Lekshmi Venugopal
“എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസൻ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിർത്തി പറഞ്ഞു, “നീ മുൻപ് ഒരിക്കൽ സിനിമ നിർമ്മിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോൾ നിർമ്മിച്ചാലോ, സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു.എല്ലാം നീ നോക്കണം, നമ്മുടെ കാശ് അധികം പോകരുത്. ഇപ്പൊൾ തന്നെ ഇറങ്ങുകയാണെന്ന് ഞാനും പറഞ്ഞു. നിനക്ക് കഥ കേൾക്കേണ്ടേ എന്ന് ശ്രീനിവാസൻ ചോദിച്ചു. ഞാൻ പറഞ്ഞു “നിന്റെ കഥയല്ലേ, എനിക്ക് കേൾക്കണമെന്നില്ല.
കഥ കേട്ടിട്ട് നിന്റെ പ്രതികരണം കണ്ടിട്ടു മതി ഈ കഥയുമായി മുന്നോട്ടു പോകുന്നത്. നിന്റെ വിലയിരുത്തൽ എനിക്കു വേണം എന്ന് ശ്രീനിവാസൻ പറഞ്ഞു. അങ്ങനെ ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം കഥപറയുമ്പോൾ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാൻ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. പുള്ളി എന്നെ ചേർത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു. കണ്ണ് തുടച്ചിട്ട് ഞാൻ പറഞ്ഞു… “നഷ്ടം വന്നാലും ലാഭം വന്നാലും കൂട്ടുകാരായ നമ്മൾ എടുക്കേണ്ടത് സൗഹൃദത്തിന്റെ ഈ കഥ തന്നെയാണ് ” ശ്രീനിവാസൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു. ചെറിയൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞു. “ഇതിന്റെ സംവിധാനം ആദ്യം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്റെ അളിയൻ എം. മോഹനൻ ആണ് ഇത് ചെയ്യുന്നത്, ഇനി അയാളെ മാറ്റിയാൽ കുടുംബ പ്രശ്നം ഉണ്ടാകും”. ഞാൻ പറഞ്ഞു, “അയാളെ മാറ്റിയാൽ ഞാൻ പ്രശ്നം ഉണ്ടാക്കും. ഇത് മോഹനൻ സംവിധാനം ചെയ്യുന്നു. ശ്രീനി അഭിനയിക്കുന്നു. അങ്ങനെ അവിടെ വച്ച് സിനിമ തീരുമാനിച്ചുറപ്പിച്ചു പോകുന്നു.
ചിത്രത്തിൽ ഒരു അതിഥിവേഷമുണ്ട്. അതിഥി വേഷം മമ്മൂക്ക തന്നെ ചെയ്യണം. ഞങ്ങൾ മമ്മൂക്കയുടെ വീട്ടിൽ കഥ പറയാൻ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിർമ്മിക്കുന്നതെന്ന് മമ്മൂക്ക സുൽഫത്തിനോട് പറഞ്ഞു.
ഞാൻ പറഞ്ഞു, “ശ്രീനി, കീഴ് വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറ”. മമ്മൂക്ക പറഞ്ഞു “കീഴ് വഴക്കം അനുസരിച്ച് ആ കഥ പറയണ്ട. ഞാൻ ചോദിച്ചു “അതെന്താണ്?”. അദ്ദേഹം പറഞ്ഞു “ശ്രീനിയുടെ കഥയിൽ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദർഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങൾ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാൻ എന്നു വരണം എന്നുമാത്രം പറഞ്ഞാൽ മതി. ഞാൻ പറഞ്ഞു, “മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കിൽ മാത്രമേ ചെയ്യുന്നുള്ളൂ. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാർബർ ബാലനാണ് ഇതിലെ ഹീറോ, അങ്ങയുടേത് full length വേഷം അല്ല. സൂപ്പർ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങൾ എന്തു തരണം. ഏതൊക്കെ rights തരണം, ഞങ്ങൾ എത്ര അഡ്വാൻസ് തരണം…”
ഞാൻ നോക്കിയപ്പോൾ, അത് കേട്ടുകൊണ്ട് ഞങ്ങളേക്കാൾ ടെൻഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങൾ രണ്ട് പേരെയും തോളിൽ കൈയ്യിട്ട് പറഞ്ഞു, “ഈ പടം ഞാൻ ഫ്രീ ആയി അഭിനയിക്കുന്നു”. ഞാൻ പറഞ്ഞു, “തമാശ പറയേണ്ട സമയം അല്ല മമ്മൂക്ക. ജീവന്മരണ പോരാട്ടമാണ്, ഞങ്ങൾ നിർമാതാക്കൾ ആകുമോ എന്ന് ഇപ്പൊ തീരുമാനിക്കണം”.
അദ്ദേഹം പറഞ്ഞു, “എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാൻ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മൾ ഒന്നിച്ച് നിൽക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങൾക്ക് തരുന്നു, ഡേറ്റ് പറഞ്ഞാൽ മാത്രം മതി. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവർ ടെൻഷനിൽ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങൾക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാൻ പറ്റാത്തതിലുള്ള ടെൻഷനിൽ നിൽക്കുകയായിരുന്ന അവർ പറഞ്ഞു “ഇച്ചാക്കാ…നന്നായി”
കഥ പറയുമ്പോൾ സിനിമയേക്കാൾ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു. തുടർന്ന് ഞങ്ങൾ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളിലേക്കു കടന്നു.അങ്ങനെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന ദിവസമെത്തി. കഥയും കാര്യങ്ങളുമുണ്ടെങ്കിലും ആ ദിവസം രാവിലെ എഴുന്നേറ്റ് സീൻ എഴുതുന്ന ശീലം ശ്രീനിവാസനുണ്ട്. അങ്ങനെ സ്കൂളിലെ മമ്മൂട്ടിയുടെ ഡയലോഗ് ഉള്ള ക്ലൈമാക്സ് സീൻ എഴുതി എനിക്കു വായിക്കാൻ തന്നു. സീൻ വായിച്ച ഞാനൊന്ന് ഞെട്ടി. സത്യത്തിൽ ഈ സീൻ മതി. പക്ഷേ അന്ന് ആ കല്യാണത്തിന്റെ സമയത്ത് എന്നെ ചേർത്തുനിർത്തി ശ്രീനി പറഞ്ഞ സീൻ ഇതല്ലായിരുന്നു. ഞാനത് ശ്രീനിയോടും പറഞ്ഞു. “നീ ഇങ്ങ് വന്നേ” എന്നു പറഞ്ഞ് ശ്രീനിയെന്നെ റൂമിലേക്കു കൊണ്ടുപോയി. അന്ന് നീ എന്താ കേട്ടതെന്ന് ശ്രീനി എന്നോട് ചോദിച്ചു. ഞാനപ്പോൾ ബാലൻ കടുക്കൻ വിറ്റ പൈസ കൊണ്ട് അശോക് കുമാറിനെ സഹായിച്ച കഥയൊക്കെ പറഞ്ഞു. കടുക്കൻ പ്രയോഗമൊന്നും ഇപ്പോൾ എഴുതിയ സീനിൽ ഇല്ലായിരുന്നു. അത് കുറച്ച് പൈങ്കിളി ആയിപ്പോകില്ലേ എന്നായിരുന്നു ശ്രീനിയുടെ സംശയം. ഞാൻ പറഞ്ഞു “അതാണ് മലയാളികൾക്കു വേണ്ടത്. ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എന്റെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടേതായ രീതിയിൽ ഇത് മാറ്റി എഴുതൂ…”
അങ്ങനെ ശ്രീനി റൂമിൽ പോയി സീൻ മുഴുവൻ മാറ്റിയെഴുതി. പുതിയ സീൻ വായിച്ചിട്ട് ഞാനവിടെ വച്ച് കരഞ്ഞു. മമ്മൂക്ക സെറ്റിൽ വരുന്നു, ക്യാമറ ഫിക്സ് ചെയ്തു. ഡയലോഗ് പറയുന്നു. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്.
അവസാനം മമ്മൂക്ക തന്നെ ക്യാമറയിൽ നോക്കി കട്ട് പറഞ്ഞു. ഈ സീൻ എത്ര ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ക്യാമറാമാനുമായി ഞങ്ങൾ എടുത്ത തീരുമാനം. അവിടെ ഈ സീനിന്റെ പിന്നിലെ കഥകളൊന്നും അറിയാതെ വന്നിരിക്കുന്നവരാണ് അവിടെയുള്ള നാട്ടുകാരായ ഓഡിയൻസ്. അവരെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്. ഈ ഒരൊറ്റ സീനിൽ ഈ സിനിമ സൂപ്പർ ഹിറ്റാണെന്ന് ഞാൻ ശ്രീനിയോട് പറഞ്ഞു.
സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂർകൊണ്ട് തീർക്കേണ്ട സീൻ വൈകിട്ട് ആണ് ഷൂട്ട് ചെയ്ത് തീർത്തത്. ഡയലോഗ് പറഞ്ഞ് തീർത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്.
(Mukesh Speaking – കഥ പറയുമ്പോൾ സിനിമയിലെ പറയാത്ത കഥകൾ)