അന്ന് തട്ടിക്കൊണ്ടുപോയി, ഒരു കാളയ്ക്ക് പകരം വിറ്റു, 73 വർഷത്തിനുശേഷം ഇന്ത്യയിലുള്ള കുടുംബത്തെ കണ്ടെത്തിയപ്പോൾ അവർക്ക് സന്തോഷം അടക്കാനായില്ല

93

അന്ന് തട്ടിക്കൊണ്ടുപോയി, ഒരു കാളയ്ക്ക് പകരം വിറ്റു, 73 വർഷത്തിനുശേഷം ഇന്ത്യയിലുള്ള കുടുംബത്തെ കണ്ടെത്തിയപ്പോൾ അവർക്ക് സന്തോഷം അടക്കാനായില്ല.

86 -കാരിയായ ഡാഫിയ ബായ് എന്ന ഐഷയ്ക്ക് മൊബൈൽ സ്ക്രീനിൽ നോക്കുമ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. കരഞ്ഞുകലങ്ങിയ ആ കണ്ണുകളിൽ പക്ഷേ ഇപ്പോൾ പ്രതീക്ഷയുടെ തിളക്കം ഉണ്ട്. വീഡിയോ കോളിൽ അവരുടെ ബന്ധുക്കളും, സഹോദരന്‍റെ പേരക്കുട്ടികളുമാണ്. വിഭജനത്തിനുശേഷം ആദ്യമായാണ് അവർക്ക് തന്റെ നഷ്ടപ്പെട്ട കുടുംബത്തെ ഒരു നോക്ക് കാണാൻ സാധിക്കുന്നത്. വർഷങ്ങളുടെ വേർപാടിനൊടുവിൽ അവരെ കണ്ടപ്പോൾ, സന്തോഷം അടക്കാനാവാതെ സ്‌ക്രീനിൽ നിർത്താതെ ചുംബിച്ചു കൊണ്ടിരിക്കയായിരുന്നു അവർ. വിഭജനസമയത്ത് കുടുംബത്തിൽ നിന്ന് വേർപ്പെട്ട അവർ ഈ മാസം ആദ്യം ഒരു ഫോൺ കോളിലൂടെ ഇന്ത്യയിലെ തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുകയായിരുന്നു. 13 വയസുള്ളപ്പോഴാണ് കുടുംബത്തിൽ നിന്ന് ഐഷ അടർത്തി മാറ്റപ്പെട്ടത്. പാകിസ്ഥാൻ യൂട്യൂബർ മുഹമ്മദ് അലംഗിർ കഴിഞ്ഞ വർഷം ഡാഫിയയുടെ കഥ ഒരു യൂട്യൂബ് വീഡിയോ വഴി പങ്കിട്ടിരുന്നു. അങ്ങനെയാണ് വർഷങ്ങൾക്കുശേഷം വീണ്ടും അവർ കുടുംബവുമായി ഒന്നിക്കുന്നത്. 86 വർഷത്തെ ജീവിതകാലത്ത് ഐഷ വളരെയധികം കഷ്ടപ്പെട്ടു. അവളുടെ പേര് മുതൽ മതം വരെ എല്ലാം മാറ്റപ്പെട്ടു. വിഭജനസമയത്ത് ഒരാൾ അവളെ തട്ടിക്കൊണ്ടു പോവുകയും ഒടുവിൽ ഒരു കാളയ്ക്ക് വേണ്ടി മറ്റൊരാൾക്ക് വിൽക്കുകയും ചെയ്‌തു. എന്നാൽ, അദ്ദേഹം ഡാഫിയ ബായിയെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ അവർക്ക് മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്. അവർ സന്തോഷത്തോടെ അവരോടൊപ്പം പാകിസ്ഥാനിൽ കഴിഞ്ഞു

എന്നിരുന്നാലും, ഐഷ തന്റെ ഇന്ത്യയിലുള്ള കുടുംബത്തെ ഓർമ്മിക്കാറുണ്ടായിരുന്നു. തന്റെ അച്ഛനെയും, അമ്മയെയും സഹോദരങ്ങളെയും അവർ എപ്പോഴും ഓർത്തു. മയിലുകൾ ഓടിക്കളിക്കാറുള്ള തന്റെ വീടും അവർക്ക് മറക്കാനായില്ല. തന്റെ സഹോദരങ്ങളെ കുറിച്ചും, വീടിനെ കുറിച്ചും അവർ തന്റെ മക്കളോട് എപ്പോഴും പറയുമായിരുന്നു. മക്കളോടൊപ്പം താമസിക്കുമ്പോഴും തന്റെ കുടുംബത്തിനായുള്ള തിരച്ചിലിലായിരുന്നു അവർ.
അവരുടെ വീഡിയോ ദില്ലി നിവാസിയായ സൈദ് മുഹമ്മദ് ഖാൻ കാണാൻ ഇടയായതാണ് വഴിത്തിരിവായത്. വിഭജനകഥകളിൽ താല്പര്യമുള്ള ഖാൻ, ഐഷയുടെ കുടുംബത്തിനായി തെരച്ചിൽ ആരംഭിച്ചു. ഐഷ താമസിച്ചിരുന്ന ബിക്കാനറിലെ ചില ആളുകളുമായി അവരുടെ കഥ അദ്ദേഹം പങ്കുവെച്ചു. പൊതുവായി ലഭ്യമായ റെവന്യൂ രേഖകളിൽ അവരുടെ സഹോദരങ്ങളെ കുറിച്ചുള്ള വല്ല വിവരവും ലഭ്യമാകുമോ എന്നദ്ദേഹം അന്വേഷിച്ചു. വീഡിയോയിൽ പറയുന്ന അവരുടെ സഹോദരങ്ങളുടെ പേരുകൾ ബിക്കാനറിലെ സർക്കാർ ഓഫീസിലെ രേഖകളിൽ ഉണ്ടോയെന്നദ്ദേഹം തിരക്കി.

അങ്ങനെയാണ് ഒടുവിൽ ഐഷയുടെ കുടുംബത്തെ കണ്ടെത്തുന്നത്. 73 വർഷത്തിന് ശേഷം നഷ്ടമായ സ്വന്തം കുടുംബത്തെ കണ്ടെത്തിയപ്പോൾ അവർക്ക് സന്തോഷം അടക്കാനായില്ല. “ഞാൻ എന്റെ ജീവിതകാലം മുഴുവൻ അവരെ ഓർത്ത് കണ്ണീരൊഴുക്കി. എന്റെ കുടുംബത്തെ കണ്ടെത്താനായി ഞാൻ നേർച്ചകളും, പ്രാർത്ഥനകളുമായി കഴിയുകയായിരുന്നു” അവർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് എഴുതുന്നു. ഇപ്പോൾ എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് ഒരു വിസ വേണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. തന്റെ കുടുംബത്തെ കാണാനുള്ള അടങ്ങാത്ത മോഹമാണ് അവരുടെ ഉള്ളിൽ.

(കടപ്പാട് )