ശ്രീനാഥ്
ഇത് സിനിമയെക്കുറിച്ചുള്ള റിവ്യൂ അല്ല. സിനിമകാണാൻ വരുന്നവരുടെ പലതരം മാനസിക വൈകൃതങ്ങളെക്കുറിച്ചാണ്. മുൻപ് പലരുമിവിടെ ഇതേ വിഷയം ചർച്ചചെയ്തു കണ്ടിട്ടുണ്ട്. ഹൊറർ സിനിമ കാണാൻ വരുന്നു. നിശബ്ദതയുപയോഗിച്ച് ഭയപ്പെടുത്താൻ സംവിധായകൻ ശ്രമിക്കുന്ന രംഗങ്ങൾ വരുമ്പോൾ അപശബ്ദങ്ങളും വെറും നിലവാരമില്ലാത്ത തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ച് ആ സൈലൻസ് ബ്രേക്ക് ചെയ്യുന്നു..
പേടിപ്പെടുത്തുന്ന സീനുകളിൽ കൂവുന്നു. നിശബ്ദരംഗങ്ങളിൽ മുറുക്ക് / ചിപ്സ് തുടങ്ങിയവ ചവച്ച് കറു മുറാ ശബ്ദമുണ്ടാക്കി ശല്യമാകുന്നു.ഇമോഷണൽ സീനുകളിൽ ഒരുവിധ നിലവാരവുമില്ലാത്ത കമൻ്റുകൾ ഉച്ചത്തിൽ പറഞ്ഞു ചിരിക്കുന്നു..
തിരുവനന്തപുരം ഏരീസ് പ്ലെക്സിലെ Audi 4-ൽ ഇന്നലെ (22-12-2022) കണക്ട് കാണാൻ കയറിയപ്പോഴുണ്ടായ അനുഭവമാണ് പോസ്റ്റിനാധാരം.കൃത്യമായി പറഞ്ഞാൽ D1-D6 സീറ്റുകളിലിരുന്ന ഒരു ഫാമിലിയുടെ മേൽപ്പറഞ്ഞ ഒട്ടുമിക്ക പരിപാടികളും.(ആദ്യമായാണ് സ്ത്രീകളും കുട്ടിയുമുൾപ്പടെ വന്ന് ബാക്കിയുള്ളവരെ ഇത്രയും ശല്യം ചെയ്യുന്നത് കാണുന്നത്.)
ഇമ്മാതിരി സ്റ്റാൻഡേർഡില്ലാത്ത പരിപാടികൾ ചെയ്യുന്നവർ ഇതുവായിക്കുനുണ്ടെങ്കിൽ മനസിലാക്കുക; ‘വളരെ കൂളോ, ഭയങ്കര മാസ്സോ ആയല്ല, അങ്ങേയറ്റം ഇറിറ്റേറ്റിംഗ് ആയും നിലവാരമില്ലാത്തതുമായ പ്രവർത്തിയായി മാത്രമാണ് മര്യാദയ്ക്ക് സിനിമ കാണാൻ കാശും മുടക്കി വന്നിരിക്കുന്ന പ്രേക്ഷകർ ഇമ്മാതിരി പരിപാടികളെ കാണുന്നത്.ഇതൊക്കെ കാണിച്ചുകൂട്ടുന്ന നിങ്ങളെ അൽപം പോലും കോമൺസെൻസ്/സാമാന്യമര്യാദ ഇല്ലാത്തവരായും.!
മറ്റൊന്നുകൂടി മനസിലാക്കണം ; ഇത്ര വൃത്തികെട്ട പരിപാടി കാണിച്ചാലും നല്ല തല്ലുകിട്ടാത്തത് ഇതു സഹിച്ചിരിക്കുന്നതിൽ പലരും അവരവരുടെ, അല്ലെങ്കിൽ കൂടെയുള്ളവരുടെ സന്തോഷം / നല്ല മൂഡ് ഒക്കെ സ്പോയിൽ ചെയ്യണ്ടന്നു കരുതി മിണ്ടാതെയിരിക്കുന്നതുകൊണ്ടുമാത്രമാണ്.! നന്ദി.