ഐശ്വര്യ രാജേഷിന്റെ ജീവിതം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്

115

Roney Ron Thomas

ഭാര്യയെയും നാലു മക്കളെയും അനാഥരാക്കി അൻപതോളം തെലുങ്കു ചിത്രങ്ങളിൽ ചെറു വേഷങ്ങൾ ചെയ്ത നടൻ രാജേഷ് യാത്ര പറയുമ്പോൾ സമ്പാദ്യമായി ഒന്നും തന്നേ കരുതി വെച്ചിട്ടില്ലായിരുന്നു.. പ്രണയ വിവാഹമായിരുന്നതിനാൽ സ്വാഭാവിക എതിർപ്പുകളുടെ പേരിൽ തൊണ്ണൂറുകളിൽ സ്വന്തം നാടായ ആന്ധ്രയിൽ നിന്നും ചെന്നൈയിലെ തിരുപൂരിലേക്ക് കുടിയേറിയ കുടുംബത്തിന് പിന്നെ പറയത്തക്ക ബന്ധുബലവും കുറഞ്ഞിരുന്നു…വ്യക്തിപരമായ പ്രശ്നങ്ങൾ തൻെറ കർമ്മ മേഖലയിലും ബാധിച്ചതിനാൽ സ്വാഭാവികമായും അദ്ദേഹം അവസാന നാളുകളിൽ ഒറ്റപ്പെട്ടു പോയി..തുടർന്ന് തമിഴിലും അവസരങ്ങൾ ലഭിക്കാതെ പോയതോടെ ബാധ്യതകളടക്കം തന്റെ കുടുംബത്തിന് മേൽ നൽകി ഒരു വിട പറച്ചിൽ.. !!

എങ്കിലും കൗമാരക്കാരായ മൂന്ന് ആണ്മക്കളെയും അവരുടെ സഹോദരിയായ ഒരു എട്ടു വയസ്സുകാരിയെ ചേർത്തു പിടിച്ചു ആ സ്ത്രീ അല്ലറ ചില്ലറ ജോലിയുമായി കുടുംബം മുന്നോട്ടു നീക്കി..ഹൗസിംഗ് ബോർഡ് കോളനിയിലെ കുടുസ്സു മുറികളിലായിരുന്നു അവരുടെ താമസം..ഭാഷ പോലും അറിയാത്ത സാഹചര്യത്തിൽ പോലും മുംബൈ പോലുള്ള നോർത്ത് സംസ്ഥാനങ്ങളിൽ പോയി സാരിയുൾപ്പടെയുള്ള തുണിത്തരങ്ങൾ വാങ്ങി ചെന്നൈയിൽ എത്തിച്ചു ചെറുകിട കച്ചവടം നടത്തിയായിരുന്നു ആദ്യ കാലങ്ങളിൽ അവർ ആ കുട്ടികളെ വളർത്തിയിരുന്നത്…ഇളയമകൾക്ക് പന്ത്രണ്ട് വയസ്സ് ഉള്ളപ്പോഴാണ് ആ കുടുംബത്തിലേക്ക്‌ രണ്ടാമത്തെ ദുരന്തം കടന്നു വരുന്നത്‌..മൂത്ത മകൻ ഒരു പ്രണയകേസിൽ പെട്ട് ആത്മഹത്യ ചെയ്യുന്നു.. അസ്വാഭാവിക മരണത്തിന്റെ പ്രതീതി ജനിപ്പിച്ചുവെങ്കിലും കേവലം ആത്മഹത്യ മാത്രമായി അത് ലോക്കൽ പൊലീസ് എഴുതി തള്ളി.. വിധിയെ പഴിച്ചു കണ്ണീരൊഴുക്കി ബാക്കി കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു സഹിക്കാൻ മാത്രമേ അവർക്ക് കഴിയുമായിരുന്നുള്ളൂ.

കാലങ്ങൾ തീവ്രത കുറച്ച മുറിവും പേറി എൽ ഐ സി ഏജന്റ് ജോലികളും മറ്റുമായി പിന്നെയും ആ സ്ത്രീ കുടുംബം തള്ളി നീക്കി..തന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ മക്കളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാതെയിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അങ്ങനെയിരിക്കെ പ്രതീക്ഷയുടെ ചിറകുകൾ മുളച്ചതിനു സമാനമായി ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച രണ്ടാമത്തെ മകന് അത്യാവശ്യം നല്ല ശമ്പളത്തിൽ ഒരു ഉദ്യോഗം ലഭിച്ചു.കുടുംബത്തിനു താങ്ങാവുന്ന രീതിയിൽ ജീവിതത്തിനൊരു ഉണർവ് ലഭിച്ചതോടെ അവരുടെ മുഖത്ത് ചെറു സന്തോഷങ്ങൾ മിന്നിമറഞ്ഞു..പക്ഷേ അതിനും അൽപ്പായുസ്സ് മാത്രമായിരുന്നു..നിനച്ചിരിക്കാതെ ഒരു റോഡ് അപകടത്തിന്റെ രൂപത്തിൽ നിർഭാഗ്യം തന്റെ അടുത്ത റോൾ പുറത്തെടുത്തു..രണ്ടാമത്തെ മകന്റെ വിയോഗത്തിനും ആ അമ്മയ്ക്ക് സാക്ഷിയാവേണ്ടി വന്നു..അതോടെ മാനസികമായി അവർ തകർന്ന് പോയിരുന്നു.

പന്ത്രണ്ടും , പതിനാലും വയസ്സുള്ള രണ്ടു കുട്ടികളും അമ്മയുമടങ്ങുന്ന കുടുംബത്തിന് പഠനത്തിനൊപ്പം ഭക്ഷണത്തിനായി പിന്നീട്‌ ചെറു തൊഴിലുകൾ കണ്ടെത്തി തള്ളി നീക്കേണ്ട അവസ്ഥ..തന്റെ ചേട്ടന്റെ അധ്വാനം കൊണ്ട് മാത്രം കുടുംബം മുന്നോട്ട് പോവില്ലെന്നു മനസ്സിലാക്കിയ ഇളയ പെണ്കുട്ടി കുറച്ചു നാളുകൾക്കുള്ളിൽ ചില ചില്ലറ ജോലികൾ കണ്ടെത്തി.. സൂപ്പർ മാർക്കറ്റുകളിൽ ബ്രാൻഡ് നെയിമുകൾ പതിച്ച ടീഷർട്ടുകൾ ധരിച്ച് വിപണിയിലെ പുതിയ ഫുഡ് പ്രൊഡക്ടുകൾ പരിചയപ്പെടുത്തുന്ന പാർട്ട് ടൈം ജോബ്..സാമ്പിൾ ചോക്ലേറ്റുകളും ,സോസുകളും മറ്റും വഴിയരികിലെ യാത്രക്കാർക്ക് പരിചയപ്പെടുത്തുന്ന ജോലി…പഠനസമയം കഴിഞ്ഞുള്ള ഇടവേളകളിൽ 225 രൂപ ശമ്പളത്തിന് അവർ ജോലിയെടുത്തു.. എന്നാൽ അതുകൊണ്ടും ചിലവുകൾ നിയന്ത്രിക്കാൻ കഴിയില്ല..തുടർന്ന് ഇവന്റുകളിലും പാർട്ടികളിലും മറ്റും നിശ്‌ചിത ശമ്പളത്തിന് ‘anchor women ‘ന്റെ കുപ്പായം അണിഞ്ഞു തുടങ്ങി.. ഡിഗ്രി പഠനം പ്രൈവറ്റായി എഴുതി തീർത്തതിന് ശേഷം ചില തമിഴ് സീരിയലിലെ ജൂനിയർ ആർട്ടിസ്റ് വേഷങ്ങൾ അവൾ തേടി കണ്ടു പിടിച്ചു..അവിടെ നിന്നും സീരിയലുകളിൽ തന്നെ ചില കൊച്ചു വേഷങ്ങൾ..മാസത്തിൽ പത്തോ ,പന്ത്രണ്ടോ ദിനമുള്ള ഷൂട്ടും.. ലഭിക്കുന്ന 1500 രൂപയും അപ്പോഴും ചെലവിന് പര്യാപ്തമായിരുന്നില്ല.. സൗഹൃദവലങ്ങളുടെ സഹായത്താൽ ചില സിനിമകളിൽ ശ്രമിച്ചു തുടങ്ങി..പക്ഷെ ക്യാമറ കണ്ണുകളിൽ അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടിയത് അവളിലെ നിറവും ,വ്യത്യസ്തത തോന്നാത്ത ordinary face എന്നൊക്കെയുള്ള ചില പോരായ്മകൾ ആയിരുന്നു..എന്നാൽ അതുകൊണ്ട് ഒന്നും അവൾ തളർന്നില്ല.. അവസരങ്ങൾ തേടി കൊണ്ടിരുന്നു..അവഹേളനങ്ങൾ മുതൽ പല പ്രതിസന്ധികളും നേരിട്ട പ്രയാണങ്ങളിൽ തന്റെ ഇരുപതാം വയസ്സിൽ ‘ നീ താന അവൻ’ എന്ന തമിഴ് ചിത്രത്തിൽ ചെറുതെങ്കിലും അൽപ്പം ശ്രദ്ധയമായ ഒരു വേഷം ആ കുട്ടിക്ക് ലഭിച്ചു.

തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ പാ രഞ്ജിത്തിന്റെ ‘ആട്ട കത്തിയിലും , മുഖം കാട്ടി..2014 ൽ പുറത്തുവന്ന അരുൺ കുമാർ സംവിധാനം നിർവഹിച്ച കോമഡി ഡ്രാമ വിഭാഗത്തിലെ വിജയ് സേതുപതി ചിത്രം ‘പന്നിയാരും പദ്മിനിയും’ സിനിമയിലാണ് നായിക പ്രധാന്യമുള്ള ഒരു വേഷം ആ നടിക്ക് ലഭിക്കുന്നത്…അഭിനയപ്രധാന്യമുള്ള റോളുകൾ തിരഞ്ഞു കണ്ടു പിടിക്കുന്ന ഒരു നല്ല അഭിനയത്രിയുടെ ത്വര അവളുടെ ഉള്ളിലുള്ളതിനാലാവണം ഉസിലാപെട്ടി സ്വദേശിയും ക്യാമറമാൻ , സംവിധായകൻ എന്ന നിലയിൽ കഴിവ് തെളിയിച്ച എം മണികണ്ഠൻ എന്ന കഴിവുറ്റ സംവിധായകന്റെ ഓഫർ ആ നടി ഇരുകയ്യും നീട്ടി സ്വീകരിച്ചത്.. മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് ഉൾപ്പടെ പത്തോളം പുരസ്കാരങ്ങളാണ് ‘kakka muttai’ എന്ന ആ ചിത്രം വാരി കൂട്ടിയത്… അതോടെ ഒരു’ നടി ‘എന്ന നിലയിൽ വ്യക്‌തി മുദ്ര ചാർത്തിയ ആ പെണ്കുട്ടി.. കോളിവുഡിന്റെ നായിക ശ്രേണിയിൽ മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ചു.

വട ചെന്നൈ, കന, kuttram dandane, റമ്മി തുടങ്ങി മലയാളത്തിലും ഹിന്ദിയിലും, തെലുങ്കിലുമടക്കം 25 ഓളം ശ്രദ്ധേയമായ ചിത്രങ്ങൾ…ധനുഷ് ,വിക്രം തുടങ്ങി മുൻ നിര താരങ്ങളുടെ നായിക പദവി…ഐശ്വര്യ രാജേഷ്…! Ted ‘ ഫൗണ്ടേഷന്റെ മീഡിയ പ്ലാറ്റ് ഫോമായ Tedx speech ൽ ആ നടി തന്റെ ജീവിതം ചുരുങ്ങി സമയത്തിൽ പ്രേക്ഷകർക്ക് മുൻപിൽ വിശദീകരിക്കുമ്പോൾ ഒരു ‘ ഫെമിനിസ്റ്റ് ‘എന്ന പദത്തിന്റെ എല്ലാ ചാരുതയും അവളുടെ അനുഭവങ്ങളിൽ നിന്നു വായിച്ചെടുക്കാം…ഇന്നത്തെ ലൈം ലൈറ്റിന്റെ പ്രതാപത്തിൽ നിന്ന് കൊണ്ട് അഭിനേതാവായ അച്ഛൻ രാജേഷിന്റെയും , അഞ്ഞൂറോളം തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ട ആന്റി ശ്രീലക്ഷ്മിയുടെയും പാരമ്പര്യത്തിന്റെ മഹിമ പറഞ്ഞു.. തെളിമയുള്ള ഒരു ഗദകാലസ്മരണകൾ തുളുമ്പുന്ന ‘fabulous talk’ വേണമെങ്കിൽ അവർക്ക് നടത്താമായിരുന്നു..മറ്റുപലരേയും പോലെ.. പക്ഷെ കടന്നു വന്ന കയ്പ്പ് നിറഞ്ഞ ജീവിതത്തിൽ നിന്നു ഉൾക്കൊണ്ട പാഠങ്ങൾ ഇങ്ങനെ ലോകത്തോട് അഭിമാനപൂർവ്വം വിളിച്ചു പറയുമ്പോൾ ആ വ്യക്തിത്വത്തിന് അത്രയും ഭംഗി കൈവരുന്നു.. മറ്റു പലർക്കും പ്രചോദനമാവുന്നു .

പാർശ്വവത്കരിക്കുന്ന സ്ത്രീത്വത്തോടുള്ള അമർഷമോ, അടിച്ചമർത്തപ്പെട്ട ജീവിതത്തോടുള്ള വിഷാദമോ അല്ല അതിലവർ വിവരിക്കുന്നത് മറിച്ചു എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിട്ട ഒരു ജേതാവിന്റെ ശരീര ഭാഷയാണ് കാണാൻ കഴിയുന്നത്…കല്ലും മുള്ളും ചവിട്ടി കടന്നു വന്ന വഴികൾ.നിറത്തിന്റെ പേരിലുള്ള അവഗണനകൾ മുതൽ casting couch ‘ വരേയുള്ള സാഹചര്യങ്ങളെ മനക്കരുത്ത് നേരിട്ട വാക്കുകൾ.തീയാണ്.

Advertisements