ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ രണ്ടു ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ ആണ് വി സി അഭിലാഷ്. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനു മികച്ച നടനുള്ള കേരളസർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു .ഇപ്പോൾ വിസി അഭിലാഷിന്റെ ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളെന്ന് സംവിധായകൻ വി സി അഭിലാഷ് സോഷ്യൽ മീഡിയായിൽ എഴുതി. പോസ്റ്റ് വായിക്കാം
വി സി അഭിലാഷ്
പ്രിയപ്പെട്ടവരെ,ഇത്തവണ iffk യ്ക്ക് എത്തിയിട്ടുള്ളവരും അല്ലാത്തതുമായ എല്ലാ സിനിമാസ്വാദകരുടെയും അറിവിലേക്കായി,സിനിമ ഒരിടത്തും അക്കാദമികമായി പഠിക്കാൻ അവസരം കിട്ടാത്ത, രണ്ട് സിനിമകൾ മാത്രം സംവിധാനം ചെയ്ത ഒരാൾ എന്ന നിലയിൽ എഴുതുന്നത്…
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അതി ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ ആ വിദ്യാർത്ഥി സമരത്തിൻ്റെ മുൻനിരയിലുള്ള ഒരു കുട്ടിയുമായി ഞാൻ സംസാരിച്ചിരുന്നു. അറിഞ്ഞവ ഏകപക്ഷീയമാവരുത് എന്നതിനാൽ മറ്റ് ചിലയിടങ്ങളിലും അന്വേഷണം നടത്തി.ഞെട്ടിക്കുന്ന കാര്യങ്ങളാണ് എല്ലാം!! ഡയറക്ടർ പദവി വഹിക്കുന്ന ശങ്കർ മോഹന്റെ പ്രവർത്തന കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംഭവങ്ങളിൽ ചിലത് ഞാനറിഞ്ഞവ താഴെ സൂചിപ്പിക്കുന്നു.
👉🏿 ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെക്കൊണ്ട് വർഷങ്ങളോളം നിർബന്ധിത വീട്ടുജോലിയെടുപ്പിച്ചു. അയിത്തം, തൊട്ടുകൂടായ്മ പോലുള്ള ജാതീയ വിവേചനങ്ങൾ അവർക്കവിടെ അനുഭവിക്കേണ്ടി വന്നു. ഇതിനെതിരെ പരാതിപ്പെടുകയാണെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽ നിന്നും പുറത്താക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തി.
👉🏿 ദളിത് വിഭാഗത്തിൽപ്പെട്ട, ഇൻസ്റ്റിട്യൂട്ടിൽ ക്ലർക്ക് പദവിയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിക്കും ജാതീയമായ ഇത്തരം വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിവേചനങ്ങൾക്കും മാനസിക പീഢനങ്ങൾക്കും എതിരെ ബഹു. മുഖ്യമന്ത്രിക്കടക്കം അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
👉🏿 2022 ലെ ബാച്ചിന്റെ അഡ്മിഷൻ സമയത്ത്, സംവരണം അട്ടിമറിച്ചു കൊണ്ട് എഡിറ്റിംഗ് വിഭാഗത്തിൽ ആകെയുള്ള പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞു കിടന്നിട്ടും (സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്ന ഗവണ്മെന്റ് ഉത്തരവ് നിലനിൽക്കെ), ഒരു ദളിത് വിദ്യാർത്ഥിക്ക് സീറ്റ് നിഷേധിച്ചു.
👉🏿 ഇ ഗ്രാന്റിന്റെ ലഭ്യതക്ക് വേണ്ടി സമരം ചെയ്തു എന്ന കാരണം കൊണ്ട് ഒരു വിദ്യാർത്ഥിയോട് പ്രതികാര മനോഭാവത്തോടെ പെരുമാറുകയും, ഫൈനൽ ഡിപ്ലോമ പ്രോജെക്ടിൽ നിന്നും അയാളെ ഒഴിവാക്കി പകരം വിദ്യാർത്ഥി അല്ലാത്ത മറ്റൊരാളെ ഉൾക്കൊള്ളിക്കുകയും ചെയ്തു.
👉🏿 ഓ ഇ സി വിഭാഗത്തിനുള്ള നിയമപരമായ ഫീസ് ഇളവുകൾ ഇൻസ്റ്റിട്യൂട്ടിൽ നിന്നും ലഭ്യമാക്കാത്തതിനാൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം മറ്റൊരു വിദ്യാർത്ഥിക്ക് സിനിമാട്ടോഗ്രഫി പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു!!
👉🏿 കൃത്യമായ നോട്ടിഫിക്കേഷൻ ഇല്ലാതെ ഡീൻ, പ്രൊഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ എന്നീ തസ്തികയിലേക്കുള്ള നിയമനങ്ങൾ നടത്തി. അധ്യാപന രംഗത്ത് യാതൊരുവിധ മുൻപരിചയവും ഇല്ലാത്ത വ്യക്തികളെ അധ്യാപകരായി നിയമിച്ചു. ക്ലാസുകളുടെ ഗുണനിലാവരത്തെപ്പറ്റി വിദ്യാർത്ഥികളുടെ നിരന്തരമായ പരാതികൾ ഉണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നടപടിയാണ് ഡയറക്ടർ സ്വീകരിച്ചത്.
👉🏿 ശാസ്ത്രീയമായ പഠനങ്ങൾ ഇല്ലാതെ, മുൻപ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി പരാജയപ്പെട്ട രണ്ട് വർഷ പി ജി ഡിപ്ലോമയിലേക്ക് നിലവിലുണ്ടായിരുന്ന 3 വർഷ കോഴ്സിനെ വെട്ടിച്ചുരുക്കി പ്രാബല്യത്തിൽ വരുത്തി. പുതിയ രണ്ട് വർഷ ബാച്ചിന്റെ ക്ലാസുകൾ തുടങ്ങി ഏതാണ്ട് ഒരു മാസം ആയിട്ടും കൃത്യമായ സിലബസോ, അക്കാദമിക് കലണ്ടറോ നൽകുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
👉🏿 വിദ്യാർത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള ക്ലോസുകൾ ഉൾപ്പെടുത്തി ഒരു ഇൻഡെമിനിറ്റി ബോണ്ട് അഡ്മിഷൻ സമയത്ത് നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങി. ഡയറക്ടറുടെ ഇഷ്ടത്തിനനുസരിച്ച് , അതതു സമയങ്ങളിൽ കൊണ്ട് വരുന്ന നിയമങ്ങൾ അനുസരിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണെന്നും, അല്ലാത്ത പക്ഷം അവരെ പുറത്താക്കാൻ ഉള്ള സർവ്വാധികാരം ഡയറക്ടർക്ക് ഉണ്ട് എന്നതുമുൾപ്പെടെയുള്ള അപകടകരമായ നിബന്ധനകളാണ് ഇതിൽ ഉള്ളത്.
👉🏿 ഏറ്റവും ഒടുവിൽ iffk യ്ക്ക് എത്തിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുളള താമസ സൗകര്യം അവസാന നിമിഷം ഡയറക്ടർ നേരിട്ട് വിളിച്ച് ക്യാൻസൽ ചെയ്യിപ്പിച്ചു.!! പാതിരാത്രി പെരുവഴിയിലായ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ മൂലമാണ് താമസം ശരിയായത്.
കഥ ഇവിടെ തീരുന്നില്ല.
ചുരുക്കത്തിൽ ദളിത് വിവേചനം മാത്രമല്ല, എല്ലാത്തരത്തിലുമുള്ള വലിയ പീഡനങ്ങളും അവിടെ നടക്കുന്നുണ്ട്. ചെയർമാൻ ശ്രീ. അടൂർ ഗോപാലകൃഷ്ണനും ഇപ്പോൾ ഈ കുട്ടികളെ പുശ്ചത്തോടെ അവഗണിക്കുന്നു! അദ്ദേഹം പറയുന്നത് ഈ കുട്ടികളെ ഇത്ര മാത്രം ദ്രോഹിക്കുന്ന
‘ഡയറക്ടർ ശങ്കർ മോഹൻ നല്ല കുടുംബത്തിൽ (അദ്ദേഹത്തിൻ്റെ ഭാഷയിൽ well-mannered person from a noble family) ജനിച്ചയാളാണ്, അയാൾ അങ്ങനെയൊന്നും ചെയ്യില്ലെ’ന്നുമാണ്. സമരക്കാർ ‘ജാതിയിരവാദം’ ഉണ്ടാക്കുകയാണ് എന്നും ആ ‘ആചാര്യൻ’ പറയുന്നുണ്ട്.
(പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലോ ഡൽഹി JNU വിലോ ആണ് ഈ സമരമെങ്കിൽ അദ്ദേഹം എന്ത് നിലപാടെടുക്കും എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.) എന്തായാലും അടൂരിൻ്റെ വാക്കുകൾക്ക് കാലം വിലയിടട്ടെ. എന്നാൽ ഞാൻ ആ മനുഷ്യന് കൊടുത്തിരുന്ന വില ഈ പ്രതികരണത്തോടെ തകർന്നു എന്ന് പറയാതെ വയ്യ.നിലവിൽ ഈ കുട്ടികളുടെ സമരത്തിന് കാര്യമായ പൊതുജനശ്രദ്ധ കിട്ടിയിട്ടില്ല.
സിനിമയെ സ്നേഹിക്കുന്ന നമ്മൾ എല്ലാവരും ഈ വിഷയം അറിയേണ്ടതുണ്ട്.
ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഈ സമരം ഏറ്റെടുക്കേണ്ടതുണ്ട്.എല്ലാക്കൊല്ലവും ഈ ദിവസം iffk സ്ഥലത്ത് കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കാറുള്ള ഞാൻ കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുഴുവൻ സമയവും വീട്ടിലിരുന്ന് ഈ വിഷയം സകലരേയും അറിയിക്കാൻ എന്നെക്കൊണ്ടാവും വിധം ശ്രമിക്കുകയായിരുന്നു.ഇനി നിങ്ങളും ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. ഈ കുട്ടികളുടെ പ്രതിഷേധത്തിനൊപ്പം നൽകേണ്ടതുണ്ട്.
സമാധാനപരമായി, ജനാധിപത്യ പരമായി നീതി അവർക്ക് ലഭ്യമാക്കി ക്കൊടുക്കേണ്ടതുണ്ട്.നാളത്തെ നല്ല സിനിമയുടെ പ്രതീക്ഷയാണ് ആ സ്ഥാപനവും ആ കുട്ടികളും. ഞാനെന്തായാലും ഈ കുട്ടികൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. ഇല്ലെങ്കിൽ പിന്നെന്ത് സിനിമാക്കാരൻ?!