Sreejith Sreekumar

സ്വിസ്സിലെ ഒരു ഗ്രാമത്തിലെ ടെന്നീസ് ഇഷ്ടമുള്ള, ഒരിക്കൽ ബോൾ ബോയ് ആയിരുന്ന ആ പയ്യൻ അന്ന് പക്ഷെ വിചാരിച്ചിട്ടുണ്ടാവില്ല താൻ ലോക ടെന്നീസിലെ, സ്പോർട്സിലെ ഒരു ഇതിഹാസമാവുമെന്നത്. മറ്റു സ്പോർട്സ് കളിക്കുന്ന വലിയ പ്രതിഭകൾ വരെ തന്റെ ആരാധകർ ആവും എന്നത്. പക്ഷെ കാലവും, പരിശ്രമങ്ങളും, അയാളുടെ കോർട്ടിനകത്തും പുറത്തും ഉള്ള സ്വഭാവവും അയാളെ ഇന്നത്തെ രീതിയിൽ എന്നും മനോഹരമായി പൂത്തുനിൽക്കുന്ന ഒരു വന്മരമായി വളർത്തി.

എന്തുകൊണ്ട് റോജർ ഫെഡറർ എന്ന ചോദ്യത്തിന് ഒരിക്കൽ എവിടെയോ വായിച്ച ഒരുത്തരം ഇതായിരുന്നു. എത്രയോ തവണ അയാൾ ഒരു ടൂർണമെന്റ് കളിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരിശീലനവും മറ്റും മാറ്റിവെച്ചുകൊണ്ട് ഒന്നുകിൽ നേരിട്ട്, അല്ലെങ്കിൽ തങ്ങളുടെ ഡ്രസിങ് റൂമിലെ, പരിശീലന ഇടങ്ങളിലെ ടീവി നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട് എന്ന്. അതായിരുന്നു ഫെഡററും, അയാളുടെ കളിയുടെ സൗന്ദര്യവും, എതിരാളികളിൽപ്പോലും അതുണ്ടാക്കുന്ന സ്വാധീനവും. അയാളേക്കാൾ കൂടുതൽ ഗ്രാൻസ്ലാമുകൾ ഉള്ളവർ ഇന്ന് നമുക്കുണ്ട്. പക്ഷെ ടെന്നീസ് എന്ന കളിയുടെ കാവ്യാത്മകതയും, സൗന്ദര്യവും, വന്യതയും ഒരുപോലെ ഒത്തുചേർന്ന ഒരാൾ ഒരുപക്ഷെ അയാൾ മാത്രമായിരിക്കും. ഒരു ഒഴുക്കുപോലെ തികച്ചും ആയാസരഹിതമായി തോന്നുന്ന, കോർട്ടിന്റെ എല്ലാ ഭാഗത്തേക്കും അയാളുടെ റാക്കറ്റിൽനിന്നും ഒഴുകി വന്നു വീണിരുന്ന പന്തുകൾ ഏതൊരു ടെന്നിസ് പ്രേമിയേയും കോരിതരിച്ചിട്ടുണ്ട് എത്രയോ വട്ടം….ആരാധകർ ആക്കിയിട്ടുണ്ട് അയാളുടെ എതിരാളികളെപ്പോലും…

അയാളിലെ ടെന്നീസ് കളിക്കാരനെ ലോകം വാഴ്ത്തുമ്പോൾ, ലോകം അയാളെ സ്നേഹം കൊണ്ട് മൂടിയപ്പോൾ അയാൾ അതെല്ലാം തിരിച്ചു കൊടുക്കാൻ ശ്രമിച്ചത് കോർട്ടിൽ മാത്രം ആയിരുന്നില്ല. 2003 മുതൽ ആഫ്രിക്കയിലെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പഠിത്തവും, സ്‌കൂൾ സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ശ്രമിച്ചു കൊണ്ടായിരുന്നു…. ഒരു സ്‌കൂൾ സന്ദശിച്ചപ്പോൾ I am tomorrow’s future എന്ന് തന്നോട് ആവേശത്തോടെ ഒരു കുട്ടി പറഞ്ഞ വാചകത്തിനെ തന്റെ ഫൗഡേഷന്റെ വിഷൻ സ്റ്റേറ്റ്മെന്റ് ആക്കിക്കൊണ്ട്, അതിൽനിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട്. തന്റെ പ്രശസ്തി ഉപയോഗിച്ച് കൊണ്ട് സ്പോൺസമാരെ ഉൾപ്പെടുത്തി റോജർ ഫെഡറർ ഫൗണ്ടേഷൻ ഇതുവരെ പതിനായിരത്തിനടുത്തു സ്‌കൂളുകളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, അതിന്റെ ഗുണം കിട്ടിയത് ഇരുപതു ലക്ഷത്തിനടുത്തു വിദ്യാർത്ഥികൾക്കാണ്….!

ഇന്ന് തന്റെ 41 വയസ്സിൽ പരിക്കും മറ്റുമായി ഇനി തന്റെ ശരീരത്തിന് പരിതിമികൾ ഉണ്ടെന്നു മനസ്സിലാക്കി അയാൾ കളി നിർത്തുമ്പോൾ അവസാനിക്കുന്നത് സൗകുമാര്യം, വൈശിഷ്ട്യം, രൂപഭംഗി, തുടങ്ങിയ പല വാക്കുകൾക്കൊണ്ട് ടെന്നീസ് എന്ന ഗെയിമിനെ ഒരു പെയിന്റിംഗ് പോലെ മനോഹരമാക്കിയ, അതിനെ ഒരു കലയായി കാണാൻ ആളുകളെ പ്രേരിപ്പിച്ച ഒരു യുഗം കൂടിയാണ്. നന്ദി റോജർ ഫെഡറർ…

ഒരു ടെന്നിസ് കളിക്കാരൻ എന്ന ചട്ടക്കൂടിൽനിന്നും ടെന്നീസ് എന്ന ഗെയിമിനെ പുറത്തേക്കെടുത്തുകൊണ്ട് ഒരു ടെന്നീസ് ആർട്ടിസ്റ്റ് എന്ന രീതിയിൽ ഞങ്ങൾക്ക് മുന്നിൽ കുടഞ്ഞിട്ടു തന്നതിന്.സ്പോർട്സിന്റെ വന്യതയെ കലയുടെ വശ്യമായ സൗന്ദര്യത്തിൽ മുക്കി റാക്കറ്റുകൊണ്ടു തങ്ങൾ വരച്ചിട്ട നിരവധി മനോഹരങ്ങളായ വർണ്ണചിത്രങ്ങൾക്ക്. കളിക്കളത്തിനുപുറത്തും എന്താണ് ക്‌ളാസ്സ് എന്നത് നിരന്തരം കാണിച്ചു തന്നതിന്. താങ്കൾ എന്നും ഒരിതിഹാസം തന്നെയായിരിക്കും. ഒപ്പം ഒരു വലിയ പ്രചോദനവും.

Leave a Reply
You May Also Like

വിംബിൾഡൺ ടെന്നിസ് ബോൾ സൂക്ഷിക്കുന്നത് 68° FH (20°C) ലാണ്‌, എന്തുകൊണ്ട് ?

ടെന്നീസ് പന്തിന്റെ താപനില അതിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ ? Sreekala Prasad ഓരോ ടെന്നീസ്…

ക്രിക്കറ്റിൽ ഒരു ഓവറിൽ 77 റൺസ് ! അതെങ്ങനെ സംഭവിച്ചു ?

ക്രിക്കറ്റിൽ ഒരു ഓവറിൽ 77 റൺസ് ! അതെങ്ങനെ സംഭവിച്ചു ? അറിവ് തേടുന്ന പാവം…

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തേങ്ങലോടെ സാനിയ….

പാക്കിസ്ഥാന്‍ പൌരനെ വിവാഹം കഴിച്ചതിനാല്‍, അവര്‍ പാക്കിസ്ഥാന്‍ വനിതയാണെന്നും, അവരെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്