Sreerag
മോഹൻലാലിന്റെ പ്രതിഭ മരിച്ചതാണോ ഈ നാട്ടിലെ ഏറ്റവും വലിയ വിഷയം ? ഇതിനും മാത്രം അത് ചർച്ച ചെയ്യാൻ എന്തിരിക്കുന്നു എന്നാവും പലരുടെയും ചോദ്യം, ‘കാര്യമുണ്ട്.’ നമ്മളിൽ അധികം പേരും അന്ധവിശ്വാസികൾ അല്ലല്ലോ അതുകൊണ്ട് അന്ധവിശ്വാസത്തെകുറിച്ച് കൂടുതൽ ചർച്ചചെയ്യേണ്ട കാര്യമില്ല എന്ന് പറഞ്ഞ് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നേരെ കണ്ണടക്കാൻ കഴിയില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതി മത സമൂഹങ്ങളിൽ മാത്രമല്ല നിലനിൽക്കുന്നത്, കടുത്ത താരാരാധനയും അന്ധവിശ്വാസം തന്നെയാണ് മോഹൻലാൽ എന്ന നടനോട് ഇപ്പോഴുള്ളതും യാതൊരു യുക്തിയും അടിസ്ഥാനനവും ഇല്ലാത്ത താരാരാധനയാണ് – ഇത് തുടങ്ങി വെച്ചത് മോഹൻലാൽ അല്ല ഇപ്പോൾ നിലനിൽക്കുന്നതും മോഹൻലാലിന്റെ പേരിൽ മാത്രമല്ല എന്നൊക്കെയുള്ള എതിർ വാദങ്ങൾ ഉണ്ടാകാം – ഒരേയൊരു ന്യായീകരണമേയുള്ളൂ. നമ്മൾ മലയാളികൾ കുറച്ചെങ്കിലും ബൗദ്ധികതയും, ആസ്വാദനക്ഷമതയും മൂല്യബോധവും ഒക്കെ ഉള്ളവരായിരുന്നു. അന്യഭാഷാ സൂപ്പർ താരങ്ങളെ പോലെ സാധാരണ മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും കാഴ്ച്ചകൊണ്ട് മയക്കുന്ന കച്ചവടക്കാരൻ ആയിരുന്നില്ല മോഹൻലാൽ.
അയാളുടെ അടുത്തിടെ ഇറങ്ങിയ പല സിനിമകളും കണ്ടാൽ അനിഷ്ടത്തിനും അകൽച്ചക്കും പകരം – അനിഷ്ടവും അകൽച്ചയും കാട്ടുന്നവരെ തെറിവിളിക്കുന്ന വലിയൊരാൾക്കൂട്ടം തന്നെ ഉണ്ടായിരിക്കുന്നു – അസത്യത്തിലും അസംബന്ധത്തിലും, അല്പം പോലും തിരിച്ചറിവില്ലാതെ ജീവിക്കുന്നവർ.സാമൂഹ്യ ദുരന്തങ്ങൾ എന്ന് പറയാവുന്ന ഫാൻകൂട്ടം.മോഹൻലാലിന്റെ പേരിൽ ഇവർ നടത്തുന്ന കൊലവിളിയും തെറിവിളിയുമല്ല വ്യാകുലപ്പെടുത്തുന്ന കാര്യം. ഈ സമൂഹത്തിലെ ഒട്ടുമിക്ക വസ്തുതകളോടും – അതിപ്രാധാന്യമുള്ള പൊതു വിഷയങ്ങളിൽ പോലും -അവർക്കുള്ളത് ഇതേ അസംബന്ധത നിറഞ്ഞ അരാഷ്ട്രീയമായ വ്യാജബോധം തന്നെ – ഇവരൊന്നും ഭീകരരോ, കൊടും കുറ്റവാളികളോ ആയിരിക്കില്ല.അന്ധവിശ്വാസികൾ മാത്രം, അതിന്റെ പരിണിത ഫലങ്ങൾ സമൂഹത്തെയാകെ ബാധിക്കുന്നുണ്ട്.
ഇവരെ ഹിച്ച്കൊക്കിന്റെ സൈക്കോ നായകൻ നോർമൻ ബേറ്റ്സിനോട് ഭാഗികമായെങ്കിലും താരതമ്യപെടുത്താം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മ മരണപ്പെട്ടു എന്ന യാഥാർഥ്യം ഉൾക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്യാതെ. അമ്മ ജീവിച്ചിരിക്കുന്നു എന്നയാൾ ഉറച്ചു വിശ്വസിക്കുകയും മറ്റുള്ളവരെ അങ്ങനെ തന്നെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു.അയാൾ അല്പമെങ്കിലും നോർമൽ ആയിരുന്നു എങ്കിൽ അമ്മക്ക് ശ്വാസവും ശബ്ദവുമില്ലെന്നും അമ്മയുടെ ശരീരവും ആത്മാവും ജീർണിച്ചു നശിച്ചു എന്നുമുള്ള ഭൗതികമായ തെളിവുകൾ അയാളുടെ കണ്മുന്നിൽ തന്നെയുണ്ട്. പക്ഷേ അയാൾ ആ ജടത്തെ ഒരു കമ്പിളികൊണ്ട് പുതപ്പിച്ച്, യഥാർഥ്യത്തെ തന്നിൽ നിന്ന് തന്നെ മറച്ചു പിടിക്കുകയാണ്.
മോഹൻലാലിന്റെ 2പതിറ്റാണ്ടിനിടെ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളുടെയും അവസ്ഥ ഇതാണ്. ജീവനോ ആത്മാവോ ശരീരമോ ഇല്ലാത്ത പ്രേതപ്പടങ്ങൾ. ഇട്ടിമാണിയും, ബിഗ്ബ്രദറും ഡ്രാമയും അതിനുള്ള ഏറ്റവും വലിയ തെളിവുകൾ ആണ്.ഇവിടെ ഒരു പിശക്കുണ്ടല്ലോ എന്ന് തോന്നുന്നുണ്ടോ?
ദൃശ്യവും, ലൂസിഫറും,പുലിമുരുഗനും, സ്പിരിട്ടും, നരനും, വില്ലനും, തന്മാത്രയും,ഈ പറയുന്നതിന് എതിരെയുള്ള ശക്തമായ തെളിവുകൾ ആണല്ലോ അല്ലേ..?
ഇവിടെ നമുക്ക് നോർമൻ ബേറ്റ്സിനെ വിട്ട് കാര്യങ്ങൾ കുറച്ചുകൂടി വിശദമായും സൂഷ്മമായും പരിശോധിക്കാം.
മോഹൻലാലിന്റെ പ്രതിഭാ നടനം അവസാനമായി കണ്ടത് അയാൾ കഥയെഴുതുകയാണ്(1998) എന്ന സിനിമയിൽ ആയിരുന്നു – ഈ സിനിമ ഒരിക്കലും മോഹൻലാലിന്റെ മികച്ച സിനിമകളുടെ പട്ടികയിൽ പെടില്ല, പക്ഷേ ആ മഹാ പ്രതിഭയുടെ അഭിനയമികവ്, ആ മന്ത്രികത ഏറ്റവും ഒടുവിൽ കണ്ടത് ഈ സിനിമയിൽ ആയിരുന്നു എന്ന് മാത്രം .(തഹസിൽദാരുടെ വീട്ടിലെത്തി കോളിങ് ബെല്ലിൽ നിന്നും ഷോക്ക് അടിച്ച് വീഴുന്ന രംഗം സാക്ഷാൽ ദൈവം പോലും അത്ര പെർഫെക്ട് ആയി ചെയ്യുമെന്ന് തോന്നുന്നില്ല ) ഈ ഒരു രംഗം മാത്രമല്ല ആ സിനിമയിൽ ഉടനീളവും 80 കളുടെ മദ്ധ്യകാലം മുതൽ ഇങ്ങോട്ട് മോഹൻലാലിനെ മോഹൻലാൽ ആക്കിയ ആ മാന്ത്രിക ഭാവം-സ്വാഭാവികത -നിലനിൽക്കുന്നു.ആ സിനിമയുടെ ക്ലൈമാക്സ് വരെ മാത്രം അതിന് ശേഷം ഇന്നോളം പുറത്ത് വന്ന ഒരു മോഹൻലാൽ സിനിമകളിലും അത് കാണാനായിട്ടില്ല. തന്മാത്രയിലോ വില്ലനിലോ,ഉദയനാണ് താരത്തിലോ സ്പിരിറ്റിലോ, ഒന്നും..
ഇന്നത്തെ മോഹൻലാൽ അങ്ങനൊരു ഷോക്കിങ് സീൻ ചെയ്‌താൽ എങ്ങനുണ്ടാകും..? അപഹാസ്യമായിരിക്കും.എന്ന് പറയട്ടെ -ഈ തോന്നൽ ഉള്ളവർ കാര്യങ്ങൾ കുറച്ച് വസ്തുതാപരമായി കാണുന്നവരായിരിക്കും എന്നുകൂടി പറയട്ടെ.
പ്രായം എന്ന് കാരണം പറയുന്നവരാണ് ചില മോഹൻലാൽ ആരാധകർ, ഒരു കാര്യം ആലോചിച്ചു നോക്കൂ 2000 ഇറങ്ങിയ നരസിംഹം എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങളെക്കാൾ ഊർജ്ജ സ്വലമായി അയാൾ പുലിമുരുഗനിൽ ഫൈറ്റ് ചെയ്യുന്നുണ്ട്.പ്രായം കൂടുതൽ ബാധകം ആകേണ്ടത് ഈ കാര്യത്തിൽ അല്ലെ..?
(ആന്റണി ഹോപ്കിൻസിന് 2021ൽ മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം ലഭിക്കുമ്പോൾ പ്രായം 83 വയസാണ്..എന്ന് ഓർക്കുക )2000 ന് ശേഷം മോഹൻലാൽ അഭിനയിച്ച നല്ല സിനിമകൾ -ബ്ലോക്ക് ബസ്റ്ററുകൾ 100 കോടി ലാഭം ഉണ്ടാക്കിയ സിനിമകൾ ഉണ്ടായിട്ടുണ്ട്,(ഇനിയും ഉണ്ടാവുകയും ചെയ്യും )മോഹൻലാൽ ഇല്ലാത്ത ഭാഷകളിൽ അദ്ദേഹം അഭിനയിക്കാത്ത സിനിമകൾ ഈ നേട്ടം കൈവരിക്കുമ്പോൾ അത് മോഹൻലാലിന്റെ മാത്രം നേട്ടമായി അദ്ദേഹത്തിന്റെ നടന വൈഭവത്തിന്റെ വിജയമായി കരുതാൻ കഴിയില്ല.
ഒപ്പം തന്നെ പറയട്ടെ മോഹൻലാലിന്റെ കഴിവൊ പ്രതിഭയോ ഇല്ലാത്ത പല നടന്മാർക്കും ദേശീയ പുരസ്‌കാരം വരെ ലഭിക്കുന്നു. അതിന് സമാനമാണ്. ഇന്നത്തെ മോഹൻലാൽ, അയാൾക്ക് ഭാവിയിൽ ഒരു ദേശീയ പുരസ്‌കാരം പോലും ലഭിച്ചേക്കാം, ഭഗത് ഫാസിലിനോ പൃഥ്വിരാജിനോ, സൂര്യക്കോ, ധനുഷിനോ മറ്റേതൊരു സാധാരണ നടനും കിട്ടുന്ന നിലക്ക്. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല മോഹൻലാലിന്റെ മികച്ച അഭിനയപ്രകടനങ്ങൾ എന്ന് ഫാൻസും, സിനിമാ നിരൂപകരും, സാമാന്യ പ്രേക്ഷകരും വിലയിരുത്തിയ തന്മാത്ര, സ്പിരിറ്റ്, വില്ലൻ എന്നീ സിനിമകളിലെ അഭിനയം പോലും മോഹൻലാലിന്റെ പ്രതിഭ തെളിയിക്കുന്നത് ആയിരുന്നില്ല (താരതമ്യങ്ങൾ ഇല്ലാതെ നോക്കിയാൽ മികച്ച രീതിയിൽ തന്നെ അദ്ദേഹം കഥാപാത്രങ്ങൾ അവതരിപ്പിച്ചു – പക്ഷേ മോഹൻലാലിന്റെ യഥാർത്ഥ പ്രതിഭ കണ്ടറിഞ്ഞവർ, തിരിച്ചറിഞ്ഞവർക്ക് ഈ കഥാപാത്രങ്ങൾ യഥാർത്ഥ മോഹൻലാലിന്റെ സാമ്യത ഉള്ള ഒരാൾ അത്ര മികവില്ലാതെ അനുകരിച്ച് അവതരിപ്പിച്ചതുപോലെ തൊന്നും )
അഭിനയത്തിലെ ഈ അഭാവം നിങ്ങൾക്ക് തോന്നിയിട്ടില്ല എങ്കിൽ യഥാർത്ഥ മോഹൻലാലിനെയാണ് നിങ്ങൾ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ആരാധിക്കുന്നതും എന്ന് പറയുവാൻ കഴിയില്ല. ഏഞ്ചൽ ജോണും, കോളേജ് കുമാരനും, ഡ്രാമയും, ബിഗ്ബ്രദറും, ഇട്ടിമാണിയും അതിന്റെ തുടർച്ചയാണ്.ഇതേ അസ്വഭാവികതയുടെ കൃത്രിമത്തത്തിന്റെ നിഴൽ ഭ്രമരത്തിലും, തന്മാത്രയിലും, സ്പിരിട്ടിലും, വില്ലന്നിലും ഉണ്ട്.2000ന് മുൻപും 85 ന് ശേഷവുമുള്ള മോഹൻലാൽ സിനിമകളിൽ ഈ കൃത്രിമത്തമോ അസ്വഭാവികതയോ കാണാൻ കഴിയില്ല. അത് തന്നെയായിരുന്നു അയാളെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാക്കിയിരുന്നതും.
മോഹൻലാലിന്റെ കടുത്ത ആരാധകർ, അയാളുടെ മോശം സിനിമകൾക്ക് മറ്റുള്ളവരെ പഴിപറയുന്നത് കേൾക്കാം സംവിധായകരെ, നിർമാതാക്കളെ, അയാളുടെ സ്ഥിരം സൗഹൃദങ്ങളെ. പല മോശം സിനിമകൾക്കും ഇവർ കാരണമായിട്ടുണ്ടാകാം പക്ഷേ മോഹൻലാലിന്റെ അഭിനയ സിദ്ധിയുടെ സ്വാഭാവികത നഷ്ടമായത് ഇവർ കാരണമാണെന്ന് പറയാൻ കഴിയുമോ? – മോഹൻലാലിന്റെ സിനിമകളോ സംവിധായകരോ ഒന്നും ലോക നിലവാരം ഉള്ളവർ ആയിരുന്നില്ല അവയൊക്കെ കണ്ട് ഇഷ്ടപ്പെട്ട നമ്മളും – ലോക നിലവാരം ഉള്ള അടൂരിനെപ്പോലെ ഉള്ളവർ മോഹൻലാലിനോടൊത്ത് സിനിമകൾ ചെയ്തില്ല, കെജി ജോർജ് മോഹൻലാൽ സിനിമ ചെയ്തില്ല. മമ്മൂട്ടിക്ക് ലഭിച്ചതുപോലെ ഗൗരവമേറിയതും പ്രസക്തവുമായ സിനിമകളിലൂടെയല്ല മോഹൻലാൽ തന്റെ കഴിവും പ്രതിഭയും തെളിയിച്ചത്. ഇവിടുത്തെ സാധാരണ ആളുകൾ കണ്ട് ഇഷ്ടപ്പെടുന്ന ജനകീയ സിനിമകളിലൂടെയാണ്.(വ്യക്തിപരമായി എനിക്ക് ഇരുവറിലെ ആനന്ദനെക്കാൾ ഇഷ്ടപ്പെട്ട പ്രകടനം നമ്പർ ട്വന്റിയിലെ ടോണി കുരിശ്ങ്കലിന്റേതാണ് )
തീർച്ചയായും മോഹൻലാലിനെപ്പോലെ ഒരു നടൻ സിനിമകൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധിക്കണം പക്ഷേ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ നഷ്ടമായ നടന വൈഭവം തിരികെ എത്തും എന്ന് കരുതുക വയ്യ. പുതിയ സംവിധായകരെയോ പ്രമേയങ്ങളെയോ സാങ്കേതിക വിദഗ്ദരെയോ പരീക്ഷിച്ചാൽ, ഭൂതകാല ഭാവങ്ങളെ അനുകരിച്ച് നിരന്തരം പരാജയപ്പെടുന്നത് കുറച്ചൊക്കെ ഒഴിവാക്കാം എന്നല്ലാതെ പഴയ മോഹൻലാലിനെയോ മികവുള്ള ഒരു പുതിയ മോഹൻലാലിനെയോ ലഭിക്കും എന്ന് പ്രതീക്ഷയില്ല.
ലാൽ രോഗികളുടെ(ഇപ്പോഴുള്ള ഫാൻസ് )മറ്റൊരു കാരണം പറച്ചിലാണ് – മോഹൻലാലും ചില ഇന്റർവ്യൂകളിൽ ഇത് പറഞ്ഞ് കേട്ടിട്ടുണ്ട് – പഴയ സിനിമകളുടെ മേന്മയും നിലവാരവും ഇപ്പോൾ ഇറങ്ങുന്ന മോഹൻലാൽ സിനിമക്ക് ഉണ്ടോ എന്നാണ് ചോദ്യം. പഴയത് പഴയതല്ലേ ഇനി അത് സംഭവിക്കില്ല സംഭവിക്കേണ്ട കാര്യമില്ല – കാലഘട്ടം മാറി – എന്നാണ് ലാലും ലാൽ ഫാൻസും പറയുന്നത്. (വിന്റേജ് എന്ന വാക്കിനെ ഇവർ ചെകുത്താനോളം വെറുക്കുന്നു )കിരീടവും, ഭരതവും,താഴ്‌വാരവും, സദയവും ഇന്നത്തെ കാലത്ത് കാര്യമുള്ള സിനിമകൾ അല്ല എന്നാണ് പറച്ചിൽ. അത് ചിലപ്പോൾ സത്യവുമായിരിക്കാം, കാലവും സിനിമയും പ്രേക്ഷകരും ഒക്കെ തന്നെ മാറിയിരിക്കുന്നു.പക്ഷേ ആ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ജീവനേകിയ മോഹൻലാലിന്റെ മാറ്റമോ? അത് പുതുമക്കോ മികവിനോ വേണ്ടിയുള്ള മാറ്റമായിരുന്നില്ല എന്ന് മോഹൻലാൽ തന്റെ പഴയ ഭാവങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ -ശ്രമിച്ച് പരാജയപ്പെടുന്നത് കാണുമ്പോൾ മനസിലാക്കാം ഈ പറയുന്ന കാരണങ്ങൾഒക്കെ തന്നെയും,നഷ്ട ബോധം കൊണ്ടുള്ള ന്യായീകരണങ്ങൾ മാത്രമാണെന്ന് – മോഹൻലാൽ സിനിമകൾ മലയാളസിനിമ ഇണ്ടസ്ട്രിയിലെ ഏറ്റവും വലിയ കച്ചവടസാധനങ്ങളാണ്. തന്റെ പോരായ്മകൾ മനപ്പൂർവം മറച്ചുവെച്ചോ മറന്നോ മോഹൻലാൽ വെറും കച്ചവടം സാധനം മാത്രമായിമാറിയിരിക്കുന്നു.
പ്രേക്ഷകർ ഇഷ്ടപ്പെട്ട,ചേർത്ത് പിടിച്ച മോഹൻലാൽ ഇനി ഉണ്ടാവില്ല എന്ന് തന്നെയാണ് തോന്നുന്നത്. അതിന് ശ്രമിച്ച് കൂടുതൽ മോശം സിനിമകളിലേക്ക് പോകുന്നതിന് പകരം അദ്ദേഹം സിനിമകൾ കുറക്കുന്നതാണ് നല്ലത്. അതുകൊണ്ട് കച്ചവടക്കാർക്ക് അല്ലാതെ ആർക്കും നഷ്ടമുണ്ടാകാൻ ഇടയില്ല.. മെഴുക് പ്രതിമപോലുള്ള ഇപ്പോഴത്തെ താരശരീരത്തേക്കാൾ എത്രയോ ഭേതമാണ്, യാഥാർഥ്യത്തിലേക്ക് ഇറങ്ങിനിന്ന് തനിക്കും സിനിമക്കും പ്രേക്ഷകർക്കും ഇണങ്ങുന്ന കഥാപാത്രങ്ങൾ അദ്ദേഹം ചെയ്‌താൽ..ഇതിനെല്ലാം കാരണം മമ്മൂട്ടിയും അദ്ദേഹത്തിന്റെ അനുകൂലികളുമാണെന്ന് കരുതുന്ന മോഹൻലാൽ ആരാധകർ ആണ് അധികവും മോഹൻലാൽ അങ്ങനെ കരുതുന്നുണ്ടാവില്ല. മമ്മൂട്ടിയോട് പ്രതിഭയിൽ മത്സരിക്കേണ്ട കാര്യം മോഹൻലാലിനുണ്ടായിരുന്നില്ല. സിനിമയിൽ ഉണ്ടാവും..
(മോഹൻലാലിന്റെ യഥാർത്ഥ മഹത്വവും മേന്മയും നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ മികച്ച സിനിമകൾ കണ്ട് വിലയിരുത്തി അദ്ദേഹത്തെ ഇഷ്ടപ്പെട്ട ആളുകൾക്ക് ഉള്ളിലാണ് ആ സ്നേഹ സ്മരണകൾക്ക് കാൽ നൂറ്റാണ്ടിലേറെ പഴക്കമായിരിക്കുന്നു വീഞ്ഞ് പോലെ മോഹൻലാലും പഴയതാണ് നല്ലത് ജീവനുള്ളത് )