ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന് ഉണ്ണിമുകുന്ദൻ പ്രതിഫലം നൽകിയില്ല എന്നാണു നടൻ ബാല പറയുന്നത്. തനിക്കുമാത്രമല്ല മറ്റു നടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകിയിട്ടില്ല എന്നും ബാല ആരോപിച്ചു. എന്നാൽ സിനിമയുടെ യുണിറ്റ് ഒന്നടങ്കം ബാലക്കെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോൾ സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഉണ്ണിമുകുന്ദന് അനുകൂലമായാണ് രംഗത്തുവന്നിരിക്കുന്നത്. ഈണം ചെയ്തു നൽകുന്നതിനും മുൻപേ ഉണ്ണി പ്രതിഫലം ഏൽപ്പിച്ചു എന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ണി ഒരു പ്രൊഫഷണലാണ് എന്നും ഷാൻ റഹ്മാൻ പറയുന്നു. വിവാദം ഉണ്ടായതുമുതൽ മുതൽ ഓൺലൈൻ മാധ്യമങ്ങൾ ഷാൻ റഹ്മാനെ വിളിച്ചു പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കുന്ന വേളയിലാണ് ഫേസ്ബുക്ക് വിശദീകരണ കുറിപ്പ്. പോസ്റ്റ് ഇങ്ങനെ…
‘ഷെഫീക്കിന്റെ സന്തോഷത്തിൽ എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചോ എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ എന്നെ വിളിച്ചന്വേഷിച്ചായിരുന്നു. എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടി എന്ന് പറഞ്ഞുകൊള്ളട്ടെ. ഈണങ്ങൾ ചെയ്തു നൽകുന്നതിന് മുൻപ് തന്നെ എനിക്ക് GST ഉൾപ്പെടെ മുഴുവൻ പണവും ലഭിച്ചുവെന്ന് ഉണ്ണി ഉറപ്പാക്കി. ഉണ്ണി വളരെ അടുത്ത സുഹൃത്താണ് എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു പ്രൊഫഷണലാണ്. ഗാനങ്ങൾ ചട്ടപ്പെടുത്തിയ വേളകൾ ഞങ്ങൾ നന്നായി ആസ്വദിച്ചു. അനൂപ്, വിപിൻ, വിനോദേട്ടൻ അങ്ങനെ എല്ലാപേരും പ്രൊഫഷനലുകളാണ്. അതുകൊണ്ട് ഇതിൽ മറ്റു തർക്കങ്ങളില്ല. ഇതാണ് എന്റെ സന്തോഷം,’ ഷാൻ റഹ്മാൻ കുറിച്ചു.