ഒരു മുയൽ വേലിയുടെ കഥ, മൂന്നു കുട്ടികളുടെയും.

തോമസ് ചാലാമനമേൽ

ഒരു രാജ്യം കൈക്കൊണ്ട ബുദ്ധിശൂന്യമായ രണ്ടു തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഐതിഹാസികമായ ഒരു യാത്രയുടെ കഥയാണിത്.ഒരു കാലത്തു മുയലുകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ ഒരു രാജ്യമുണ്ടായിരുന്നു, ഓസ്‌ട്രേലിയ. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ലോകമെങ്ങും ഉണ്ടായ വലിയ പുരോഗതിയുടെ കാഹളത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഓസ്‌ട്രേലിയ നേരിട്ട മുയലുകൾ മൂലമുള്ള വലിയ കെടുതികൾ. ഏതാണ്ട് 200 ദശലക്ഷം മുയലുകൾ ഓസ്‌ട്രേലിയയിൽ അന്ന് ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. അത് അന്നത്തെ ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ പത്തിരട്ടി വരുമായിരുന്നു. 1788-ലാണ് ഇവ ഓസ്‌ട്രേലിയയിൽ എത്തിപ്പെട്ടത്. ഒരു ഇംഗ്ലീഷ് കർഷകൻ വേട്ടയാടൽ വിനോദത്തിനുവേണ്ടി തുറന്നുവിട്ട 24 മുയലുകളിൽ നിന്നാണ് ഈ മുയലുകളുടെ കൂട്ടം ഓസ്‌ട്രേലിയയെ കീഴടക്കിയത്. ഒരു വർഷം 120 കിലോമീറ്റർ എന്ന കണക്കിനാണ് ഇവ പെറ്റു പെരുകി വ്യാപിച്ചുകൊണ്ടിരുന്നത്.

  വിഷം വച്ചും കെണിവച്ചും മുയലുകളെ കൊന്നൊടുക്കാനുള്ള കർഷകരുടെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. രാജ്യമെങ്ങും ദശലക്ഷക്കണക്കിനു ഡോളർ വരുമാന നഷ്ടം ഉണ്ടാക്കിക്കൊണ്ടിരുന്ന ഇവയുടെ ശല്യം തടയാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ ഒരു കമ്മീഷനെ ഗവൺമെന്റ് നിയമിച്ചു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഫലഭൂയിഷ്ഠമായ കാർഷീക മേഖലയെ മുയലിൻ്റെ ആധിക്യമുള്ള കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി രാജ്യത്തിനു കുറുകെ 3250 കിലോമീറ്ററിലധികം നീളമുള്ള ഒരു വേലി കെട്ടുക എന്നതായിരുന്നു ഏറെ നാളത്തെ പഠനത്തിനുശേഷം ആ കമ്മീഷൻ കണ്ടെത്തിയ ഉപാധി. ഒരേ സമയം 400 പുരുഷന്മാരും, 300 ഒട്ടകങ്ങളും, കുതിരകളും, കഴുതകളും ആറു വർഷം കാട്ടുതീയും, വെള്ളപ്പൊക്കവും, പട്ടിണിയും, പകർച്ചവ്യാധിയും എല്ലാം നേരിട്ടാണ് ഈ വേലികെട്ടൽ പൂർത്തിയാക്കിയത്.

ലോകത്തെ ഏറ്റവും നീളം കൂടിയ ആ വേലി സംരക്ഷിക്കാൻ ഗവണ്മെൻ്റ പിന്നീട് വേലി സംരക്ഷകരെ നിയമിച്ചു. വെള്ളക്കാരായ ഈ ജോലിക്കാർ ഈ വേലിയുടെ സമീപം താമസിച്ചിരുന്ന മാർദു എന്ന ആദിവാസി സമൂഹത്തിലെ സ്ത്രീകളുമായി ക്രമേണ സൗഹൃദത്തിലാകുന്നു. ഈ ബന്ധത്തിൽ പിന്നീട് അവർക്ക് കുട്ടികൾ ജനിക്കുന്നു. ഇത്തരത്തിൽ ജനിച്ച കുട്ടികളെ നല്ല ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തു അവരിലെ ആദിവാസി സംസ്കാരത്തെ അവരുടെ രക്തത്തിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കി അവരെ യൂറോപ്യൻ സംസ്കാരത്തിൽ വളർത്തിയെടുക്കാൻ വേണ്ടി നിർബ്ബന്ധമായി അവരുടെ വീടുകളിൽ നിന്നു പിടിച്ചുകൊണ്ടുപോകാൻ വെള്ളക്കാർ ഒരു പദ്ധതി തയ്യാറാക്കി. ജിഗലോങ് എന്ന ആ സ്ഥലത്തു നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ പെർത്തിനു സമീപമുള്ള മോർ റിവർ സെറ്റിൽമെൻറ് എന്ന ഹോസ്റ്റലിലേക്കായിരുന്നു ഈ കുട്ടികളെ കൊണ്ടുപോയിരുന്നത്.

ഈയൊരു വേർപെടുത്തൽ ആ കുട്ടികൾക്കും അവരുടെ കുടുംബത്തിനും അളവില്ലാത്ത വേദനയും ദുരിതങ്ങളുമാണ് സമ്മാനിച്ചത്. 1917-ലാണ് മോളി ക്രൈഗ് എന്ന പെൺകുട്ടി ജിഗാലോങിൽ ജനിക്കുന്നത്. മോളിയുടെ ‘അമ്മ ഒരു മാർദു ആദിവാസി സ്ത്രീയും, അപ്പൻ ആ വേലിയുടെ ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തിരുന്ന ഒരു വെള്ളക്കാരനുമായിരുന്നു. മോളിക്കു ഒരു സഹോദരി കൂടി ജനിച്ചു, ഡെയ്‌സി. 1931-ൽ സർക്കാർ ഈ രണ്ടു കുട്ടികളെയും അവരുടെ വീടുകളിൽ നിന്നും നിർബ്ബന്ധപൂർവ്വം പിടിച്ചുകൊണ്ടുപോയി, കൂടെ അവരുടെ കസിൻ ഗ്രേയ്‌സിയെയും. അന്ന് മോളിക്കു 14 വയസ്സും, ഡെയ്‌സിക്കു 11-ഉം, ഗ്രേയ്‌സിക്ക് 8 വയസ്സുമായിരുന്നു പ്രായം. കാറിലും, ട്രെയിനിലും, കപ്പലിലുമായി ഏതാണ്ട് അഞ്ചു ദിവസം നീണ്ട ആ യാത്ര ‌ഒടുവിൽ പെർത്തിനടുത്തുള്ള മോർ റിവർ സെറ്റിൽമെന്റിൽ എത്തുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ ഇവിടത്തെ ദിനചര്യകൾ കുട്ടികൾക്ക് അസഹനീയമായി മാറി.

അടച്ചിട്ട മുറിയിൽ ഉറങ്ങാനും, ദിവസവും കൃത്യമായ ദിനചര്യ പാലിക്കാനും കുട്ടികൾക്ക് മടിയായി. മരുഭൂമിയിലെ പഞ്ചരമണലിൽ ഉരുണ്ടുകളിച്ചതും, രാത്രിയിൽ നക്ഷത്രം വിരിയുന്ന ആകാശം നോക്കി ഉറങ്ങിയതും, തണുത്ത രാത്രികളിൽ നെരിപ്പോടിനരികെ കൂട്ടംകൂടിയിരുന്ന് ചിരിച്ചുകളിച്ചതും, വീടിൻ്റെ സുരക്ഷിതത്വവും എല്ലാം കുട്ടികൾക്ക് നഷ്ടപ്പെട്ടു. ഒടുവിൽ മോളി തൻ്റെ വീട്ടിലേക്കു തിരിച്ചുപോകാൻ തീരുമാനിക്കുന്നു. ഒരു രാത്രി മൂന്ന് കുട്ടികളും മോർ റിവർ സെറ്റിൽമെന്റിൽ നിന്നും പുറത്തു കടന്നു വീട് ലക്ഷ്യമാക്കി യാത്ര തിരിക്കുന്നു. വഴികളിൽ കണ്ട വീടുകളിൽ കയറി ഭക്ഷണം യാചിച്ചും, അന്തിയുറങ്ങിയും അവർ നടത്തം തുടർന്നു. യാത്ര പുറപ്പെട്ട് ഏതാണ്ട് 800 കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ അവർ, മുയലുകളെ തടയാൻ നിർമ്മിച്ച വേലിയുടെ അടുത്ത് എത്തുന്നു. ഇത്രയും നടന്നുകഴിഞ്ഞെങ്കിലും അവർ ഇപ്പോഴും പകുതിവഴിയെ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളൂ. നടന്നു നടന്നു കാലിലെ മുറിവുകൾ പഴുത്തുതുടങ്ങി. മോളിയും, ഗ്രേയ്സിയും കുഞ്ഞു ഡെയ്‌സിയെ മാറി മാറി എടുത്തുകൊണ്ടു നടന്നു. വിശപ്പും, ദാഹവും, ക്ഷീണവും അവരെ അലട്ടി. പക്ഷെ, വീട്ടിലെത്താനുള്ള ത്വര എല്ലാം മറന്നു മുന്നോട്ടുപോകാൻ അവർക്കു ശക്തി നൽകി. അതേ സമയം ഈ കുട്ടികളെത്തേടി പോലീസും അന്വേഷണം തുടങ്ങിയിരുന്നു.

പത്രങ്ങളിലെല്ലാം വാർത്ത വന്നു. ഒളിച്ചും പാത്തും കുട്ടികൾ വീട്ടിലേക്കുള്ള പ്രയാണം തുടർന്നുകൊണ്ടിരുന്നു. കുഴപ്പമില്ലെന്ന് തോന്നിക്കുന്നവരുടെ അടുത്തു മാത്രമേ മോളി സഹായം ചോദിച്ചുള്ളൂ. താഴ്ന്നു പറന്നു അന്വേഷണം നടത്തുന്ന വിമാനങ്ങളിൽ നിന്ന് രക്ഷപെടാൻ അവർ മരച്ചില്ലകളുടെ ഇടയിൽ ഒളിച്ചു. ഒടുവിൽ 9 ആഴ്ചകളുടെ നടത്തത്തിനൊടുവിൽ 1600 കിലോമീറ്ററുകൾ പിന്നിട്ട് ഒടുവിൽ അവർ ജിഗാലോങിൽ തിരിച്ചെത്തി തങ്ങളുടെ കുടുംബത്തോടു ചേർന്നു. കുട്ടികൾ രക്ഷപ്പെട്ടു നാലു വർഷങ്ങൾക്കു ശേഷം മോസ്‌ലി റോയൽ കമ്മീഷൻ മോർ റിവർ സെറ്റിൽമെന്റ് സന്ദർശിക്കുകയും അവിടത്തെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കി ആ ഹോസ്റ്റൽ അടച്ചുപൂട്ടുകയും ചെയ്തു. ഈ മൂന്നു കുട്ടികളുടെ ഐതിഹാസികമായ യാത്രയുടെ കഥ പറയുന്ന സിനിമയാണ് 2002 ൽ പുറത്തിറങ്ങിയ ഫിലിപ് നോയ്‌സ് സംവിധാനം ചെയ്ത റാബിറ്റ് പ്രൂഫ് ഫെൻസ്.

**

You May Also Like

വിമാന യാത്ര ചെയ്യുമ്പോൾ കൊപ്ര കൊണ്ടു പോകാൻ പറ്റില്ല എന്നാണ് നിയമം ? കാരണമെന്തെന്ന് അറിയുമോ ?

വിമാന യാത്ര ചെയ്യുമ്പോൾ കൊപ്ര കൊണ്ടു പോകാൻ പറ്റില്ല എന്നാണ് നിയമം . ബാഗേജില്‍ കൊണ്ടു…

വിമാനത്തിൽ പൈലറ്റിന് ടോയ്‍ലെറ്റിൽ പോകേണ്ടി വരുമ്പോൾ ആരും എഴുന്നേറ്റ് നടക്കാൻ പാടില്ലാത്തത് എന്തു കൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി വിമാനത്തിൽ പൈലറ്റിന് ടോയ്‍ലെറ്റിൽ പോകേണ്ടി വരുമ്പോൾ ആരും എഴുന്നേറ്റ് നടക്കാൻ…

‘നോ ബിൽ ദി ഫുഡ് ഈസ് ഫ്രീ’, എന്ന് റെയിൽവേയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എഴുതിവച്ചിരിക്കുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിൽ കയറിയാൽ “No…

മെമു, എമു തീവണ്ടികൾ തമ്മിലുള്ള വ്യത്യാസം എന്ത്?

സാധാരണയായി, സബർബൻ തീവണ്ടികൾക്കായി പ്രത്യേകം നിർമിച്ച പാതയിൽ (dedicated lines) കൂടെ മാത്രമേ എമു ഓടൂ.അതേസമയം, പ്രധാനപാതയിൽക്കൂടി മറ്റു തീവണ്ടികളോടൊപ്പം ഓടുന്ന എമുവാണ് മെമു