എഴുതിയത് : Sreejith VT Nandakumar

 

മദ്യാസക്തിക്ക് ‘ കാരണങ്ങളും ‘ ‘ യുക്തികളും ‘ കണ്ടെത്തേണ്ടത്‌ മദ്യപന്റെ സ്വബോധാവസ്ഥയില്‍ ആണെന്നൊരു പൊതുധാരണയുണ്ട്. സ്വബോധാവസ്ഥയില്‍ മദ്യപാനികള്‍ പക്വതയില്ലാത്തവരും അമ്മ വളര്‍ത്തിയ മക്കളും ഫ്രൂയ്ഡിയന്‍ ‘ വദനസ്നേഹികളും’ ‘ സ്വവര്‍ഗപ്രണയികളും’ ‘ നിഷ്ക്രിയരെങ്കിലും – അക്രമാസക്തരും’ ‘ വിജയഭീതി ഉള്ളവരും ‘ ‘ അതീവസംവേദനക്ഷമത ഉള്ളവരും ‘ ‘ ദുരഭിമാനികളും ‘ ‘ മര്യാദക്കാരും’ അല്ലെങ്കില്‍ ചുമ്മാ ദുര്‍ബ്ബലരും ഒക്കെയായാണ് സാധാരണയായി വിശേഷിപ്പിക്കപ്പെടാറ്. പക്ഷേ, ഈ വിശ്വാസങ്ങളുടെ യുക്തിപരമായ അനുമാനങ്ങള്‍ പരിശോധിക്കപ്പെടാറില്ല:

1. മദ്യപാനിയുടെ സ്വബോധജീവിതമാണ്‌ അയാളെ ഏതെങ്കിലും കാരണവശാല്‍ മദ്യത്തിലേക്ക് നയിക്കുന്നതെങ്കില്‍ ആ സവിശേഷസ്വബോധശൈലി ഒന്നുകൂടി ദൃഢീകരിക്കുന്ന ഒരു പ്രക്രിയയും മദ്യാസക്തിയെ നിയന്ത്രിക്കാനോ കുറയ്ക്കാനോ മതിയാകില്ലതന്നെ.

2. സ്വബോധാവസ്ഥയുടെ ശൈലിയാണ് മദ്യപാനത്തിലേക്ക് നയിക്കുന്നതെങ്കില്‍ ആ ശൈലിയില്‍ എന്തോ തകരാറോ രോഗമോ ഉണ്ട്. ലഹരി, ഏതെങ്കിലും അളവില്‍ – ആപേക്ഷികമായി ആണെങ്കിലും – ആ തകരാറിനെ നേരെയാക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, മദ്യപന്റെ ‘ തെറ്റായ’ സ്വബോധവുമായി തട്ടിച്ചുനോക്കുമ്പോള്‍ അയാളുടെ മദ്യപാനം ഒരര്‍ത്ഥത്തില്‍
‘ശരി’യാണ്. ‘ ലഹരിയില്‍ സത്യമുണ്ട് ‘ എന്ന ആ പഴയ ലത്തീന്‍ ലേബല്‍, സാധാരണയായി അതിനു ചാര്‍ത്തി നല്‍കാറുള്ളതിലും ഏറെ ആഴമുള്ള ഒരു സത്യമുള്‍കൊള്ളുന്നുണ്ട്.

3. മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത്, സ്വബോധത്തില്‍, മദ്യപാനി തനിക്ക് ചുറ്റുമുള്ളവരെക്കാള്‍ എങ്ങനെയോ കൂടുതല്‍ ‘ ബോധം’ ഉള്ളവനാകുന്നുണ്ട് എന്നും ആ സാഹചര്യം അയാള്‍ക്ക് അസഹനീയമാകും എന്നുമാണ്. മദ്യപാനികള്‍ ഈ സാദ്ധ്യതയെ അനുകൂലിച്ചു വാദിക്കുന്നത് കേള്‍ക്കാം, പക്ഷേ ഈ ഉപന്യാസത്തില്‍ ഞാനത് അവഗണിക്കുകയാണ്. ആള്‍ക്കഹോളിക്സ്‌ അനോണിമസ് നിയമപ്രതിനിധിയായ ബെര്‍ണാര്‍ഡ് സ്മിത്ത് പറഞ്ഞതാണ്‌ വസ്തുതയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്‌ എന്നുതോന്നുന്നു –
‘ ഏ ഏ അംഗങ്ങള്‍ ആരും ലഹരിക്ക്‌ അടിമകളല്ല; ആള്‍ക്കഹോള്‍ അവർക്ക്, ഭൌതികജീവിതത്തിന്റെ വ്യാജമായ ആദര്‍ശങ്ങള്‍ക്കു മുന്നിൽ വ്യക്തിത്വം അടിയറ വയ്ക്കാതിരിക്കാനുള്ള കേവലമായ ഒരു രക്ഷാമാര്‍ഗ്ഗം ആയിരുന്നു.’

മദ്യപാനി തനിക്ക് ചുറ്റുമുള്ള ഭ്രാന്തന്‍ ആദര്‍ശങ്ങള്‍ക്ക് എതിരെ നടത്തുന്ന കലാപമല്ല മദ്യപാനം, മറിച്ചു തനിക്കുള്ളിലെതന്നെ ഭ്രാന്തന്‍ ആദര്‍ശങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം ആണ് എന്നത്രേ ഇതിനർത്ഥം. ഈ ഭ്രാന്തന്‍ ചിന്തകള്‍ നിരന്തരം ചുറ്റുമുള്ള സമൂഹം ഊന്നുന്നുമുണ്ട്. എങ്കിലും, വിഭ്രാമകമെങ്കിലും മാമൂല്‍ തെറ്റിക്കാത്ത അനുമാനങ്ങളാണ് അസംതൃപ്തമായ ഫലങ്ങളിലേക്ക് നയിക്കുന്നതെന്ന വസ്തുതയോട് ഒരു മദ്യപാനി, ‘നോര്‍മല്‍ ‘ ആയവരേക്കാള്‍ ഏതോ രീതിയില്‍ കൂടുതല്‍ ക്ഷിപ്രവശംവദത്വം ഉള്ളയാളോ സൂക്ഷ്മസംവേദിയോ ആകാനൊരു സാദ്ധ്യതയുണ്ട്.

4. മദ്യാസക്തിയെ കുറിച്ചുള്ള സമകാലികസിദ്ധാന്തങ്ങള്‍, അതിനാല്‍, സ്വബോധവും മദ്യലഹരിയും തമ്മിലുള്ള ഒരു വിപരീതപ്പൊരുത്തം നല്‍കാവുന്നവയാണ് – രണ്ടാമത്തേത്, ആദ്യത്തേതിന്റെ കുറവ് തീര്‍ക്കാനാകുന്ന ഉചിതമായ വൈയക്തികപരിഹാരമാണ് എന്ന നിലയില്‍. സാധാരണമായ ദുഃഖങ്ങള്‍ക്കോ, അമര്‍ഷത്തിനോ, ശാരീരികവേദനക്കോ ഒരു വേദനാസംഹാരി എന്ന നിലയില്‍ മദ്യപിക്കുന്നവര്‍ ഉണ്ട് എന്നതില്‍ തര്‍ക്കമില്ല. മദ്യത്തിന്റെ വേദനാസംഹാരി എന്ന ആ കര്‍മ്മം, നമ്മുടെ വിരുദ്ധപ്പൊരുത്തത്തിനു ഉപോല്‍ബലകമാണ് എന്നും വാദിക്കാം. എങ്കിലും ഞാനിവിടെ ഈ കേസുകളെയും പരിഗണനയില്‍ നിന്നും ഒഴിവാക്കുകയാണ്. കാരണം അത് മദ്യാസക്തി എന്ന പ്രശ്നത്തില്‍ പ്രസക്തമല്ല. ദുഃഖം, അമര്‍ഷം, വിദ്വേഷം, മോഹഭംഗം എന്നിവ മദ്യപാനികള്‍ പതിവായി ഉപയോഗിക്കുന്ന പദങ്ങള്‍ ആണെങ്കില്‍പ്പോലും.

– ഗ്രെഗോറി ബെയ്റ്റ്സണ്‍ ; ‘ സെല്‍ഫ് – അ തിയറി ഓഫ് ആള്‍ക്കഹോളിസം’.

No photo description available.

ചിത്രം : ബി സി 500-490നിടയിലെ റ്സേര്‍വേറ്റെറിയിലെ ഒരു ചെമ്മണ്‍കൂജയിലെ പടത്തിലെ ഒരംശം. ഡാവ്രിസ് എന്ന ചിത്രകാരന്റെ ഭാവനയില്‍ സാറ്റ്ര്‍ എന്ന കാമാസക്തിയും മൃഗീയചോദനകളും ഉള്ള സദാ മദ്യലഹരിയില്‍ മുഴുകിയ അമാനുഷജീവി തന്റെ ഉദ്ധൃതലിംഗത്തില്‍ ഒരു വീഞ്ഞിന്‍കോപ്പ കയറ്റിവച്ചിരിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.