Sreerag Menon സോഷ്യൽ മീഡിയയിൽ പങ്കുവച്ച റിവ്യൂ
മാളികപ്പുറം രണ്ടാം തവണ കുടുംബത്തോടൊപ്പം. തിയേറ്ററിൽ ഇത്രയധികം മുത്തശ്ശിമാരെയും പ്രായമായവരെയും കാണുന്നത് വളരെ കാലത്തിനു ശേഷമാണെന്ന് തോന്നുന്നു. അവരെല്ലാവരും തന്നെ നന്നായി ചിത്രം ആസ്വദിക്കുന്നുമുണ്ട്. രണ്ടാം തവണ കണ്ടപ്പോൾ പ്രധാനമായും കുറച്ചൂടി ഇമോഷണലി കണക്റ്റ് ആയി പടം കണ്ട ഒരു അനുഭവമാണ് ഉണ്ടായത്. കല്യാണിയുടെ മനസ്സിലൂടെ അവളോടൊപ്പം നമ്മളും യാത്ര ചെയ്ത് പതിനെട്ടാം പടി കയറിയ പ്രതീതി. രഞ്ജിൻ രാജിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും അത്രമേൽ ഈ ചിത്രം ആസ്വാധ്യകരമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കല്യാണി പതിനെട്ടാം പടി കയറുമ്പോൾ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ വരുന്ന അയ്യപ്പാ എന്ന ഗാനം ആ സിറ്റുവേഷനിൽ നൽകുന്ന ഒരു വേറെ ലെവൽ ഫീലുണ്ട്.. ❤️❤️
വിഷ്ണു ശശി ശങ്കർ, ആദ്യ പടം എന്ന നിലയിൽ വരാവുന്ന കുറവുകളൊന്നും തന്നെയില്ലാതെ മികച്ച രീതിയിൽ ചിത്രം ഒരുക്കിവെച്ചു, വീണ്ടും ഒരു നിറഞ്ഞ കൈയടി. കല്യാണിയെ അവതരിപ്പിച്ച ദേവനന്ദ, ആ കുട്ടിയുടെ എക്സ്ട്രാ ഓർഡിനറി പ്രകടനമില്ലെങ്കിൽ ഒരുപക്ഷെ മാളികപ്പുറം കാണുമ്പോൾ ഇപ്പൊ ലഭിക്കുന്ന ഒരു ഫീൽ അല്ലെങ്കിൽ ആ ചിത്രത്തിനോടുള്ള ഇമോഷണൽ കണക്റ്റ് ഇത്രകണ്ട് ഒരിക്കലും ലഭിക്കുമായിരുന്നില്ല. ഈ ചിത്രത്തിന്റെ നട്ടെല്ല് ഉണ്ണിമുകുന്ദന് മുകളിൽ ദേവനന്ദയാണ്, കാരണം ഇത് കല്യാണിയുടെ കഥയാണ്. പിയൂഷിനെ അവതരിപ്പിച്ച ശ്രീപധും മികച്ച പ്രകടനം.
ഉണ്ണി മുകുന്ദൻ, ഈക്കണ്ട കാലത്തോളം മലയാളത്തിലെ രണ്ടാം നിരയിൽ മാത്രം ഒതുക്കിവെക്കാൻ പലരും ശ്രമിച്ച നടൻ. പക്ഷെ ഉണ്ണി മാളികപ്പുറത്തിലേക്ക് വരുമ്പോൾ നാം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച സ്ക്രീൻ പ്രെസൻസോടെയും ആ കഥാപാത്രത്തിനു ചേർന്ന വശ്യമായ ഭാവങ്ങളോടെയും ആകാരഭംഗിയോടെയും നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാനാവുക. ആ കഥാപാത്രമായി ഉണ്ണിയോളം യോജിച്ച മറ്റൊരാളില്ല എന്ന രീതിയിലേക്ക് അത്രയും മികച്ച രീതിയിൽ അത് ചെയ്തു ഫലിപ്പിക്കാൻ ഉണ്ണിക്കായി എന്നത് വലിയ കാര്യം തന്നെയാണ്. കുടുംബ പ്രേക്ഷകരുടെ ഒരു വലിയ പിന്തുണ ഉണ്ണിക്ക് ഈ ചിത്രം നേടിക്കൊടുക്കും എന്നതിൽ സംശയമില്ല.
സൈജു ചേട്ടൻ, ചിലപ്പോഴൊക്കെ ഇത്തരം നിഷ്കളങ്കമായ കഥാപാത്രങ്ങളിൽ പുള്ളി ടൈപ്പ്കാസ്റ്റ് ആവുന്നുണ്ടോ എന്ന് തോന്നാറുണ്ട്, പക്ഷെ ഇത്തരം കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കണമെങ്കിൽ അത് ഇതുപോലെ ചിലർക്കേ കഴിയു, അതൊരു അനുഗ്രഹമാണ് അത് അദ്ദേഹത്തിനുണ്ട്. കല്യാണിയും അച്ഛനും തമ്മിലുള്ള ബന്ധം ഇതിലും മനോഹരമായി മറ്റൊരാൾക്ക് അഭിനയിച്ചു ഫലിപ്പിക്കാനാകും എന്നെനിക്ക് തോന്നുന്നില്ല.
അഭിലാഷ് പിള്ള, ഇത്രയും ഇമോഷണലായി പ്രേക്ഷകരെ ചിത്രത്തോട് ഹുക്ക് ചെയ്യുന്നതിൽ പരിപൂർണമായി വിജയിച്ച ആ തിരക്കഥ തന്നെയാണ് ഹീറോ. ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ ഈ ചിത്രം കണ്ടിറങ്ങാനാവില്ല എന്ന് പറയുന്ന ഏതൊരു കുടുബപ്രേക്ഷകന്റെയും വാക്കുകൾ അഭിലാഷ് പിള്ളയ്ക്ക് ഒരവാർഡിന് തുല്യമാണ്.
വിഷ്ണു ചേട്ടന്റെ വിഷ്വലുകളും ഷെമീർ മുഹമ്മദിന്റെ കട്ടുകളും മാളികപ്പുറത്തെ കൂടുതൽ മികവുറ്റതാക്കി. മാളികപ്പുറം ഇറങ്ങി, ഒൻപത് ദിവസത്തിൽ കേരളത്തിൽ നിന്ന് മാത്രം 8 കോടിയിലധികം ഗ്രോസ്സ് കളക്ഷൻ നേടി മുന്നേറുമ്പോൾ. ഒരു രാഷ്ട്രീയ മുതലെടുപ്പും നല്ല സിനിമകളുടെ വിജയത്തിന് വിലങ്ങുതടിയാവില്ല എന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ്. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാളികപ്പുറം മാറുമ്പോൾ, ഉണ്ണി ഒരുപാടുകാലമായി ആഗ്രഹിക്കുന്ന ഗന്ധർവ്വൻ എന്ന കഥാപാത്രം അണിയറയിൽ ഒരുങ്ങുകയാണ്. മാളികപ്പുറം ഒരു തുടക്കമാണ്, എഴുതി തള്ളിയവർക്കും മാറ്റിനിർത്തിയവർക്കും മുൻപിലേക്ക് അയാൾ കാഴ്ചവെക്കാൻ പോകുന്ന വലിയ വിജയങ്ങളുടെ തുടക്കം!!