ഭാരതത്തിൽ ഇങ്ങനെയൊന്നും നടക്കില്ലയെന്ന ചിന്തയൊക്കെ 1996 ഡിസംബർ 6 ഉച്ചയ്ക്ക് കൂട്ടമണിയടിച്ച് സ്കൂൾ വിട്ടു

134

Sreelima Raj

ഇന്റഗ്രേറ്റഡ് ജുഡീഷ്യൽ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കുന്ന ജനത ഇപ്പോഴുമുണ്ട്. അതവർ വിഡ്ഡികളായതുകൊണ്ടല്ല, ഇന്ത്യ പിന്തുടരുന്ന മതേതര- സോഷ്യലിസ – ജനാധിപത്യത്തിൽ വിശ്വാസമുള്ളതുകൊണ്ടാണ്.

ഈ അവസരത്തിൽ സമൂഹം കരുതിയിരിക്കേണ്ടത്, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങുന്നവരെത്തന്നെയാണ്.
1. പൗരത്വ ഭേദഗതി ബില്ലിന്റെ മറവിൽ അവസരം മുതലാക്കാൻ ഇരിക്കുന്ന സമൂഹത്തോട് യാതൊരു ബാദ്ധ്യതയുമില്ലാത്ത മതതത്വങ്ങളെ സ്വന്തം നേട്ടത്തിനുള്ള ചവിട്ടുപടിയായി മാത്രം കാണുന്ന സംഘടനകൾ.
2. പൗരത്വ ഭേദഗതി ബിൽ എന്താണെന്നോ അത് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നോ അറിയാത്ത ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്മാരെ തെറ്റിദ്ധരിപ്പിച്ച് വർഗ്ഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വിദ്ധ്വംസക വിഭാഗങ്ങൾ.
(സ്വതന്ത്ര്യാനന്തര ഇന്ത്യയും, പാകിസ്ഥാനും കണ്ട വിഭജനത്തെ തുടർന്നുള്ള പാലായനവും, കിണറുകളിൽ മൂടപ്പെട്ട ശവശരീരങ്ങളും, അർദ്ധ പ്രാണനുകളും ഓർമ്മയുള്ളവർ ചുരുക്കമാവും. ഓർമ്മകളുടെ പിൻബലത്തിൽ നന്മയുടെ പുതുചരിത്രമല്ല ഭരണകൂടത്തിന് എഴുതുവാനുള്ളതെങ്കിൽ അതായിരിക്കും ഒരു ജനാധിപത്യ രാജ്യത്തിന്റെ പതനം. Degeneration of Democracy)

പ്രതീക്ഷയുണ്ട്, ചരിത്രത്തെയറിഞ്ഞ്, പാഠം ഉൾക്കൊണ്ടവർ ഒരുമിച്ച് നില്ക്കുവാൻ മൗനം ഭേദിക്കുവാൻ ഒരുങ്ങുന്നു, എന്നതിൽ .

സംഘർഷഭരിതമായ ഒരിടത്തിൽ ഇന്റർനെറ്റ് വിഛേദിച്ചാൽ അവിടമാകെ ശാന്തിയുടെ പ്രഭ പരന്നുവെന്ന തോന്നൽ സൃഷ്ടിക്കാവുന്ന അവസ്ഥയിലാണ് ലോകം.

ഓരോ വേർതിരിവുകളും മാനവികതയുടെ ശവപ്പെട്ടിയിലേക്കു ചേർക്കുന്ന കൂർത്ത ആണികളാണ്.

ഭാരതത്തിൽ ഇങ്ങനെയൊന്നും നടക്കില്ലയെന്ന ചിന്തയൊക്കെ 1996 ഡിസംബറിൽ ഉച്ചയ്ക്ക് കൂട്ടമണിയടിച്ച് സ്കൂൾ വിട്ട നാളിലേ കൈവിട്ടിരുന്നു. അതു കൊണ്ട് തന്നെ ഞെട്ടാനും, കരയാനും ഒന്നും ഒരുക്കമില്ല.

ഇപ്പോൾ 80 വയസ് കഴിഞ്ഞ വല്യമ്മയുണ്ട്, എന്റെ ചെറിയ നാളിൽ ( 4 വയസുതൽ) ഏറ്റവും സ്വാധീനിച്ച വല്യമ്മ തൃപ്പൂണിത്തുറയിലെ അവരുടെ വീട്ടിൽ അന്ന് ചുമരിലുണ്ടായിരുന്ന ഒരേയൊരു ഫോട്ടോ ഇന്ദിരാഗാന്ധിയുടേതായിരുന്നു, അത് ചൂണ്ടി അവർ പറയുമായിരുന്നു, വ്യക്തിപരമായി തെറ്റുപറ്റും ..രാജ്യത്തിന്റെ തീരുമാനത്തിൽ തെറ്റുപറ്റിയാൽ രാജ്യമാകെ തകരും. പക്ഷേ, അത് തിരുത്താൻ ആകണം, അങ്ങനെ തിരുത്തുന്നത് നിങ്ങളുടെ മരണത്തിന് കാരണമായേക്കാമെങ്കിൽ പോലും,ശരിയിൽ ഉറച്ച് നില്ക്കണമെന്ന് … മനുഷ്യനെ മതവും,മദവും ഭരിക്കുന്നിടത്തു നിന്ന് അധികാരത്തിന്റെ അപ്പക്കഷണം തേടി പോകരുതെന്ന്