“അയ്യോ ഈ മുഖത്ത് ഇത് ന്താ.. ” എന്നെക്കാളും, എന്റെ പേരിൽ അമ്മ കേട്ട ചോദ്യം ആണ് ഇത്

723

Stephy Lopaz എഴുതുന്നു 

കുറച്ചു വൈകിപോയ പോസ്റ്റ്‌.

“അയ്യോ ഈ മുഖത്ത് ഇത് ന്താ.. “

എന്നെക്കാളും, എന്റെ പേരിൽ അമ്മ കേട്ട ചോദ്യം ആണ് ഇത്. എന്നെയും കൊണ്ട് എവിടെ ചെന്നാലും ആ പാവം കെട്ടു വിഷമിച്ചിരുന്ന ചോദ്യം.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല കഴിഞ്ഞ 10 വർഷത്തോളം അമ്മേടെ ഉറക്കം കെടുത്തിയ ചോദ്യം. ഒത്തിരിപേരുടെ സമാധാന പറച്ചിലും, സ്നേഹത്തോടെ ഉള്ള മരുന്നിന്റെ കണ്ടുപിടിത്തങ്ങളും കാരണം കാശ് പോയിട്ടു വിഷമത്തോടെ “ഇത് പോന്നില്ലല്ലോ മോനെ..” ന്നു പറയണ അമ്മയെ കാണാൻ തുടങ്ങീട്ട് എത്ര നാളായി.

ഈ സ്നേഹകൂടുതൽ കാണിച്ച ബന്ധുക്കൾ, വീട്ടുകാർ, കുടുംബക്കാര്, ആന്റിമാര്, നാട്ടുകാര്, വഴിയിൽ കൂടി പോയ എന്നെയോ ന്റെ പ്രശ്ങ്ങളെയോ അറിയില്ലാത്ത അപരിചിതരോട് കൂടിയാണ്… നിങ്ങളോട് ആണ്… ന്റെ അമ്മക്ക് വേണ്ടിയാണ്.. ഇത്.

നിങ്ങൾക്കറിയോ നിങ്ങടെ, എന്റെ മുഖത്തിനോടും ഈ പാടുകളോടും ഉള്ള ഈ സ്നേഹകൂടുതൽ കാരണം ഒരുകാലത്തു നഷ്ടപെട്ട ആത്മവിശ്വാസത്തെ പറ്റി?

Adolescent age il ഉണ്ടായിരുന്ന pcod ടെ ഭാഗം ആണ് ഇതൊക്കെ എന്ന് പറഞ്ഞു മനസിലാക്കി മടുത്തു എന്നെ തന്നെ നോക്കാൻ മറന്നു പോയ എന്റെ കുറേ ദിവസങ്ങളെ പറ്റി?

പീരിയഡ് ന്റെ ടൈമിൽ ദിവസങ്ങളോളം വേദന എടുത്തു കരയുന്ന, ഓവർ ഫ്ലോ കാരണം പേടിയോടെ സ്കൂളിലും കോളേജിലും പോയിരുന്ന എന്നോട് നിങ്ങൾക്കു പക്ഷേ പറയാൻ ഉണ്ടായിരുന്നത് എന്റെ മുഖത്തെ പാടുകൾ ഇന്നത്തെ കാലത്തെ സ്വന്ദര്യ സങ്കല്പങ്ങൾക്കു പറ്റിയതല്ല എന്നായിരുന്നു.

കോളേജിൽ നിന്നും യൂണിവേഴ്സിറ്റി il നിന്നും ഒക്കെ നാഷണൽ ക്യാമ്പ് ഇനും മറ്റും നാടിനെ യും സംസ്ഥാനത്തിനെയും പ്രതിനിധികരിച്ചു പോയിരുന്ന എന്നോട് നിങ്ങൾക്കു പറയാൻ ഉണ്ടായിരുന്നത് “ഇങ്ങനെ നടന്നു കോലം കെട്ടാൽ കൊണ്ട് നടക്കാൻ ഒരാളും ഉണ്ടാകില്ല ട്ടോ ” എന്നായിരുന്നു.

ഡിഗ്രി കഴിഞ്ഞു തമിഴ്നാട്ടിൽ MSW പഠിക്കാൻ പോയി ലീവിന് വരുമ്പോഴും നിങ്ങൾ എനിക്കു തന്ന ഉപദേശം ” ഹാ ആ നാട്ടിൽ പോയി പാണ്ടി കോലം ആയല്ലോ.. അല്ലെങ്കിലേ മുഖം നിറയെ ഈ പാട് ആണ്.. അപ്പോഴാ.. ”

അത് കഴിഞ്ഞു മറ്റൊരു പിജി എടുക്കാൻ കൊച്ചിയിൽ വരുമ്പോഴും എന്റെ നാട്ടിലോട്ടുള്ള വരവിനെ ഒരു പരിധിവരെ മാറ്റി നിർത്തിയിരുന്നത് നിങ്ങടെ ഈ ‘സ്നേഹപ്രകടനം’ ആയിരുന്നു.

പഠിത്തം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി ഞാൻ ശ്രമിക്കുമ്പോഴും നിങ്ങടെ സ്നേഹപ്രകടനം വന്നിരുന്നു എങ്ങനെ എന്നോ “എന്റെ മോളി ചേച്ചി അതിനെ ഇങ്ങനെ വിടാതെ വല്ല കല്യാണോം നോക്ക്.. ഒന്നാതെ മുഖത്തൊക്കെ ഈ പാട് ആണ്.. ഒരു ചെറുക്കാൻ വരണ്ടേ.. ”

ഈ ചെറിയ-വലിയ സ്നേഹ പ്രകടനത്തിൽ എനിക്ക് തോന്നിയിട്ടുണ്ട് ആരുടെയും കാല് പിടിക്കാതെ മെറിറ്റ് സീറ്റിൽ ഞാൻ മേടിച്ചെടുത്ത സ്കൂൾ ലെയും കോളേജിലും അഡ്മിഷനുകളെ കുറിച്ച്.

ഇതൊക്കെ കേട്ടിട്ടും പാട്ടിനും ഡാൻസിനും പറ്റുന്ന മത്സരങ്ങൾക്കൊക്കെയും കൊണ്ട് പോയിട്ടുള്ള ഇപ്പോഴും കൊണ്ട് പോകുന്ന എന്റെ അപ്പന്റെ ദിവസങ്ങളെ പറ്റി.

വീടിന്റെ ഷെൽഫിൽ ഇരിക്കുന്ന 100ഓളം ട്രോഫികളും ഒരു വലിയ ബാഗ് നിറയെ ഉള്ള സെര്ടിഫിക്കറ്ററുകളും..അവിടെയും അഭിനന്ദിക്കാൻ അടുത്ത് വിളിച്ചിട്ടു നിങ്ങൾ സ്നേഹത്തോടെ പറഞ്ഞിരുന്ന “ഇയ്യോ ഈ മുഖത്തെ പാട് ഒക്കെ കൂടിയാലോ കൊച്ചേ, വല്ല മരുന്നും മേടിച്ചിട്” എന്നിട്ടു പറയാൻ വന്നത് മറന്നു ലോകത്തെങ്ങും ഇല്ലാത്ത മരുന്ന് ഉപദേശിച്ചു തന്ന ദിവസങ്ങൾ.

ഇതുകാരണം, ഈ സ്നേഹപ്രകനം കാരണം വന്ന എത്രയോ നല്ല വേദികൾ infiority complex കാരണം പേടിച്ചു കളഞ്ഞത്.

ഡബിൾ പിജി ഉം എടുത്തു ജോലി ചെയ്തു തുടങ്ങിയപ്പോൾ നിങ്ങൾ പറഞ്ഞ സ്നേഹപ്രകടനം ഉണ്ടല്ലോ “ഹാ പെട്ടെന്നു കല്യാണം നോക്കിക്കോ, എന്നിട്ടു ഒരു പ്രസവം കഴിയുമ്പോ ഇതൊക്കെ അങ്ങ് മാറും “എന്ന്.. അപ്പോ ഞാൻ ഓർത്തു പോയി എന്റെ ഇത്രേം കാലം ഉള്ള ജീവിതവും ഞാൻ നേടിയ ചെറിയ ചെറിയ നേട്ടങ്ങളും ഒക്കെ ഈ മുഖത്തെ പാട് മാറാൻ വേണ്ടി ഉള്ളതായിരുന്നോ എന്ന്??

ഞാൻ ഒന്ന് പ്രസവിച്ചാൽ തീരുന്ന പ്രശ്നം ആയിരുന്നോ എന്റെ മുഖത്ത് ഈ കഴിഞ്ഞ 10 വർഷമായി ഉണ്ടായിരുന്നത് എന്ന്..?
ഈ പാടുകൾക്കും അപ്പുറം ഞാൻ എന്ന വ്യക്തിയെ നിങ്ങൾ കണ്ടിരുന്നിലെ എന്ന്.

പക്ഷേ, ഇന്ന് ഇത് എഴുതുമ്പോ മുഖത്തെ മുഴുവൻ പാടും പോയി fair and lovely ടെ മോഡൽ ആയതിന്റെ നന്ദി പ്രകടനം അല്ല.. പണ്ടത്തെ പോലെ തന്നെ ഇപ്പോഴും ന്റെ കൂടെ ഉള്ള ഈ പാടുകൾ എന്റെ ഉറക്കം കെടുത്തുന്നില്ല എന്ന തിരിച്ചറിവ് ആണ്.

അതിനു കാരണം ഇത്രേം ഒക്കെ കേട്ടിട്ടും ഒരിക്കൽ പോലും അതിന്റെ പേരിൽ വിഷമിക്കുന്നത് കാണാത്ത, പോകാൻ പറ ന്നു പറയണ അപ്പൻ, ഇനി ഒരു ചെറുക്കനെ കിട്ടില്ലാട്ടോ എന്ന് കേട്ടിട്ടും കെട്ടിച്ചു വിടാൻ പറയാത്ത ന്റെ അമ്മയും, അതൊക്കെ അങ്ങ് പോയിക്കോളും എന്ന് പറയുന്ന ചുരുക്കം ചില സുഹൃത്തുകളും, ഒരു ഇച്ചിരി പൌഡർ കൂടുതൽ ഇട്ടാൽ “ന്തിനാടി ഇതൊക്കെ ഇടുന്നെ, അല്ലാതെ വന്നാൽ ഇപ്പൊ ന്താ.. ” ന്നു ചോദിക്കുന്ന ആ മനുഷ്യനും ഒക്കെയാണ്.

അതുകൊണ്ട്, നാട്ടിലേം വീട്ടിലേം ഒക്കെ ആന്റിമാരോടും അമ്മായിമാരോടും, വഴിയിൽ കൂടി പോകുന്ന ആരോകെയോടും ആണ്…. നിങ്ങള്ക്ക് അറിയില്ലാത്ത ഒത്തിരി കാര്യങ്ങൾ, അതിനെ face ചെയ്തു കടന്നു പോകുന്ന മനുഷ്യന്മാരോട് ചെന്ന് നിന്റെ മുഖവും, രൂപവും, അതിലുള്ള മറുകിനും ആണ് ഈ ലോകത്തു പ്രാധാന്യം എന്ന് പറഞ്ഞു അവരുടെ, അത്രേം കാലത്തെ ശ്രമങ്ങളെ തകർക്കരുത്.
ഒരിക്കലും ചെയ്യരുത്, കാരണം ഒന്ന് തിരിച്ചു വരാൻ കുറേ ഏറെ കാലം എടുക്കുന്ന മനുഷ്യന്മാർ ആണ്.

പക്ഷേ തിരിച്ചു വരും.ഉറപ്പാണ്!

Everyone is having their own battle.

Oct 10: world Mental Health Day.
Oct 11: International Girl Child day.

സ്നേഹത്തോടെ,
Stephy Lopaz.
Pc: Anoop Venu