പതിനാലാം വയസ്സില്‍ വധശിക്ഷയ്ക്കു വിധേയനായവന്‍

0
671

Sreekuttan Elappuram എഴുതുന്നു

പതിനാലാം വയസ്സില്‍ വധശിക്ഷയ്ക്കു വിധേയനായവന്‍

Sreekuttan Elappuram
Sreekuttan Elappuram

സൌത്ത് കരോലിനയിലെ ക്ലാരെണ്ടന്‍ കൌണ്ടിയിലുള്ള ഒരു ചെറിയ പട്ടണമാണ് ആള്‍ക്കോളു. പട്ടണത്തിലെ മിക്ക ആളുകളും ജോലി ചെയ്യുന്നത് അവിടെയുള്ള ഒരു തടിമില്ലിലാണ്. വളരെക്കുറച്ചു ജനസംഖ്യമാത്രമായിരുന്നു ആ പട്ടണത്തിലുണ്ടായിരുന്നത്. വെളുത്ത വര്‍ഗ്ഗക്കാരും കറുത്തവര്‍ഗ്ഗക്കാരും പ്രത്യേകം പ്രത്യേകമായാണു താമസിച്ചിരുന്നത്. ഒരു റെയില്‍ റോഡ് ട്രാക്കിന്റെ അപ്പുറവും ഇപ്പുറവൂമായി. 1944 മാര്‍ച്ച് 24 നു വൈകുന്നേരം സ്കൂള്‍ കഴിഞ്ഞ് സൈക്കിളില്‍ ബെറ്റി ജൂണ്‍ ബിന്നിക്കര്‍ എന്ന പതിനൊന്നുകാരിയും മേരി എമ്മാ തെംസ് എന്ന ഏഴുവയസ്സുകാരിയും കൂടി അവരവരുടെ വീടുകളിലേയ്ക്കു തിരിച്ചു. വസന്തകാലത്ത് ഒരിനം കാട്ടുചെടിയില്‍‍പ്പിടിക്കുന്ന‍ ഭംഗിയുള്ള പൂക്കളും മധുരമുള്ള അവയുടെ പഴങ്ങളും കുറച്ചു പൊട്ടിച്ചെടുക്കണമെന്നു വിചാരിച്ചുകൊണ്ട് ബെറ്റിയും എമ്മയും ഒരുമിച്ച് തങ്ങളുടെ സൈക്കിളുമുരുട്ടി റെയില്‍ട്രാക്കിലൂടെ കറുത്തവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന മേഖലയിലേയ്ക്കുപോയി. ആ കാട്ടുചെടികള്‍ അവിടെയായിരുന്നു ഉണ്ടായിരുന്നത്. ഇരുവരുംകൂടി സൈക്കിളില്‍ വന്നപ്പോള്‍ ഒരു വീടിന്റെ മുന്നില്‍ പശുവിനു പുല്ലുകൊടുത്തുകൊണ്ടു നില്‍ക്കുന്ന ഒരു കറുത്തവര്‍ഗ്ഗക്കാരനായ ആണ്‍കുട്ടിയും ഒരു ചെറിയ പെണ്‍കുട്ടിയേയും കണ്ടു. ജോര്‍ജ്ജ് സ്റ്റിന്നി ജൂനിയര്‍ എന്ന പതിനാലുവയസ്സുകാരനും അവന്റെ ഇളയ സഹോദരിയായ എയ്മിയുമായിരുന്നത്.

ബെറ്റിയും എമ്മയും സൈക്കില്‍ നിറുത്തി ജോര്‍ജ്ജിനോടും എയ്മിയോടും മേയ്പോപ്സ് പൂക്കളുള്ളതെവിടെയാണെന്നന്വോഷിച്ചു. എന്നാല്‍ തങ്ങള്‍ക്കറിയില്ല എന്നു സ്റ്റിനി പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ ഇരുവരും സൈക്കിളുമുരുട്ടി മുന്നോട്ടു നടന്നു. ഈ സമയം തടികയറ്റിയ ഒരു വലിയ ട്രക്കു അവരെക്കടന്നുപോകുകയും ചെയ്തു. രാത്രിയാവാറായിട്ടും തങ്ങളുടെ മക്കള്‍ വീട്ടിലെത്താതിരുന്നപ്പോള്‍ ബെറ്റിയുടെയും എമ്മയുടേയും രക്ഷിതാക്കള്‍ അവരെത്തിരക്കിയിറങ്ങി. ആള്‍ക്കോളൂ പട്ടണം മുഴുവന്‍ Image may contain: 1 person, sittingഅവര്‍ തങ്ങളുടെ മക്കളെത്തിരഞ്ഞുനടന്നു. എന്നാല്‍ രാത്രിമുഴുവന്‍ തിരഞ്ഞിട്ടും അവര്‍ക്ക് കുട്ടികളെപ്പറ്റി ഒരുവിവരവും കിട്ടിയില്ല. പിറ്റേന്നുനേരം വെളുത്തപ്പോള്‍ റോഡുസൈഡില്‍ നിന്നു മാറി വെള്ളം നിറഞ്ഞുകിടന്ന ഒരു ചാലില്‍നിന്നു ഇരുവരുടേയും ശവശരീരങ്ങള്‍ കണ്ടെടുത്തു. രണ്ടുപെണ്‍കുട്ടികളുടേയും തല തകര്‍ന്ന നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍‍ പറഞ്ഞത് ‍കുട്ടികള്‍ ശാരീരികാതിക്രമങ്ങള്‍ക്കിരയാകുകയുവരുടെ തലയില്‍ ചെറിയ ചുറ്റികയോ ഉരുണ്ട മറ്റേന്തോ ഭാരമുള്ള വസ്തുകൊണ്ടോ നിരവധിതവണ അടിയേല്‍‍ക്കുകയും ചെയ്തിരുന്നു എന്നാണ്.

വെളുത്തവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികളുടെ പൈശാചികമായ കൊലപാതകം ആള്‍ക്കോളൂപട്ടണത്തെ ആകെ ഭീതിയിലാഴ്ത്തി. പെണ്‍കുട്ടികളെ‍ അവസാനമായി കണ്ടതും സംസാരിച്ചതുമായ ആളെന്ന നിലയില്‍ ജോര്‍ജ്ജ് സ്റ്റിന്നി ജൂനിയറിനെ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്റ്റിന്നിയുടെ പിതാവിനെ അന്നുതന്നെ തടിമില്ലിലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. രോഷാകുലരായ ആള്‍ക്കോളുവിലെ വെള്ളക്കാര്‍ സ്റ്റിന്നിയുടെ മാതാപിതാക്കളെ ഉപദ്രവിക്കുകയും മറ്റും ചെയ്തതൊടെ ജീവന്‍ തിരിച്ചുപിടിയ്ക്കാനെന്നോണം ആ കുടുംബം അവിടെനിന്നും ഒളിച്ചോടി.

പോലീസ് സ്റ്റിന്നിയേയും അവന്റെ സഹോദരനായ ജോണിയേയും കസ്റ്റഡിയിലെടുത്തെങ്കിലും ജോണിയെ താമസിയാതെ വിട്ടയച്ചു. സ്റ്റിന്നിയെ പോലീസ് ഇരുട്ടറയിലടച്ച് ചോദ്യം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും മറ്റും ചെയ്തു. പെണ്‍കുട്ടികളുടെ മരണവിവരം കൂടുതല്‍ ഇടങ്ങളിലേയ്ക്ക് പരന്ന്‍ ആളുകള്‍ വയലന്റായിക്കൊണ്ടിരുന്നു. സ്റ്റിന്നിയെ അറസ്റ്റു ചെയ്തു മുക്കാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ക്ലാരെണ്ടണിലെ ഡപ്യൂട്ടി ഷെരീഫായിരുന്ന എച്ച് എസ് ന്യൂമാന്‍ മീഡിയയ്ക്കുമുന്നില്‍ സ്റ്റിന്നി കുറ്റം സമ്മതിച്ചു എന്ന പ്രഖ്യാപനം നടത്തി. പെണ്‍കുട്ടിയോട് സ്റ്റിന്നി ലൈംഗികാതിക്രമത്തിനു മുതിര്‍ന്നുവെന്നും അവര്‍ അതിനെ എതിര്‍ക്കുകയും തങ്ങളുടെ രക്ഷിതാക്കളോട് പറയുമെന്ന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതുകൊണ്ട് സ്റ്റിന്നി അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നായിരുന്നു പോലീസ് ഭാഷ്യം.

സ്റ്റിന്നിയുടെ അറസ്റ്റുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ ക്ലാരെണ്ടന്‍ കൌണ്ടിയിലുള്ള കോര്‍ട്ട് റൂമില്‍ വെള്ളക്കാര്‍ മാത്രമുള്ള ജൂറിയ്ക്കുമുന്നില്‍ സ്റ്റിന്നിയുടെ വിചാരണ ആരംഭിച്ചു. ഈ കാലയളവില്‍ ഒരിക്കല്‍പ്പോലും അവന്‍ മാതാപിതാക്കളെക്കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല.കോടതിയില്‍ രേഖാമൂലമുള്ള ഒരു തെളിവും സ്റ്റിന്നിയ്ക്കെതിരേ ഹാജരാക്കിയിട്ടുണ്ടായിരുന്നില്ല. പോലീസ് പറയുന്ന സ്റ്റിന്നിയുടെ കണ്‍ഫെഷനെ മാത്രം ആധാരമാക്കിയായിരുന്നു വിചാരണ. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന വിചാരണയ്ക്കുശേഷം വെറും പത്തുമിനിട്ടുകഴിഞ്ഞ് വെള്ളക്കാരായ ജൂറി സ്റ്റിന്നി കുറ്റക്കാരനാണെന്നു വിധിയെഴുതുകയും വൈദ്യുതക്കസേരയിലിരുത്തി വധശിക്ഷനടപ്പിലാക്കാന്‍ വിധിക്കുകയും ചെയ്തു. 1944 ജൂണ്‍ 16 നു സ്റ്റിന്നിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിക്കപ്പെട്ടു.അന്നേദിവസം വൈകുന്നേരം 7 മണിക്കുശേഷം കൊളമ്പിയയിലുള്ള സെന്‍ട്രല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ വച്ച് സ്റ്റിന്നിയെ വൈദ്യുതക്കസേരയില്‍ ബന്ധിച്ചു. സ്റ്റിന്നി ചെറിയ കുട്ടിയായിരുന്നതുകൊണ്ടുതന്നെ വൈദ്യുതക്കസേരയില്‍ അവനെ ശരിയാംവണ്ണം ബന്ധിക്കാനായില്ല. കൈകളില്‍ മുറുക്കെപ്പിടിച്ചിരുന്ന ബൈബിളുമായി ആ ബാലന്‍ തന്റെ ദുരന്തവും കാത്ത് ആ കസേരയിലിരുന്നു. ശിക്ഷ നടപ്പാക്കുന്നവര്‍ വൈദ്യുതചാലകങ്ങളെല്ലാം അവന്റെ ശരീരത്തില്‍ ഉറപ്പിച്ച് 2400 വോള്‍ട്ട് കറണ്ട് അവന്റെ ശരീരത്തിലേയ്ക്കു കടത്തിവിടുകയും അതികഠിനമായ വേദനയനുഭവിച്ച് നാലു മിനിട്ടുകള്‍ക്കുശേഷം 7.30 നു ആ ബാലന്‍ കൊല്ലപ്പെടുകയും ചെയ്തു. അങ്ങനെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളിനെ വധശിക്ഷയ്ക്കു വിധേയനാക്കി.

സ്റ്റിന്നിയുടെ വധശിക്ഷ ന്യായയുക്തമായിട്ടുള്ളതല്ലായെന്നുറച്ചുവിശ്വസിച്ച അവന്റെ കുടുംബം നീതിയ്ക്കുവേണ്ടി പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ വധശിക്ഷനടപ്പാക്കപ്പെട്ട് കൃത്യം എഴുപതുവര്‍ഷങ്ങള്‍ക്കുശേഷം സ്റ്റിന്നിയുടെ കേസ് റീ ഓപ്പണ്‍ ചെയ്യപ്പെടുകയും അതിന്മേല്‍ തുടര്‍നടപടികളാരംഭിക്കുകയും ചെയ്തു. പുനര്‍വിചാരണയില്‍ സ്റ്റിന്നിയ്ക്ക് യാതൊരുവിധ നിയമപരിരക്ഷയും ലഭിച്ചിരുന്നില്ലെന്നും പോലീസ്മര്‍ദ്ധനത്തിലൂടെ കുറ്റം അവനില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതായിരുന്നുവെന്നും കണ്ടെത്തപ്പെട്ടു. വെറും പതിനാലുവയസ്സുമാത്രമുള്ള ഒരു ബാലനെ വൈദ്യുതക്കസേരയിലിരുത്തി വധശിക്ഷയ്ക്കുവിധേയനാക്കുകയെന്നത് പൈശാചികവും ക്രൂരവുമായ ഒരു കൃത്യമാണെന്നായിരുന്നു 2014 ഡിസംബര്‍ 17 നു നടന്ന വിചാരണയ്ക്കൊടുവില്‍ ജഡ്ജായിരുന്ന കാര്‍മെന്‍ മുള്ളന്‍ അഭിപ്രായപ്പെട്ടത്. സ്റ്റിന്നി കുറ്റക്കാരനായിരുന്നില്ലെന്നു വിധിച്ച കോടതി 1944 ലെ വിധി തിരുത്തുകയും ചെയ്തു. കണ്ണുമൂടപ്പെട്ട നിയമത്തിന്റെ ഇരയായിത്തീര്‍ന്ന നിരപരാധിയായ ഒരു ബാലനു 70 വര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയ നീതി.

ശ്രീ