എന്റെ ‘അമ്മ ഒരു അങ്കണവാടി ടീച്ചറാണ്

38

Sreelakshmi Arackal

എന്റെ അമ്മക്ക് ഇരുപത് വർഷത്തിന് മേൽ അങ്കണവാടി ടീച്ചറായി സർവ്വീസ് ഉണ്ട്. പത്ത് വർഷം എക്സ്പീരിയൻസ് ഉണ്ടെങ്കിൽ പരീക്ഷ എഴുതി ഈസിയായി ഒത്തിരി ശമ്പളം കിട്ടുന്ന ICDS സൂപ്പർവൈസർ ആകാം. ഞാൻ എട്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ അമ്മ എന്നോട് ഒരു കാര്യം ചോദിച്ചു ” അമ്മ ഇപ്പോൾ പരീക്ഷ എഴുതിയാൽ ഈസി ആയി സൂപ്പർവൈസറാകാം. ഇഷ്ടംപോലെ കാശ് ഉണ്ടാക്കാം, നിന്നെ എത്ര വലിയ ഫീസ് വേണമെങ്കിലും കൊടുത്ത് പഠിപ്പിക്കാം, പക്ഷേ അമ്മക്ക് ആ ജോലി ഇഷ്ടമല്ല, കാരണം കുട്ടികളുടെ കൂടെ കിട്ടുന്ന സന്തോഷം സൂപ്പർവൈസറായാൽ കിട്ടില്ല. നീ പറ ഞാൻ പരീക്ഷ എഴുതണോ വേണ്ടയോ?”

ഞാൻ പറഞ്ഞു ” അമ്മക്ക് ഇഷ്ടം ഉളള ജോലി എന്താണോ അത് ചെയ്യൂ.പൈസയിൽ ഒന്നും വലിയ കാര്യമില്ല. എന്നെ പഠിപ്പിക്കാൻ അമ്മ ഒത്തിരി കാശ് ചിലവാക്കേണ്ടതില്ല.എനിക്ക് ആകുന്നപോലെ ഞാൻ സ്വയം പഠിച്ചോളാം ” എന്ന്.അമ്മ അന്ന് പരീക്ഷ എഴുതിയിരുന്നെങ്കിൽ ഉറപ്പായും ഞങ്ങളുടെ ജീവിതസാഹചര്യം തന്നെ മാറിയേനേ നല്ല വീടുണ്ടായേനേ, വണ്ടിയുണ്ടായേനേ, പണമുണ്ടായേനേ എനിക്ക് ഇത്ര ഓടേണ്ടി വരുമായിരുന്നും ഇല്ല. പക്ഷേ ഇതൊക്കെ ഉണ്ടായിട്ടും സന്തോഷം ഇല്ലാത്ത ജോലി ആണ് എടുക്കുന്നത് എങ്കിൽ വല്ല കാര്യവും ഉണ്ടോ?

എന്റെ ഓർമ്മയിൽ അമ്മയുടെ ആദ്യകാല ശമ്പളം മാസം 600 രൂപ ആയിരുന്നു.അന്നും കുന്നും മലയും എല്ലാം കയറിയുളള സർവേ ഉണ്ടായിരുന്നു. വേനലവധിക്ക് എല്ലാ സ്കൂൾ ടീച്ചർമാരും വീട്ടിലിരിക്കുമ്പോൾ പൊരിവെയിലത്ത് വീടായ വീട് കയറി സർവേ എടുക്കുന്ന അമ്മയേ ഓർത്ത് എനിക്ക് ഇന്നും സങ്കടം ആണ്. ഒരുപാട് സമരം ചെയ്ത് ചെയ്ത് ഇപ്പോൾ 10,000 രൂപ ആയി ശമ്പളം. ഈ ഒരു ശമ്പളത്തിനിടയിലും ഇത്രമാത്രം ജോലി ചെയ്യുന്നത് കുട്ടികളോടുളള സ്നേഹം കൊണ്ടാണ്. വേറേ ഒരുപണിയും ഇല്ലാത്തവർ കാശുകിട്ടാനായി ഇഷ്ടമില്ലാതെ പോയി ചെയ്യുന്ന പണി ആണ് അങ്കണവാടി പണി എന്ന് ആരോ എഴുതിയത് വായിച്ചു സങ്കടം തോന്നി എഴുതിയതാണ്.

Advertisements