ലജ്ജ തോന്നുന്നു മലയാളീ ഇത് പ്രബുദ്ധകേരളം തന്നെയാണോ?

54
ശ്രീലേഖ ചന്ദ്രശേഖർ✍️
ലജ്ജ തോന്നുന്നു മലയാളീ ഇത് പ്രബുദ്ധകേരളം തന്നെയാണോ?
ഇന്നലെ പൂന്തുറ സ്രവപരിശോധനക്ക് ചെന്ന ആരോഗ്യ പ്രവർത്തകരെ ഒരുകൂട്ടം ആൾക്കാർ വളഞ്ഞിട്ടു ആക്രമിച്ചു.. ഗ്ലാസ് പൊളിച്ച് ആരോഗ്യ പ്രവർത്തകരുടെ നേർക്ക് തുപ്പാൻ ആഹ്വാനം.
ആരോഗ്യപ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചവർ ഗ്ലാസ് ബലംപ്രയോഗിച്ച് താഴ്ത്തി അകത്തേക്കു തുപ്പുകയും തെറിയഭിഷേകം ചെയ്യുകയും ചെയ്തുവത്രേ. സ്വന്തം ജീവൻ പണയം വെച്ച് തദ്ദേശവാസികളുടെ സ്രവ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പിക്കുവാൻ അവിടെ എത്തിച്ചേർന്നതാണ് ഒരു ഡോക്ടറും സംഘവും. അകത്തേക്ക് തുപ്പിയതിനാൽ ക്വാറെന്റിനിൽ പോകേണ്ടിവന്ന ഡോക്ടർ മിനിഞ്ഞാന്ന് ഹൗസ് സർജൻസി കഴിഞ്ഞ് ലോകത്തെ സേവിക്കുവാൻ പുറത്തേക്ക് വന്ന ഒരു പാവം വനിതാ ഡോക്ടർ ആണെന്നറിയുന്നു… നിങ്ങൾ ഓർത്തു നോക്കൂ, നിങ്ങളുടെ മക്കളെപ്പോലെ ഒരു കുഞ്ഞു പെൺകുട്ടി ആണത്. ഡോക്ടർ ആണെന്ന് കരുതി അതിന്റെ ശരീരം കല്ലിലും മരത്തിലും ഉണ്ടാക്കിയതല്ല… സ്രവം വീണാൽ ആ ഡോക്ടർനും അസുഖം ബാധിക്കും.
നിങ്ങൾ ആരെയാണ് തുപ്പി തോൽപ്പിക്കാൻ ശ്രമിക്കുന്നത്??? തോൽക്കാൻ പോകുന്നത് നമ്മൾ എല്ലാവരും തന്നെ. നാല് മാസമായി ആരോഗ്യപ്രവർത്തകരും പോലീസുകാരും അശ്രാന്ത പരിശ്രമത്തിലാണ്… അവരും മനുഷ്യരാണ്, അവരും തളർന്നു വീണു തുടങ്ങിക്കഴിഞ്ഞു … ചികിൽസിക്കാൻ ആരുമില്ലാതെ ആശുപത്രി തികയാതെ വെന്റിലേറ്റർ ഇല്ലാതെ വഴിയിൽ കിടന്നു മരിക്കേണ്ടി വരും.. ഇറ്റലി മറക്കരുത്… നമ്മെക്കാൾ ഒക്കെ ഒരുപാട് ആരോഗ്യ സംവിധാനങ്ങൾ ഉള്ള നാട് ആയിരുന്നു അവിടെപോലും ജീവിച്ചിരുന്നാൽ പ്രയോജനം ഉള്ള ആളുകളെ തിരഞ്ഞു പിടിച്ചു ചികിൽസിച്ചു എന്നാണു കേട്ടത്… സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് മനസ്സിലാക്കി പ്രവർത്തിക്കുക.. ഇല്ലെങ്കിൽ നഷ്ടം നമുക്ക് മാത്രമാണ്.അവരവരുടെ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നാൽ നാളെയും സമരം നടത്താൻ നിങ്ങളുണ്ടാകും.അതിനുള്ള സമയവും സന്ദർഭവുമല്ലിത്.
നിങ്ങളെ അകാരണമായി ആരെങ്കിലും പ്രകോപിപ്പിച്ചതാണെങ്കിൽ ഒന്ന് മനസ്സിരുത്തി ചിന്തിച്ചിട്ട് തുപ്പാൻ ഇറങ്ങുക. കള്ളപ്രചരണം വിശ്വസിക്കരുത്.രാഷ്ട്രീയ മുതലെടുപ്പിനും പകപോക്കലിനും ഉള്ള സമയമല്ലിത്.ഇന്നലെ കേരളമൊട്ടാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ പ്രത്യാഘാതം പതിനാലു ദിവസം കഴിയുമ്പോൾ അറിയാം.ഇനിയെങ്കിലും ഇതിൽ നിന്നും പിന്തിരിയുക.വിവേകത്തോടെ ചിന്തിക്കുക… നമ്മുടെ ഭാവി തലമുറയെ ഓർക്കുക… വൃദ്ധരായ മാതാപിതാക്കളെ മരണത്തിലേക്ക് തള്ളി വിടരുത്, ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞുമക്കളെ ബലി കൊടുക്കരുത്.ഓർക്കുക, ഈ യുദ്ധം നിങ്ങൾക്ക് വേണ്ടിയാണ്, നമുക്ക് വേണ്ടിയാണ്.ആരോഗ്യ പ്രവർത്തകരെ തടയരുത്.സർക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിർദേശങ്ങൾ പാലിക്കുക. നമുക്ക് ഒന്നായി മുന്നേറാം, ഒരുമിച്ച് കരളുറപ്പോടെ ഈ കാലവും അതിജീവിക്കാം