മലയാളിയെ “ബ്രോ”എന്നു വിളിക്കാൻ പഠിപ്പിച്ച ഫ്രീക്കൻ ചെക്കന് പിറന്നാൾ

58

Sanal Kumar Padmanabhan

മലയാളിയെ “ബ്രോ ” എന്നു വിളിക്കാൻ പഠിപ്പിച്ച ഫ്രീക്കൻ ചെക്കന് ഇന്ന് പിറന്നാൾ. പ്രണയത്തിലും , 22 എഫ് കെ യിലും അയാളും ഞാനും തമ്മിലും , അരികേയിലും എല്ലാം ഒരു മിന്നായം പോലെ കടന്നു പോയ മുഖം.ഡാ തടിയായിലൂടെയും ഹണീബിയിലൂടെയും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് പതിയെ നടന്നു നീങ്ങിയെങ്കിലും ഇതിൽ ഒന്നും എന്നിലെ പ്രേക്ഷകനെ ഒട്ടും ഇമ്പ്രെസ്സ് ചെയ്യാനാകാതെ എന്നും ഹൃദയത്തിന്റെ പൂമുഖപ്പടിയിൽ മാത്രം നിന്നിരുന്ന ഈ നടൻ.ഒരു പക്ഷെ

“അവൻ അമ്മക്ക് പറഞ്ഞപ്പോ നീ എന്ത് ചെയ്തു എന്ന ജെറിയുടെ ചോദ്യത്തിന് ” ഞാൻ ഒന്നും ചെയ്തില്ല.എന്നും ഞാൻ അല്ലെ പ്രശ്നം ഉണ്ടാക്കുന്നത് , അത് കൊണ്ട് ഞാൻ ഒന്നും ചെയ്തില്ല എന്നു പറഞ്ഞു വിതുമ്പുന്ന.ജെറിയുടെ , ആ മദ്യക്കുപ്പി നിന്റേതല്ല എന്നു നിനക്ക് പറയാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ” അമ്മക്ക് ഞാൻ മാത്രമേ കുടിക്കു എന്നറിയു നീ കുടിക്കും എന്നറിയില്ല അത് അങ്ങനെ തന്നെ ഇരിക്കട്ടെ , എന്നു പറയുന്ന നിസ്സഹായതയും , കൂടപ്പിറപ്പിനോടുള്ള ആത്മാർത്ഥതയും , ദേഷ്യവും എല്ലാം അടങ്ങിയ എബിൻ എന്ന ജേകബിന്റെ രണ്ടാമത്തെ മകനായി അത്ര മേൽ പെർഫെക്ഷനോടെ അയാൾ തിരശീലയിൽ അവതരിപ്പിച്ച നാൾ മുതലാകാം അയാൾ എന്‍റെ മനസിന്റെ സ്വീകരണ മുറിയിലേക്ക് പതിയെ കടന്നു വന്നത്.

ഡ്രഗ്സ് അടിച്ചു മനുഷ്യത്വം മരവിച്ചു എതിരാളിയുടെ ചോര ക്കു ദാഹിച്ചു വരുന്ന ഫോർട്ട് കൊച്ചിക്കാരൻ മുജ്ജാഫ്‌, പെരുമഴയത്ത് എതിരാളിയെ തനിച്ചു കിട്ടിയപ്പോൾ അയാളുടെ മുഖത്തു വിരിഞ്ഞ വേട്ടക്കാരന്റെ ചിരി………. ( പറവ )..
ആശയവിനിമയങ്ങൾക്കു സംസാര ഭാഷ ആവശ്യമില്ലാത്ത ഊമയായി പ്രണയവും സാഹോദര്യവും , കലിപ്പും, വിഷാദവും എല്ലാം കൃത്യമളവിൽ സന്നിവേശിപ്പിച്ച ബോണി……..( കുമ്പളങ്ങി ). മെഡിക്കൽ കോളേജിന്റെ കാഷ്യാലിറ്റിയിലേക്കു പ്രേക്ഷകരെ കൂട്ടികൊണ്ടു പോയി 24*7 ഡ്യൂട്ടി നോക്കുന്ന ഡോക്ടറുടെ പ്രൊഫെഷണൽ ലൈഫും പേർസണൽ ലൈഫും തമ്മിലുള്ള മത്സരം കാണിച്ചു തന്ന ഡോക്ടർ ആബിദ് ( വൈറസ് ).കൂടെയുള്ളവർ എത്ര നന്നായി അഭിനയിച്ചാലും പ്രേക്ഷകരുടെ ശ്രദ്ധയെ മുഴുവൻ തന്നിലേക്ക് ആകര്ഷിക്കത്തക്ക മാന്ത്രികത കയ്യിലുള്ള ഫഹദ് ഫാസിൽ സ്‌ക്രീനിൽ നിറഞ്ഞു ഒഴുകിയിട്ടും പ്രേക്ഷകരുടെ ഫോക്കസ് തന്റെ കഥാപാത്രത്തിൽ പതിപ്പിച്ചു നിർത്തിയ കുഞ്ഞൻ ( ട്രാൻസ് ).ആരെയും അനുകരിക്കാതെ ആർക്കും അനുകരിക്കാനാകാതെ
തന്റെ കഥാപാത്രങ്ങൾക്ക് പൂർണത നൽകി കൊണ്ട് പതിയെ മലയാള സിനിമയിൽ അയാൾ നിറയുക ആണ്
പിറന്നാൾ ആശംസകൾ ശ്രീനാഥ് ഭാസി.

Advertisements