ലങ്കൻ യുവതിയും ഇന്ത്യയിലെ വാനരപ്പടയും

640

രാവണന്റെ ലങ്കയിൽ നിന്നും യുവതികേറാമലയിലെത്തിയ
യുവതിയെ ലക്ഷ്മണരേഖ കടന്ന് അയ്യപ്പദർശനം നടത്താൻ
ഭടന്മാർ അനുവദിച്ചില്ലെന്ന വാർത്ത സാങ്കലിപിക ഇതിഹാസലോകത്തു ജീവിക്കുന്ന
ഗോമാതപുരത്തെ വാനരവൃത്തങ്ങളിൽ തെല്ലൊരാശ്വാസം ജനിപ്പിച്ചിരുന്നെങ്കിലും
യുവതി അയ്യപ്പദർശനം നടത്തിയതായി സ്ഥിരീകരിച്ചതോടെ 
വാനരന്മാർ വാലിൽതൂങ്ങിക്കിടന്നു കരയാനാരംഭിച്ചു.

രാമനുപേക്ഷിച്ച സീതയുടെ ഒരു മുഖച്ഛായ
ഉണ്ടായിരുന്നു ലങ്കൻ യുവതിക്കെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത് തങ്ങളുടെ രാമവികാരം വ്രണപ്പെടുത്തിയെന്നും സീത അയോദ്ധ്യയുടെ അയൽരാജ്യമായ
ഗുജറാത്തിൽ തന്നെയുണ്ടെന്നും അവർ വ്യക്തമാക്കി.

പാർട്ടി സെക്രട്ടറി ഹനുമാൻ ഷായെ ഉടനെത്തന്നെ ലങ്കാദഹനത്തിന് വീണ്ടും അയക്കണമെന്നുള്ള അവരുടെ മുറവിളിയെ തുടർന്ന് ആവേശംകയറി
ലങ്കയിലേക്ക് ചാടാനൊരുങ്ങി വായുവലിച്ചുകയറ്റിയ
ഷായുടെ ബലൂൺ, അവിടേയ്ക്കു സൗഹൃദസന്ദർശനം നടത്താനിരിക്കുന്ന രാമൻ രഹസ്യമായി കുത്തിപ്പൊട്ടിച്ചു

എന്നാൽ അയ്യപ്പൻറെ ബ്രഹ്മചര്യത്വം തകർക്കാൻ ലങ്കയിൽ നിന്ന് കച്ചകെട്ടി വന്നത് ശൂർപ്പണകയോ ലങ്കാലക്ഷ്മിയോ മണ്ഡോദരിയോ എന്നകാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും ഓർഡിനൻസ് ഇറക്കാത്ത രാമൻ
നിഷ്ക്രിയനായെന്നും ചടയമംഗലത്തു വീണ ജടായു ജീവിച്ചിരുന്നെങ്കിയിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്നും വാനരന്മാർ അടക്കം പറയാൻ ആരംഭിച്ചു.

കാര്യങ്ങൾ കൈവിട്ടാൽ തലയിലെ കളിമണ്ണും ചാണകവും കുഴച്ചു മിശ്രിതമാക്കി ലങ്കയിലേക്ക് സേതുപണിഞ്ഞു അവിടെത്തി തെങ്ങുകളിൽ കയറി സ്ത്രീകളെ തേങ്ങയെറിഞ്ഞു ശിക്ഷിക്കുമെന്ന് അവരുടെ നേതാവ് അംഗദൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇന്നലെ ഹർത്താലിനോടനുബന്ധിച്ചു നടന്ന വാനര-ദ്രാവിഡ യുദ്ധത്തിൽ വാനരന്മാർ അമ്പേ പരാജയപ്പെട്ടത് നീരാഹാരവ്രതം അനുഷ്ഠിക്കുന്ന ചിലരിൽ പാവയ്ക്കാ ജ്യൂസ് കുടിച്ച പ്രതീതിയുണ്ടാക്കി എന്ന് റിപ്പോർട്ട് ചെയ്ത ദ്രാവിഡവനിതയെ വാനരന്മാർ ആക്രമിച്ചു.
(എടപ്പാളിൽ പശുക്കളുടെ പുറത്തേറി വരിവരിയായിവന്ന വാനരന്മാർ ദ്രാവിഡരുടെ ആക്രമണത്തിൽ ചിതറിയോടിയത് വാർത്തയായിരുന്നു )

(ചരിത്രത്തെ അപനിർമ്മിക്കുന്നവർ യശോദാ ബെൻ എന്ന സ്ത്രീ ത്രേതായുഗത്തിൽ ജീവിച്ചിരുന്നില്ല, അവർ ദ്വാപരത്തിൽ കൃഷ്ണന്റെ വളർത്തമ്മയായിരുന്നു എന്ന് എഴുതിയത് അഭിനവരാമന്റെ നൈഷ്ഠിക ബ്രഹ്മചര്യത്വം ശുദ്ധികലശത്തിലൂടെ കാത്തുസൂക്ഷിക്കാനുള്ള കുത്സിത കോപ്രായമെന്നു കൊട്ടാരത്തിനുപുറത്തുനിന്നു സംസാരിച്ച രണ്ടു പ്രജകളെ ഭടന്മാർ പഞ്ഞിക്കിട്ട വിവാദം കാരണമാണ് രാമൻ യുവതികേറാമല വിഷയത്തിൽ അധികം ഇടപെടാത്തതെന്ന് അയോധ്യയിലെ ഒളിഞ്ഞുനോട്ടക്കാർ പറയുന്നു)

Advertisements