ഒരുമിച്ച്, ഒരേ തെരുവിൽ വ്യത്യസ്തമായ ആഘോഷങ്ങൾ കൊണ്ട് സന്തോഷം തീർത്തവർ ഒരു സുപ്രഭാതത്തിൽ തമ്മിൽ കൊല്ലുന്നെങ്കിൽ അതാണ് ഫാസിസത്തിന്റെ വിജയം

242
Sreelima Raj
മാറാട് കലാപം നടന്ന സമയത്തായിരുന്നു ഞങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗത്തിലെ ചിലർ മാറാട് പോയത്. ഗണേഷ് സാർ തന്ന പ്രചോദനം തന്നെയായിരുന്നു, ഞങ്ങളെ നയിച്ചത്.ബേപ്പൂർ സുൽത്താന്റെ വീട്ടിൽ ഫാബി ടീച്ചറെ കണ്ടാണ് വീടുകളിലെ സന്ദർശനം ആരംഭിച്ചത്.പോലീസ് കാവലിലായിരുന്ന ആ പ്രദേശത്ത് പോകാനുള്ള അനുവാദം കിട്ടിയ ശേഷം അവിടത്തെ വീടുകളിൽ എത്തുമ്പോൾ പത്രക്കാരെന്ന തോന്നലിൽ പിൻവാങ്ങിയവർ പോലും പിന്നീട് സംസാരിച്ചു തുടങ്ങി.
ഇരു വിഭാഗത്തിലേയും മരണപ്പെട്ടവരും ദൃക്സാക്ഷികളായവരുമായവരുടെ വീടുകളിൽ നിന്ന് കേട്ട വാചകങ്ങൾ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്, “കൊന്നവനും, കൊല്ലപ്പെട്ടവനും ഒരുമിച്ച് ഒരേ വള്ളത്തിൽ കടിൽ പോയി, ഒരുമിച്ച് വീട്ടിലെത്തിയുണ്ടിരുന്നവരായിരുന്നെന്നത് ” . ഡൽഹിയിലെ ഹീനമായ കലാപത്തിലും കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ സ്വരത്തിലും ഇതു തന്നെയാണ് കേൾക്കുന്നത് .. .
അതെ, ഈ കലാപങ്ങളെല്ലാം ആസൂത്രിതമാണ് .ചില സയനൈഡ് മനസ്സുകളിൽ കൃത്യമായി ആസൂത്രണം ചെയ്ത് അനേകരുടെ ഒത്താശയോടെ നടപ്പിലാക്കുന്നവ.അതിനായി,രൂപം കൊടുത്ത, കടമെടുത്ത കുറേ മസ്തിഷ്ക്കങ്ങളുണ്ട്. ദന്തഗോപുരത്തിലിരുന്ന് പാവകളുടെ ചരട് വലിക്കുന്നവർ.
തരം കിട്ടിയാൽ പുറത്തുചാടുന്ന മതവെറിയും, കാമവും, വർണ്ണവെറിയും, അധികാര ഭ്രാന്തും, താൻപോരിമയും ഒക്കെയുണ്ട് എല്ലാ മനുഷ്യനിലും…. നിയന്ത്രിക്കാൻ കഴിയുന്നവർ, നേരിനെ ഉൾക്കൊള്ളാൻ കഴിയുന്നവർ അതിജീവിക്കുന്നുവെന്ന് മാത്രം… അവർ മാത്രമാണ് ലോകത്തിന്റെ പ്രതീക്ഷയും.
ഇപ്പോഴും ഓരോ പ്രൊഫൈലിന്റെ കീഴിലും പ്രതികരണത്തിന്റെ തീവ്രത അളക്കുവാൻ സീസ്മോഗ്രാഫുമായി നടക്കുകയാണ് ചിലർ. പലപ്പോഴും അവരറിയുന്നില്ല, അവരുടെ മനസിലെ ഇമോഷനാണ് മറ്റുള്ളവരുടെ പ്രതികരണത്തിന്റെ അളവുകോലായി അവർ ഉപയോഗിയ്ക്കുന്നതെന്ന്.
സേഫ്സോണിലിരുന്ന് വീക്ഷിക്കുന്നതിനാൽ അതിനൊക്കെ സമയമുണ്ടാവും:
പക്ഷേ, അതിതീവ്ര ഭാഷയിൽ ഇവിടെ പോരടിച്ച് പരസ്പരം മുറിവുകളുടെ ആക്കം കൂട്ടാനല്ലാതെ, ഒരാളെയെങ്കിലും “മനുഷ്യൻ” എന്ന് മാറി ചിന്തിപ്പിക്കാൻ കഴിഞ്ഞാൽ അതു തന്നെയാണ് ശരിയായ പ്രവൃത്തി.
Advertisements