Sreekumar Gopal
അതിജീവിതയുടെ രണ്ടാം വരവ് ആസ്വാദ്യകരം. ‘ന്റിക്കാക്കയ്ക്കൊരു പ്രേമോണ്ടാർന്നു’ എന്ന സിനിമയിലൂടെ നടി ഭാവന വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ഒപ്പനപ്പാട്ടുപോലെ ആസ്വാദ്യകരമായ ഒരു സിനിമയാണ് ‘ന്റിക്കാക്കയ്ക്കൊരു പ്രേമോണ്ടാർന്നു’.
സിനിമ സംവിധായകന്റെ കലയാണെന്ന് വിശ്വസിക്കുകയും സംവിധായകൻ ആരാണെന്ന് മനസ്സിലാക്കി, ഒപ്പം കഥയും തിരക്കഥയും ഒക്കെ ആരൊക്കെയാണെന്ന് ചിന്തിച്ചു മാത്രം സിനിമ കാണാൻ പോകുമായിരുന്ന ഞാൻ ഇത്തവണ അതൊന്നും നോക്കിയില്ല. ഒരു ദുരന്തത്തിനിടയായ ഒരു മലയാള നടി, ആരും പതറി പോകാവുന്ന സാഹചര്യത്തിൽ, ആരായാലും കാലിടറി പോകുന്ന സാഹചര്യത്തിൽ, ഒരുപക്ഷെ ഇത്രയും ഉയരത്തിൽ നീന്നുള്ള വീഴ്ച ഭയന്ന് ആത്മഹത്യ പോലും ഉണ്ടാകാവുന്ന ഒരു സാഹചര്യത്തിൽ പ്രതികൂലനങ്ങളെ പൊരുതി തോൽപ്പിച്ചുകൊണ്ട് അതിജീവിതയായി തിരിച്ചു വന്നിരിക്കുന്നു. കുറേക്കാലം മാറി നിന്നതിന്റെ പ്രായ വ്യത്യാസം തോന്നിക്കാതെ അതേ പ്രസരിപ്പുമായി മനസിലെ കനൽ പുറത്തു കാണിക്കാതെ അവർ നന്നായി അഭിനയിച്ചിരിക്കുന്നു.
അവരുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് ഒരു അവസരമായാണ് ഞാൻ ഈ സിനിമയെ കണ്ടത്. സിനിമ നല്ലതോ ചീത്തയോ എന്ന് നോക്കാതെ, ott റിലീസ് ന് കാക്കാതെ, അതിന്റെ ആദ്യത്തെ പ്രദർശനത്തിന് തന്നെ ടിക്കറ്റ് എടുത്ത് കാണുകയുണ്ടായി. ആ സിനിമ എന്നെ നിരാശപ്പെടുത്തിയില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേരിനോട് സാമ്യം ഉള്ളതുപോലെ തന്നെ സിനിമയും അദ്ദേഹത്തിന്റെ ഒരു കഥ പോലെ നമുക്ക് ആസ്വദിച്ചു കാണാവുന്നതാണ്. വളരെ ഉന്നതമായ നിലവാരം ഒന്നുമില്ലെങ്കിലും തീർച്ചയായും ഒരു എന്റർടൈനർ എന്ന നിലയ്ക്ക് നമുക്ക് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. വ്യത്യസ്തമായ പ്രേമകഥ ഒട്ടും തന്നെ ബോറടിപ്പിക്കാതെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട് അതിലെ പിന്നണി പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.
സിനിമയുടെ മികവുകൊണ്ട് മാത്രമല്ല നമ്മൾ ഓരോ മലയാളിയും ആ സിനിമ കാണേണ്ടത്.
ഇത്തരം സാഹചര്യങ്ങളിൽ പെട്ടുപോയാൽ എല്ലാം നശിച്ചു എന്ന നിലവിളിച്ച് മരണത്തിന് കീഴടങ്ങുകയല്ല വേണ്ടത്, പൊരുതി നിൽക്കണമെന്ന് സ്ത്രീകൾക്ക് ഒരു വലിയ സന്ദേശം നൽകിയ ആ നടിയുടെ തിരിച്ചുവരവ് മലയാളം ഹാർദ്ദമായി സ്വീകരിക്കേണ്ടതുണ്ട്.