ഓരോ രംഗവും നാടകത്തിലെന്നപോലെ റിഹേഴ്സൽ ചെയ്താണ് മമ്മൂട്ടിയുൾപ്പെടെ ഉള്ളവരെ ചിത്രീകരണത്തിന് സജ്ജരാക്കിയത്.
കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം
204 total views

കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിതഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. ഈ സിനിമയിലൂടെ മലയാളത്തിനു എണ്ണം പറയാവുന്ന ഒരു സംവിധായകനെ ലഭിച്ചു. അതാണ് ബ്ലെസി.
ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും ചിതറിക്കപ്പെട്ട പവൻ എന്ന ബാലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ദേശം, ഭാഷ, പ്രായം എന്നീ വ്യത്യാസങ്ങൾക്കതീതമായി ഇരുവരും വളർത്തിയെടുക്കുന്ന സ്നേഹമാണ് കഥയുടെ പ്രധാന ആകർഷണം. ഭൂകമ്പത്തെത്തുടർന്ന് ഭിക്ഷാടക സംഘത്തിന്റെ കയ്യിലകപ്പെട്ട പവൻ അവിടെ നിന്നും രക്ഷപ്പെട്ട് ഉത്സവപ്പറമ്പുകളിൽ സിനിമാ പ്രദർശനം നടത്തി ജീവിക്കുന്ന മാധവൻ എന്ന സാധാരണക്കാരന്റെ അരികിൽ എത്തിച്ചേരുന്നു. പവന്റെ അനാഥത്വത്തിൽ മനസലിഞ്ഞ മാധവൻ അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായ ബാലൻ ഭൂകമ്പത്തെത്തുടർന്ന് അനാഥനായതാണെന്ന തിരിച്ചറിവ് മറ്റു ചിലർ സ്വാർഥലാഭത്തിനായി ഉപയോഗിക്കാൻ തുടങ്ങുന്നതോടെ അവന്റെ ജീവിതഗതി മാറിമറിയുന്നു. തുടർന്ന് പവനെക്കാണുന്നത് പോലീസ് സ്റ്റേഷനിലും അനാഥാലയത്തിലും കോടതിയിലുമൊക്കെയാണ്. മാധവനും ഈ ബാലനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തീവ്രത നിയമ പുസ്തകങ്ങൾക്കു മനസ്സിലാക്കാനാകുന്നില്ല. അവർ അവനെ ഗുജറാത്തിലേക്ക് തിരിച്ചയക്കുന്നു. സ്വന്തം നാടുവിട്ട് പുറത്തുപോയിട്ടില്ലാത്ത ഓപ്പറേറ്റർ മാധവനും അവനൊപ്പം സഹായത്തിന് ഗുജറാത്തിലേക്ക് പുറപ്പെട്ടു. ഗുജറാത്തിലെത്തിയപ്പോൾ ദുരന്തത്തിന്റെ ക്രൂരമായ പ്രഹേളികകൾ മാധവൻ നേരിട്ടു കാണുകയാണ്. പവന്റെ മാതാപിതാക്കൾ അവിടെയില്ല. എന്നാൽ അവർ മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് അധികാരികൾക്ക് തീർച്ചയില്ല. അവരുടെ രേഖകളിൽ ഒരു വാചകമുണ്ട്- കാണ്മാനില്ല. എന്നുവച്ചാൽ അവർ എന്നുവേണമെങ്കിലും തിരിച്ചുവരാം. ഇക്കാരണത്താൽ മാധവന് പവനെ ദത്തെടുക്കാനാവില്ല. തനിക്കു പിറക്കാതെപോയ മകനെ വീണ്ടും അനാഥത്വത്തിന്റെ ദുരിതങ്ങളിലേക്ക് തനിച്ചാക്കി മടങ്ങാൻ മാധവൻ നിർബന്ധിതനാകുന്നതോടെ കഥ പൂർണ്ണമാകുന്നു. ഉറ്റവർ ഒരിക്കലും എത്താതിരുന്നാൽ തന്നെ അറിയിക്കണമെന്നും സ്വന്തം മകനെപ്പോലെ വളർത്തിക്കോളാമെന്നും അഭ്യർഥിച്ച് മാധവൻ തന്റെ വിലാസം എഴുതി ഉദ്യോഗസ്ഥനെ ഒരു കത്ത് ഏൽപ്പിക്കുന്നു. മാധവൻ തിരികെ നടക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ കത്ത് ചവറ്റുകുട്ടയിലേക്കെറിയുന്നു. ഇതൊന്നും അറിയാതെ മനസ്സിൽ നന്മകളുമായി നടന്നകലുന്ന മാധവനിൽ ചിത്രം അവസാനിക്കുന്നു.
ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളായ ഫിലിം ഓപ്പറേറ്റർ മാധവനെയും അനാഥ ബാലൻ പവനെയും അവതരിപ്പിക്കുന്നത് യഥാക്രമം മമ്മൂട്ടിയും യഷുമാണ്. മാധവന്റെ ഭാര്യയായി പത്മപ്രിയയും മകളായി സനുഷയും ഇന്നസെന്റ്, മനോജ് കെ. ജയൻ, വേണു നാഗവള്ളി, എന്നീ മറ്റ് അഭിനേതാക്കളും തങ്ങളുടെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. അതുപോലെ ബ്ലെസി തന്റെ ആദ്യം സംരംഭത്തില്‍ ഒരു പാട് നാടക നടന്മാരെയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. പത്മപ്രിയയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്.
സിനിമ
ജീവിത നൈർമ്മല്യങ്ങൾ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകൻ കഥ ചിത്രീകരിക്കുന്നത്. ഒരു അനാഥ ബാലനും നാട്ടുമ്പുറത്തുകാരനുമായുള്ള സ്നേഹബന്ധത്തിന്റെ സുന്ദര മുഹൂർത്തത്തിൽനിന്ന് പെട്ടെന്ന് സാമൂഹിക വിമർശനത്തിലേക്കാണ് സിനിമ പടർന്നു കയറുന്നത്. ദുരന്തങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ ഏൽപ്പിക്കുന്ന മുറിവുകളെ നിയമപ്പുസ്തകങ്ങളുപയോഗിച്ച് അധികാരികൾ നിസ്സാരവൽക്കരിക്കുന്നത് എങ്ങനെയെന്നു കാട്ടുകയാണ് സംവിധായകൻ. നന്മയുടെ ഭാഷ മനസ്സിലാക്കാത്ത ഉദ്യോഗ വർഗ്ഗത്തെയും തുറന്നുകാട്ടുന്ന അവതരണമാണ് ചിത്രത്തിന്റേത്.
ജീവിതത്തില്‍ സിനിമ കണ്ടു സങ്കടപെട്ടിട്ടുണ്ടെങ്കില് അത് കാഴ്ച എന്ന സിനിമ കണ്ടു മാത്രമാണ്. കുട്ടികളോടുള്ള അഗാധ സ്നേഹം കൊണ്ടാകാം. അത്രത്തോളം വിശ്വസനീയമായി അവതരിപ്പിക്കപെട്ടിട്ടുണ്ട് മാധവന്റെയും പവന്റെയും സ്നേഹബന്ധം. മമ്മൂട്ടി കുട്ടനാട്ടിലെ ഒരു പാവം സാധാരണക്കാരനായി, തകർത്തഭിനയിച്ചു. കുട്ടനാട്ടിലെ സംസാരശൈലി അദേഹം അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിയെ ദത്തെടുക്കാനായി കോടതിയില്‍ എത്തുമ്പോള്‍, മാധവൻ വരാന്തയില്‍ ഇരുന്നു ഉറങ്ങുന്നതും മറ്റും ഒരു പാവം മനുഷ്യന്റെ അവസ്ഥകളോട് ചേര്‍ന്ന് നിൽക്കുന്നു. അതുപോലെ പവന് എന്ന ബാലനെ അവതരിപ്പിച്ച യഷ് എന്ന ബാലന് ബ്ലെസിയുടെ ഗംഭീരമായ കാസ്റ്റിംഗ് തന്നെ.
മനസ്സില്‍ കൊള്ളുന്ന ഒരു പാട് സന്ദര്‍ഭങ്ങള്‍, സംഭാഷണം എന്നിവ ബ്ലെസി ചേരും വിധം ചേര്‍ത്തിട്ടുണ്ട്. പാവപ്പെട്ടവനെങ്കിലും, മാധവന്റെ കുടുംബത്തിലെ സന്തോഷകരമായ ജീവിതം വ്യക്തമായി വരച്ചു കാട്ടി, അതിലൂടെ തന്റെ സഹജീവികളോട് എങ്ങനെ സ്നേഹം കാണിക്കണം എന്ന് ബ്ലസി ചിത്രീകരിക്കുന്നുണ്ട്. സ്നേഹബന്ധത്തിന്റെ തീവ്രത നിയമ പുസ്തകങ്ങൾക്കു മനസ്സിലാക്കാനാകുന്നില്ല എന്ന അവസ്ഥ കടന്നുവരുമ്പോള്‍ സിനിമ പ്രേക്ഷകനെ വേദനിപ്പിക്കാന്‍ തുടങ്ങുന്നു. മാധവനെയും ബാലനെയും സംശയത്തിന്റെ പേരില്‍ പോലീസ് പിടിച്ചു മാധവനെ റിമാൻഡ് ചെയ്യണം അന്ന് ഇൻസ്പെക്ടര്‍ പറയുന്നിടത്ത്, ഇന്നസെന്റിന്റെ കഥാപാത്രം പോലീസുകാരനോട് ചോദിക്കുന്നുണ്ട് ” എന്തിനാ സാറെ ഒരു നേരത്തെ ഭക്ഷണം കൊടുത്തതിനാണോ”. ഗുജറാത്തില്‍ എത്തിയ പവന് തന്റെ തകര്‍ന്നു തരിപ്പണമായ വീട്ടിലേക്കു ഓടികയറുന്നതും അച്ഛനെയും അമ്മയെയും വിളിച്ചു കരയുന്നതും, പ്രേക്ഷകരെ വേദനിപ്പിക്കുന്ന സീനുകളാണ്.
ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടു പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ആളുകളുടെ കൂട്ടത്തിലേക്ക് മാധവനോട് ചിരിച്ചു കൊണ്ട് യാത്ര പോകുന്ന പവന്, ഒടുവില്‍ പതുക്കെ ആ ചിരി അവന്റെ മുഖത്ത് നിന്ന് മറയുന്നതും എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകനെ സങ്കടപ്പെടുത്തും. ഒടുവില്‍ ആരും തിരിച്ചു വന്നില്ലെങ്കില്‍ തന്റെ മകനായി ദത്തു എടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ട് മാധവൻ കൊടുക്കുന്ന വിലാസം ഉദ്യോഗസ്ഥന് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നത് ഇന്ത്യൻ ബ്യൂറോക്രസിക്ക് കിട്ടുന്ന കനത്ത പ്രഹരമാണ്. വിഷമത്തോടെ, പ്രതീക്ഷയോടെ മാധവന് തിരിച്ചു നാട്ടിലേക്കു തിരിക്കുമ്പോള്‍ അതേ വേദന പ്രേക്ഷകനും പേറുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് സിനിമയോട് ചേര്‍ന്ന് നിൽക്കുന്ന പാട്ടുകളും, പശ്ചാത്തല സംഗീതവും ഒരുക്കാന്‍ മോഹന്‍ സിതാരക്കും, കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുക്കാന്‍ അഴഗപ്പന്റെ ക്യാമറയ്ക്കും കഴിഞ്ഞിട്ടുണ്ട്.
കുറഞ്ഞ ചിലവിൽ നിർമ്മിക്കപ്പെട്ട കാഴ്ച പതിവ് വിപണനഘടകങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മികച്ച സാമ്പത്തിക വിജയം നേടി. റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഈ സിനിമ 50 ദിവസം പിന്നിട്ടു. ലളിതമായ പ്രമേയം സ്വീകരിച്ച് ഈ സിനിമ നേടിയ വിജയം ഒട്ടേറെ സംവിധായകരെ ആ വഴിക്ക് ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. 2004ലെ കേരള സംസ്ഥാന സിനിമ അവാർഡിൽ കാഴ്ച ഒട്ടേറെ പുരസ്കാരങ്ങൾ നേടി. മികച്ച നവാഗത സംവിധായകൻ (ബ്ലെസി), മികച്ച നടൻ (മമ്മൂട്ടി), മികച്ച ബാലതാരങ്ങൾ (യഷ്, സനുഷ), ജനകീയ സിനിമ എന്നീ വിഭാഗത്തിലാണ് കാഴ്ച സംസ്ഥാന അവാർഡ് നേടിയത്. പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും ഏഷ്യാനെറ്റ് അവാർഡുകളും നേടി.
സിനിമ ഇറങ്ങി ഏറെക്കഴിഞ്ഞാണെങ്കിലും കാഴ്ച ഏതാനും വിവാദങ്ങളിലും ഉൾപ്പെട്ടു. 2004ലെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കാഴ്ച പൂർണ്ണമായും തഴയപ്പെട്ടിരുന്നു. വിധികർത്താക്കളുടെ കൂട്ടത്തിലുള്ള മലയാളികൾക്കെതിരേ കടുത്ത വിമർശനവുമുയർന്നു. ഇതേത്തുടർന്ന് വിധികർത്താക്കളിൽ ഒരാളായ മലയാള സിനിമാ സംവിധായകൻ മോഹൻ രൂക്ഷമായ ഭാഷയിൽ കാഴ്ചയെ വിമർശിച്ചു. കാഴ്ചയുടെ പ്രമേയം മൗലികമല്ലെന്നതായിരുന്നു മോഹൻ ഉന്നയിച്ച പ്രധാന ആരോപണം. തമിഴ് സംവിധായകൻ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൻ എന്ന ചിത്രത്തിന്റെ പ്രമേയംതന്നെയാണ് കാഴ്ചയുടേതെന്നും മോഹൻ പറഞ്ഞു.
ചില നുറുങ്ങുകൾ
- എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ആലുവയിൽ അഭിനയക്കളരി നടത്തിയ ശേഷമാണ് ബ്ലെസി കാഴ്ച ചിത്രീകരിച്ചത്. മലയാളത്തിലെ തിരക്കേറിയ നടനായ മമ്മൂട്ടി ഉൾപ്പെടെ എല്ലാവരും ഈ ശിൽപശാലയിൽ പങ്കെടുത്തു. ഓരോ രംഗവും നാടകത്തിലെന്നപോലെ അവതരിപ്പിച്ചാണ് സംവിധായകൻ സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളെ സജ്ജരാക്കിയത്.
- കാഴ്ചയിൽ ഗുജറാത്തി അനാഥ ബാലനായി അഭിനയിച്ച യഷ് യഥാർഥത്തിൽ ഗുജറാത്തി തന്നെയാണ്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഒട്ടേറെ ഗുജറാത്തികളിലൊരുവൻ.
- കാഴ്ചയുടെ കഥയുമായി പല നിർമാതാക്കളെയും സമീപിച്ചെങ്കിലും കഥയ്ക്ക് സിനിമയ്ക്കുള്ള സ്കോപ് ഇല്ല എന്ന് പറഞ്ഞു ബ്ലെസ്സിയെ അവരെല്ലാം തിരിച്ചയച്ചു. ഒടുവില്‍ ബ്ലെസിയുടെ സുഹ്രത്തായ നൗഷാദ് ആണ് സേവി മനോ മാത്യുവിനൊപ്പം ഈ സിനിമ നിര്‍മ്മിച്ചത്.
- എം മുകുന്ദനെ കൊണ്ട് തിരകഥ എഴുതിക്കാന്‍ ശ്രമിച്ചെങ്കിലും മമ്മൂട്ടിയുടെ നിര്‍ബന്ധത്താല്‍ ബ്ലെസി തന്നെ തിരക്കഥ എഴുതുകയായിരുന്നു.
കാഴ്ച (2004)
രചന, സംവിധാനം: ബ്ലെസി
ഛായാഗ്രഹണം: അഴഗപ്പൻ
ഗാനരചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
നിർമാണം: നൗഷാദ്, സേവി മനോ മാത്യു
205 total views, 1 views today
