മലയാളിയുടെ മാതൃഭാഷ ഇംഗ്ലീഷും രണ്ടാം ഭാഷ ഹിന്ദിയും, ചവിട്ടിത്തുടയ്ക്കാൻ എടുക്കുന്ന കീറചാക്കാണ് മലയാളം

281

കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം എഴുതുന്നു

നാലാം ക്ലാസു മുതൽ പഠിച്ചു തുടങ്ങിയ ഇംഗ്ലീഷിനേക്കാൾ അഞ്ചാം ക്ലാസു മുതൽ പഠിച്ചു തുടങ്ങിയ ഹിന്ദിയാണ് വളരെ വേഗം വഴങ്ങിയ ഭാഷ.രാവിലെ എണീറ്റാൽ പല്ലു തേയ്ക്കണം, കുളിയ്ക്കണം എന്നൊക്കെ ഇംഗ്ലീഷിലേയും മലയാളത്തിലേയും പാഠഭാഗങ്ങൾ പഠിപ്പിച്ചപ്പോൾ, ആറാം ക്ലാസിലെ ഹിന്ദി ടെക്സ്റ്റിൽ രാവിലെ എണീറ്റാൽ ആദ്യം കക്കൂസിൽ (ടട്ടി ജാവോ ) പോകണം എന്ന് പഠിച്ചത് ഇന്നും മറന്നിട്ടില്ലാത്ത ഒരു ഓർമയാണ്.( പാഠത്തിൽ കക്കൂസിന്റെ ചിത്രവും ഉണ്ടായിരുന്നു) ഞാൻ പഠിച്ച സ്കൂളിലെ ഏറ്റവും നല്ല അദ്ധ്യാപകരായിരുന്നു ഹിന്ദി പഠിപ്പിച്ച എ.വർഗീസ് സാറിനെപ്പോലുള്ള പലരും.
മലയാളിയെ ഇനി ആരെങ്കിലും ഹിന്ദി പഠിപ്പിക്കേണ്ടതുണ്ടോ?! സെക്കന്റ് ലാഗ്വേജ് മലയാളം പഠിക്കാതെ ഹിന്ദി പഠിച്ചവരാണ് ഉന്നത വിദ്യാഭ്യാസം നേടിയ പലരും. (കൂടുതൽ മാർക്ക് കിട്ടുവാൻ വേണ്ടി!)
കോളേജുകളിൽ ഹിന്ദി പാട്ടു മാത്രം മൂളി നടന്നിരുന്നവരുടെയും ഹിന്ദി സിനിമകളെക്കുറിച്ചു മാത്രം സംസാരിച്ചിരുന്നവരേയും ഇടയിൽ പലപ്പോഴും എന്നെപ്പോലുള്ള അപൂർവം ചിലരെങ്കിലും ഒറ്റപ്പെട്ട് പോയിട്ടുണ്ട്!

പിന്നീട് ഗൾഫ് രാജ്യങ്ങളിൽ ചെന്നും മലയാളി ഇംഗ്ലീഷിനേക്കാൾ സംസാരിച്ചത് ഹിന്ദിയാണ്.
ഇന്ന് എന്തു പണിക്കും നമ്മൾ വിളിക്കുന്ന ബംഗാളിയോടും ബീഹാറിയോടുമെല്ലാം നമ്മൾ (ഇംഗ്ലീഷ് പറയുമ്പോൾ is ഉം was ഉം ഓർത്ത് പതറുന്നതു പോലെ പതറാതെ ) ഹിന്ദി നല്ല മണി മണി യായി പറയും. പച്ചക്കറിത്തട്ടിലെ ചേട്ടനും മീൻ വിൽക്കുന്ന ചന്തയിലെ അമ്മച്ചിയുമെല്ലാം പറയുന്ന ഹിന്ദി കേട്ടാൽ സാക്ഷാൽ അമിത് ഷാ പോലും അതിശയിച്ചു പോകും. പ്രഥമ യും, ദൂസരിയും ഒക്കെ അധികം പഠിച്ച് പണ്ടേ ഫസ്റ്റ് ക്ലാസ് വാങ്ങിയിട്ടുള്ള മലയാളിയോട് ഹിന്ദി പഠിക്കണമെന്ന് പറയുന്നതു തന്നെ ഒരു ഫലിതമാണ്. തമിഴന്റെ അടുപ്പിൽ വേവാത്ത കല്ലൻ പരിപ്പാണ് ഹിന്ദി. എന്നാൽ മലയാളിയുടെ അടുപ്പിൽ അല്പം വേവു തെറ്റിയാൽ വെന്തു പായസപ്പരുവമാകുന്ന പച്ചരിച്ചോറാണ് ഹിന്ദി . സ്കൂളിൽ പഠിക്കുമ്പോൾ ഹിന്ദി എന്നെ കുഴപ്പിച്ചിരുന്നത്‌ സ്ത്രീലിംഗവും പുല്ലിംഗവും എഴുതാൻ ചോദിച്ച ചോദ്യങ്ങൾ മാത്രമാണ്. വീണ്ടും ഹിന്ദി എന്ന വികാരം കത്തിത്തുടങ്ങുമ്പോൾ ഓർത്തു പോകുന്നതും ഭാഷകൾക്കിടയിലെ ഈ നീതിയെക്കുറിച്ചാകുന്നത് യാദൃച്ഛികമായിരിക്കുമോ? എന്നാലും ഒരു സംഗതി ഉറപ്പിച്ചു പറയാം,
മലയാളിയുടെ മാതൃഭാഷ ഇംഗ്ലീഷും,
രണ്ടാം ഭാഷ ഹിന്ദിയും
പിന്നെ അകത്തു കടക്കാൻ ഒരു ഭാഷയുമില്ലെങ്കിൽ ചവിട്ടിത്തുടയ്ക്കാൻ എടുക്കുന്ന കീറചാക്കുമാണ് മലയാളം.