✍️ Sreekala Prasad
ഹെസ്സി ലെവിൻസൺസ് ടാഫ്റ്റ്: ഹിറ്റ്ലറുടെ “തികഞ്ഞ ആര്യൻ കുഞ്ഞ്” ആയിരുന്ന ജൂത സ്ത്രീ
ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച കെമിസ്ട്രി പ്രൊഫസറായ ഹെസ്സി ലെവിൻസൺസ് ടാഫ്റ്റിന് പറയാനുള്ളത് രസകരമായ ഒരു കഥയാണ്. അവർക്ക് 6 മാസം മാത്രം പ്രായമുള്ളപ്പോൾ, അവളുടെ ഫോട്ടോ , നാസി പ്രചരണ മന്ത്രി ജോസഫ് ഗീബൽസ് “തികഞ്ഞ ആര്യൻ കുഞ്ഞിനെ” പ്രതിനിധീകരിക്കാൻ തിരഞ്ഞെടുത്തു. തടിച്ച കവിളുകളും വിടർന്ന കണ്ണുകളുമുള്ള അവളുടെ മുഖം ഒരു പ്രശസ്ത നാസി കുടുംബ മാസികയായ സോനെ ഇൻസ് ഹൗസിന്റെ അല്ലെങ്കിൽ “സൺ ഇൻ ദ ഹൗസ്”ൻ്റേ കവർപേജ് അലങ്കരിക്കുകയും ജർമ്മനിയിലുടനീളമുള്ള കാർഡുകളിലും പോസ്റ്ററുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. . ഗീബൽസിന് അറിയില്ലായിരുന്നു തികഞ്ഞ ആര്യൻ കുഞ്ഞായി തിരഞ്ഞെടുത്ത ഹെസ്സി ലെവിൻസൺസ് ഒരു ജൂത കുഞ്ഞായിരുന്നു എന്നത്.
ജൂത മാതാപിതാക്കളായ ജേക്കബിന്റെയും പോളിൻ ലെവിൻസണിന്റെയും മകളായി 1934-ൽ ബെർലിനിലാണ് ഹെസ്സി ലെവിൻസൺസ് ജനിച്ചത്. അവളുടെ മാതാപിതാക്കൾ യഥാർത്ഥത്തിൽ ലാത്വിയയിൽ നിന്നുള്ളവരായിരുന്നു, അവിടെ നിന്ന് അവർ ബെർലിനിലേക്ക് കുടിയേറുന്നതിന് മുമ്പ് ശാസ്ത്രീയ സംഗീതം പഠിച്ചിരുന്നു. അവിടെ അവർ ഒരു ഓപ്പറ ഹൗസിൽ ജോലി കണ്ടെത്തി. ആറ് വർഷത്തിന് ശേഷം, ഹെസ്സി ജനിച്ചു. ഹെസ്സിക്ക് ആറ് മാസം പ്രായമുള്ളപ്പോൾ, അവളുടെ ഫോട്ടോ എടുക്കാൻ അവളുടെ മാതാപിതാക്കൾ തീരുമാനിക്കുകയും ബെർലിനിലെ പ്രശസ്ത ജർമ്മൻ ഫോട്ടോഗ്രാഫറായ ഹാൻസ് ബാലിന്റെ സ്റ്റുഡിയോയിലേക്ക് അവളെ കൊണ്ടുപോകുകയും ചെയ്തു. അവളുടെ മാതാപിതാക്കൾക്ക് ഫോട്ടോഗ്രാഫ് വളരെയധികം ഇഷ്ടപ്പെട്ടു. പിയാനോയിൽ കുഞ്ഞിൻ്റെ ഫോട്ടോ frame ചെയ്ത് ജേക്കബ് ഭാര്യക്ക് സമ്മാനമായി നൽകുകയും ചെയ്തു.
ഫോട്ടോ ഷൂട്ട് കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം, സോൺ ഇൻസ് ഹൗസ് എന്ന വളരെ പ്രചാരമുള്ള നാസി മാസികയുടെ മുൻ കവറിൽ തങ്ങളുടെ കുഞ്ഞിന്റെ ഫോട്ടോ കണ്ട് ലെവിൻസൺ ഞെട്ടി . അക്കാലത്ത് പ്രചരിക്കാൻ അനുവദിച്ച ചുരുക്കം ചില മാസികകളിൽ ഒന്നാണ് സോൺ ഇൻസ് ഹൗസ് . മാസികയിൽ കുഞ്ഞിൻ്റെ ഫോട്ടോ കണ്ട് ലെവിൻസൺ ഭയന്നു. ഫോട്ടോഗ്രാഫറെ കാണാൻ അവർ ഹാൻസ് ബാലിന്റെ സ്റ്റുഡിയോയിലേക്ക് പാഞ്ഞു.
നാസികൾ അവരുടെ തത്ത്വചിന്തയെ മുന്നോട്ട് കൊണ്ടുപോകാൻ ഏറ്റവും സുന്ദരിയായ ആര്യൻ കുഞ്ഞിനെ കണ്ടെത്തുന്നതിന് ഒരു മത്സരം നടത്തുകയും പത്ത് ഫോട്ടോഗ്രാഫർമാരോട് അവരുടെ പത്ത് മികച്ച ഫോട്ടോകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെസ്സി ഒരു ജൂതനാണെന്ന് നന്നായി അറിഞ്ഞുകൊണ്ട് ഹാൻസ് ബോളിൻ, മറ്റ് ഒമ്പത് കുഞ്ഞുങ്ങളുടെ ഫോടോയ്ക്കൊപ്പം ഹെസ്സിയുടെ ഫോട്ടോ ഒരു കവറിലാക്കി പബ്ലിക് എൻലൈറ്റൻമെന്റ് & പ്രൊപ്പഗണ്ട മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് അയച്ചു. ബാലിന്റെ ചെറിയ തമാശ ലെവിൻസൺ കുടുംബത്തെ വലിയ അപകടത്തിലാക്കി.തെരുവുകളിൽ കടയുടെ മുൻവശത്തെ ജനലുകളിലും പത്ര, മാഗസിൻ സ്റ്റാൻഡുകളിലും അവളുടെ മുഖം ഒട്ടിച്ചതിനാൽ, ഹെസ്സി തൽക്ഷണം തിരിച്ചറിയപ്പെടുകയും തുടർന്ന് മാതാപിതാക്കൾ വീടിനുള്ളിൽ കുഞ്ഞിനെ ഒളിപ്പിക്കുകയും ചെയ്തു.
1938-ൽ ഹെസ്സിയുടെ പിതാവ് ജേക്കബ് ലെവിൻസൺ നികുതി വെട്ടിച്ച ആരോപണത്തിൽ അറസ്റ്റിലായ ശേഷം, ജർമ്മനി തന്റെ കുടുംബത്തിന് ഇനി സുരക്ഷിതമല്ലെന്ന് അദ്ദേഹം തീരുമാനിച്ചു, അതേ വർഷം തന്നെ അവർ ജേക്കബിന്റെ മാതൃരാജ്യമായ ലാത്വിയയിലേക്കും തുടർന്ന് പാരീസിലേക്കും മാറി. കുറച്ച് വർഷങ്ങൾക്ക് ശേഷം, നാസികൾ പാരീസിൽ ജൂതന്മാരെ വളയാൻ തുടങ്ങിയപ്പോൾ, അവർ യൂറോപ്പിൽ നിന്ന് ക്യൂബയിലേക്ക് പലായനം ചെയ്തു. പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കി. അവിടെ, ബർണാർഡ് കോളേജിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും രസതന്ത്രം പഠിച്ച അവർ 1959-ൽ ഏൾ ടാഫ്റ്റിനെ വിവാഹം കഴിച്ചു.
2014-ൽ, ഹെസ്സി ലെവിൻസൺസ് ടാഫ്റ്റ്, ഇപ്പോൾ ഒക്ടോജെനേറിയൻ, ഹോളോകോസ്റ്റിന്റെ ഇരകൾക്കായി സമർപ്പിച്ചിരിക്കുന്ന ഇസ്രായേലിന്റെ ഔദ്യോഗിക മ്യൂസിയമായ യാദ് വാഷെം സന്ദർശിച്ചപ്പോൾ, അവളുടെ കുഞ്ഞ് ചിത്രത്തോടുകൂടിയ സോൺ ഇൻസ് ഹൗസിന്റെ ഒരു പകർപ്പ് ഫൗണ്ടേഷന് സമ്മാനിച്ചപ്പോൾ മാത്രമാണ് ഈ കഥ വെളിച്ചത്ത് വന്നത്. നാസികൾ ഒരിക്കലും സത്യം കണ്ടെത്തിയില്ല.