ബെന്യാമിന്റെത് കോപ്പിയടിയല്ല, ബൗദ്ധികചോരണം തന്നെയാണ്, മൂലകൃതിയെ വികലമാക്കിയിട്ടുമുണ്ട്

0
117

Sreekumar K

ആടിനും അറിയുന്ന അങ്ങാടി വാണിഭം

“ഈയെമ്മെസും പെൺകുട്ടിയും” എന്ന് മറ്റൊരു ദുരുദ്ദേശവുമില്ലാത്ത പേരിട്ട് ഒരു കഥാസമാഹാരമിറക്കിയ ബെന്യാമിന്റെ ആടുജീവിതം വായിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ സംസാരിക്കുന്ന ഒരാടിനെ കണ്ടതുപോലെ ഒരിക്കൽ ഒരു സുഹൃത്ത് എന്നെ നോക്കി. അന്ന് തന്നെ ആ പുസ്തകം സംഘടിപ്പിച്ചു വായിച്ചു. നല്ല ഒന്നാംതരം മെലോഡ്രാമ. ഭാവനയിൽ വിരിഞ്ഞ കഥാതന്തുവല്ല. മജീദ് എന്ന മനുഷ്യൻ യഥാർത്ഥത്തിൽ അനുഭവിച്ചതും ബെന്യാമിനുമായി പങ്കുവെച്ചതുമായ അനുഭവങ്ങളാണ് കഥാതന്തു. ബെന്യാമിനോട് കഥപറയാത്തവരായി ആരും ഗൾഫിലിനി ഇല്ല എന്നൊക്കെ ചിലർ പറയും. അങ്ങനെ കിട്ടിയ ഒരു കഥയിൽ ഭാവന ചേർത്താണ് ഈ പുസ്തകം നിർമ്മിച്ചത്. അതൊന്നും ഒരു തെറ്റല്ല. അവരവരുടെ കഴിവുകളല്ലേ ആർക്കും പ്രകടിപ്പിക്കാനൊക്കൂ. എങ്കിലും ആടുജീവിതം 180 എഡിഷൻ വരെ എത്തിച്ച മലയാളികൾ അതേകാലത്തിറങ്ങിയ മറ്റ് അനേകം നല്ല പുസ്തകങ്ങളെ കട്ടേം പടോം മടക്കി വിട്ടു എന്നതിൽ നിന്നും ആടുജീവിതത്തെക്കുറിച്ചും മലയാളിയുടെ ആടുന്ന ജീവിതത്തെക്കുറിച്ചും ചിലത് പഠിക്കാനുണ്ട്. മറ്റൊന്നുമല്ല, ഒരു തരത്തിൽ അതിജനാധിപത്യമാണ് നമ്മുടെ രീതി. എന്തിനെയും കുറ്റം പറയുക എന്ന നല്ല ശീലമുള്ള നമ്മെ മിക്കപ്പോഴും നയിക്കുന്നത് ആൾക്കൂട്ടങ്ങൾ മാത്രമാണെന്നത് ഒരു വിരോധാഭാസമാണ്. “ആ സിനിമ ഇറങ്ങിയ ഉടനെ തന്നെ ഞാൻ പത്തു തവണ കണ്ടു. ഇപ്പോൾ എത്രചിന്തിച്ചിട്ടും അതെന്തിനായിരുന്നു എന്ന് പിടികിട്ടുന്നില്ല” എന്നൊക്കെ കേട്ടിട്ടുണ്ട്.

ഗൗരവമായ പഠനങ്ങളൊന്നും അനുഗ്രഹിക്കാത്ത ചില കൃതികളൊക്കെ എഴുതി ഇങ്ങനെ കലാപ്രവർത്തനത്തിൽ കൊച്ചുകൊച്ചു സന്തോഷങ്ങളുമായി നടക്കുന്ന ബെന്യാമീൻ കുറച്ചൊക്കെ പകർത്തി എഴുതി എന്നത് ഗോഡ്‌സെ ഒരു ചെറിയ വെടിവെച്ചു എന്നതുപോലെ പോലും കാര്യമാക്കാനില്ല. ഇടതുപക്ഷ ബുദ്ധിജീവികളുടെ മുഖം മൂടി പിന്നെയും പിന്നെയും കീറപ്പെടുന്നു എന്നത് സത്യമാണെങ്കിലും കീറാൻ മുഖം മൂടിയെങ്കിലും ഉള്ള ബുദ്ധിജീവികൾ ഇടതുപക്ഷത്താണ് ഉള്ളത്എന്നത് മറക്കാൻ പാടില്ല. മുഖമൂടി ഇല്ലാത്തതോ ഉള്ളതോ ആയി എത്ര ബുദ്ധിജീവികൾ വലതുപക്ഷം ചേർന്ന് നടക്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്. നടുവിലൂടെ നടന്ന് വണ്ടിയ്ക്കട വെയ്ക്കുന്ന നിഷ്ക്കുകളെ കൂട്ടരുത്.

പക്ഷേ ആടിനെ പട്ടിയാക്കാം, ഒട്ടകമാക്കരുത്. ഒറിജിനലും പകർത്തലും വായനക്കാർക്കായി മലയാളത്തിൽത്ത ന്നെ താഴെക്കൊടുക്കുന്നു. ആടുജീവിതം പണ്ട് വായിച്ചതാണ്. പദാനുപദമൊന്നും ഓർമ്മയില്ല. അതിലെ പ്രസക്തഭാഗങ്ങളോ കാരശ്ശേരി മാഷ് നടത്തിയ പരിഭാഷയോ കാണാതെയാണ് Road to Mecca യിലെ പ്രസക്ത ഭാഗങ്ങൾ ഞാനും പരിഭാഷപ്പെടുത്തിയത്.
ബെന്യാമിന്റെത് കോപ്പിയടിയല്ല. ബൗദ്ധികചോരണം തന്നെയാണ്. മൂലകൃതിയെ തനിക്ക് കഴിയുന്നത് പോലെ വികലമാക്കിയിട്ടുമുണ്ട് എന്ന് സൂക്ഷ്മനിരീക്ഷണത്തിൽ അറിയാം. അശോകൻ ചരുവിലിനെ പോലെയുള്ളവർ എന്തിനാണ് സ്വന്തം മുണ്ടുരിഞ്ഞ് ബെന്യാമിന് ഉടുക്കാൻ കൊടുക്കുന്നതെന്ന് മാത്രമാണ് ഒരു ചോദ്യം. അത് ബെന്യാമീനോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ.

1
(The Road to Mecca. പേജ് നമ്പർ 30)
മഞ്ഞുകട്ട പോലെയോ തീനാളം പോലെയോ എന്തോ ഒന്ന് എന്റെ ചുണ്ടുകളെ പൊള്ളിക്കുന്നതായി തോന്നി. നോക്കിയപ്പോൾ എന്നിലേയ്ക്ക് കുനിയുന്ന ഒരു നാടോടിയുടെ മുഖം. അയാളുടെ കൈകൾ എന്റെ വായ്ക്കുമേൽ അഴുക്കുപിടിച്ച നനഞ്ഞൊരു പഴംതുണി മെല്ലെ അമർത്തുന്നു. അയാളുടെ മറ്റേ കയ്യിൽ വെള്ളം നിറച്ച ഒരു തുകൾസഞ്ചിയുണ്ട്. അറിയാതെ ഞാൻ അതിനടുത്തേയ്ക്ക് നീങ്ങി, പക്ഷേ വളരെ മയത്തിൽ ആ നാടോടി എന്റെ കയ്യ് അതിൽനിന്നും തള്ളി നീക്കി. വീണ്ടും അയാൾ ആ തുണി ആ പാത്രത്തിൽ ആഴ്ത്തി എന്റെ ചുണ്ടിൽ ഒന്നുരണ്ടു തുള്ളി വെള്ളം ഇറ്റിക്കുന്നു. ആ ജലത്തുള്ളികൾ എന്റെ വായിലേക്കിറങ്ങി എന്റെ തൊണ്ടപൊള്ളിക്കാതിരിക്കാൻ ഞാൻ എന്റെ പല്ലുകൾ ഞെരിച്ചുപിടിച്ചു. അത് ജലമല്ല. ഉരുക്കിയ ഈയമാണ്. അവരെന്തിനാണ് എന്നോടിത് ചെയ്യുന്നത്. ആ പീഡനത്തിൽ നിന്ന് കുതറിയോടണമെന്ന് എനിക്കുണ്ട്. പക്ഷെ അവർ, ആ പിശാചുക്കൾ എന്നെ പിടിച്ചുവെച്ചിരിക്കുന്നു. അവർക്ക് എന്നെ കൊല്ലണമെന്നുണ്ടാകുമോ. പ്രതിരോധിക്കാനനായി എനിക്കെന്റെ തോക്ക് എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! പക്ഷെ അവർ എന്നെ എണീക്കാൻ പോലും അനുവദിക്കുന്നില്ല. എന്നെ തറയിൽ അമർത്തിക്കിടത്തി എന്റെ പല്ലുകൾ ബലം പ്രയോഗിച്ചകറ്റി പിന്നെയും ആ വെള്ളം എന്റെ വായിലേയ്ക്ക് ഇറ്റിക്കുകയാണ്. എനിക്കത് തൊണ്ടയിലേയ്ക്ക് ഇറക്കാനേ കഴിയൂ. പക്ഷേ മറ്റൊരു വിചിത്രമായ കാര്യം, വീണ്ടും തൊണ്ടയിലൂടെയിറങ്ങുമ്പോൾ ആ ജലത്തുള്ളികൾ ആദ്യമുണ്ടായതുപോലെ എന്റെ തൊണ്ടയെ പൊള്ളിക്കുന്നില്ല എന്നതാണ്. എന്റെ തലയിൽ അവർ വെച്ച തണുത്ത് നനഞ്ഞ തുണിയും ആശ്വാസം പകരുന്നു.

(ആട് ജീവിതം പേജ് നമ്പർ 178 & 179)
ഇബ്രാഹിം എന്റെ അരികിലിരിക്കുകയാണ്. അവന്റെ കയ്യിൽ നനഞ്ഞ തുണിക്കഷ്ണമുണ്ട്. അതുകൊണ്ട് അവൻ പതിയെ എന്റെ ചുണ്ട് നനയ്ക്കുകയാണ്. ആർത്തിയോടെ ഞാൻ വായ തുറന്നു. അതിൽ നിന്ന് ഒരുതുളളി എന്റെ നാവിലേയ്ക്ക് വീണതും ഞാൻ പിടഞ്ഞെണീറ്റു. നാക്കിൽ ആസിഡ് വീണ് പൊള്ളിയതുപോലെ. അവൻ പിന്നെയും എന്റെ വായിലേയ്ക്ക് തുണിക്കഷ്ണം തിരുകി വച്ചുതന്നു . അതിൽ നിന്ന് ഓരോ തുള്ളിയായി വെള്ളം എന്റെ നാവിലേയ്ക്ക് ഊറിവന്നു. അപ്പോഴൊക്കെ വലിയ വായിൽ നിലവിളിക്കാനുള്ള പൊള്ളൽ എനിക്കുണ്ടായിരുന്നു. അവൻ പിന്നെയും പോയി തുണി നനച്ചുവന്നു. നാവിൽ നിന്നു പതിയെ വെള്ളം തൊണ്ടയിലേക്ക് അരിച്ചിറങ്ങി. നനഞ്ഞിടമെല്ലാം പൊള്ളിച്ചുകൊണ്ടാണ് ആ നനവ് എന്റെ വയറ്റിലെത്തിയത്. പിന്നെയും നിരവധിപ്രാവശ്യം വെള്ളം നനച്ചുവച്ചശേഷമാണ് എന്റെ പൊള്ളൽ പതിയെ അവസാനിക്കുന്നതും അതെന്നിൽ ഒരു ദാഹമായിവ ളരുന്നതും.

2
(The Road to Mecca. പേജ് നമ്പർ 13)
പിന്നെയും, പുൽമേടുകളിൽ എന്റെ ഏകാന്തത അകറ്റാനായി ദയയില്ലാത്ത സൂര്യൻ മാത്രമുണ്ട്. മണ്ണിൽ വീണു കിടക്കുന്ന കട്ടിയുള്ള മഞ്ഞ ഇലകളും ശാഖോപശാഖകളായി പാമ്പുകളെപ്പോലെ ഇഴയുന്ന, ഇലച്ചാർത്തുള്ള കുറ്റിച്ചെടികളും നിങളുടെ ഒട്ടകക്കൂട്ടങ്ങൾക്ക് സ്വാഗതമോതും. കടുംനീല ആകാശത്തിലേക്ക് തലയുയർത്തി ശാഖകൾ വിരിച്ചു നിൽക്കുന്ന ഒരു അക്കേഷ്യാ മരം. മൺകൂനകൾക്കും കല്ലുകൾക്കും ഇടയിൽ എവിടെനിന്നെന്നറിയാതെ, കണ്ണുകൾ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് പ്രത്യക്ഷപ്പെടുന്ന സ്വർണ്ണവർണ്ണമാർന്ന ഒരു ഓന്ത് അതിന്റെ തന്നെ പ്രേതമെന്നപോലെ മറയുന്നു. അതൊരിക്കലും വെള്ളം കുടിക്കില്ലത്രേ.
(ആട് ജീവിതം. പേജ് നമ്പർ 163)

മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും…………പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക……..ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ.