വെട്ടിപ്പിടിച്ചതെല്ലാം വ്യർത്ഥമായിരുന്നു !

223

വെട്ടിപ്പിടിച്ചതെല്ലാം വ്യർത്ഥമായിരുന്നു!

”കാൻസർ രോഗം ബാധിച്ചു അഞ്ചുമാസം മുൻപാണ് അവൾ മരിച്ചത്. പെട്ടെന്നാണ് രോഗം കീഴ്‌പ്പെടുത്തിയത് . ഞാൻ റിട്ടയർ ചെയ്തശേഷം അവൾക്കൊപ്പം പങ്കിടാൻ വച്ച സ്നേഹവും സൗഹൃദവും സന്തോഷവും ഇപ്പോൾ ബാക്കിയായി. അൻപത്തിനാലാം വയസിൽ അവൾ എന്നെ ഒറ്റക്കാക്കി മരണത്തിന്റെ ചിറകിലേറി സ്വർഗ്ഗത്തിലേക്ക് പോയി. ” കാൻസറിന്റെ പിടിയിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളെയൊക്കെ വിഫലമാക്കി , മരണത്തിന് കീഴടങ്ങിയ തന്റെ പ്രിയപ്പെട്ട ഭാര്യ അനിതയെക്കുറിച്ച് പറഞ്ഞപ്പോൾ ക്രൈംബ്രാഞ്ച് എ ഡിജി പി ടോമിൻ ജെ തച്ചങ്കരിയുടെ കണ്ണുകൾ നിറഞ്ഞു തൂവി.

Image result for tomin thachankary"”മൂന്നുമാസം കൂടിയേ ആയുസുള്ളൂ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആദ്യം എനിക്ക് അത് വിശ്വസിക്കാനായില്ല. താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വേദന. പണത്തിനോ പ്രശസ്തിക്കോ ഒരു അർഥമിവുല്ലെന്ന് അപ്പോൾ മനസിലായി. മരണത്തെ ആർക്കു തടഞ്ഞു നിർത്താനാകും ? അവൾ പോകുന്നതിന് മുൻപ് മക്കളുടെ കല്യാണം നടത്താൻ പറ്റിയത് ദൈവാനുഗ്രഹം. ”
”എന്നെ പോകാൻ അനുവദിക്കണം. വെന്റിലേറ്ററിന്റെ സഹായത്തോടെ എന്നെ പിടിച്ചിടരുത് .” മരണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ നിറകണ്ണുകളോടെ അവൾ എന്നോട് പറഞ്ഞു. 15 ദിവസം മാത്രമാണ് അവൾ വേദന തിന്നു ആശുപത്രിയിൽ കിടന്നത് . ആരോടും പരിഭവമില്ലാതെ, എല്ലാവരേയും സ്നേഹിച്ച് , സന്തോഷിപ്പിച്ച് അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു . അവളുടെ ഭൗതിക ശരീരം പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയപ്പോൾ ഞാനും മക്കളും അവളുടെ അരികിലുണ്ടായിരുന്നു .

ഞാൻ സംഗീതം നൽകി എം.ജി ശ്രീകുമാർ ആലപിച്ച ‘പോകുന്നേ ഞാൻ എൻ ഗൃഹം തേടി..’ എന്ന പാട്ട് . അവളുടെ അരികിലിരുന്ന് ഞാൻ കേട്ടു.. അതിലൊരു വരിയുണ്ട്. ‘ദേഹമെന്ന വസ്ത്രം ഊരി ഞാൻ ആറടി മണ്ണിൽ താഴ്ത്തവെ..’ വർഷങ്ങൾക്കു മുൻപ് എം ജി ശ്രീകുമാർ അതുപാടിയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു. സാറെ എനിക്ക് പേടിയാവുന്നു എന്ന്. പക്ഷേ എന്റെ ജീവിതത്തിൽ അതൊരു യാഥാർഥ്യമാവുമെന്ന് ഞാൻ വിചാരിച്ചതേയില്ല. എന്നെ രാഷ്ട്രീയക്കാർ വേട്ടയാടിയപ്പോൾ അവൾ ഭയന്നിരുന്നു .. ഞാൻ ആദ്യം മരിക്കുമെന്നാ അവളോട് പറഞ്ഞിരുന്നേ . എന്റെ ജോലി അങ്ങനെയാണല്ലോ. തമാശയായി അത് പറഞ്ഞിട്ട് ഞാൻ അവളോട് ചോദിച്ചു ഞാൻ മരിച്ചാൽ നീ വേറെ കല്യാണം കഴിക്കുമോ എന്ന്. അപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു : ”പിന്നെ…, ഒന്ന് കെട്ടിയത് തന്നെ ഇങ്ങനെ… ”. മനോരമ ന്യുസിന് അനുവദിച്ച അഭിമുഖത്തിലാണ് ടോമിൻ ജെ തച്ചങ്കരി തന്റെ ജീവിതപങ്കാളിയുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കിയത്. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി മനസു തുറന്നു.

”ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗിക ജീവിതം, ഇതുവരെ ഉണ്ടായ കുറവുകൾ പരിഹരിക്കാനുള്ളതാണ്. മദിരാശി കേന്ദ്രമാക്കി വളർന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുൻപ് കേരളത്തിലേക്ക് പറിച്ചുനടുന്നതിൽ പ്രധാന പങ്കുവഹിച്ച കൊച്ചിയിലെ തന്റെ റിയാൻ സ്റ്റുഡിയോയും അനുബന്ധ ബിസിനസുകളുമെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു . ” തച്ചങ്കരി വ്യക്തമാക്കി.
രണ്ട് വര്‍ഷം കഴിയുമ്പോൾ ഞാനാകും എറ്റവും സീനിയര്‍ പോലീസ് ഓഫിസർ . പോലീസ് മേധാവി ആയാല്‍ വ്യത്യസ്തനായ ഒരു ആളെയായിരിക്കും നിങ്ങൾക്ക് കാണാൻ കഴിയുക” തച്ചങ്കരി പറഞ്ഞു.