അന്ധവിശ്വാസം പുരോഗതിയുടെ ശത്രുവും വിദ്യാഭ്യാസത്തിന്റെ വൈരിയും സ്വാതന്ത്ര്യത്തിന്റെ ഘാതകനുമാണ്

96

ശ്രീ ലക്ഷ്മി

അന്ധവിശ്വാസം സമസ്ത ദൈവങ്ങളേയും ദൈവദൂതന്മാരെയും സമസ്ത പിശാചുക്കളേയും കുട്ടിച്ചാത്തന്മാരെയും എല്ലാ മന്ത്രവാദിനികളേയും ഭൂതങ്ങളേയും പ്രേതങ്ങളേയും സൃഷ്ടിച്ചു. നമുക്ക് സര്‍വ്വ ശകുനങ്ങളെയും നല്‍കിയതും എല്ലാ ദൈവജ്ഞരെയും പ്രവാചകരേയും തന്നതും ആകാശങ്ങളെ അടയാളങ്ങളാലും അതിശയങ്ങളാലും നിറച്ചതും കാര്യകാരണ ശൃംഖല പൊട്ടിച്ചതും മഹാദ്ഭുതങ്ങള്‍കൊണ്ടും അസത്യങ്ങള്‍ കൊണ്ടും മനുഷ്യചരിത്രം എഴുതിയതും അന്ധവിശ്വാസമാണ്. എല്ലാ മാര്‍പ്പാപ്പമാരെയും കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും പാതിരിമാരെയും എല്ലാ സന്യാസി വൈദികരേയും കന്യാസ്ത്രീകളേയും ഭിക്ഷാംദേഹികളായ കത്തോലിക്കാ സന്യാസിമാരെയും അശുദ്ധരായ വിശുദ്ധരേയും എല്ലാ മതപ്രസംഗകരേയും പ്രബോധകരേയും എല്ലാ ‘വിളിക്കപ്പെട്ടവരേ”യും “വേര്‍തിരിക്കപ്പെട്ടവരേ”യും സൃഷ്ടിച്ചത് അന്ധവിശ്വാസമാണ്. മനുഷ്യര്‍ മൃഗങ്ങളുടേയും ശിലകളുടേയും മുമ്പില്‍ മുട്ടുകുത്തി വീഴാന്‍ ഇടയാക്കിയത്-അവരെക്കൊണ്ട് പാമ്പുകളേയും വൃക്ഷങ്ങളേയും ആകാശത്തിലെ ഭ്രാന്തന്‍ മിഥ്യാരൂപങ്ങളേയും ആരാധിപ്പിച്ചത്-സ്വന്തം കുട്ടികളുടെ രക്തം ചിന്താനും സ്വന്തം കുട്ടികളെ അഗ്നിജ്വാലകള്‍ക്കു നല്‍കാനും അവരെ നിര്‍ബന്ധിതരാകിയത്- അവരുടെ പക്കലുള്ള ധനവും അവരുടെ അദ്ധ്വാനവും വഞ്ചനാപൂര്‍വ്വം തട്ടിയെടുത്തത്-അന്ധവിശ്വാസമണ്. ഭദ്രാസനപ്പള്ളികളും ക്ഷേത്രങ്ങളും എല്ലാ ബലിപീഠങ്ങളും മുസ്ലിം ദേവാലയങ്ങളും ആരാധനാസ്ഥലങ്ങളും പണിതുയര്‍ത്തിയതും രക്ഷകള്‍ കൊണ്ടും ആഭിചാരം കൊണ്ടും പ്രതിരൂപങ്ങള്‍ കൊണ്ടും വിഗ്രഹങ്ങല്‍ കൊണ്ടും പവിത്രാസ്ഥികള്‍ കൊണ്ടും രക്തസാക്ഷികളെ കൊണ്ടും പഴംതുണിക്കഷ്ണങ്ങള്‍ കൊണ്ടും മനുഷ്യഹൃദയങ്ങളില്‍നിന്ന് പിശാചുക്കളെ വിരട്ടിയോടിക്കുന്ന തടിക്കഷ്ണങ്ങള്‍ കൊണ്ടും ലോകത്തെ നിറച്ചതും അന്ധവിശ്വാസമാണ്. അന്ധവിശ്വാസം പീഡനോപകരണങ്ങള്‍ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും സ്ത്രീകളെയും പുരുഷന്മാരെയും ജീവനോടെ തൊലിയുരിക്കുകയും , ദശലക്ഷക്കണക്കിനു ജനങ്ങളെ തുറുങ്കിലടക്കുകയും ലക്ഷക്കണക്കിനാളുകളെ ചുട്ടെരിക്കുകയും ചെയ്തു. അന്ധവിശ്വാസം ഭ്രാന്ത് പ്രചോദനമാണെന്നും ഭ്രാന്തന്മാരുടെ പുലമ്പല്‍ പ്രവചനവും ദൈവജ്ഞാനവുമാണെന്നും തെറ്റിദ്ധരിപ്പിച്ചു. അന്ധവിശ്വാസം ധര്‍മ്മനിഷ്ഠയുള്ളവരെ തുറുങ്കിലടച്ചു. ചിന്താശീലമുള്ളവരെ പീഡിപ്പിച്ചു. ധീരതയുള്ളവരെ കൊല ചെയ്തു. ശരീരത്തെ ബന്ധനസ്ഥമാക്കി. മസ്തിഷ്കത്തിനു വിലങ്ങിട്ടു. അഭിപ്രായസ്വാതന്ത്ര്യത്തെ പാടേ നശിപ്പിച്ചു. അന്ധവിശ്വാസം നമുക്ക് എല്ലാ പ്രാര്‍ത്ഥനകളും ചടങ്ങുകളും നല്‍കി. എല്ലാ മുട്ടുകുത്തലുകളും സാഷ്ടാംഗ പ്രണാമങ്ങളും ദണ്ഡനമസ്കാരങ്ങളും നമ്മെ അഭ്യസിപ്പിച്ചു. സ്വയം വെറുക്കാനും , സുഖത്തെ തിരസ്കരിക്കാനും , സ്വന്തം ശരീരം മുറിപ്പെടുത്താനും ,നിലത്തെ പൊടിയില്‍ കിടന്ന് ഇഴയാനും , സ്വന്തം ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കാനും , സഹജീവികളായ മനുഷ്യരെ അകറ്റി നിര്‍ത്താനും , ഉപയോഗശൂന്യമായ വേദനയിലും പ്രാര്‍ത്ഥനയിലും ജീവിതം കഴിച്ചുകൂട്ടാനും മനുഷ്യരെ പഠിപ്പിച്ചു. അന്ധവിശ്വാസം മനുഷ്യസ്നേഹം അധമവും നീചവും നിന്ദ്യവുമാണെന്ന് ഉല്‍ഭോധിപ്പിച്ചു. സന്യാസിമാര്‍ പിതാക്കന്മാരെക്കാള്‍ പരിശുദ്ധരാണെന്നും കന്യാസ്ത്രീകള്‍ അമ്മമാരേക്കാള്‍ വിശുദ്ധിയുള്ളവരാണെന്നും വിശ്വാസം‍ വസ്തുതയെക്കാള്‍ ശ്രേഷ്ഠമാണെന്നും ക്ഷിപ്രവിശ്വാസം സ്വര്‍ഗ്ഗത്തിലേക്കു നയിക്കുമെന്നും സശയം നരകത്തിലേക്കുള്ള പാതയാണെന്നും വിശ്വാസം വിജ്ഞാനത്തെക്കാള്‍ മെച്ചമാണെന്നും തെളിവ് ആവശ്യപ്പെടുന്നത് ദൈവത്തെ അപമാനിക്കലാണെന്നും പഠിപ്പിച്ചു. അന്ധവിശ്വാസം പുരോഗതിയുടെ ശത്രുവും വിദ്യാഭ്യാസത്തിന്റെ വൈരിയും സ്വാതന്ത്ര്യത്തിന്റെ ഘാതകനുമാണ്. അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. എന്നും അങ്ങനെയായിരിക്കും. അത് അറിയപ്പെടുന്നതിനെ അറിയപ്പെടാത്തതിനും വര്‍ത്തമാനകാലത്തെ ഭാവിക്കും യഥാര്‍ത്ഥ ലോകത്തെ അയഥാര്‍ത്ഥമായ പരലോകത്തിനും ബലി കഴിക്കുന്നു. അത് നമുക്ക് സ്വാര്‍ത്ഥപൂര്‍ണ്ണമായ ഒരു സ്വര്‍ഗ്ഗവും അനന്തമായ പ്രതികാരത്തിന്റെ നരകവും നല്‍കിയിരിക്കുന്നു. അത് ലോകത്തെ വെറുപ്പുകൊണ്ടും യുദ്ധങ്ങള്‍ കൊണ്ടും പാതകങ്ങള്‍ കൊണ്ടും താഴ്മയുടെ പക കൊണ്ടും വിനയത്തിന്റെ ഔദ്ധത്യം കൊണ്ടും നിറച്ചിരിക്കുന്നു. ലോകത്തൊട്ടാകെ ശാസ്ത്രത്തിന്റെ ഏക ശത്രു അന്ധവിശ്വാസമാകുന്നു.