ശ്രീമതി ടീച്ചറും ഇംഗ്ലീഷും

489

Ummar Tk എഴുതുന്നു

ശ്രീമതി ടീച്ചറും ഇംഗ്ലീഷും

Ummar Tk
Ummar Tk

ഒരു തമിഴന്‍ വന്നാല്‍ നമ്മള്‍ നമുക്കു പറ്റുന്ന രീതിയില്‍ കൊഞ്ചം കൊഞ്ചം തമിഴു പറയും. നമുക്ക് ഒരു വ്യാകരണവും പ്രശ്നമാകാറില്ല. എന്നിട്ടും ആശയവിനിമയം നടക്കുന്നു. ആ തമിഴിനെക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് നമുക്കറിയാമെങ്കിലും നമുക്ക് മറ്റുള്ളവരോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ മടിയാണ്. എന്തു കൊണ്ട്?

ഒറ്റക്കാരണമേയുള്ളു. തമിഴനെക്കുറിച്ചും അവരുടെ ഭാഷയെക്കുറിച്ചും നാമുണ്ടാക്കിയിരിക്കുന്ന മുന്‍വിധികള്‍ വെച്ച് ആ ഭാഷ എങ്ങിനെവേണമെങ്കിലും സംസാരിക്കാമെന്ന ചിന്ത. ഇംഗ്ലീഷാകട്ടെ ഉന്നതഭാഷയാണെന്നും അത് വ്യാകരണബദ്ധമായിമാത്രമേ സംസാരിക്കാവൂ എന്ന മുന്‍വിധി കൊളോണിയല്‍ വിധേയത്വത്തില്‍ നിന്നു രൂപം കൊള്ളുന്നതാണ്.

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. വ്യാകരണം പ്രശ്നമല്ലെന്നല്ല. ഋഷിരാജ് സിംഗോ മറ്റുദ്യോഗസ്ഥരോ മലയാളം പറയുമ്പോ നാമതിലെ വ്യാകരണമല്ല അന്വേഷിക്കുന്നത്. ആശയം മാത്രമാണ്. അതു വ്യക്തമാവുന്നുണ്ടോ എന്നതാണു പ്രധാനം. ലോകസഭയിലെത്താനുള്ള അടിസ്ഥാനമാനദണ്ഡമല്ല ഇംഗ്ലീഷ് പരിജ്ഞാനം.

ജനങ്ങളെന്ന കണ്‍ട്രി ഫെല്ലോസിനെ സഹിക്കാന്‍ പറ്റാത്ത ഒരു ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷുകാരനെയല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് അറിയുകയോ അറിയാതിരിക്കുകയോ ചെയ്യുന്ന ജനസേവകരെയാണ് നമുക്കു വേണ്ടത്.

ടി പി രാജീവന്റെ കെ ടി എന്‍ കോട്ടൂര്‍ രഞ്ജിത്ത് ഞാന്‍ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതില്‍ കയറിക്കൂടിയ ഒരു സംഭാഷണമുണ്ട്. ഇംഗ്ലീഷറിയാത്തോന്‍ ലോകസഭയില്‍ പോയിട്ടെന്താണെന്ന്. ഇപ്പോള്‍ ബ്രിട്ടീഷ് ഭരണമല്ലെന്നും ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും തുല്യപരിഗണന ഭരണഘടന നല്‍കുന്നുണ്ടെന്നും ഏതു ഭാഷയില്‍ സംസാരിച്ചാലും അത് തല്‍സമയം പരിഭാഷപ്പെടുത്താന്‍ അവിടെ ഉദ്യോഗസ്ഥരുണ്ടെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധം അവര്‍ക്കില്ലാതെ പോയി.

ലോകപ്രശസ്ത നൈജീരിയന്‍ എഴുത്തുകാരന്‍ അമോസ് ടുടുവോളയുടെ palm wine drinkard ആഫ്രിക്കയ്ക്കു പുറത്തു പ്രസിദ്ധീകരിക്കുന്ന ആദ്യനോവലാണ്. വ്യാകരണബദ്ധമല്ലാത്ത തന്റേതായ ഇംഗ്ലീഷാണ് അദ്ദേഹം അതിലുപയോഗിച്ചിരിക്കുന്നത്. തലക്കെട്ടില്‍ Drunkard നു പകരം drinkard എന്നുപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

പറഞ്ഞു വന്നത് ഒരാള്‍ എത്ര ഗംഭീരമായി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതല്ല, അയാള്‍ ജനങ്ങള്‍ക്കു വേണ്ടി എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് നോക്കേണ്ടത്. ശ്രീമതി ടീച്ചര്‍ ഇംഗ്ലീഷ് പറയുന്നതിനെ പരിഹസിച്ച് ട്രോളുകളിറക്കുന്നവരും അത് ആസ്വദിക്കുന്നവരും ആത്മബോധമില്ലാത്തവരും വിധേയത്വം നിറഞ്ഞ കൊളോണിയല്‍ മനോനിലയുള്ളവരുമാണ്. ഏറിയും കുറഞ്ഞും ഈ മനോഭാവം നമ്മിലെല്ലാമുണ്ട്.