ഊഹിച്ചു ഓരോന്ന് എഴുതുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ വാക്കുകൾ സമനില തെറ്റിക്കുന്നത് ചിലപ്പോൾ നിരപരാധികളെയാകാം

99

Sreelima Raj

ഏറ്റവും ഒടുവിൽ ഒരേയിടത്തുണ്ടായത് അവർ മാത്രമാണ് എന്നത് കൊണ്ട് കൂടുതൽ പറയാനാവുക അമ്മയ്ക്കായിരിക്കാം.അവരെ അറിഞ്ഞൊന്ന് ചോദ്യം ചെയ്താൽ മതി. എന്റെ മോളൊന്നും, അത്രേടം പോവില്ല. എന്തോ ഒന്നുണ്ട്. ചിലരുടെ പ്രൊഫൈലിലെ എഴുത്തിൽ നിന്നാണ് മേൽ പറഞ്ഞ വരികൾ.

പക്ഷേ,സെൻസിറ്റീവ് ആയ വിഷയങ്ങൾ കുറച്ചു കൂടി കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നതല്ലേ നല്ലത്. പലപ്പോഴും,അസ്വാഭാവികത ഈ മരണത്തിൽ കാണണം എന്ന് പലർക്കും ശാഠ്യം ഉള്ളതുപോലെ തോന്നും എഴുത്തുകളും, വാർത്തയുടെ അവതരണവും കാണുമ്പോൾ .കൂടത്തായിലെ വിഷയം വന്നപ്പോൾ വീട്ടിൽ നിന്ന് ഉണ്ണാൻ ഭയക്കുന്നു എന്നു ചിലർ പറഞ്ഞതുപോലെ,കണ്ണൂരിൽ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകം നടന്നപ്പോൾ അമ്മമാരെല്ലാം പ്രതിക്കൂട്ടിലാകുന്നു, അറിഞ്ഞോ അറിയാതേയോ പല എഴുത്തുകളിലും.വാർത്തകളും, വീഡിയോയും നിരീക്ഷിച്ചതിൽ നിന്ന്, ഉത്സവകാലത്ത് മാത്രം പണിയുന്ന താത്കാലിക പാലമാണ് ആ ആറിന്റെ കുറുകെയുള്ളത്. ഇതുവരെയും കുട്ടി ഒറ്റക്ക്പ്പോയിട്ടില്ല എന്നു പറയുമ്പോഴും, കുട്ടി കൗതുകങ്ങൾ പ്രവചനാതീതമാണെന്ന് ഓർക്കണം.

ഒന്നുമല്ലെങ്കിലും ,നാട് ഇത്രമാത്രം കൈകോർത്തു നിന്ന ഈ സങ്കടത്തിൽ വളരെ ആത്മാർത്ഥമായി അന്വേഷിക്കുന്ന പോലീസിന്റെ നിഗമനം വെളിപ്പെടുത്തും വരെയെങ്കിലും ഊഹാപോഹങ്ങൾ ഷെയർ ചെയ്യരുത്.കുഞ്ഞ് നഷ്ടപ്പെട്ട വല്ലാത്ത മാനസികാവസ്ഥയിൽ ഒരുപക്ഷേ, അമ്മയെക്കൂടി മരണത്തിലേക്കയക്കലാവാം, അത്‌.മനുഷ്യരാണ്, മാനസികാവസ്ഥ പലതാണ്.ഇന്ത്യയിലെ, കേരളത്തിലെ മാനസികാരോഗ്യം അത്രയും ദയനീയമായ അവസ്ഥയിലുമാണ് … അരുംകൊലകളിലും, ആത്മഹത്യകളിലും, മയക്കുമരുന്നിനടിമയാകുന്നതിലും, മാനസിക ആരോഗ്യക്കുറവും, ഉയർന്ന തോതിലുള്ള ഡിപ്രഷനും കൂടി കാരണമാണ്.

എന്റെ മകൾ 6 വയസുകാരി. ഇപ്പോൾ ഒന്നിൽ പഠിക്കുന്നു. അവൾക്ക് ഒന്നര വയസ്സുള്ളപ്പോൾ മൂത്തമകൻ ഒന്നിൽ പഠിക്കുന്നു. അവളെ ശ്രദ്ധിക്കുന്നതിൽ അന്നും ഇന്നും അവൻ വളരെ മുന്നിലാണ്. ധൈര്യമായി അവളെ ഏല്പ്പിക്കാം.അന്ന് രാവിലെ പതിനൊന്ന് മണിയായ സമയത്ത് കുഞ്ഞ് ഹാളിൽ കളിപ്പാട്ടങ്ങളുമായി കളിക്കുന്നു. അവൻ അടുത്തിരുന്ന് കൂടെ കളിക്കുന്നു.ഇത് കണ്ടിട്ടാണ് ഉണങ്ങിയ വസ്ത്രം അഴയിൽ നിന്നെടുക്കാൻ പുറത്തിറങ്ങുന്നത്‌.ഉടൻ ഒരൊച്ച .ഓടി വന്നപ്പോൾ അവൻ ആകെ വല്ലാതെ നില്ക്കുന്നു, കുഞ്ഞ് കരയുന്നു. കളിപ്പാട്ടത്തിൽ തട്ടി വീണതാണ്.കവിളിടിച്ച് വീണ് ചോരയൊഴുകുന്നു.(നമുക്ക് അത്ഭുതം തോന്നും ,ചെറിയ വീഴ്ചയിൽ ഇത്ര ആഴത്തിൽ മുറിവോ എന്ന് ‘) അവനെ സമാധാനിപ്പിച്ച്, കുഞ്ഞിനെയുമെടുത്ത് കിട്ടിയ ഓട്ടോയിൽ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പോയി.അവർ പ്രാഥമിക ശുശ്രൂഷ ചെയ്ത്, കൊടുങ്ങല്ലൂര് കൊണ്ടുപോകാൻ പറഞ്ഞു. അപ്പോഴേക്കും അദ്ദേഹവുമറിഞ്ഞെത്തി, ഉടൻ കൊടുങ്ങല്ലൂരിലേക്ക് .അന്നാണെങ്കിൽ മാർച്ചിലെ മീനഭരണി സമയം.. കൂട്ടമായി പോകുന്ന കോമരങ്ങൾക്കിടയിലൂടെ, പലപ്പോഴും കുഞ്ഞിനെ ഉയർത്തിക്കാണിച്ച് ഒരു വിധം താലൂക്ക് ഹോസ്പിറ്റലിൽ എത്തി. ഞാനവളേം കൊണ്ട് കാഷ്വാലിറ്റിയിലേക്കോടി. അന്ന് വാഹനം പാർക്കു ചെയ്യാൻ ഒരുപാട് ദൂരെ പോണം.
ഡ്യൂട്ടി ഡോക്ടർ വളരെ സീനിയറായ നല്ല മനുഷ്യൻ.ഇത് അത്രക്കൊന്നുല്ല രണ്ട് സ്റ്റിച്ച് വേണമെന്നേയുള്ളു എന്നൊക്കെ സമാധാനിപ്പിച്ചു, ഒപ്പം ഉടൻ തന്നെ അതിനുള്ള ഒരുക്കവും ചെയ്തു… അറ്റന്റർമാരേയോ, നഴ്സുമാരേയോ അടുപ്പിക്കാതെ അവൾ കരഞ്ഞപ്പോൾ,നിങ്ങൾകൂടി കുഞ്ഞിനെ പിടിച്ചോളു എന്ന് പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ സ്റ്റിച്ചിടൽ കഴിഞ്ഞു, അവൾ കരച്ചിലൊതുക്കി എന്റെ തോളിൽ കിടന്നു.

അദ്ദേഹം, മറ്റു മരുന്നുകൾ വാങ്ങാൻ പോയ സമയത്ത് ഒരാൾ വന്നു, അവിടെ അഡ്മിറ്റായ ആരേയോ കണ്ട് മടങ്ങുകയാണെന്ന് ഒപ്പമുള്ള ആളോടുള്ള സംസാരത്തിൽ നിന്ന് മനസ്സിലായി.
പിന്നെ, ഇങ്ങോട്ട് തിരിഞ്ഞ് കുഞ്ഞിന് എന്തു പറ്റിയെന്നായി,ഞാൻ കാര്യം പറഞ്ഞു.ഉടനെ,
ഇതാണ് ഇപ്പോഴത്തെ തലമുറ … ഞങ്ങളും വളർത്തിയിട്ടുണ്ട് കുഞ്ഞുങ്ങളെ എന്നു പറഞ്ഞ് പിന്നെയൊരു പ്രഭാഷണം ആയിരുന്നു.എന്താ ശരിയല്ലേയെന്ന മട്ടിൽ ചുറ്റിനും നോക്കിക്കൊണ്ട് .ദീർഘമായ പ്രഭാഷണം കേൾക്കാനുള്ള മാനസികാവസ്ഥയിലേയല്ലാത്ത സമയത്ത്, അമ്മ വീട്ടീന്ന് വിളിച്ചു. ഫോൺ അറ്റൻറ് ചെയ്ത്, കാര്യം പറയുമ്പോൾ പിന്നെ അതായി… അയാളുടെ വിഷയം.ആ സമയത്ത് പഴയ (സെക്കൻറ് ഹാന്റ്) വിളിക്കാൻ മാത്രമാകുന്ന നോക്കിയ സെറ്റാണ് കൈയ്യിലുള്ളത്. അപ്പോഴാണ്, വെറുതെയല്ല കൊച്ച് വീണത് ,ഫോണിലായിരുന്നിരിക്കും എന്നൊരു വാചകമേ കേട്ടുള്ളൂ.
പിന്നെ,ഞാൻ പൊട്ടിത്തെറിച്ചു പോയി. സങ്കടവും, ദേഷ്യവും ഒക്കെക്കുടി ആയപ്പോൾ ശരിക്കും പറഞ്ഞു. പരിസരമൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല …. അയാൾ പതിയെ അവിടന്ന് പോകാൻ നോക്കുമ്പോൾ,
“എവിടെ പോകുന്നു, ഇത് കേട്ടിട്ട് പോയാ മതി ”യെന്ന് പറഞ്ഞു നിർത്തിയത്, വല്ലാത്ത മുഖഭാവത്തോടെയും ശബ്ദത്തോടെയുമായിരുന്നുവെന്ന് ഇപ്പോഴും അദ്ദേഹം പറയും. അപ്പോഴെല്ലാം മോളെ വല്ലാതെ ചേർത്തു പിടിച്ച് നില്ക്കുകയായിരുന്നു, അവളെ എടുക്കാൻ വന്ന അദ്ദേഹത്തിന്റെ പോലും കൈ തട്ടിമാറ്റിക്കൊണ്ട് …
നമ്മളാരുമല്ല, ചിലപ്പോഴെങ്കിലും മറ്റുള്ളവരെ വിധിക്കാൻ,
അത് ഒരു ഊഹം കൊണ്ട് പോലും…
അസ്വാഭാവികമായൊന്നും ഇല്ലാതിരിക്കട്ടെ …. ഉണ്ടെങ്കിലത് തെളിയട്ടെ…
മകളുടെ കാര്യത്തിൽ പിന്നെയുമുണ്ടായി ഒരു മുറിവ് .അവൾ അങ്കണവാടിയിൽ ആയ സമയത്ത് അവിടെ വച്ച്കസേരയുമായി മറിഞ്ഞ് തല പൊട്ടി സ്റ്റിച്ചിട്ടു. ടീച്ചർ വിളിച്ചപ്പോൾ ഓടി ഹോസ്പിറ്റലിൽ എത്തി…. തലയിൽ കെട്ടുമൊക്കെയായി ചിരിച്ചിരിക്കയാണവളപ്പോൾ ….
പ്രിയപ്പെട്ടവരേ,
എത്ര അമ്മമാർ, അച്ഛൻമാർ, മുത്തശ്ശന്മാർ, അയൽക്കാർ, ഏട്ടന്മാർ ഒക്കെ അപ്രതീക്ഷിതമായ ചിലത് ദുരന്തമാകുമ്പോൾ മക്കളെ എടുത്തോടുന്നു രക്ഷിക്കാനായ് …
പരിധി വിടരുത് സംശയങ്ങൾ
പലതും അപ്രതീക്ഷിതങ്ങളാണ്..

Previous articleമതേതര ഇന്ത്യക്കു എന്തിനു വർഗീയ തീവ്രവാദി സംഘടനകൾ?
Next articleആശയവും ഉടലും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.