ശ്രീഷ്‌കുമാർ എസ്.

സജിമോൻ സംവിധാനം ചെയ്ത് ഫഫദ്ഫാസിൽ നായകനായി അഭിനയിച്ച മലയൻകുഞ്ഞ് വ്യത്യസ്തമായ പ്രമേയം കൊണ്ടും വേറിട്ട ആഖ്യാനരീതിയാലും ശ്രദ്ധേയമാണ്. ജാതിമതസ്വത്വങ്ങളെ മുറുകെപ്പിടിച്ച് തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കുന്നയാളാണ് അനിക്കുട്ടൻ. ഇലക്‌ട്രോണിക്‌സ് മെക്കാനിക്കായ അയാളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായവരോട് മനസ്സിലുള്ള വിദ്വേഷം ഉള്ളിലൊതുക്കി നടക്കുമ്പോഴും അതിന്റെ പ്രതിഫലനം തന്റെകൂടെ ജീവിക്കുന്ന അമ്മയോടാണ് കൂടുതലും പ്രകടിപ്പിക്കുന്നത്. മനുഷ്യന്റെയുള്ളിൽ ഉറഞ്ഞുകൂടിയിരിക്കുന്ന ജാതിചിന്തകളെ അനിക്കുട്ടന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ശക്തമായി തന്നെ വരച്ചുകാട്ടുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ മാത്രമേ മനുഷ്യന് ജാതിയും മതവുമൊക്കെയുള്ളുവെന്നും മരിച്ചുകഴിഞ്ഞാൽ എല്ലാവരും സമന്മാരാണെന്ന തത്വം ചിത്രത്തിൽ പറയുന്നുമുണ്ട്.

കുടിയേറ്റകർഷകർ ഏറെയുള്ള മലയോരമേഖലയുടെ ഭംഗിയുള്ള ദൃശ്യങ്ങളിലൂടെയും കഥാഗതിക്ക് അനുയോജ്യമായ രസകരമായ സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കൊളുത്തികയറുന്ന പശ്ചാത്തലസംഗീതത്തിലൂടെയുമാണ് മലയൻകുഞ്ഞിന്റെ കഥവികസിക്കുന്നത്. അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ വൈകാരികതലങ്ങളിലൂടെയുള്ള യാത്രയെ അനായാസേന ഫഫദ് ഫാസിൽ പരാകായപ്രവേശം നടത്തിയിരിക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനസികസംഘർഷങ്ങളുടെ വേലിയേറ്റങ്ങൾക്ക് അനുസൃതമായി പ്രകൃതിയുടെ ഭാവമാറ്റങ്ങളെ പശ്ചാത്തലശബ്ദത്തിൽ ഭംഗിയായി സന്നിവേശിപ്പിച്ചിട്ടുണ്ട്.

ജീവിതത്തിൽ അയൽപ്പക്കത്തുള്ള കൊച്ചുകുഞ്ഞിന്റെ കരച്ചിൽ ശബ്ദങ്ങൾ അനിക്കുട്ടന്റെ ജീവിതത്തിൽ അലോസരം സൃഷ്ടിക്കുകയും പിന്നെ ഉരുൾപൊട്ടലിൽ 40 അടിതാഴ്ചയിലേക്ക് വീണുപോയ അയാൾക്ക് ആ കുഞ്ഞിന്റെ കരച്ചിൽ പ്രതീക്ഷയേകുന്നു.പേമാരിയും പ്രളയവും ഉരുൾപൊട്ടിലൂടെയുമൊക്കെയുള്ള പ്രകൃതിയുടെ പ്രതികാരത്തെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്കിന് ശേഷം രണ്ടാംപകുതി ആരംഭിക്കുമ്പോൾ മുതൽ സിനിമയുടെ അവസാന നിമിഷം വരെയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നൊരു കാഴ്ചാനുഭവമാണ് മലയൻകുഞ്ഞ് സമ്മാനിക്കുന്നത്. 30അടി താഴ്ചയിലുള്ള കുഴിയിൽ നിന്നുള്ള അനിക്കുട്ടന്റെ അതിജീവനത്തിനായുള്ള പോരാട്ടം

സംഭാഷണങ്ങളിലാതെ അതിഗംഭീരമായ അഭിനയചാതുരികൊണ്ട് ഫഹദ് വീണ്ടും ഞെട്ടിക്കുന്നു. നവാഗത സംവിധായകന്റെ പതർച്ചയില്ലാതെ കൈഒതുക്കത്തോടെ അതിമനോഹരമായി മലയൻകുഞ്ഞ് അണിയിച്ചൊരുക്കിയ സംവിധായകൻ സജിമോൻ മലയാളസിനിമയ്്ക്ക് ഭാവിവാഗ്ദാനമാണ്. വളരെ ബുദ്ധിമുട്ടുള്ളൊരു പ്രമേയത്തെ തന്മയത്വത്തോടെ സ്‌ക്രീനിലേക്ക് മനോഹരമായി ആവാഹിച്ച സജിമോനിൽ നിന്ന് ഇനിയും ഒരുപാട് നല്ലസിനിമകളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. മലയാളത്തിലെ ഇഷ്ടസംവിധായകരിലൊരാളായ ഫാസിൽ സാറിന്റെ പേര് നിർമ്മാതാവെന്ന നിലയിൽ ഒരുപാട് നാളുകൾക്ക് ശേഷം സ്‌ക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. മലയാളത്തിന്റെ പരിമിതിയിൽ നിന്നും ഇത്തരമൊരു പ്രമേയത്തിന് രചന നിർവഹിക്കുവാൻ ധൈര്യംകാണിച്ച, വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള തിരക്കഥയെഴുതി, മനോഹരമായി ദൃശ്യഭാഷയൊരുക്കിയ മഹേഷ് നാരായണനിൽ നിന്നും ഇനിയും അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം.

ഏ.ആർ.റഹ്മാനെന്ന സംഗീതപ്രതിഭയുടെ സർഗവൈഭവം മലയൻകുഞ്ഞിന്റെ പശ്ചാത്തലത്തിന് ഒരു ക്ലാസ്സിക് ഫീലുണ്ടാക്കിയെന്ന് പറയാതെവയ്യ. അത് തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടിയിരിക്കുന്നു. ഓരോ രംഗത്തിനും അനുയോജ്യമായ, എന്നാൽ വ്യത്യസ്തമായ സംഗീതം പ്രേക്ഷകരിൽ അനുഭൂതിസൃഷ്ടിച്ചുവെന്നതാണ് യാഥാർത്ഥ്യം. 30 അടിതാഴ്ചയിലുള്ള ദുരന്തമുഖത്തിന്റെ ഭീകരത യഥാർത്ഥത്തിലുള്ളതാണെന്നും പ്രേക്ഷകർക്ക് തോന്നിപ്പിക്കാനും അവരിൽ ഭയം ജനിപ്പിക്കാനും കലാസംവിധായകൻ ജ്യോതിഷ് ശങ്കറും കൂട്ടാളികളും നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. മലയൻകുഞ്ഞിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചയെല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. മലയൻകുഞ്ഞിനെത്തേടി നിരവധി ദേശീയ-അന്തർദ്ദേശീയപുരസ്‌കാരങ്ങൾ ലഭിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. ഉറപ്പായും എല്ലാവരും തീയേറ്ററിൽ തന്നെ ചിത്രംകണ്ട് ആസ്വദിക്കേണ്ടതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

Leave a Reply
You May Also Like

ഇന്ത്യാദർശൻ ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്കാര വിതരണം ഡിസംബർ 12-ന്

ഇന്ത്യാദർശൻ ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്കാര വിതരണം ഡിസംബർ 12-ന് രാജ്യത്തെ ആദ്യ ജീവകാരുണ്യ വാർത്താ ചാനലായ…

ജാക്‌സണ്‍ ബസാര്‍ യൂത്ത് മെയ് 19-ന്

ജാക്‌സണ്‍ ബസാര്‍ യൂത്ത് മെയ് 19-ന്. ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി,…

ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ ‘തങ്കമണി’ എന്ന കഥാപാത്രത്തെ കുറിച്ചും അത് തന്റെ കരിയറിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും അനുമോൾ

തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അനുമോൾ തന്റെ ആദ്യ മലയാളം ചിത്രമായ ‘ഇവൻ മേഘരൂപനെ’…

വിജയ് ബാബു നിർമ്മിച്ച, മലയാള സിനിമയുടെ മിനി അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വീഡിയോ സോംഗ് പുറത്തുവിട്ടു

വിജയ് ബാബു നിർമ്മിച്ച, മലയാള സിനിമയുടെ മിനി അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വീഡിയോ സോംഗ് പുറത്തുവിട്ടു.…