കേരളത്തെ പിടിച്ചുകുലുക്കിയ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ .ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്വി റാം, ശിവദ, ഗൌതമി നായര്‍ …അങ്ങനെ വൻ താരനിര ചിത്രത്തില്‍ ഉണ്ട്.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ലോഞ്ചിംഗിൽ മമ്മൂട്ടിയും സജീവസാന്നിധ്യമായിരുന്നു. എന്നാൽ മമ്മൂട്ടി ചെയ്ത പ്രസംഗത്തിൽ ചിത്രത്തിന്റെ സംവിധായകനും നടനുമൊക്കെയായ ജൂഡ് ആന്റണിയെ ബോഡി ഷെയ്മിങ് ചെയ്തതായി ആണ് പലരും ആരോപിക്കുന്നത്. ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. എന്നാൽ ഇത് പലരും ഏറ്റുപിടിച്ചു . ഇപ്പോൾ ഈ വിഷയത്തിൽ കൃത്യമായ പ്രതികരണവുമായി എത്തുകയാണ് ജൂഡ് ആന്റണി. അദ്ദേഹത്തിന്റെ വാക്കുകൾ…
“മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷന് വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ.” – ജൂഡ് ആന്റണി പറഞ്ഞു.