നിരന്തരമായ സമ്പർക്കത്തിൽ ഇവരാരും വിശുദ്ധരല്ലെന്നും മജ്ജയും മാംസവും ഉള്ള മനുഷ്യർ തന്നെയെന്നും ബോധ്യമായി

103

ശ്രീ ബോബി ഫിലിപ്പ് എഴുതിയത്

ഒരു കോൺവെന്റ് ന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നഴ്സറി മുതൽ പഠിച്ച വ്യക്തി എന്ന നിലയിൽ സന്യാസിനി സമൂഹത്തെക്കുറിച്ച് വളരെ മതിപ്പുള്ള ഒരു വ്യക്തി ആയിട്ടായിരുന്നു എന്റെ വിദ്യാലയ കാലഘട്ടം. എന്നാൽ ആ വിദ്യാലയത്തിൽ മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാതെ ആയമാരും സഹായി മാരുമായി 20 വയസ്സോളം പ്രായം തൊട്ട് മുകളിലേക്കുള്ള സ്ത്രീകൾ സ്കൂളിലെ ബസ്സിലും, ഹോസ്റ്റൽ കുശിനി യിലും ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ട് പുരുഷന്മാർ ഇതുപോലെതന്നെ സ്കൂൾ ബസ്സിലും, സ്കൂൾ വക തോട്ടത്തിലും പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവരെല്ലാവരും തന്നെ വെക്കേഷൻ കാലഘട്ടങ്ങളിലും അവിടെത്തന്നെ ജീവിച്ചു വന്നിരുന്നു എന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ഹൈസ്കൂളിൽ എത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില കഥകൾ അവിടെ പ്രചരിച്ചിരുന്നത് ഓർമ്മയിലുണ്ട്. പക്ഷേ അന്നൊന്നും സന്യാസിനി സമൂഹത്തോട് സംശയമോ, ബഹുമാനക്കുറവ് ഉണ്ടായിട്ടില്ല.

1986- 88 കാലഘട്ടത്തിൽ പ്രീഡിഗ്രിക്ക് പഠിക്കുവാൻ ചേർന്നപ്പോൾ എന്റെ ക്ലാസ്സിൽ 13 കൊച്ചച്ഛൻ മാർ ഉണ്ടായിരുന്നു എന്ന് ഞാനിന്നുമോർക്കുന്നു. വരാപ്പുഴ രൂപതയുടെ കീഴിലുള്ള ഒരു സെമിനാരിയിൽ നിന്നുമാണ് ഇവർ വന്ന പഠിച്ചുകൊണ്ടിരുന്നത്. വെള്ളമുണ്ടും വെള്ള മുഴു കൈയ്യൻഷർട്ടും ആയിരുന്നു വേഷം.1992 സിസ്റ്റർ അഭയ കേസ് സംഭവിക്കുന്നു. 1992 ബിരുദാനന്തരരം അയാട്ട കോഴ്സിന് പഠിച്ചുകൊണ്ടിരുന്നപോൾ അഭയാകേസ് വലിയ സംസാര വിഷയമായിരുന്നു. 1993 അയാട്ട കോഴ്സ് പൂർത്തിയാക്കി ഞാൻ ഒരു ട്രാവൽ കമ്പനിയിൽ ജോലിക്കു ചേർന്നു. അന്നുമുതൽ ജോലിസംബന്ധമായി മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക സന്യാസിനി മഠങ്ങളും , സെമിനാരികൾ, മൊണാസ്ട്രി കൾ എന്നിവിടങ്ങളിൽ നിരന്തരമായി സന്ദർശിക്കുവാൻ ഇടയായിട്ടുണ്ട്.അച്ഛന്മാരെയും കന്യാസ്ത്രീ മാരെയും വളരെ ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്നു ഞാൻ, നിരന്തരമായ സമ്പർക്കത്തിൽ ഇവരാരും വിശുദ്ധരല്ലെന്നും , മജ്ജയും മാംസവും ഉള്ള മനുഷ്യർ തന്നെ എന്നും ബോധ്യമായി. സ്വജനപക്ഷപാതവും, ദ്രവ്യാഗ്രഹവും, അധികാരവും ഇവർക്ക് ഒരു ലഹരി ആണെന്നും, ഇത് ഇവരുടെ ഇടയിൽ വളരെ സജീവമാണെന്നും മനസ്സിലായി.

ടിക്കറ്റിന് ഡിസ്കൗണ്ട് കൊടുത്താൽ പോലും, രസീത് മുഴുവൻ തുകയും കൈപ്പറ്റിയതായി കാണിച്ച് എഴുതി കൊടുക്കണം. അങ്ങനെ അങ്ങനെ എന്തെല്ലാം. ഇറ്റലിക്ക് പോകുവാനായി കൊച്ചച്ചൻ ആയി വരുന്ന അച്ഛൻ കുഞ്ഞുങ്ങൾ, ഇറ്റലിയിൽ ചെന്ന് സെമിനാരി പഠിത്തത്തിനിടയിൽ വേലി ചാടുന്നതും പിന്നീട് അവിടെ ജോലിയുള്ള നാട്ടുകാരി പെണ്ണുമായി വിവാഹം നടത്തി പൊങ്ങുന്നതും കണ്ടിട്ടുണ്ട്. ഇതുപോലെ കൊച്ചച്ചൻ ആയി ഇറ്റലിക്ക് പോയി അവിടെവെച്ച് സെമിനാരിയിൽ നിന്നും മുങ്ങിയ ഒരു പയ്യൻ ട്രാക്ക് ഇടിച്ച് മരിച്ച വിവരം വീട്ടുകാരെ അറിയിക്കുവാൻ രാത്രി പാലായ്ക്ക് പോകേണ്ടി വന്നതും ഓർമ്മിക്കുന്നു. വികാരിയച്ചൻ ആയിരിക്കുകയും, കന്യാസ്ത്രീ അമ്മയായി മഠത്തിൽ താമസിച്ചിരുന്ന സ്ത്രീയുമായി ബന്ധം ഉണ്ടാകുകയും പിന്നീട് വിവാദമായപ്പോൾ കുപ്പായമൂരി വിവാഹിതരായ ഒരു ഡസൻ ആളുകളെയെങ്കിലും നേരിട്ടറിയാം.

മഠങ്ങളിലും സെമിനാരി കളിലെയും ജീവിതം കണ്ടു അറിഞ്ഞപ്പോൾ തീക്ഷണത കയറുന്ന വിശ്വാസത്തിന്റെ ജ്വാല നഷ്ടപ്പെട്ടു. അഭയാ കേസ് പോലെയുള്ള സംഭവങ്ങൾ മഠങ്ങളിൽ നടക്കുന്നത് ഒരു അത്ഭുതമായി പിന്നീട് തോന്നിയിട്ടേയില്ല.
സഭ എന്നുള്ളത് ക്രിസ്ത്യാനിയുടെ ഒരു പൊതുവികാരമാണ്. സഭയുടെ അന്തസ്സും യശസ്സും നിലനിർത്തുക എന്നുള്ളത് ഒരു വിശ്വാസിയുടെ കടമ തന്നെയാണ്. എന്നാൽ ഒരു സഭാ വിശ്വാസി, സഭാംഗം തെറ്റ് ചെയ്താൽ, അഥവാ കുറ്റാരോപിതൻ ആയാൽ നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളി എങ്കിൽ ശിക്ഷിക്കുകയും, അത് അംഗീകരിക്കുകയും ചെയ്യുന്നതിനുപകരം സഭാമക്കൾ ഒന്നായി നിന്നുകൊണ്ട് അതിനെ ന്യായീകരിക്കുകയും അവർ ചെയ്തില്ല എന്ന് വരുത്തി തീർക്കുവാൻ ആയി ഒരുപാട് ഒത്താശകളും പ്രവർത്തികളും ചെയ്യുന്നതുകൊണ്ട് ആണല്ലോ സഭയിൽ അനവധിയായി ഇത്തരത്തിലുള്ള കേസുകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്.തങ്ങൾ എന്തുചെയ്താലും സഭ സംരക്ഷിച്ചു കൊള്ളും എന്നുള്ള കാഴ്ചപ്പാട് ആണല്ലോ തെറ്റുകൾ പെരുകാൻ ഇടയാക്കുന്നത്. ഇത് സഭയ്ക്ക് ഭൂഷണമോ….? ഇതുപോലെയുള്ള പ്രവർത്തികൾ മൂലം പൊതു സമൂഹത്തിനിടയിൽ സഭ യുടെ മൂല്യം ഇടിയുകയും പൊതുജനങ്ങൾക്കിടയിൽ സഭയോട് അനാദരവ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രേക്ഷിത പ്രവർത്തനങ്ങളെ ഇതൊക്കെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും