Sreekanth PK

“എനിക്ക് നിന്റെ ഭാഷ അറിയില്ല…ഇത് നിന്റെ മണ്ണാണ്…ഇവിടം വിട്ട് പോകരുത്… ജീവിക്കണം… മരിച്ചു കളയരുത്….”
എത്രയൊക്കെ കലാപങ്ങളും രക്ത ചൊരിച്ചിലുകളുമുണ്ടായിട്ടും ജനിച്ച നാടും വീടും മണ്ണും വിട്ട് പോകാൻ, മറ്റൊരിടമില്ലാത്ത, അതിന് മനസ് ഇല്ലാത്ത കുനാൽ ചന്ദിനോട് പോലീസുകാരൻ മണി സാർ ഈ വാക്കുകൾ പറഞ്ഞു നടന്ന് പോകുമ്പോൾ,ഉണ്ട എന്ന സിനിമ അവസാനിക്കുമ്പോൾ ഒരുപക്ഷെ നമുക്ക് അത് വെറുമൊരു സിനിമയിലെ ഡയലോഗിനപ്പുറം ഒന്നുമാവില്ല… സ്വന്തമായ്‌ ഭൂമിയും അതിലൊരു വീടും ചുറ്റു മതിലും ആ അധികാരത്തെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത കാലത്തോളം ഒരുപക്ഷെ ഈ വാക്കുകളോട് നമുക്ക് പൂർണ അർത്ഥത്തിൽ റിലേറ്റ് ചെയ്യാൻ പറ്റിയെന്ന് വരില്ല.

പക്ഷേ ജനിച്ചു വളർന്ന നാട്ടിൽ നിന്ന് ഒരുകാലത്ത് പുറം തള്ളേണ്ടി വരുന്ന അവസ്ഥ… മറ്റെവിടെ പോയാലും അഭയാർത്ഥിയായും രണ്ടാം പൗരനായും മാത്രം ജീവിച്ചു മരിക്കേണ്ട അവസ്ഥ…അത്തരം അവസ്ഥകളെ എതിർത്തു നിന്ന് തങ്ങളുടെ സ്വന്തം നാട്ടിൽ പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഒരു സിറ്റിസണിന്റെ അവകാശ പോരാട്ടം മാത്രമാണ് പലസ്തീനി ജനത വർഷങ്ങളായി നടത്തി വരുന്നത്… കടലുകൾക്കും മൈലുകൾക്കും ഇപ്പുറത്തിരുന്ന് അതിനെ രണ്ട് മതങ്ങൾ തമ്മിലുള്ള യുദ്ധമായ്‌ മാത്രം കാണുന്നവർക്ക് പലസ്തീൻ-ഇസ്രായേൽ കലാപത്തിന്റെ ചരിത്രമറിയില്ല എന്ന് തന്നെ പറയണം… മതമല്ല, മണ്ണാണ് ഈ കലാപത്തിന്റെ കാരണം എന്ന് അവരെ മനസിലാക്കാൻ ചരിത്രം സംസാരിക്കുക തന്നെ വേണം.

ഗ്രാമഫോൺ എന്ന സിനിമയിൽ ജനാർദ്ദനൻ അഭിനയിച്ച ഗ്രിഗറി എന്ന ജൂദനായ കഥാപാത്രത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അവരുടെ വിശുദ്ധ നാടായ ഇസ്രായേലിലേക്ക് തിരികെ പോകണമെന്നും അവിടെ കിടന്ന് മരിക്കണമെന്നും… അത് കേവലമൊരു ഗ്രിഗറി എന്ന ജൂദന്റെ മാത്രം ആഗ്രഹമല്ലായിരുന്നു… ലോകത്ത് പല ഭാഗങ്ങളിലായി ചിതറി കിടന്ന ജൂദ സമൂഹത്തെ തങ്ങളുടെ സ്വന്തം രാജ്യം നിർമിക്കാൻ തിരികെ വിളിച്ചത് ‘സയോണിസ്റ്റുകൾ’ എന്ന സംഘടനയായിരുന്നു… ജൂദന്മാർക്ക് മാത്രമായി ഒരു രാജ്യം… അവരുടെ വാഗ്ദത്ത ഭൂമി… സയോണിസ്റ്റുകൾ ലോകമൊട്ടുക്കെയുള്ള ജൂദർക്ക് കത്തുകൾ അയച്ചു അവരെ ഇസ്രായേലിലേക് ക്ഷണിക്കുമ്പോൾ അന്ന് ഭൂപടത്തിൽ ഇസ്രായേലുമില്ല പലസ്തീനുമില്ല… പകരം ഓട്ടോമാൻ തുർക്കികൾ ഭരിക്കുന്ന ഓട്ടോമാൻ പ്രാവശ്യ എന്ന ഒറ്റ രാജ്യം മാത്രം… ജറുസലേമും ജറിക്കൊയുമെല്ലാം അതിൽ തന്നെ… മുസ്ലിമും ക്രിസ്ത്യനും ജൂദനുമെല്ലാം ഒരുമിച്ചു ജീവിച്ചു വന്ന കാലം… പക്ഷേ സയോണിസ്റ്റുകളുടെ ഈ മൂവ്മെന്റ് ശരിക്കും അന്നാട്ടിലെ മുസ്ലിങ്ങളെ പ്രതിരോധത്തിലാക്കി… നൂറ്റാണ്ടുകളായി തങ്ങൾ ജീവിച്ചു വരുന്ന മണ്ണ്… ജനസംഖ്യയിൽ ഭൂരിപക്ഷം… കൂടാതെ ഓട്ടോമാൻ മുസ്ലിം ഭരണവും… ഒരുകാലത്തും തങ്ങൾക്കു തങ്ങളുടെ നാട് നഷ്ടപ്പെടില്ല എന്നൊരു മിഥ്യ ധാരണ അവർക്കുണ്ടായി.

പക്ഷേ മറു വശത്ത് 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ലക്ഷത്തിനും താഴെ മാത്രം ജൂദർ ഉണ്ടായിരുന്ന ആ നാട്ടിൽ പതിയെ ജൂദരുടെ എണ്ണം കൂടി വന്നു… പല നാടുകളിലേക്ക് ചിതറിയ ജൂദർ എല്ലാം പലസ്തീനിലേക്ക് തിരികെ വന്ന് കൊണ്ടിരുന്നു… ഇതിനിടയിൽ അന്നത്തെ പ്രധാന ശക്തിയായിരുന്ന ബ്രിട്ടൻ ലോകത്ത് എല്ലായിടത്തും പയറ്റി തെളിഞ്ഞ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രവുമായി പലസ്തീനിലുമെത്തി… തിരിച്ചു വരുന്ന ജൂദർക്ക് മാത്രമായി ഒരു രാഷ്ട്രം നിർമിക്കാൻ സഹായിക്കും എന്ന് സയണിസ്റ്റുകൾക്ക് ബ്രിട്ടൻ വാക്ക് നൽകി… ഇതേ ബ്രിട്ടൻ മക്കയിൽ പോയി അന്നത്തെ ഷെരീഫിനോട് പലസ്തീനിൽ ഒരു അറബ് രാജ്യം നിർമ്മിക്കാനുള്ള സഹായം ഓഫർ ചെയ്തു… അങ്ങനെ ആദ്യമായി ജൂദരും നാട്ടുകാരായ പലസ്ഥിനികളും തമ്മിൽ ആഭ്യന്തര കലാപങ്ങൾ തുടങ്ങി… പ്രധാനമായും രണ്ട് മതങ്ങൾക്കും പ്രാധാന്യമുള്ള ജറുസലേമിനെ ചൊല്ലിയായിരുന്നു തർക്കം… അതിനിടയിലാണ് ലോകത്തിന്റെ മറ്റൊരു കോണിൽ ഹിറ്റ്ലറിന്റെ വളർച്ചയും ആര്യ വംശ വ്യാപനത്തിനായി കുപ്രസിദ്ധമായ ‘ജൂവിഷ് ഹോളോക്കോസ്റ്റും’ ആരംഭിക്കുന്നത്… അങ്ങനെ ഈ കൂട്ടക്കൊല ഭയന്ന് ജൂദർ കൂട്ടത്തോടെ പലസ്തീനിലേക്ക് തിരികെ വരാൻ തുടങ്ങി… ജർമനിയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് ജൂദർ പലസ്തീനിലേക്ക് കുടിയേറി… കൂട്ടത്തിൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടനും ഫ്രാൻസിനും എതിരെ നിന്ന ഓട്ടോമാൻ രാജവംശം തോൽക്കുക കൂടി ചെയ്തത്തോടെ ഔദ്യോഗികമായി പലസ്റ്റീൻ നാഥനില്ലാ കളരിയായി… അവിടെ നിന്ന് അങ്ങോട്ടാണ് ആ രാജ്യം രക്ത രൂക്ഷിതമാകാൻ തുടങ്ങിയത്.

1948 ൽ ഇസ്രായേൽ രാജ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ അവർക്ക് വെട്ടിമുറിക്കാത്ത ഭൂപടം പോലെ രാജ്യം കിട്ടിയപ്പോൾ നൂറ്റാണ്ടുകളായി അവിടെ ജീവിച്ച പലസ്ഥിനികൾക്ക് കിട്ടിയത് അവിടെയും ഇവിടെയുമായി കുറച്ചു സ്ഥലങ്ങളും കീറി മുറിച്ച ഭൂപടവും കുറച്ചു കുന്നിൻ പ്രദേശങ്ങളും മാത്രം(താഴെയുള്ള ചിത്രം ശ്രദ്ധിക്കുക)… ഇതോടെ ബ്രിട്ടൻ തങ്ങളോട് പറഞ്ഞ പ്രകാരം രാജ്യം രൂപീകരിക്കാതെ നീതികേട് കാട്ടി എന്ന് ആരോപിച്ചു അറബ് രാഷ്ട്രങ്ങൾ എല്ലാം ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ ഒറ്റകെട്ടായി വന്നു… പക്ഷേ അന്ന് മുതൽക്കേ തന്നെ ആയുധ നിർമാണത്തിലും ഫോഴ്‌സിന്റെ കാര്യത്തിലും മുൻപന്തിയിൽ നിന്ന ഇസ്രായേൽ എല്ലാ യുദ്ധങ്ങളും വിജയിച്ചു വന്നു…പിന്നീട് യാസർ അറഫാത്തിന്റെ പലസ്തീൻ ലിബറേഷൻ ഓർഗനയിസേഷൻ (PLO) 1969 ൽ നിലവിൽ വന്നതോടെ പലസ്ഥിനികൾക്ക് പുതിയ പ്രതീക്ഷ കൈവന്നു… തങ്ങൾക്കു നഷ്ടപെട്ട ഭൂമി തിരികെ കിട്ടുമെന്ന് അവർ പ്രത്യാശിച്ചു… യാസർ അറഫാത്ത് മികച്ച നേതാവായിരുന്നിട്ടുകൂടി പശ്ചിമേഷ്യ കത്തികൊണ്ടേ ഇരുന്നു… അറഫാത്തിന്റെ കാലത്ത് ഇസ്രായേൽ – പലസ്റ്റീൻ സംഘർഷത്തിന് കുറച്ചൊക്കെ കുറവുണ്ടായിരുന്നു… അതിന് വേണ്ടിയുള്ള അയാളുടെ ഇടപെടലിനു സമാധാനത്തിനുള്ള 1994 ലെ നോബൽ സമ്മാനം കിട്ടിയത് വരെ ചരിത്രം…പക്ഷേ പലസ്തീന് അനുവദിച്ചു കൊടുത്ത പ്രവശ്യകളിൽ പോലും ഇസ്രായേൽ അവരുടെ പൗരന്മാർക്ക് താമസിക്കാനുള്ള നടപടി തുടങ്ങി… ആദ്യം പൗരൻമാരും പിന്നീട് പട്ടാളവും ആ പ്രദേശങ്ങൾ കയ്യേറി… അങ്ങനെ ദാനം കിട്ടിയ ഭൂമി പോലും കാൽ ചുവട്ടിൽ നിന്ന് ഒലിച്ചു പോകുന്ന സാഹചര്യത്തിലാണ് ഓരോ പൊട്ടിത്തെറികളും ഉണ്ടായത്… ഗാസ കേന്ദ്രീകരിച്ചു ആരംഭിച്ച തീവ്ര നിലപാട് സംഘടനയായ ‘ഹമാസിന്റെ’ വരവോട് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി… സത്യത്തിൽ ഹമാസ് എന്നത് സയണിസ്റ്റുകളുടെ പലസ്റ്റീൻ വേർഷൻ ആയിരുന്നു… ഇരു കൂട്ടരും അതി തീവ്ര നിലപാടും കലാപവും ആഹ്വാനം ചെയ്തവർ തന്നെയാണ്… ഹമാസിലേക്ക് മാത്രം എല്ലാ കുറ്റങ്ങളും ചേർത്ത് വായിക്കുന്നവർ സയണിസ്റ്റുകളുടെ ചരിത്രം ബോധപൂർവം മറക്കുകയാണ്… അങ്ങനെ ഏക പക്ഷീയമായി വായിക്കേണ്ട ഒന്നല്ല ഈ രണ്ട് രാജ്യങ്ങളുടെ ചരിത്രം.

ആയുധ ബലത്തിലും ആൾബലത്തിലും ഒരിക്കലും പലസ്റ്റിനു ഇസ്രായേലിനെ ജയ്ക്കാൻ സാധിക്കില്ല എന്നത് ഒരു യാഥാർഥ്യം തന്നെയാണ്… അതുകൊണ്ടു തന്നെ വളരെ കാലം അതിർത്തികൾ നിശബ്ധമായിരുന്നു…മധ്യ ധാരനാഴിയുടെ കരകളിൽ സമാധാനം പതിയെ തിരികെ വന്നു എന്ന് ലോകം പ്രതീക്ഷിച്ചപ്പോളാണ് രണ്ട് രാജ്യങ്ങൾക്കും മൂന്ന് മതങ്ങൾക്കും ഒരേ പോലെ പ്രാധാന്യമുള്ള ജറുസലേമിൽ പുതിയൊരു ജൂദ സിനഗോഗ് പണിയാണ് ഇസ്രായേൽ ഗവണ്മെന്റ് നടപടി ആരംഭിച്ചത്… കൂട്ടത്തിൽ മക്കക്കും മദീനക്കും ശേഷം മുസ്ലിങ്ങൾക്ക് പ്രാധാന്യമുള്ള ജറുസലേമിലെ അൽ-അക്സ പള്ളിയിൽ ഒരു ദിവസത്തെ പ്രവേശനം പതിനായിരമാക്കി കുറക്കുക കൂടി ചെയ്തു… UN ന്റെ നേരിട്ട് മേൽനോട്ടത്തിലുള്ള ജറുസലേമിൽ ഇസ്രായേൽ ഇവിധം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിൽ പലസ്റ്റിൻ ജനത വീണ്ടും പ്രതിഷേധവുമായി വന്നു… ഇപ്പോൾ നടക്കുന്ന കലാപങ്ങൾക്ക് തുടക്കം അവിടെ നിന്നാണ്.

ഈ ചരിത്രം അറിയാവുന്ന ഒരാൾക്കും ഒരിക്കലും പലസ്റ്റിനെ ഒറ്റുകൊടുക്കാൻ സാധിക്കില്ല… ജനിച്ചു വളർന്ന മണ്ണിൽ നിന്ന് തുടച്ചെറിയപ്പെടേണ്ടി വരുന്ന അവസ്ഥയാളം അവിടെ പോലും അഭയാർത്ഥികളെ പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥയോളം ഭീകരമായത് മറ്റെന്താണ്… തീവ്ര ദേശീയ നിലപാട് ഉള്ളവർ ഇസ്രായേലിനെ സപ്പോർട്ട് ചെയുന്നതിൽ ഒരു അത്ഭുതവും തോന്നുന്നില്ല… അവർ തന്നെയാണ് ഈ നാട്ടിലെ പൗരത്വ ബിൽ നടപ്പിലാക്കാൻ ആവേശം കൊള്ളുന്നത്… പക്ഷേ ലോകത്തെവിടെ ആയാലും നിലനിൽപ്പിനു വേണ്ടി പോരടിക്കുന്ന മനുഷ്യരോട് ഐക്യപെടുന്നത് തന്നെയാണ് മാനവികത… അതിൽ മതമില്ല… മനുഷ്യന്റെ ദുരിതങ്ങളിൽ മതം നോക്കി നിലപാട് എടുക്കുന്നതോളം മനുഷ്യത്വ വിരുദ്ധമായത് മറ്റൊന്നില്ല… പലസ്തിനോടൊപ്പം നിൽക്കുക എന്നത് മനുഷ്യത്വത്തോടൊപ്പം നിൽക്കുന്നതിനു സമമാണ്…കൃത്യമായ നീതി നടപ്പാവുകയും ചോര പൊടിയാതിരിക്കുകയും പ്രേമം പുലരുകയും ചെയ്യുന്ന അതിർത്തികൾ ഉണ്ടാവട്ടെ എന്ന് മാത്രം പ്രത്യാശിക്കുന്നു.

You May Also Like

ഇസ്രായേലും ഹമാസും: യഥാര്‍ത്ഥ സത്യങ്ങള്‍

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര സത്യങ്ങള്‍

ഈദി അമീൻ ശരിക്കും നരഭോജിയാണോ ?

6 അടി 4 ഇഞ്ജ് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീൻ 1951 മുതൽ 1960 വരെ ഉഗാണ്ടയിൽ ദേശീയ ബോക്സിങ്ങ് ചാമ്പ്യനും കൂടിയായിരുന്നു.1970 ആയപ്പോഴേക്കും അമീൻ ഉഗാണ്ടൻ സൈന്യത്തിന്റെ

ചെറുഹിമയൂഗങ്ങള്‍ വരുന്നു, തണുക്കാനൊരുങ്ങി ഭൂമി

ചെറുഹിമയൂഗങ്ങള്‍ വരുന്നു, തണുക്കാനൊരുങ്ങി ഭൂമി CE 1645 മുതല്‍ 1715 വരെയുള്ള കാലത്ത് ഭൂമിയില്‍ അതിശൈത്യമായിരുന്നു.…

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ…