സിനിമയിൽ അഭിനയിക്കാനുള്ള അടങ്ങാത്ത മോഹവുമായി ‘കോഗ്നിസന്റ്’ എന്ന ഐ ടി കമ്പനിയിലെ ജോലിയും രാജിവെച്ചു വന്നപ്പോൾ ഒപ്പം നിന്നത് ചേട്ടനായിരുന്നു. മലയാളികളുടെ പ്രിയ നടൻ ടോവിനോ തോമസ് താൻ കടന്നു വന്ന ജീവിതത്തെ കുറിച്ച് ധന്യാ വർമ്മയുമായി സംസാരിക്കുക യായിരുന്നു.
“അന്ന് ചേട്ടന്റെ ശമ്പളം ഒമ്പതിനായിരം രൂപയാണ്. അതിൽ പകുതിയും എന്റെ ചെലവിനായി ചേട്ടൻ തന്നിട്ടുണ്ട്. അതിനുമുമ്പുള്ളൊരു കാലത്ത് എനിക്കൊരു പോർട്ഫോളിയോ ഉണ്ടാക്കാൻ വേണ്ടി ഇന്റേൺഷിപ്പ് ചെയ്തു കിട്ടിയ 3000 രൂപയും എന്നെ ഏൽപ്പിച്ചയാളാണ് എന്റെ ചേട്ടൻ.
എന്നാൽ ഇന്ന് ഞാൻ വിജയിച്ചു നിൽക്കുമ്പോൾ, എനിക്ക് മൂന്ന് പ്രീമിയം കാറുകൾ ഉണ്ട്. അതെടുത്ത് ഓടിക്കാൻ പറഞ്ഞാലും അതൊന്നും വേണ്ട, അതിലെങ്ങാനും സ്ക്രാച്ച് ഒക്കെ വീഴുമെന്നും പറഞ്ഞു അതൊന്നും ഓടിക്കില്ല”. ടോവിനോ വല്ലാതെ ഇമോഷണലാവുന്നു.
“ഞാൻ വീട്ടിൽ പിള്ളേരുടെ പിറന്നാളിന് ഒരു തുക ഡെപ്പോസിറ്റ് ഇടും. ഒരു ദിവസം ചേട്ടന്റെ കൊച്ചിന്റെ പേരില് ഡെപ്പോസിറ്റ് ഇട്ടപ്പോൾ ചേട്ടൻ വിളിച്ചുപറഞ്ഞു തിരിച്ചെടുത്തെ,എന്നിട്ട് ഇത്രയും എമൗണ്ട് ഇടൂ. നിന്റെ കൊച്ചിന് എനിക്ക് അത്രയേ തിരിച്ചു തരാൻ പറ്റുള്ളൂ”.
“ഒരു വയസ്സ് വ്യത്യാസമേയുള്ളൂ ഞാനും എന്റെ ചേട്ടനും തമ്മിൽ. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തി ചേട്ടനാണ്. ഞാൻ ആലോചിക്കാറുണ്ട് ചേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒരിക്കലും ചേട്ടൻ ചെയ്ത പോലൊന്നും ഞാൻ ചെയ്യില്ലെന്ന്”.
ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ളൊരു കാലത്ത് ഒപ്പമുണ്ടാകാൻ,നിങ്ങളെ ചേർത്തുപിടിക്കാൻ സഹോദരങ്ങളുണ്ടാവുക എന്നതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്താണ്. ഉയരങ്ങളിലേക്ക് പോകുമ്പോഴും മണ്ണിൽ ചവിട്ടി നിൽക്കുവാൻ ടോവിനോ തോമസെന്ന മനുഷ്യന് സാധിക്കുന്നത്, ടിങ്സ്റ്റൺ എന്ന ചേട്ടന്റെ സ്നേഹാർദ്രമായ കരുതലും തലോടലും ഏറ്റവും ആവശ്യമുള്ളൊരു കാലത്ത്, അളവുകളില്ലാതെ അയാളുടെ അനിയന്റെ മേൽ പതിഞ്ഞത് കൊണ്ട് കൂടിയാണ്.ധന്യാ വർമ ടോവിനോയുമായി സംസാരിക്കുന്നതിന്റെ വീഡിയോ