പിന്നോക്ക വിദ്യാർഥികളെ മാനസികമായി തകർക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകരെയും വിദ്യാർഥികളെയും നേരിൽ അറിയാം, അവരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിട്ടുമുണ്ട്

0
337

Sreerag poicadan

‘വിവേചനം’ സാമൂഹിക ഉല്പന്നമാണെങ്കിലും അത് എപ്പോഴും വ്യക്തിപരമായ അനുഭവം ആയിരിക്കും. അതിലൂടെ കടന്നു പോയിട്ടുള്ളവർക്കേ/ അനുഭവിച്ചിട്ടുള്ളവർക്കേ അത് മനസിലാകൂ.
അത് കൊണ്ട് തന്നെ ‘എവിഡൻസ്‌ ബേസ്‌ഡ്’ ശാസ്ത്ര യുക്തികൊണ്ട് അത് മനസിലാക്കുക അസാധ്യം.എന്നാൽ ഒരു സാമാന്യ സാമൂഹിക ശാസ്ത്ര ബോധമുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷെ ഇന്നും ജന്മം കൊണ്ടുള്ള മെറിറ്റിനെ ബുദ്ധിയും കഴിവും കൊണ്ട് ആർക്കും മറികടക്കുവാൻ കഴിയില്ല എന്ന് അക്കാദമിക തലത്തിൽ പോലും വിശ്വസിക്കുന്ന/വിശ്വസിപ്പിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.

സ്ഥാപങ്ങളിലെ വിവേചനം ക്‌ളാസ് /ലാബ് റൂമിലാണ് സംഭവിക്കുക , അതിന്റെ ബാക്കി പരീക്ഷാ/ പ്രൊജക്റ്റ് /തീസിസ് മാർക്കിലും അത് പല തരത്തിലും തുടർന്ന് കൊണ്ടിരിക്കും.ഒരുപാട് പ്രതീക്ഷകൾ പേറി വരുന്ന പിന്നോക്ക, ദലിത് -ആദിവാസി വിദ്യാർഥികളെ മാനസികമായി തകർക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകരെയും വിദ്യാർഥികളെയും നേരിൽ അറിയാം അവരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിട്ടുമുണ്ട്. 2015 ൽ ആണ് ഞാൻ ഹൈദരാബാദ് എത്തുന്നത് അതിനു മുൻപും ഹൈദരാബാദ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥി വിദ്യാർഥിനികൾ ജാതി ,മത,വർണ്ണ , വർഗ , ലിംഗ , ഭാഷാ വിവേചനങ്ങൾ കാരണം ഒരു തുണ്ട് കയറിലോ ഒരു കുപ്പി വിഷത്തിലോ ജീവിതമവസാനിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഹൈദരാബാദ് സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും നിർഭാഗ്യവാനായ യൂണിയൻ പ്രസിഡന്റ് ആയിരിന്നിരിക്കും ഞാൻ . ഏതാണ്ട് 6 അനുശോചന പരിപാടികൾ നടത്തേണ്ടി വന്നു. .അതിൽ 3 ആത്മഹത്യ. ഓരോ തവണയും മരണ വാർത്ത കേൾക്കുമ്പോൾ അത് സത്യമാകല്ലേ എന്ന ആഗ്രഹിക്കും. ഓരോ തവണയും മൃതശരീരവും കാത്ത് ഉസ്മാനിയ ആശുപത്രി മോർച്ചറിക്ക് മുൻപിൽ നിൽക്കുമ്പോഴും ആഗ്രഹിക്കും ഇനി ഇത് ഉണ്ടാകരുതേ എന്ന് , പക്ഷെ..മരണങ്ങൾ തുടർന്നുകൊണ്ടേ ഇരുന്നു.. ഓരോ മരണവും ഉണ്ടാകുന്ന ഭീതിയും ദുഖവും താങ്ങാവുന്നതിനപ്പുറമാണ്. 2016 ൽ രോഹിത് തന്നെ ആഘാതം തീരും മുൻപ് ഒരു പിന്നോക്ക വിദ്യാർഥിയും ജീവിതമവസാനിപ്പിച്ചിരുന്നു, പിന്നീട് 2 വർഷത്തിനിടക്ക് 3 പേർ. കൂടാതെ പായൽ ഉൾപ്പെടെ ഒരുപാട് പേർ…അത് ഇന്ന് ഫാത്തിമയിൽ എത്തി നിൽക്കുന്നു..!

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
എത്ര വിദ്യാർഥി – വിദ്യാർഥിനികൾ ഇത് പോലെ ‘കൊല്ലപ്പെട്ടിട്ടുണ്ട്’????

കുറ്റാരോപിതരായ എത്ര അധ്യാപക -അധ്യാപികമാർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ???

രോഹിത് വെമുലയുടെ അമ്മയും പായൽ തദ്‌വിയുടെ അമ്മയും ചേർന്ന് ഈ കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ‘ജാതി’ വിവേചനത്തിനെതിരെ നിയമ നിർമാണം ആവശ്യപ്പെട്ട് ഒരു ഹർജി കൊടുത്തിട്ടുണ്ട് അതിൽ കേന്ദ്ര സർക്കാരിനോട്
കോടതി നാല് ആഴ്ചക്കകം മറുപടിയും ആവശ്യപെട്ടിട്ടുണ്ട്.

നിയമം കൊണ്ട് മാത്രം വിവേചനകളെ ഇല്ലാതാക്കുവാൻ കഴിയില്ല, അതിനൊപ്പം അത് സമൂഹത്തിനകത്ത് നിന്ന് ഉണ്ടാകണം. സ്ഥാപനവത്കരിക്കപ്പെട്ട, പ്രവർത്തി കൊണ്ട് ‘ജാതി’ ഹിന്ദുക്കളാകുന്ന നമ്മളിൽ എത്ര പേര് അതിന് തയ്യാറാണ് എന്നതാണ് പ്രധാന ചോദ്യം.ഒപ്പം ഏതെങ്കിലും ഒരു വ്യക്തിക്ക് അങ്ങനെ അനുഭവപ്പെടുമ്പോൾ, ആ വ്യക്തി തൻ്റെ അനുഭവം പറയുമ്പോൾ നമ്മൾ പറയുന്ന മറുപടി ഇന്നും ” നിൻറെ തോന്നൽ ആണ് , നിന്റെ അപകർഷതാ ബോധം ആണ് , നിൻറെ ജാതി/മത /വർണ്ണ / ലിംഗ /ഭാഷ കണ്ണട മാറ്റി കാര്യങ്ങളെ കാണാൻ പഠിക്കൂ എന്ന ‘യുക്തി/ മാനുഷിക വാദ മോഡൽ’ വയലൻസ് കൂടെ /നിർത്തണം. ഇല്ലെങ്കിൽ തൻ്റെ അനുഭവം സത്യമാണ് എന്ന് തെളിയിക്കാൻ സ്വന്തം ജീവിതം ആത്മാഹുതി ചെയ്യേണ്ടേ ഗതികേടിന് ഇനിയും നാം സാക്ഷ്യം വഹിക്കേണ്ടി വരും.