മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ ശവപറമ്പാണ്

175

ശ്രീ ലക്ഷ്മി 

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ ശവപറമ്പാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും അനുസരണശീലമുള്ള ഭക്തയുമാണ്. പൗരോഹിത്യം, അനുഷ്ഠാനം തുടങ്ങിയ കാര്യങ്ങളില്‍ ഈ വിവേചനം കൂടുതല്‍ പ്രകടമാണ്. മത നിബന്ധനകള്‍ മൂലം അവളുടെ പൗരാവകാശങ്ങളും പരിമിതപ്പെടുന്നുണ്ട്. എല്ലാ മതങ്ങളും ഇക്കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നത് കാണാം.

ശബരിമലയിലെ സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനം തന്നെയാണ്. സ്ത്രീകള്‍ ആയതുകൊണ്ട് മാത്രമാണത് സംഭവിക്കുന്നത്. ആര്‍ത്തവം അശുദ്ധിയാണെന്ന മതചിന്തയാണ് അവിടെ പ്രകടമാകുന്നത്. അതിനപ്പുറമുള്ള ഡെക്കറേഷന്നൊന്നും ഇക്കാര്യത്തിലില്ല. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയും ബാലയോഗിയുമാണെന്ന വാദമൊക്കെ പൊള്ളയാണ്. സര്‍വ്വസൃഷ്ടാവും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ ദൈവത്തിനു ആര്‍ത്തവഘട്ടത്തിലുള്ള സ്ത്രീകളെ കാണുമ്പോള്‍ പ്രയാസമുണ്ടാകും എന്ന ‘ഞരമ്പുരോഗസിദ്ധാന്തം’ മതമനസ്സിന്റെ വിഭ്രാന്തിയാണ്. അയ്യപ്പന് വൈകാരിക പ്രശ്‌നമുള്ളതുകൊണ്ട് സ്ത്രീകള്‍ മാറിപ്പോകണം എന്നാണ് വാദം. അതിപ്പോ ബലാത്സംഗമാണെങ്കിലും ക്ഷേത്രദര്‍ശനമാണെങ്കിലും സ്ത്രീകളാണല്ലോ മാറിപ്പോകേണ്ടത്.

സ്ത്രീക്ക് ആത്മാവിനെ ഊട്ടാനോ ശവത്തിന് കൊള്ളി വെക്കാനോ അവകാശമില്ല. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനും അവസരം നിഷേധിച്ചിരിക്കുന്നു. അന്ധവിശ്വാസമാണ്, കഥയാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാമെങ്കിലും വ്യക്തിതലത്തിലും സാമൂഹികതലത്തിലും സത്രീകള്‍ക്കുണ്ടാകുന്ന അപമാനം അസഹനീയമാണ്. വിവേചനത്തിന് ആധാരം കെട്ടുകഥയായിരിക്കാം, പക്ഷെ അതുമൂലമുള്ള ജീവിതാനുഭവം കെട്ടുകഥയല്ല.

വിശ്വാസികളായ സ്ത്രീകള്‍ പോകില്ല, അവിശ്വാസികളായ സ്ത്രീകള്‍ പോകില്ല-പിന്നെ എന്താണ് പ്രശ്‌നം എന്ന ചോദ്യം സാധുവല്ല. ഒരാള്‍ക്കെങ്കിലും പോകാന്‍ താല്പര്യമുണ്ടെങ്കില്‍ അത് സാധ്യമാകണം. തങ്ങള്‍ക്കിഷ്ടമല്ല അതിനാല്‍ ആഗ്രഹിക്കുന്നവരും പോകരുത് എന്ന നിര്‍ബന്ധബുദ്ധി ഫാസിസമാണ്.

ശബരിമലയിൽ എന്നല്ല മറ്റേതൊരു ആരധനലായത്തിലേക്കും ആളുകൾ പോകുന്നതുകൊണ്ട് സമൂഹത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പ്രസ്തുത തീർത്ഥാടന കേന്ദ്രത്തിന്റെ സമ്പത്ത് വർദ്ധിക്കും അതുമായി ബന്ധപ്പെട്ട് അധികാരസ്ഥാനത്തിരിക്കുന്നവരുടെ കീശം വീർക്കും എന്നല്ലാതെ സാധാരണക്കാർക്ക് ഒരു പ്രയോജനവൂമില്ല. ശബരിമലയിലേത് ലിംഗനീതിയുടെ പ്രശ്നമാണ് അതുകൊണ്ടാണ് പറയേണ്ടി വരുന്നതും.