✍️ Sreekala Prasad
ധൈര്യത്തിന്റെ അടയാളം
അമേരിക്കൻ ഫോട്ടോ ജേണലിസ്റ്റ് ആയ ജോ ഡോണൽ സൈന്യത്തിന് വേണ്ടി 1945 ൽ പകർത്തിയ ഒരു ചിത്രമാണ് ആദ്യത്തേത്. ആണവ ബോംബിംഗിനും ജപ്പാന്റെ കീഴടങ്ങലിനും ശേഷം സെപ്റ്റംബറിൽ നാഗസാക്കിയിൽ വച്ച് അണുബോംബ് സ്ഫോടനത്തിന് ശേഷം ഉണ്ടായ വികിരണത്താൽ മരണമടഞ്ഞ തന്റെ സഹോദരനെയും ചുമലിലേറ്റി ശ്മശാനത്തിൽ ദഹിപ്പിക്കാൻ കാത്തു നിൽക്കുന്ന ഒരു ജപ്പാൻ ബാലന്റെ ദയനീയ ചിത്രം .
ഇത് പകർത്തിയ ഫോട്ടോഗ്രാഫറുടെ വാക്കുകളിലേയ്ക്ക്….
“ഞാൻ ഏകദേശം പത്തു വയസ്സുള്ള ഒരു കുട്ടി നടന്നുപോകുന്നത് കണ്ടു. അവൻ ഒരു കുഞ്ഞിനെ പുറകിൽ വഹിക്കുന്നുണ്ടായായിരുന്നു. ആ ദിവസങ്ങളിൽ, ജപ്പാനിലെ കുട്ടികൾ അവരുടെ ചെറിയ സഹോദരനയോ സഹോദരിയെയോ പുറകിൽ വഹിച്ച് കളിക്കുന്നത് ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ ഈ കുട്ടി വ്യത്യസ്തനായിരുന്നു. അവൻ ഷൂസ് ധരിച്ചിരുന്നില്ല. അവന്റെ മുഖം കഠിനമായിരുന്നു. പിന്നിൽ കുഞ്ഞ് ഉറങ്ങുന്നത് പോലെ ആ ചെറിയ തല പിന്നിലേക്ക് മറിഞ്ഞു കിടന്നിരുന്നു. ആ കുട്ടി അഞ്ചോ പത്തോ മിനിറ്റ് അവിടെ നിന്നു വെളുത്ത മുഖംമൂടി ധരിച്ച പുരുഷന്മാർ അവന്റെ അടുത്തേക്ക് പോയി, കുഞ്ഞിനെ പിടിച്ചിരുന്ന കയർ അഴിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ കണ്ടത് അതൊരു മരിച്ച കുഞ്ഞായിരുന്നുവെന്നത്. പുരുഷന്മാർ ആ കുഞ്ഞിൻ്റെ കൈയും കാലും പിടിച്ച് തീയിൽ വച്ചു. അഗ്നിജ്വാലകൾ നോക്കിക്കൊണ്ട് ആ കുട്ടി അനങ്ങാതെ നേരെ നിന്നു. കരയാതിരിക്കാൻ രക്തം തിളങ്ങുന്ന തരത്തിൽ അവൻ തന്റെ കീഴ് ചുണ്ട് കഠിനമായി കടിച്ചു. സൂര്യൻ അസ്തമിക്കുന്നതുപോലെ തീജ്വാല താഴ്ന്നപ്പോൾ ആ കുട്ടി തിരിഞ്ഞ് നിശബ്ദമായി നടന്നു. ”
. യുദ്ധത്തിൽ വീടും കുടുംബാംഗങ്ങളും ഉൾപ്പെടെ. എല്ലാം നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപെടുന്ന നഷ്ട ബാല്യങ്ങളുടെ ദൈന്യതയുടെ നേർക്കാഴ്ച. ഈ ചിത്രം കണ്ട ഫ്രാൻസിസ് മാർപാപ്പ , യുദ്ധത്തിന്റെ ഫലം വെളിപ്പെടുത്തുന്ന ഈ ചിത്രം വാക്കുകളേക്കാൾ 100 മടങ്ങ് കൂടുതൽ ഫലപ്രദമായി ആളുകളെ സ്വാധീനിക്കുമെന്നും ഈ ചിത്രത്തിൽ നിന്ന്, യുദ്ധം എത്ര ഭീകരമാണെന്ന് ലോകം മനസ്സിലാക്കുവാൻ ‘ the fruit of war’ എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പോട് കൂടി ഈ ചിത്രം അടങ്ങിയ പോസ്റ്റ് കാർഡുകൾ വിതരണം ചെയ്യുവാൻ ആഹ്വാനം ചെയ്തു.
ധൈര്യത്തിന്റെ പര്യായമായ ആ ബാലൻ്റെ പേര് അഖിറോ യുട്ടോ എന്നായിരുന്നു. അക്കാലത്ത് അവൻ ഒരു ദേശീയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അവന്റെ അമ്മ കിടപ്പിലായിരുന്നു. നാഗസാക്കിയിലെ അണുബോംബ് സമയത്ത് അവന്റെ സഹോദരൻ അമ്മയുടെ കൂടെ കട്ടിലിൽ കിടക്കുകയായിരുന്നു. , അദൃശ്യമായ കിരണങ്ങൾ അവന്റെ ഇളയ സഹോദരന്റെ ഓരോ കോശത്തിലും തുളച്ചുകയറി. അങ്ങനെ അവന്റെ ഇളയ സഹോദരൻ പിന്നീട് മരണപ്പെടുകായിരുന്നു.
വികാരങ്ങൾ എന്താണെന്ന് പോലും അറിയാതെ ഒരു കുട്ടി എങ്ങനെയാണ് മനുഷ്യന്റെ വൈകാരിക പരിധിയുടെ കൊടുമുടിയിലെത്തുന്നത് എന്ന് കാണിക്കുന്ന ഫോട്ടോകളിൽ ഒന്നാണ് ഈ ചിത്രം. ഇത്രയും വലിയ പ്രഹരത്തിൽ നിന്ന് കരകയറാൻ ജപ്പാന് ഉണ്ടായിരിക്കേണ്ട ശക്തി ലോകമെമ്പാടും ആ 10വയസ്സുള്ള ബാലനിലൂടെ ചിത്രീകരിച്ചു. ഈ ഫോട്ടോ അങ്ങേയറ്റം വൈകാരികമാണ്, ഈ കുട്ടി കാണിച്ച വൈകാരിക ശക്തി കാണിക്കാൻ മിക്ക മുതിർന്നവർക്കും കഴിയില്ല. ഒരു അപമാനവുമില്ലാതെ അവരുടെ തോൽവി ഏറ്റുവാങ്ങിക്കൊണ്ട്, ഒരു പരാജയപ്പെട്ട രാഷ്ട്രത്തിന്റെ ആത്മാവിനെ ഈ ഫോട്ടോ പ്രതിഫലിപ്പിക്കുന്നു. ജപ്പാൻ ഇന്നും ധൈര്യത്തിന്റെ അടയാളമായി ഈ ചിത്രം ഉപയോഗിക്കുന്നു.
Pic courtesy