Manikandan Polpparambath
ശ്രീവിദ്യ
ദക്ഷിണേന്ത്യൻ ചലച്ചിത്രവേദിയുടെ മുഖശ്രീയായിരുന്ന ശ്രീവിദ്യ മെലോഡ്രാമകളാൽ മുഖരിതമായിരുന്ന മലയാള-തമിഴ് സിനിമാചരിത്രത്തിൽ അഭിനയത്തികവുകൊണ്ട് സ്വന്തംപേര് എഴുതിച്ചേർത്ത അഭിനേത്രിയാണ്.കരയുവാൻമാത്രമറിയാമായിരുന്ന മലയാളിനായികമാരിൽ റൗഡിരാജമ്മയെപ്പോലെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയെപ്പോലെ നായികയെ പോലെ, പഞ്ചവടിപ്പാലത്തിലെ മണ്ഡോദരിയമ്മയെപ്പോലെ നമ്മെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത ഇവർ സിനിമാരംഗത്ത് തന്റെതായ ഒരു ഭാഷ ചമയ്ക്കാൻ ശ്രമിച്ചു എന്നു പറയുന്നതിൽ തെറ്റില്ല.
പഴയകാല വികടകവി ( നിമിഷകവിയും അന്നത്തെ മിമിക്രയിസ്റ്റുമായിരുന്ന) ആർ.കൃഷ്ണമൂർത്തിയുടെയും, പ്രശസ്ത കർണ്ണാടകസംഗീതജ്ഞ എം.എൽ.വസന്തകുമാരിയുടെയും മകളായി ചെന്നൈയിലായിരുന്നു ശ്രീവിദ്യയുടെ ജനനം. ചെറുപ്പം മുതലേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തു വളർന്ന ശ്രീവിദ്യ തന്റെ 13-ാം വയസ്സിൽ തിരുവരുൾചെൽവൻ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ആദ്യമായി അഭിനയരംഗത്തേയ്ക്കെത്തിയത്.
അമ്പലപ്രാവ് എന്ന മലയാളസിനിമയിൽ ഒരു നൃത്തരംഗത്തു മാത്രം പ്രത്യക്ഷപ്പെട്ട വലിയ കണ്ണുകളുള്ള ഈ കൊച്ചു മിടുക്കിയെ മലയാളികൾ പിന്നീട് നെഞ്ചോടുചേർത്തു.1969ൽ എൻ.ശങ്കരൻനായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന സിനിമയിൽ സത്യന്റെ നായികയായാണ് ശ്രീവിദ്യയുടെ യഥാർത്ഥനായികാ അരങ്ങേറ്റം.
കണ്ണുകൾ കൊണ്ട് കഥ പറയാനറിയാവുന്ന ആ കൊച്ചുസുന്ദരിയ്ക്ക് പിന്നീട് കഥയൊഴിഞ്ഞ നേരമേ ഉണ്ടായിട്ടില്ല.അപൂർവ്വ രാഗങ്ങൾ എന്ന കെ.ബാലചന്ദർ സിനിമയിൽ പുതുമുഖമായ രജനികാന്തിന്റെ ഭാര്യയും കമലഹാസന്റെ കാമുകിയുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ട് അഭിനയിച്ച ശ്രീവിദ്യയ്ക്ക്, മലയാളത്തിൽ പുണ്യപുരാണചിത്രമായ അംബ അംബിക അംബാലിക എന്ന മലയാള ചിത്രത്തിലെ അംബയായും ചോറ്റാനിക്കരയമ്മയിലെ ചോറ്റാനിക്കരയമ്മയയായും മാറാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ചെണ്ട, ഉത്സവം, തീക്കനൽ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വേനലിൽ ഒരു മഴ, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, രചന, എന്റെ സൂര്യപുത്രിയ്ക്ക്, ദൈവത്തിന്റെ വികൃതികൾ എന്നിവ ശ്രീവിദ്യയുടെ മലയാളത്തിലെ എടുത്തു പറയാവുന്ന സിനിമകളാണ്.
ഇടവഴിയിലെപ്പൂച്ച മിണ്ടാപ്പൂച്ച എന്ന സിനിമയിലെയും, ജീവിതം ഒരു ഗാനം എന്ന സിനിമയിലേയും അഭിനയത്തിന് 1979 ലും, 1983ൽ രചന എന്ന ചിത്രത്തിലെ അഭിനയത്തിനും 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിലെ അഭിനയത്തിനും സംസ്ഥാന സർക്കാരിന്റെ മികച്ച നായികയ്ക്കുള്ള അംഗീകാരം ലഭിച്ച ശ്രീവിദ്യ മലയാളം കന്നട തമിഴ് ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലായിരുന്നു കൂടുതൽ അഭിനയിച്ചത്.
അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളിൽ ചലചിത്രപിന്നണി ഗായികയുമായിട്ടുളള ഇവർ മധുവിന്റെ തീക്കനൽ എന്ന സിനിമയിൽ അഭിനയിച്ചു വരവെ ആ സിനിമയുടെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി വിവാഹിതയായി ഏകദേശം ഇരുപതു വർഷം നീണ്ട ആ ദാമ്പത്യം തീർത്തും പ്രശ്നകലുഷിതമാകയാൽ പിന്നീട് 1999ൽ വിവാഹമോചനത്തിൽ കലാശിച്ചു. പതുക്കെപ്പതുക്കെ ടെലിവിഷൻ സീരിയൽ രംഗത്തേയ്ക്ക് ചുവടുമാറിയ ശ്രീവിദ്യയ്ക്ക് 2004ൽ അവിചാരിതം എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. അർബുദബാധിതയായിരുന്ന ശ്രീവിദ്യ 2006 ൽ അമ്മത്തമ്പുരാട്ടി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കെ ഇഹലോകവാസം വെടിഞ്ഞു. ഇന്ന് ശ്രീവിദ്യയുടെ ജന്മദിനം