സജിൻ ബാബുവിന്റെ ബിരിയാണിയിൽ അത്രത്തോളം മുസ്ലിം വിരുദ്ധതയോ ?

273

Sruthi Rajan Payyanur

സജിന്‍ ബാബുവിന്റെ ‘ബിരിയാണി’യോളം മുസ്ലീംവിരുദ്ധതയുള്ള ഒരു സിനിമ മലയാളസിനിമയുടെ തന്നെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് കഷ്ട്ടപ്പെട്ടിരുന്നു കണ്ടു തീര്‍ത്ത തൊണ്ണൂറു മിനിട്ടുകളുടെ അനുഭവത്തില്‍ പറയാനുള്ളത്. അങ്ങേയറ്റം disturbing ആയ തൊണ്ണൂറു മിനിട്ടുകള്‍. രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ഇരുന്ന് ഇതുപോലൊരു സിനിമ ഉണ്ടാക്കണമെങ്കില്‍ അത്രയും ഇസ്ലാമോഫോബിക് ആയ, മതവും സോഷ്യല്‍ സ്റ്റാറ്റസും ഉള്‍പ്പെടെ പല കാര്യങ്ങളില്‍ പ്രിവിലേജ്ഡ് ആയ ഒരു എഴുത്തുകാരനും സംവിധായകനും മാത്രമേ സാധിക്കൂ. ബിജെപി പോലെ ഒരു anti-Muslim രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന രാജ്യത്ത്, മുസ്ലീംവിരുദ്ധതയ്ക്ക് എണ്ണ പകരുന്ന നരേട്ടീവുകള്‍ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്തിരുന്ന് സജിന്‍ ബാബു ചെയ്ത ഈ സിനിമയെ ക്രൈം എന്നതില്‍ കുറഞ്ഞൊന്നും വിളിക്കാന്‍ സാധിക്കുന്നില്ല. നടപ്പിലുള്ള മുസ്ലീംവിരുദ്ധ നരേട്ടീവുകളെ ശരി വെക്കുന്ന, ആദ്യാവസാനം മുസ്ലീം സമുദായത്തിനോടുള്ള Othering മാത്രം കാണിച്ചു കൊണ്ടുള്ള ഒരു പടപ്പ്.

മൃഗങ്ങളെ കൊന്നു തിന്നാനും രതിക്കും മാത്രമായി ജീവിക്കുന്ന, തീവ്രവാദികളായ, സ്ത്രീവിരുദ്ധരായ ആണുങ്ങള്‍ ആണ് സജിന്റെ കണ്ണില്‍ രണ്ടായിരത്തി ഇരുപത്തിയൊന്നിലും ഇസ്ലാമിലെ ആണുങ്ങള്‍. പത്താം ക്ലാസിന് ശേഷം പഠിക്കാന്‍ സാധിക്കാതെയും മറ്റൊരു സ്വാതന്ത്ര്യവും സാധ്യമാകാതെയും ഈ ആണുങ്ങളുടെ നിരന്തര വിക്റ്റിമുകള്‍ മാത്രമായി ജീവിക്കേണ്ടി വരുന്നവരാണ് സജിന്റെ സഹതാപ കാഴ്ചയില്‍ പെട്ട് മോക്ഷം ലഭിച്ച ഇസ്ലാമിലെ പെണ്ണുങ്ങള്‍. സംഘപരിവാര്‍ പറഞ്ഞു പുളിച്ച കാര്യങ്ങള്‍ തന്നെ ഖദീജ എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തി വരിവരിയായി ഫീഡ് ചെയ്ത് വിടുകയാണ് ചിത്രം അവസാനിക്കുന്നത് വരെ. ഒരു നേരിയ ആശ്വാസത്തിന്റെ തരിമ്പു പോലും ബാക്കിയാക്കാതെയാണ് സിനിമ അവസാന ടൈറ്റിലുകള്‍ വരെ എത്തുന്നത്. കുത്തിത്തിരുകാവുന്നതിന്റെ പരമാവധി വിഷയങ്ങള്‍ ഒരു കഥാപാത്രത്തിന്റെ സഹനപാതയിലേക്ക് ഇട്ടു കൊടുത്തിട്ട് അതിനെ വിളിക്കുകയാണ്‌ സ്ത്രീപക്ഷം എന്ന്. ആദ്യാവസാനം ഒരു സമുദായത്തെ മുന്‍നിര്‍ത്തി വയലന്‍സ് കാണിച്ചുകൊണ്ട് നിങ്ങള്‍ ചെയ്തത് സ്ത്രീപക്ഷം പറയുകയല്ല, othering ആണ്. അത് മാത്രമാണ്.

സിനിമയുടെ കഥയ്ക്കൊപ്പം പാരലല്‍ ആയി ചാനല്‍ ചര്‍ച്ചയിലെ രംഗങ്ങളായി കാണിച്ച വാഗ്വാദങ്ങള്‍ ആവട്ടെ അങ്ങേയറ്റം toxic ആയ content ആണ്. ബാലന്സിങ്ങിനു വേണ്ടി ചേര്‍ത്ത കൌണ്ടര്‍ വാദങ്ങള്‍ ഒക്കെയും ഒന്നുകില്‍ weak points, അല്ലെങ്കില്‍ ആദ്യത്തെ വാദത്തെ ഖണ്ഡിക്കാനുള്ള പോയിന്റുകള്‍ അല്ല എന്ന നിലയ്ക്കാണ് കൊടുത്തിരിക്കുന്നത്. ആദ്യത്തെ വാദങ്ങള്‍ തെറ്റാണ് എന്ന് ഉദ്ദേശിക്കുന്ന യാതൊരു ശ്രമവും സ്ക്രിപ്റ്റില്‍ വരുത്തിയിട്ടുമില്ല. ഫലത്തില്‍ ഫീഡ് ചെയ്യപ്പെടാന്‍ പോകുന്നത് അതിലെ ഇസ്ലാമോഫോബിക് ആയ statements മാത്രം ആണ് എന്നത് എഴുതിയപ്പോഴോ ചിത്രീകരിക്കുമ്പോഴോ പോലും സംവിധായകന് തോന്നിയിട്ടില്ലെങ്കില്‍ ഇസ്ലാമോഫോബിയയുടെ തിമിരം ഉള്ളത് കൊണ്ട് തന്നെയാണെന്ന് പറയേണ്ടി വരും. സമൂഹത്തിലെ നടപ്പ് മുസ്ലീംവിരുദ്ധതയെ ഒന്നുകൂടെ ഊട്ടിയുറപ്പിക്കാന്‍ മാത്രമാണ് ബിരിയാണി എന്ന സിനിമ കൊണ്ട് സാധ്യമാകുന്ന ഒരേയൊരു കാര്യം. സംഘപരിവാര്‍ എന്ത്‌ തരം ഭീതിയാണോ ഇസ്ലാമിനെ കുറിച്ച് induce ചെയ്യുന്നത്, അതിന് അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന നിലവിലെ ഏറ്റവും ബെസ്റ്റ് ടൂള്‍ ആണ് ‘ബിരിയാണി’.

ഇതുപോലൊരു പിന്തിരിപ്പന്‍, ഇസ്ലാംവിരുദ്ധ സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ലഭിച്ച മികച്ച നടിക്കുള്ള പുരസ്ക്കാരം ആണ് പികെ റോസിക്ക് സമര്‍പ്പിക്കപ്പെട്ടത് എന്നത് മറ്റൊരു വിരോധാഭാസം!


അമ്മാളു അമ്മ

ബിരിയാണി കണ്ടു. ഉള്ളത് പറയാല്ലോ. എന്റെ നസീബ് ഒറ്റ കാരണം കൊണ്ട് വലിയ കുഴപ്പങ്ങൾ ഇല്ലാണ്ട് കയിച്ചിലായി.
അല്ല സജിൻ ബാബു, താങ്കൾക്ക് ഇസ്ലാംഫോബിയ ഉണ്ടെന്ന് മനസ്സിലായി, എന്നാലും ആദ്യമായി മലയാളത്തിൽ ഇത്രേം ബോൾഡ് ആയിട്ടൊരു അറ്റംപ്റ് വരുമ്പോ ഇത്തിരി ക്വാളിറ്റിയിൽ സംഭവം എടുത്തൂടെ? കാണുന്നവർക്കും എന്തേലുമൊക്കെ ഒരു നേട്ടം വേണ്ടേ.
മലയാള സിനിമയിൽ അവസാനമായി ഇത്രേം ദുരന്തങ്ങൾ ഒന്നിച്ചു നേരിട്ട നായിക ആകാശദൂത്തിലെ ആനി ആണെന്ന് തോന്നുന്നു. ഹാ എത്ര പരിതാപകരം.

ഇതിപ്പോ ഇസ്ലാം എന്ന മതത്തെയാണോ, അതിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയാണോ അതോ ഇവയോടൊക്കെയുള്ള സമൂഹത്തിന്റെ സമീപനത്തെയാണോ, ഇതിൽ ഏതിനെയാണ് സംവിധായകൻ സത്യത്തിൽ വിമർശിക്കാനോ തുറന്ന് കാട്ടാനോ ശ്രമിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് സംശയം ബാക്കിയാണ്.വല്ലാണ്ട് oppressed ആയിട്ടുള്ള ഒരു മുസ്ലിം വനിത. ഒന്നിനുപുറകെ ഒന്നൊന്നായി ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന അവൾ സമൂഹത്തോട് കാണിക്കുന്ന പ്രതിഷേധം വേശ്യവൃത്തി ഒരു മോശം തൊഴിൽ എന്ന ഉൾധാരണ ഉള്ളിൽ പേറിക്കൊണ്ട് അത് തെരെഞ്ഞെടുക്കുകയും, അവസാനം ഒരു ചാപിള്ളയെ ബിരിയാണി ചെമ്പിൽ ഇട്ട് പുഴുങ്ങുന്നു എന്നതുമാണ്.
സജിൻ ബാബുവിന് ബിരിയാണി വെച്ച് വലിയ പരിചയമില്ലാഞ്ഞിട്ടാണോ എന്നറിയില്ല എന്നാലും അടുത്ത വട്ടം ബിരിയാണിയിലോട്ട് എന്തേലും ഇടുന്നതിനു മുൻപ് അതിനെ ചെറിയ കഷ്ണങ്ങളായി മുറിക്കാൻ ശ്രെദ്ധിക്കുമല്ലോ.

വേശ്യവൃത്തി ഒരു മോശം തൊഴിൽ ആണെന്ന് ഞാൻ പറയില്ല. ആരുമില്ലാത്ത സ്ത്രീകൾക്ക് അതുമാത്രമാണ് ഏക ആശ്രയം എന്ന് ഒട്ടുമേ സമ്മതിച്ചുതരാനും കഴിയില്ല. തീരെ യോജിക്കാൻ കഴിയാത്തത്, ഖദീജയുടെ sexual liberation ആണ് പ്രൊസ്ടിട്യൂഷൻ എന്ന നിലയ്ക്കുള്ള പൊട്രെയൽ ആണ്. സ്ത്രീകൾക്ക് ലൈംഗിക സുഖത്തിനു ഒരു പുരുഷൻ ഉണ്ടായേ തീരു എന്നൊക്കെയുള്ള ആ മനോവിധി. (വാ പൊത്തി ചിരിക്കുന്നു )അവളാദ്യം അവളെ തൊട്ട ആ സീൻ ഉണ്ടല്ലോ, അത് വൃത്തിക്ക് ഒന്നുടെ അവളൊറ്റയ്ക്ക് ക്ലൈമാക്സിൽ കാണിച്ചിരുന്നെങ്കിൽ ഒരല്പം സത്യസന്ധത എങ്കിലും സിനിമയിൽ വന്നേനെ.

ഇനിയെങ്കിലും ബിരിയാണി വെക്കാൻ അറിയാവുന്നവരെ ഏല്പിക്കുക. വിശേഷിച്ചു അവയിൽ പ്രാമുഖ്യം ഉള്ള സ്ത്രീകളെ. മസാല ശെരിയാവനും ചേരുവകൾ നന്നായി അരിഞ്ഞുകിട്ടാനും അത് ഉപകരിച്ചേക്കാം.ഇത് ചുമ്മാ ഒരു ഹിന്ദു പുരുഷൻ, ഇസ്ലാമിലെ സ്ത്രീവിരുദ്ധത ബിരിയാണി വെച്ച് കുളമാക്കി എന്നല്ലാതെ കൂടുതൽ എന്ത് പറയാൻ. ഇത്രേം പുരുഷവിരുദ്ധത എനിക്ക് പോലും ഇല്ലലോ!!
ഈ അവാർഡ് ആണല്ലോ എന്റെ ഡിങ്കാ pk റോസിക്ക് സമർപ്പിക്കപ്പെട്ടത്!