ഇന്ന് ശ്രേയ ഘോഷാലിന്റെ ജന്മദിനം
ബിശ്വജിത് ഘോഷാലിന്റെയും ഷർമിഷ്ഠ ഘോഷാലിന്റെയും മകളായി 1984 മാർച്ച് 12 ആം തിയതി പശ്ചിമബംഗാളിലെ ദുര്‍ഗാപൂരിലാണ് ശ്രേയ ഘോഷാൽ ജനിച്ചത്.നാലാമത്തെ വയസു മുതല്‍ അമ്മയോടൊപ്പം ഹര്‍മോണിയത്തിൽ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങിയ ശ്രേയതുടർന്ന് രാജസ്ഥാനിലെ കോട്ടായില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.1995 ൽ ന്യൂഡൽഹിയിലെ സംഗം കലാ ഗ്രൂപ്പ് സംഘടിപ്പിച്ച All India Light Vocal Music മത്സരത്തിൽ Light Vocal group in sub-junior ലെവലിൽ വിജയിയായി. പിന്നീട് മുംബയിലേക്ക് താമസം മാറിയ ശ്രേയ കല്യാണ്‍ജിയുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ ആരംഭിച്ചു.തുടർന്ന് സീ ടിവിയിലെ സരിഗമ എന്ന പരിപാടിയില്‍ വിജയിയായി.അവിടെ അതിഥിയായി എത്തിയ സംവിധായകനായ സംഞ്ജയ്ലീലാ ബന്‍സാലി തന്റെ ചിത്രമായ ദേവദാസില്‍ ശ്രേയയ്ക്ക് പാടാന്‍ അവസരം നല്‍കി. ഇസ്മയില്‍ ദര്‍ബാറിന്റെ സംഗീതത്തില്‍ അഞ്ച് ഗാനങ്ങൾ ഈ ചിത്രത്തില്‍ ശ്രേയ ആലപിച്ചു.
ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നവാഗത ഗായികക്കുള്ള അവാര്‍ഡും ശ്രേയക്ക് ലഭിച്ചു. ബായിരി പിയാ എന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.ദേവദാസിന് ശേഷം അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു ശ്രേയാ ഘോഷാല്‍ എന്ന ഗായികക്കു പുറകെ. എ.ആര്‍ റഹ്മാന്‍, അനുമാലിക്, ഹിമേഷ് റഷ്മാനിയ, മണി ശര്‍മ, നദിം ശ്രവണ്‍, ഇളയ രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരുടെ സംഗിതത്തില്‍ ശ്രേയ നിരവധി ഹിറ്റു ഗാനങ്ങള്‍ ആലപിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയെന്ന പദവിയും ഒട്ടും വൈകാതെ തന്നെ തേടിയെത്തിയ ശ്രേയ മലയാളത്തിലും എത്തി.
മറുനാടന്‍ പാട്ടുകാരിയായ ശ്രേയ ഘോഷാലിന് 2009 ലെ മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന പുരസ്കാരം ബനാറസ് എന്ന ചിത്രത്തിലൂടെ ലഭിച്ച ശേഷം മലയാളത്തിൽ വളരെ തിരക്കുള്ള ഗായികയാണ്.ഹിന്ദി/ ഉര്‍ദു/ആസാമീസ്/ബംഗാളി/ഭോജ്പൂരി/ കന്നഡ/ ഒഡിയ/മലയാളം/പഞ്ചാബി/ തമിഴ്/ മറാത്തി/ തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ശ്രേയ 2015 ഫെബ്രുവരി 5 ആം തിയതി ശൈലാദിത്യ മുഖോപാധ്യായയെ വിവാഹം ചെയ്തു. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നിരവധി തവണ ലഭിച്ച ശ്രേയ ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.