“അച്ഛനാണെങ്കിൽ പോലും മക്കളുടെ ജീവന് ഭീഷണിയായാൽ കൊന്നു കളയണം”

0
715

ശ്രീകല എഴുതുന്നു Sree Kala

ഒരു സ്ത്രീയ്ക്ക് അവർക്കിഷ്ടമുള്ള ആളെ പ്രണയിച്ചോ അല്ലാതെയോ, വിവാഹം കഴിച്ചോ കഴിക്കാതെയോ കൂടെകൂട്ടാം. ഒരുമിച്ചു താമസിക്കാം. പരസ്പരം അംഗീകരിക്കുന്ന ഏതുതരം ബന്ധവും ഉണ്ടാക്കി മുന്നോട്ടു പോകാം. അത്തരത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കൽ മാത്രമാണ് വിവാഹവും. വിവാഹം കഴിച്ച പുരുഷൻ മരണപ്പെട്ടാൽ മറ്റൊരു പുരുഷന്റെയൊപ്പം അവർ താമസിക്കാൻ തുടങ്ങുന്നത് അവരുടെ സാഹചര്യം. അതു ഭർത്താവ് മരിച്ചു തൊട്ടടുത്ത ദിവസമോ, അടുത്ത വർഷമോ എന്നതും അവരെ മാത്രം ബാധിക്കുന്ന കാര്യമാണ്. ഇതൊക്കെ പാപമാണെന്ന ധാരണയൊന്നും തീരെ ആവശ്യമില്ലാത്തതാണ്.
എന്നാൽ അവൾ ഒന്നോ രണ്ടോ മക്കളുടെ അമ്മയാണെങ്കിൽ.. കൂടെ കൂടിയവൻ തന്റെ മക്കൾക്ക് നോവുകൾ മാത്രം സമ്മാനിക്കുന്ന നീചനാണങ്കിൽ അവനെ ആട്ടിപുറത്താക്കാൻ തയ്യാറാവാത്ത ഒരുത്തി പ്രസവിക്കാൻ പാടില്ല. മക്കൾ പ്രഹരമേറ്റു പിടയുമ്പോൾ നിശബ്ദത പാലിക്കാൻ കഴിഞ്ഞുവെങ്കിൽ അവൾ മനുഷ്യ സ്ത്രീപോലും അല്ല.

ലോകത്തിൽ വെച്ച് ഏറ്റവും ഭീകരമായ വേദന പ്രസവവേദന ആണ് എന്നത് പറഞ്ഞു പഴകിയ ഒരു കഥ മാത്രം. വേദന സംഹാരികളുടെ ഇന്നത്തെ ലോകത്തിൽ ആ കഥ ബോധമുള്ളവർ വിശ്വസിക്കേണ്ടതില്ല. പക്ഷെ പ്രസവശേഷം തന്റെ ഗർഭ അറയിൽ കാലിട്ടടിച്ചു ഇക്കിളിപ്പെടുത്തിയ ആ കുഞ്ഞാവയെ ആദ്യമായി കാണുമ്പോളുള്ള സന്തോഷമാണ് ജന്മം നല്കിയവൾക്ക് കിട്ടുന്ന ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിശ്വസിക്കുന്നു. അതിനപ്പുറം ഒരു ആനന്ദം ഒരു പെണ്ണിനും ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു.

13 വർഷം മുൻപ് ഗർഭം ധരിച്ചു പ്രസവിച്ച സ്ത്രീയാണ് ഞാനും.
ഗർഭാവസ്ഥയിൽ ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഒരു പക്ഷെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം സമയമായിരുന്നു എന്ന് പറയേണ്ടി വരുന്ന നാളുകൾ. ഒറ്റപ്പെടൽ, അന്യതാബോധം, അപമാനം, കുറ്റപ്പെടുത്തലുകൾ, അകറ്റിനിർത്തലുകൾ ഒക്കെ മനസ്സിനെ തളർത്തി വീഴ്ത്തിയപ്പോൾ ആത്മഹത്യയെപറ്റി പലതവണ ചിന്തിച്ചിട്ടുണ്ട്. പ്രായവും പക്വതക്കുറവും ഒക്കെയാണ് അങ്ങനെ ചിന്തിപ്പിച്ചത് എങ്കിലും അവസ്ഥ എന്നെ സംബന്ധിച്ചു ഭീകരമായിരുന്നു.
വിഷം കഴിച്ചു മരിക്കാം എന്ന് തീരുമാനിച്ചപ്പോൾ എന്റെ വാവ പിടയുന്നതോർത്തു. തൂങ്ങി മരിക്കാമെന്നു ചിന്തിച്ചപ്പോൾ വാവക്ക് ശ്വാസം മുട്ടുന്നതോർത്തു. തീകൊളുത്തി മരിക്കാമെന്നു ചിന്തിച്ചപ്പോൾ കുഞ്ഞാവയുടെ മേല് പൊള്ളുന്നതും അധികമായി മരുന്ന് കഴിക്കാമെന്നു ഓർത്തപ്പോൾ കുഞ്ഞിന് മാത്രം അപകടം സംഭവിച്ചാലോ എന്നുമാണ് ചിന്തിച്ചത്. നമുക്ക് മരിക്കണ്ട എന്ന് കുഞ്ഞാവ എന്റെ വയറിനുള്ളിൽ അവിടെയുമിവിടെയും കുഞ്ഞികൈയിട്ടു തല്ലിക്കരയുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പല തവണ ആ കരച്ചിൽ കേട്ടിട്ടുണ്ട്.
എനിക്ക് എന്നെ വേണ്ടാതെ വന്നപ്പോൾ എന്നിലുള്ളമുഖം കണ്ടിട്ടില്ലാത്ത ആ ജീവന്വവേണ്ടിയാണ് ജീവിക്കണം എന്ന തോന്നൽ മനസ്സിൽ ഉണ്ടാക്കി എടുത്തത്. അവളെ കിട്ടിയശേഷം വല്ലാത്തൊരു ശക്തിയും ആത്മവിശ്വാസവും ആണ് എന്നിൽ ഉടലെടുത്തിട്ടുള്ളതും. ചെറിയ ചെറിയ കുസൃതികൾക്കും അനുസരണക്കേടുകൾക്കും ശാസിക്കാറുണ്ടെങ്കിലും തല്ലാൻ മനസ്സ് വരാറില്ല. വഴക്കുപറച്ചിൽ ഉച്ചത്തിലായി അവളൊന്നു കരഞ്ഞുപോയാൽ ഉറക്കം വരാതെ ആ രാത്രി മുഴുവൻ അവൾക്കു ഉമ്മ കൊടുത്തു തഴുകി ഉണർന്നിരിക്കാറുണ്ട്. പരാതികൾ അവൾക്ക് ഏറെ പ്രീയപ്പെട്ട അച്ഛനോട് പ്രണയാറുണ്ടെങ്കിലും അവളോട് അതേപ്പറ്റി ചോദിച്ചു തുടങ്ങുമ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പ് കൂടി ഭർത്താവിനോട് കലി തോന്നാറുണ്ട്. വടി എടുത്താൽ എന്റെ കുഞ്ഞിനെയെങ്ങാനും തല്ലിയാലുണ്ടല്ലോ എന്ന് മനസ്സുകൊണ്ട് താക്കീതു കൊടുക്കാറുണ്ട്.
അവൾക്കുണ്ടാകുന്ന ഓരോ കുഞ്ഞിനോവലുകളും എന്നിൽ ഉണ്ടാക്കുന്നത് വലിയ ഹൃദയ സ്തംഭനങ്ങളാണ്. അത് വന്നു തറച്ചു് എന്റെ ഹൃദയത്തിൽ ചോര പൊടിയാറുണ്ട്.
അതാണ് ഞാൻ എന്ന അമ്മയുടെ അവസ്ഥ.

അങ്ങനെയുള്ള എനിക്ക് ഒരിക്കലും അവളെ..ആ അമ്മയെ ന്യായീകരിക്കാൻ കഴിയുന്നില്ല. സ്വന്തം കുഞ്ഞു മൃഗീയമായി ഉപദ്രവിക്കപ്പെട്ടപ്പോൾ ചങ്ക് തകരാതെ നിന്ന അവളുടെ നിസ്സഹായതയെ അംഗീകരിക്കാൻ കഴിയുന്നില്ല. എന്ത് തരം ദുർബലതയുടെ കണക്കുകൾ നിർത്തിയാലും പിഞ്ചു കുഞ്ഞിന്റെ ജീവൻനഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിനുള്ള സാധൂകരണമാകില്ല..അവർ ഒരു തവണ പ്രതികരിച്ചിരുന്നുവെങ്കിൽ ആ കുഞ്ഞു ഇന്ന് എവിടെയെങ്കിലും ജീവനോടെ ഉണ്ടാകുമായിരുന്നു. വീട് തുറന്നു വിട്ടെങ്കിലും അവനെ രക്ഷിക്കാൻ കഴിയാത്ത നിഷ്കളങ്കതയെ വാഴ്ത്താൻ കഴിയാത്ത ഒരു സാദാരണ മനുഷ്യത്തി ആകാനേ എനിക്ക് കഴിയുന്നുള്ളു . മക്കളുടെ അച്ഛനാണെങ്കിൽ പോലും അതുങ്ങളുടെ ജീവന് ഭീഷണിയായാൽ ആഹാരത്തിൽ വിഷം കലർത്തി കൊടുത്തെങ്കിലും കൊന്നു കളയണം. ഇവിടെ അവൻ ഉപയോഗിക്കുന്ന മദ്യത്തിൽ എങ്കിലും വിഷം കലർത്തി തളർത്തിയിടാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഞാനും പറയുമായിരുന്നു അവൾക്കൊപ്പമെന്നു.
ഞാൻ എപ്പോളും സ്ത്രീപക്ഷക്കാരി തന്നെയാണ്… ദുർബലതകളിൽ കണ്ണ് നനയുന്നവളാണ്… ഒറ്റപ്പെടലുകളിൽ ചേർത്തു നിർത്താൻ ഇഷ്ടപ്പെടുന്നവളാണ്. എന്നാൽ ഞാൻ ഒരിക്കലും ഇത്തരം സ്ത്രീകൾക്കൊപ്പമല്ല. എല്ലാ സ്ത്രീകളും മാലാഖാമാരാണെന്ന് വിശ്വസിക്കുന്നും ഇല്ല. സ്വന്തം കുഞ്ഞിനെ കുരുതികൊടുക്കാൻ കൂട്ടുനിന്ന ആ മാതൃത്തത്തിനോടും നിസ്സഹായത എന്ന അവകാശവാദങ്ങളോടും എനിക്ക് പുച്ഛമാണ്. അവൾ കൊലപാതകിയായ ഒരു സ്ത്രീ മാത്രമാണെന്നേ ഞാൻ വിശ്വസിക്കുന്നുള്ളൂ.
ഞാൻ എന്ന സ്ത്രീക്ക് അവൾ അപമാനവും ഞാൻ എന്ന അമ്മക്ക് അവൾ നന്മ വറ്റിയ പിശാചുമാണ്…
ഇനിയും ഇത്തരം അമ്മമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കട്ടെ. നന്മയുടെ നനവില്ലാത്ത ഗര്ഭപാത്രങ്ങളിൽ ഒരു കുഞ്ഞിനും ജനിക്കുവാൻ ഇടവരാതിരിക്കട്ടെ….