ഹവായ് ദ്വീപുകളിലെ ചീവീടുകളുടെ ചിറകുകള്‍ക്ക് രൂപപരിണാമം സംഭവിച്ച ഉദ്വേഗജനകമായ കഥ

  0
  450

  sreekumar

  പരിണാമം തത്സമയം

  ഓഷിയേനിയ പ്രദേശത്തുനിന്ന് ഒരിനം ചീവീടുകളും, വടക്കേ അമേരിക്കയില്‍ നിന്ന് പരാന്നഭോജികളായ ഒരിനം പ്രാണികളും ഹവ്വായി ദീപുകളിലെത്തി. ഇണകളെ ആകര്‍ഷിക്കാന്‍ ആണ്‍ചീവീടുകള്‍ അവയുടെ ചിറകുകള്‍ കൂട്ടിയുരസി താളാത്മകമായി സംഗീതം പൊഴിക്കും. പോളിനേഷ്യന്‍ രാജ്യങ്ങളിലും No photo description available.ഓസ്‌ട്രേലിയയിലും ഒക്കെ കാണപ്പെടുന്ന ഈ ഫീല്‍ഡ് ചീവീടുകളുടെ ശാസ്ത്രീയനാമം ‘ടെലിയോഗ്രില്ലസ് ഓഷിയേനിക്കസ്’ (Teleogryllus oceanicus) എന്നാണ്. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രശ്‌നം ഹവ്വായി ദീപുകളിലെത്തിയ ചീവീടുകള്‍ നേരിട്ടു. അവ ‘പ്രണയസംഗീതം’ പൊഴിക്കുമ്പോള്‍ ഇണകള്‍ മാത്രമല്ല ആകര്‍ഷിക്കപ്പെടുക, മേല്‍സൂചിപ്പിച്ച പ്രാണികളും (Ormia ochracea) എത്തും. പ്രണയമല്ല, മരണമാണ് ആ പ്രാണികള്‍ ആണ്‍ചീവീടുകള്‍ക്ക് നല്‍കുക. പ്രാണികളുടെ ലാര്‍വ്വകള്‍ ഒരാഴ്ച കൊണ്ട് ചീവീടുകളെ തിന്നുതീര്‍ക്കും!

  ഹവ്വായിയിലെ ചീവീടുകള്‍ ശരിക്കും ഊരാക്കുടുക്കിലായി എന്നു സാരം. വര്‍ശവര്‍ധനയ്ക്കായി പൊഴിക്കുന്ന സംഗീതം, വംശനാശത്തിന് കാരണമാകുന്നു! ആ കെണിയില്‍ നിന്ന് രക്ഷനേടാന്‍ എളുപ്പ മാര്‍ഗ്ഗം പാട്ട് നിര്‍ത്തുക എന്നതാണ്. അതുതന്നെ സംഭവിച്ചു, സ്വരം പാരയായപ്പോള്‍ ചില ഹവ്വായ് ദീപുകളിലെ ആണ്‍ചീവീടുകള്‍ പാട്ടു നിര്‍ത്താന്‍ തുടങ്ങി!

  May be an image of text that says "ON THE ORIGIN OF SPECIES BY MEANS OF NATURAL SELECTION, OR THE PRESERVATION OF FAVOURED RACES IN THE STRUGGLE FOR LIFE. BY CHARLES DARWIN, M.A., PEGLOW THE ROYAL, GROLOGICAL, LINNEAN ETC., SOCIETIES; AUTIOR P JOURNAL or RESEARCHES DURING .M. S. BEAGLE'S VOYAGE ROUND TIE WORLD.' LONDON: JOHN MURRAY, ALBEMARLE STREET. 1859. The right Translation reacroed."പാട്ടുനിര്‍ത്തി എന്നു കേള്‍ക്കുമ്പോള്‍, ആണ്‍ചീവീടുകളെല്ലാം ചേര്‍ന്ന് ചര്‍ച്ചചെയ്ത് അങ്ങനെയൊരു തീരുമാനമെടുത്തു എന്നല്ല അര്‍ഥം. കൂട്ടിയുരസുമ്പോള്‍ ശബ്ദമുണ്ടാകാത്ത തരത്തിലൊരു ഘടനാമാറ്റം ചീവീടുകളുടെ ചിറകുകള്‍ക്ക് സംഭവിച്ചു. എന്നുവെച്ചാല്‍, ചീവീടുകള്‍ നേരിടുന്ന അതിജീവനസമ്മര്‍ദ്ദം മറികടക്കാനായി ചില ജനിതക പരിവര്‍ത്തനങ്ങള്‍ (മ്യൂട്ടേഷന്‍) അവയ്ക്കുണ്ടാവുകയും, അതിന്റെ ഫലമായി ചിറകുകള്‍ക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്തു!

  2003 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡിലെ ഗവേഷക മാര്‍ലീന്‍ സൂക് ആണ്, കൗവായി (Kauai) എന്ന ഹവ്വായിയന്‍ ദീപില്‍ ശബ്ദമുണ്ടാക്കാന്‍ ശേഷിയില്ലാതെ ആണ്‍ചീവീടുകള്‍ പിറക്കുന്ന കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജനിതക പരിവര്‍ത്തനത്തിന്റെ ഫലമായി അവിടുത്തെ 95 ശതമാനം ആണ്‍ചീവീടുകള്‍ക്കും ചിറകുകളുടെ രൂപഘടനയില്‍ മാറ്റം വന്നിരിക്കുന്നു! ചിറകുകള്‍ ചലിക്കുമെങ്കിലും ശബ്ദം പുറത്തുവരില്ല. ‘നിശബ്ദസംഗീതം’ പൊഴിക്കുന്നവയായി ചീവീടുകള്‍ പരിണമിച്ചുവെന്ന് സാരം!
  രണ്ടുവര്‍ഷത്തിന് ശേഷം, 2005 ല്‍ കൗവായി ദീപില്‍ നിന്ന് 101 കിലോമീറ്റര്‍ അകലെയുള്ള ഒയാഹു ദീപിലും (Oahu island) ആണ്‍ചീവീടുകള്‍ നിശബ്ദരാകാന്‍ തുടങ്ങിയ കാര്യം ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു. ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡില്‍ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലെ പരിണാമ ജീവശാസ്ത്രജ്ഞനായ നാഥാന്‍ ബെയ്‌ലിയും സംഘവുമാണ് ഒയാഹു ദീപില്‍ പഠനം നടത്തിയത്. നിലവില്‍ അവിടുത്തെ പകുതിയോളം ആണ്‍ചീവീടുകള്‍ പാട്ടുനിര്‍ത്തിയിരിക്കുന്നു.

  No photo description available.വെറും 20 തലമുറകള്‍ക്കിടയിലാണ് നമുക്ക് നേരിട്ട് കാണാവുന്ന തരത്തില്‍ ചീവീടുകളുടെ ചിറകുകള്‍ക്ക് രൂപപരിണാമം സംഭവിച്ചത്. പരിണാമത്തിന്റെ ഭാഗത്തുനിന്ന് പരിശോധിച്ചാല്‍, ചീവീടുകളുടെ 20 തലമുറയെന്നത് കണ്ണുചിമ്മുന്നത്ര ചെറിയ കാലദൈര്‍ഘ്യമാണ്. ‘ഇത് തത്സമയ പരിണാമമാണ്….മുന്നിലിത് സംഭവിക്കുന്നത് നമുക്ക് നേരിട്ടു നിരീക്ഷിക്കാന്‍ കഴിയുന്നു’-ബെയ്‌ലി അടുത്തയിടെ പറഞ്ഞു.

  കൗവായി, ഒയാഹു ദീപുകളിലെ ചീവീടുകളുടെ മാറ്റത്തെക്കുറിച്ച് ബെയ്‌ലിയുള്‍പ്പെട്ട ഗവേഷകര്‍ പഠനം തുടര്‍ന്നു. പരിണാമം സംഭവിച്ച ചീവീടുകള്‍ കൗവായി ദീപില്‍ നിന്ന് ബോട്ടുകളിലോ മറ്റോ എത്തി എന്നാണ് ഓയാഹുവിലെ കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഗവേഷകര്‍ കരുതിയത്. എന്നാല്‍, രണ്ടിടത്തും ചീവീടുകളുടെ ചിറകുകളുടെ ഘടനാമാറ്റം ഒരേ പോലെയല്ല എന്ന് പഠനങ്ങളില്‍ വ്യക്തമായത് ഗവേഷകരെ മാറി ചിന്തിപ്പിച്ചു. ബെയ്‌ലിയും സംഘവും രണ്ടു ദീപുകളിലെയും നിശബ്ദ ചീവീടുകളുടെ ഡിഎന്‍എ താരതമ്യംചെയ്തു. വ്യത്യസ്ത ജനിതക മാര്‍ക്കറുകളാണ്, ഇരുദീപിലെയും ചീവീടുകളുടെ പരിണാമത്തിന് കാരണമെന്ന് മനസിലായി.

  എന്നുവെച്ചാല്‍, ഏതാണ്ട് ഒരേ സമയത്ത്, സമാനമായ അതിജീവനഭീഷണി നേരിടാന്‍, വ്യത്യസ്ത ജനിതകമാറ്റങ്ങള്‍ വഴി ഒരേ ഫലം ഇരുദീപിലെയും ചീവീടുകള്‍ക്ക് ഉണ്ടായിരിക്കുന്നു! ഒരേ പരിണാമ ലക്ഷ്യത്തിലേക്കെത്താന്‍ വ്യത്യസ്ത ജനിതകവഴികളുണ്ടെന്ന് സാരം! ‘ഏകദിശാ പരിണാമം’ (convergent evolution) എന്നാണ് ഇതിനെ വിശേഷിപ്പിക്കുക. ഹവ്വായിയന്‍ ദീപുകളില്‍ ചീവീടുകളുടെ കാര്യത്തില്‍ അതാണ് സംഭവിച്ചതെന്ന്, 2014 ല്‍ ‘കറണ്ട് ബയോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ബെയ്‌ലിയും സംഘവും സാക്ഷ്യപ്പെടുത്തി.

  ബെയ്‌ലി ഉള്‍പ്പെട്ട ഗവേഷണഗ്രൂപ്പ് 2018 ഫെബ്രുവരിയില്‍ ‘ബയോളജി ലറ്റേഴ്‌സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്, ചീവീടുകള്‍ നിശബ്ദരായെങ്കിലും ഊര്‍ജം വിനിയോഗിച്ച് സംഗീതം പൊഴിക്കാനെന്ന വിധം ഇപ്പോഴും ചിറകുകള്‍ ചലിപ്പിക്കുന്നുണ്ടെന്നാണ്. എന്തിനാണ് ഇങ്ങനെ ഊര്‍ജം നഷ്ടപ്പെടുത്തുന്നത് എന്നകാര്യം വ്യക്തമല്ല. അതേസയമം, പരാന്നഭോജികളായ പ്രാണികളെ ഒഴിവാക്കാന്‍ കഴിഞ്ഞതിനാല്‍ പാട്ടുനിര്‍ത്തിയ ആണ്‍ചീവീടുകള്‍ കൂടുതല്‍ അതിജീവനശേഷി നേടിയതായി ഗവേഷകര്‍ കണ്ടു.

  ഇവിടെ ഒരു പ്രശ്‌നമുണ്ട്. പാട്ടുനിര്‍ത്തിയ ആണ്‍ചീവീടുകള്‍ ഇണകളെ എങ്ങനെ ആകര്‍ഷിക്കും? ബെയ്‌ലി പറയുന്നത്, പാട്ടുനിര്‍ത്തിയ ചീവീടുകള്‍ ഇക്കാര്യത്തില്‍ ഇത്തിരി തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ്. പാട്ടുപാടുന്ന ആണ്‍ചീവീടുകളുടെ ചുറ്റും തമ്പടിച്ചിട്ട്, പാട്ടുകേട്ടെത്തുന്ന പെണ്‍ചീവീടുകളെ ഇവര്‍ ഒതുക്കത്തില്‍ തട്ടിയെടുക്കുകയല്ലേ എന്നാണ് ഗവേഷകരുടെ സംശയം! പാട്ടില്‍ ആകൃഷ്ടരായി എത്തുന്ന പെണ്‍ചീവീടുകളെ മണ്ണുംചാരി നിന്ന ഇവന്‍മാര്‍ കൊണ്ടുപോവുകയും, കഷ്ടപ്പെട്ട് പാട്ടുപാടിയവരെ തേടി ശത്രുപ്രാണികളെത്തുകയും ചെയ്യും!

  എന്നാല്‍, കൗവായി ദീപിലിപ്പോള്‍ പാടുന്ന കുറച്ച് ആണ്‍ചീവീടുകളേ ഉള്ളൂ (വെറും അഞ്ചു ശതമാനം). എന്നിട്ടും അവിടെ ചീവീടുകളുടെ മൊത്തം സംഖ്യയില്‍ കുറവ് വന്നിട്ടില്ല. ഇതിനര്‍ഥം, പാട്ടുനിര്‍ത്തിയ ആണ്‍ചീവീടുകള്‍ ഇണകളെ ആകര്‍ഷിക്കാന്‍ മറ്റേതോ ഒരു മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട് എന്നാണ്. അതറിയാനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോള്‍.