✍️ Sreekala Prasad
എന്തുകൊണ്ട് ഹൃദയത്തിൽ കാൻസർ ഉണ്ടാകുന്നില്ല…
നമ്മുടെ ജനനത്തിനു മുമ്പേ പ്രവർത്തനം തുടങ്ങുന്ന ഒരു അവയവമാണ് ഹൃദയം. അത് ഒരു മനുഷ്യന്റെ മരണം വരെ നിർത്താതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും കാൻസർ ബാധിക്കാറുണ്ട്. എന്നാൽ ഹൃദയത്തെ കാൻസർ ബാധിക്കാറില്ല. അഥവാ ഉണ്ടായാൽ അപൂർവങ്ങളിൽ അത്യപൂർവമാണെന്നും വിദഗ്ദ്ധർ പറയുന്നു.
ശരീരത്തിലെ കോശങ്ങളുടെയും കലകളുടെയും വളർച്ചയ്ക്ക് കൃത്യമായ ജനിതക നിയന്ത്രണവും സമയവും കാലവും നിയതമായ സ്വഭാവവും ഒക്കെയുണ്ട്. കോശങ്ങളും കലകളും അനിയന്ത്രിതവും അസാധാരണവുമായി പെരുകുന്നതിനെ– കാൻസർ അഥവാ അർബുദം എന്നു പറയുന്നു.
ഹൃദയം നിർമിച്ചിരിക്കുന്നത് വിഭജനം നടക്കാത്ത കോശങ്ങളാലാണ്. കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നത് വിഭജനം വഴിയാണല്ലോ. അപ്പോൾ വിഭജിക്കുകയേ ഇല്ലാത്ത കോശങ്ങളിൽ അതിനുള്ള സാധ്യത വളരെ കുറവായിരിക്കും. നമ്മുടെ ഹൃദയങ്ങളിലെ കോശങ്ങളുടെ 50% മാത്രമേ എപ്പോഴെങ്കിലും പുന: നിർമ്മിക്കപ്പെടുന്നുള്ളൂ. അതിനർത്ഥം നമ്മൾ ജനിച്ച ഹൃദയകോശങ്ങളിൽ പകുതിയും നമ്മുടെ ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ട് എന്നാണ്.
ശരീരത്തിന്റെ ഭൂരിഭാഗവും നിരന്തരം സമ്മർദ്ദത്തിന് വിധേയമാകുന്നു, ഇത് കോശങ്ങളുടെ നാശത്തിന് കാരണമാവുകയും അങ്ങനെ പുനരുൽപ്പാദനത്തിന് കാരണമാവുകയും ചെയ്യും.
ഹൃദയത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ കോശങ്ങളിലെ ക്രോമസോമുകളുടെ എണ്ണമാണ്. ജീവജാലങ്ങളുടെ ഹൃദയങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ ഈ സംഖ്യ വിവിധ ജീവജാലങ്ങളിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. എലികൾക്കും മനുഷ്യഹൃദയങ്ങൾക്കും ഹൃദയത്തിൽ പോളിപ്ലോയിഡ് കോശങ്ങളുടെ ഉയർന്ന അനുപാതം ഉണ്ടെന്ന് കണ്ടെത്തി. (ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ ഡിപ്ലോയിഡ് കോശങ്ങളാണ്). ഇതിനു വിപരീതമായി, സീബ്രാഫിഷിന്റെ ഹൃദയങ്ങൾക്ക് കൂടുതൽ ഡിപ്ലോയിഡ് കോശങ്ങളുണ്ട്. അതിനാൽ പരിക്കിന് ശേഷം ഫലപ്രദമായി ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയും.
ഹൃദയത്തിൽ മുഴകൾ ഉണ്ടാകാം. പക്ഷേ അത് കാൻസർ അല്ലാത്ത മുഴകൾ ആയിരിക്കും.അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനുമാവും. ഹൃദയ വാൽവുകളെയും പേശികളെയും ഒക്കെ അപൂർവമായി കാൻസർ ബാധിക്കാറുണ്ട്. ശരീരത്തിലെ മൃദുകോശങ്ങളെ ബാധിക്കുന്ന സാർകോമ പോലുള്ള കാൻസറാണ് . പിന്നെ
ഹൃദയത്തിന് സമീപമുള്ള അവയവങ്ങളായ ശ്വാസകോശം , സ്തനങ്ങൾ എന്നിവയെ ബാധിക്കുന്ന കാൻസർ ഹൃദയത്തിലേക്കോ ഹൃദയത്തിന് ചുറ്റുമുള്ള പാളികളിലേക്കോ (പെരികാർഡിയൽ സഞ്ചി) വളരും. അല്ലെങ്കിൽ ക്യാൻസർ ശരീരത്തിന്റെ മറ്റെവിടെയെങ്കിലും ആരംഭിക്കുകയും രക്തപ്രവാഹത്തിലൂടെ ഹൃദയത്തിലേക്ക് വ്യാപിക്കുകയും ചെയ്യും. ഇതെല്ലാം നടക്കുന്നത് കാൻസറിൻ്റെ രണ്ടാം ഘട്ടത്തിലായിരിക്കും.