ശ്രീലങ്കൻ ഭീകരാക്രമണവും കാസര്‍കോഡ് എന്‍.ഐ.എ റെയ്‌ഡും ചില ഊഹാപോഹങ്ങളും

393

SA Ajims എഴുതുന്നു 

ശ്രീലങ്കയിലെ ഭീകരാക്രമണവും കഴിഞ്ഞ ദിവസം കാസര്‍കോഡ് നടന്ന എന്‍ഐഎ റെയ്ഡുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഊഹാപോഹങ്ങളെ പോലെ തന്നെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും.

SA Ajims
SA Ajims

1. ശ്രീലങ്കന്‍ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്ന സഹ്‌റാന്‍ ഹാഷിം മലപ്പുറം സന്ദര്‍ശിച്ചുവെന്നാണ് ഒരു വാര്‍ത്ത. ഇങ്ങനെ എന്‍ഐഎ പറഞ്ഞിട്ടില്ല. ഈ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ എന്ത് സ്രോതസുകളുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത നല്‍കിയതെന്നുമറിയില്ല. തീവ്രവാദകേസുകളില്‍ മലപ്പുറത്തിന്റെ സമീപജില്ല എന്നൊക്കെ വിശേപ്പിക്കപ്പെടാറുള്ള സാഹചര്യത്തില്‍ ഈ വാര്‍ത്തകളുടെ ഉദ്ദേശം കേരളം ഒരു ടെറര്‍ ഇന്‍കുബേറ്ററാണെന്ന് സ്ഥാപിക്കുകയാണ്. ലക്ഷ്യം പൊതുതെരഞ്ഞെടുപ്പും.

2. എന്‍ഐഎ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇന്നലെ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ സഹ്‌റാന്‍ ഹാഷിമിന്റെ പ്രഭാഷണങ്ങള്‍ ഫോളോ ചെയ്തിരുന്നു എന്ന് പറയുന്നു. കേരളത്തില്‍ സമാനമായ ഒരു ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിയാസ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എന്‍ഐഎ പറയുന്നു. ഇത് കേവലം പിടിയിലായ ആളുടെ മൊഴിയില്‍ നിന്നുള്ള തെളിവാണ്. തെളിയിക്കേണ്ടത്് എന്‍ഐഎ ആണ്.

3. ഈ സമയത്ത് റെയ്ഡ് നടത്തി മാധ്യമങ്ങളെ അറിയിക്കുന്നത് എന്‍ഐഎ നടത്തുന്ന രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന ആരോപണമുണ്ട്. ശരിയായിരിക്കാം. എന്‍ഐഎ പലപ്പോഴും ഭരണകൂടത്തിന്റെ രാഷ്ട്രീയായുധമാവുന്നുണ്ടെന്ന് പാനായിക്കുളം കേസ് തെളിയിക്കുന്നു.

എന്നാല്‍, ശ്രീലങ്ക കേരളത്തേപ്പോലെ തന്നെ തീവ്രവാദത്തിന് വളക്കൂറില്ലാത്ത മണ്ണായിരുന്നു. അവിടെ ചാവേറാക്രമണം നടത്തിയവര്‍ സ്വന്തമായി പള്ളിയുള്ളവരും പള്ളികളില്‍ ക്ലാസ് നടത്തുന്നവരുമൊക്കെയാണ്. ഐഎസിന് അനുസരണ പ്രതിജ്ഞ ചെയ്യുന്ന അവരുടെ വീഡിയോ അടക്കം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഈ ഗ്രൂപ്പിനെ കുറിച്ച് അവിടുത്തെ മുസ്ലിം സംഘടനകള്‍ തന്നെയാണ് ഭരണകൂടത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് പോലും അവഗണിച്ചതു കൊണ്ടാണ് അവിടെ ആക്രമണം തടയാന്‍ കഴിയാതിരുന്നത്. അയല്‍ രാജ്യത്ത് ഇത്തരമൊരു സംഭവമുണ്ടാവുമ്പോള്‍ ഇന്ത്യയില്‍ ഇത്തരമൊരു പരിശോധന നടത്തുകയും അവരുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനെ എങ്ങനെയാണ് വിമര്‍ശിക്കാനാവുക?

4. കാസര്‍കോഡ് എന്ന പ്രദേശവുമായി ബന്ധപ്പെട്ട് ഐഎസില്‍ ചേര്‍ന്നവരെ കുറിച്ചുള്ള കാര്യങ്ങള്‍ നിലനില്‍്ക്കുന്നുണ്ട്. അഫ്ഗാനില്‍ പോയവര്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുന്നില്‍ വെച്ചു വേണം ഈ അറസ്റ്റിനെ മനസിലാക്കാന്‍.

5. ഇത് കൂടാതെ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സ്ഥിരമായ കേള്‍ക്കുന്നയാളാണ് റിയാസ് എന്നും എന്‍ഐഎ പറയുന്നു. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്കും അദ്ദേഹത്തിന്റെ പീസ് ടിവിക്കും നിലവില്‍ ഇന്ത്യയില്‍ വിലക്കുണ്ട്. സാക്കിര്‍ നായിക്കിനെതിരായ നിരോധനം രാഷട്രീയപ്രേരിതമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ മാത്രമല്ല, യുകെ, കനഡ തുടങ്ങിയ രാജ്യങ്ങളും സാക്കിര്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ഛി്ദ്രതയുണ്ടാക്കുമെന്നാണ് ആ രാജ്യങ്ങളുടെ വാദം. ടെലി ഇവാന്‍ജലിസം ആര് നടത്തിയാലും അത് സമൂഹത്തിന്റെ സൗഹാര്‍ദപരമായ നിലനില്‍പ്പിന് അനുഗുണമാണെന്ന് ഞാന്‍ കരുതുന്നുമില്ല. മറ്റ് മതങ്ങളെ കുറ്റം പറയാതെ ഈ പരിപാടി സാധ്യമല്ല എന്നുള്ളത് കൊണ്ട് തന്നെ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം വേറെ.

6. ശ്രീലങ്കന്‍ ഭീകരാക്രമണം തന്നെ ഒരു ആഗോള ഗൂഢാലോചനയാണെന്ന് ചിലര്‍ വാദിക്കുന്നു. നിലവില്‍ പുറത്ത് വന്ന തെളിവുകള്‍ പ്രകാരം (അതെ, തെളിവുകള്‍ തന്നെ) അത് ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് ചെയ്തതാണ്.അവര്‍ക്ക് ഐഎസ് സഹായമുണ്ടായോയെന്ന് ഇനിയും അന്വേഷിച്ച് കണ്ടെത്തണം. നാഷണല്‍ തൗഹീദ് ജമാഅത്ത് ഒരു പ്രാദേശിക സംഘടനയാണ്. അവര്‍ക്ക് ശ്രീലങ്കയില്‍ പള്ളിയുണ്ട്. ഇസ്ലാമിന്റെ വഹാബി വേര്‍ഷനാണ് അവര്‍ പ്രചരിപ്പിച്ചു പോന്നത്. അത് ശ്രീലങ്കയിലെ പരമ്പരാഗത സൂഫി ധാരയോട് ഏറ്റുമുട്ടുന്നതിനാല്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. മുഖം മൂടുന്ന നിഖാബ് കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നിരോധിച്ചിരുന്നു. അതിനെ പോലും അവിടുത്തെ മുഖ്യധാരാ മുസ്ലിം സംഘടനകള്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. 140 പേരെങ്കിലും ഐഎസ് ആശയക്കാരായി ശ്രീലങ്കയിലുണ്ടെന്നാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പറയുന്നത്. എഴുപത് പേരോളം അറസ്റ്റിലാണ്. ഈ ആക്രമണത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്കെതിരെ പ്രത്യാക്രമണമുണ്ടാവാതിരിക്കാനുള്ള കരുതല്‍ ശ്രീലങ്ക സ്വീകരിക്കുന്നുണ്ട്. എങ്കിലും അവിടെ അഭയാര്‍ത്ഥികളായെത്തിയ അഹമ്മദിയ്യ മുസ്ലിംകള്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ വിട്ടി പലായനം ചെയ്തിട്ടുണ്ട്. മുസ്ലിം പള്ളികളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

7. ഭീകരാക്രമണങ്ങള്‍ നടത്തുന്നത് ആരായാലും അതിന് പിന്നില്‍ ജിയോ പൊളിറ്റിക്കലായുള്ള കാരണങ്ങളും പ്രചോദനവുമെല്ലാമുണ്ട്. അതിന് ഗുണഭോക്താക്കളുമുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും താല്‍പര്യസംഘട്ടനത്തിന്റെ ഒരു കേന്ദ്രബിന്ദുവാണ് ശ്രീലങ്ക. എന്തു കൊണ്ട് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ശ്രീലങ്ക അവഗണിച്ചുവെന്നത് അവിടെ പ്രതിപക്ഷം രാഷ്ട്രീയ ചോദ്യമായി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഈ അരും കൊല നടത്താന്‍ തുനിയുന്നവരെ നയിക്കുന്ന ആ ആശയമുണ്ടല്ലോ, മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് പുണ്യപ്രവര്‍ത്തിയാണെന്ന് വിശ്വസിക്കുന്ന ആ ആശയം, അതിനെ വേരോടെ പിഴുതെറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ബാക്കിയെല്ലാം പിന്നെയാണ്.