലും ഇല്ലാതെ അവന്റെ സൈന്യവും, അവന്റെ നാടും, അവനെ ഇഷ്ട്ടപ്പെടുന്ന, അവനിൽ മിശിഹായെ കാണുന്ന ഒരു വലിയ ലോകവും ആഘോഷിക്കുമെന്നും…
കാരണം കാലത്തിനറിയാമായിരുന്നു…ധാർമ്മിക പ്രപഞ്ചത്തിന്റെ കമാനം എത്രതന്നെ നീളമുള്ളതായാലും, ശക്തിയുള്ളതായാലും.. പ്രതീക്ഷയുടേയും, നിരന്തരമായ പോരാട്ടത്തിന്റെയും ബലം അതിനു മുകളിൽ നിരന്തരം പതിക്കുമ്പോൾ അത് നീതിയിലേക്ക് തന്നെ വളയുമെന്നും….അവിടെ നീതി സംഭവിച്ചേ മതിയാവു എന്നും…
ഇന്നലെ വിജയിച്ചത് പലരുമാണ്…പക്ഷെ കിരീടം അവനുള്ളതാണ്…കാരണം കോടിക്കണക്കിനു മനുഷ്യരുടെ, വർഷങ്ങളുടെ പ്രതീക്ഷയുടെ ഭാരം ചുമന്നാണ് അവൻ ഇതുവരെ നടന്നത്….തകരാതെ…പലരും വീഴ്ത്താൻ നോക്കിയിട്ടും കാലിടറിയിട്ടുണ്ടെങ്കിലും വീഴാതെ…അതുകൊണ്ടുതന്നെ കഥകളിലും, കവിതകളിലും, അവനുണ്ടാവുക സ്വാഭാവികം മാത്രം….
റൊസാരിയോയിൽനിന്നും ഇനിയും പുതിയ കഥകൾ ഉയരും.പരാന നദിപോലെ അവ ലോകം മുഴുവൻ ഒഴുകിയെത്തും. നിങ്ങൾ എപ്പോഴെങ്കിലും അർജന്റീനയിലേക്ക് നേരിട്ട് പോകുക, റൊസാരിയോ സന്ദർശിക്കുക. അവിടെ ജനിച്ച ഒരു കുട്ടിയുടെ കഥ അവിടെയിരുന്നു കേൾക്കുക. ടാംഗോയും, മിലോംഗയും പോലെ മനോഹരമായി പന്തുകൊണ്ട് നൃത്തം ചവിട്ടുന്ന, എതിരാളികളുടെ പ്രതിരോധത്തിലൂടെ ഡിഫൻഡർമാരെ സസ്പെൻസിൽ നിർത്തി അവൻ നെയ്തെടുക്കുന്നു അസിസ്റ്റുകളുടേയും, ഗോളുകളുടേയും കഥകൾ.നിങ്ങൾ നിരാശപ്പെടില്ല…ആ തെരുവിൽ ജനിച്ചു ലോകത്തോളം വളർന്ന് ഇതിഹാസമായി മാറിയ ഒരു കുട്ടിയുടെ കഥയാണ്….ഒന്നും എളുപ്പമായിരുന്നില്ല…അതിൽ പല മനുഷ്യരുടെ സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, ചേർത്തു നിർത്തലിന്റെയും കഥകളും ഉണ്ട്…
ഒന്നുറപ്പാണ്, അവ നിങ്ങളെ സ്വപ്നം കാണാൻ പ്രചോദിപ്പിക്കും….നന്ദി…കാലത്തിന്. ഈ ചെറിയ ജീവിതത്തിൽ ഓർത്തിരിക്കാനും, ഉറക്കെ പറയാനും ഇത്രക്കും മനോഹരാമായ ഒരു കഥ അനാവരണം ചെയ്തു തന്നതിന്…