✍️ Sreekala Prasad
പുകയില മസ്ജിദ് Tobacco Mosque
ജർമ്മൻ നഗരമായ ഡ്രെസ്ഡനിൽ എൽബെ നദിയുടെ തീരത്ത് നിൽക്കുന്ന മസ്ജിദിനെ അനുസ്മരിപ്പിക്കുന്ന ഉയർന്ന മിനാരങ്ങളും ബഹുവർണ്ണ ഗ്ലാസ് താഴികക്കുടവുമായി നിൽക്കുന്നത് ഒരു സ്മാരക മന്ദിരമാണ്. അതിന്റെ ഗംഭീരമായ ഇസ്ലാമിക അലങ്കാരവും വാസ്തുവിദ്യാ സ്വഭാവവും ഡ്രെസ്ഡനിൽ അറിയപ്പെടുന്ന സാധാരണ ബറോക്ക് കെട്ടിടങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ഈ കെട്ടിടം “പുകയില മസ്ജിദ്” (Tobacco Mosque) എന്നാണ് അറിയപ്പെട്ടിരുന്നത്.
ജൂത ജർമ്മൻ വ്യവസായി ഹ്യൂഗോ സീറ്റ്സ്, ഡ്രെസ്ഡനിൽ ‘യെനിഡ്സെ ടുബാക്കോ ആൻഡ് സിഗരറ്റ് ഫാക്ടറി ‘എന്ന പേരിൽ ഒരു സിഗരറ്റ് കമ്പനി 1886 ൽ സ്ഥാപിച്ചത് മുതലാണ് “പുകയില മസ്ജിദിന്റെ” കഥ ആരംഭിക്കുന്നത്. ആധുനിക ഗ്രീസിൽ സ്ഥിതി ചെയ്യുന്ന ജെനിസിയ എന്ന പുകയിലയ്ക്ക് പ്രശസ്തമായ പ്രദേശത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. സീറ്റ്സ് ഓട്ടോമൻ സാമ്രാജ്യത്തിൽ പുകയില ഇറക്കുമതി ചെയ്യുകയും തന്റെ ഫാക്ടറികളിൽ ടർക്കിഷ് മിശ്രിതം ഉപയോഗിച്ച് സിഗരറ്റുകൾ നിർമ്മിക്കുകയും ചെയ്തു. ബിസിനസ്സ് വളർന്നപ്പോൾ, ഒരു പുതിയ ഫാക്ടറി നിർമ്മിക്കാൻ തീരുമാനിച്ചു.
അക്കാലത്ത്, ഫാക്ടറികൾ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന കെട്ടിടങ്ങൾ നഗരത്തിനുള്ളിൽ നിർമ്മിക്കുന്നത് ഡ്രെസ്ഡനീൽ നിരോധിച്ചിരുന്നു. അതിന് പരിഹാരമായി ഫാക്ടറി ആവശ്യത്തിന് അനുയോജ്യമായ ഓറിയന്റൽ ശൈലി ഹ്യൂഗോ സീറ്റ്സ് കണ്ടെത്തി. ഈ കെട്ടിടം സിറ്റി കൗൺസിലിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ഓറിയന്റൽ സിഗരറ്റ് ബ്രാൻഡിന്റെ പരസ്യ സ്മാരകമായി പ്രവർത്തിക്കുകയും ചെയ്യ്തു.
1907-ൽ, ഹ്യൂഗോ സീറ്റ്സ്, കെട്ടിടം രൂപകൽപ്പന ചെയ്യാൻ ആർക്കിടെക്റ്റ് മാർട്ടിൻ ഹാമിറ്റ്ഷിനെ നിയമിച്ചു- അദ്ദേഹം പിന്നീട് അഡോൾഫ് ഹിറ്റ്ലറുടെ അർദ്ധസഹോദരിയെ വിവാഹം കഴിച്ചു. തന്റെ ജീവിതത്തിൽ ഒരിക്കലും ഒരു പള്ളിയും കണ്ടിട്ടില്ലാത്ത ഹാമിറ്റ്ഷ്ക്ക് തന്റെ ബ്ലൂപ്രിന്റ് നിർമ്മിക്കാൻ കെയ്റോയിലെയും അൻഡലൂസിയയിലെയും ശവകുടീരങ്ങളുടെയും പള്ളികളുടെയും ഫോട്ടോഗ്രാഫുകളിൽ അഭയം തേടേണ്ടിവന്നു. ആ സമയത്ത് ഡിസൈൻ വളരെ വിവാദമായിരുന്നു, അദ്ദേഹത്തിന്റെ ഈ ഡ്രാഫ്റ്റിന്റെ പേരിൽ വാസ്തുവിദ്യയുടെ ചേമ്പറിൽ നിന്ന് ഹാമിറ്റ്ഷിനെ പുറത്താക്കി. എന്നാൽ നഗരത്തിൽ നിന്ന് തന്റെ ബിസിനസ്സ് പിൻവലിക്കുമെന്ന് സീറ്റ്സ് ഭീഷണിപ്പെടുത്തിയപ്പോൾ, അധികാരികൾ വഴങ്ങി.
രണ്ടുവർഷത്തിനുശേഷം ഫാക്ടറി തുറന്നു. ജർമ്മനിയിലെ ആദ്യത്തെ കോൺക്രീറ്റ് കെട്ടിടമാണിത്. വലിയ ഗ്ലാസ് കൊണ്ട് പൊതിഞ്ഞ താഴികക്കുടവും കെട്ടിടത്തിന് അറുനൂറ് വ്യത്യസ്ത ജനാലകളും ഉണ്ടായിരുന്നു. വെസ്റ്റേൺ ഫെയ്ഡിലെ ടൈലിൽ ചെയ്ത ഭിത്തി അലങ്കാരത്തിന് പ്രത്യേകം ഗ്ലേസ് ചെയ്ത ടൈലുകളിൽ മൂറിഷ് ഘടകങ്ങളുമായി സംയോജിപ്പിച്ച നോവിയോ ആർട്ട് ആഡംബരമേകി. (യെനിഡ്സെ ഫാക്ടറിയിലെ മിനാരങ്ങൾ യഥാർത്ഥത്തിൽ ചിമ്മിനികളാണ്. നിർമ്മാണ സമയത്ത് ഡ്രെസ്ഡന്റെ ടൗൺ സെന്ററിന് സമീപം ഫാക്ടറികളായി കാണപ്പെടുന്ന കെട്ടിടങ്ങളുടെ വിലക്കുകൾ ഒഴിവാക്കാൻ തന്ത്രപരമായി ചെയ്തതാണ്) താഴികക്കുടത്തിന്റെ ചുവട്ടിൽ, ശക്തമായ ആർക്ക് ലാമ്പുകൾ അറബി ആശംസയായ “സലാം അലൈക്കും” (“നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ”) എന്ന വാക്കുകൾ പ്രകാശിപ്പിച്ചു . ജർമ്മനിയിൽ ഉത്പാദിപ്പിച്ച ആദ്യത്തെ നിയോൺ ചിഹ്നമായിരുന്നു ഈ അടയാളം. കമ്പനി നിർമ്മിക്കുന്ന ഒരു സിഗരറ്റ് ബ്രാൻഡിന്റെ പേരും “സലാം അലൈക്കും” “സലാം ഗോൾഡ്” എന്നിങ്ങനെ ആയിരുന്നു. 1930-കൾ വരെ ഡ്രെസ്ഡൻ രാജ്യത്തിന്റെ 60 ശതമാനം സിഗരറ്റുകളും ഉത്പാദിപ്പിച്ചിരുന്നു.
യെനിഡ്സെ പുകയില സിഗരറ്റ് ഫാക്ടറി ജർമ്മനിയിലെ ഏറ്റവും വലിയ സിഗരറ്റ് നിർമ്മാണ കേന്ദ്രമായി ഉയർന്നു. അതിന്റെ പാരമ്യത്തിൽ ഫാക്ടറിയിൽ 1,500 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഫാക്ടറിക്കുള്ളിലെ തൊഴിൽ സാഹചര്യങ്ങളും അതിലെ സാമൂഹിക സംവിധാനവും മാതൃകാപരമായിരുന്നു. വെളിച്ചം നിറഞ്ഞ ഹാളുകൾ , എല്ലാ നിലകളും നന്നായി വായുസഞ്ചാരമുള്ളതും പൊടി രഹിതവും മറ്റ് സൗകര്യങ്ങളുള്ളതും ആയിരുന്നു. മുകളിലത്തെ നിലയിൽ, ആഡംബരമായി സജ്ജീകരിച്ച ഒരു കാന്റീനും ക്യാൻവാസ് കസേരകളുള്ള വിശ്രമ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. ജീവനക്കാർക്ക് ഉച്ചഭക്ഷണ ഇടവേളകളിൽ മേൽക്കൂരയുടെ ടെറസിൽ വിശ്രമിക്കാമായിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത്, അമേരിക്കൻ ബോംബറുകൾ ഡ്രെസ്ഡൻ നഗരത്തെ അവശിഷ്ടങ്ങളാക്കി മാറ്റി. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നിലൊന്ന് ഭാഗവും “സലാം അലൈക്കും” എന്ന അടയാളം ഉൾപ്പെടെ നശിച്ചു. യുദ്ധവും ജർമ്മനിയുടെ വിഭജനവും അവസാനിച്ചതിനുശേഷം, ഈസ്റ്റേൺ റിപ്പബ്ലിക് 1953-ൽ ഫാക്ടറി ദേശസാൽക്കരിക്കുകയും അസംസ്കൃത പുകയിലയുടെ ഒരു സ്റ്റോറാക്കി മാറ്റുകയും ചെയ്തു. 1990-ൽ ജർമ്മനിയുടെ പുനരേകീകരണത്തെത്തുടർന്ന്, കെട്ടിടം നവീകരിച്ച് മുകളിൽ ഗ്ലേസ്ഡ് ഡോമിനുള്ളിൽ നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച പ്രദാനം ചെയ്യുന്ന റെസ്റ്റോറന്റുള്ള ഓഫീസ് കെട്ടിടമാക്കി മാറ്റി. “സലാം അലൈക്കും” നിയോൺ ചിഹ്നം നിൽക്കുന്ന അതേ സ്ഥലത്ത് കെട്ടിടത്തിന്റെ യഥാർത്ഥ പേര് വ്യക്തമാക്കുന്ന ഒരു പുതിയ അടയാളം സ്ഥാപിച്ചു.