ഐ എ എസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട‌ വോക്കര്‍, പ്രാരംഭ പരിശീലനത്തിനായി പോകുന്നതിന്‍റെ തലേന്ന് ഒരു സ്വപ്നം കണ്ടു

0
253

കടപ്പാട് : നീലൻ

“ദി വോക്കര്‍” – ആള്‍ക്കൂട്ടത്തില്‍ തനിയെ നടന്ന പുത്തന്‍‌ചിറക്കാരന്‍…..!!!

ഞാന്‍ നോക്കിനില്‍ക്കേ മാളയിലെ ഒരു ചായക്കടയില്‍ കയറിയ അയഞ്ഞ വസ്ത്രം ധരിച്ച ഒരാള്‍ ആറു കഷ്ണം പുട്ടും, ആറു കാപ്പിയും അവിശ്യപ്പെട്ടപ്പോള്‍ അമ്പരന്നുപോയ കടക്കാരന്‍ വേഗം അതെല്ലാം മേശപ്പുറത്തു കൊണ്ടു വെച്ചു. രവീന്ദ്രനാഥ ടാഗോറിനെ അനുസ്മരിപ്പിക്കുന്ന അയാളെ ഞാന്‍ ‍ ശ്രദ്ധിച്ചു. ജരാനരകള്‍ നീണ്ട് ജടപിടിച്ചിരിക്കുന്നു. മുട്ടോളമെത്തുന്ന മുണ്ടിനും, അയഞ്ഞ കുപ്പായത്തിനും കാലപ്പഴക്കത്തിന്‍റെ കറുപ്പ്……ഒന്നിനുമേല്‍ മറ്റൊന്നായി തലയില്‍ വെച്ച നിറം മങ്ങിയ തൊപ്പികള്‍……കുഴിയിലേക്ക് ആണ്ടുപോയ പ്രായത്തിന്‍റെ പീളകെട്ടിയ കണ്ണുകള്‍…… ഒരുപാട് ചുളിവുകളുള്ള നെറ്റി…..എങ്കിലും കണ്ണുകളില്‍ ജ്ഞാനസൂര്യന്‍റെ തിളക്കം…..മുഖത്ത് ആത്മവിശ്വാസത്തിന്‍റെ സ്ഫുരണം….. പുട്ടും, ചായയും ആര്‍ത്തിയോടെ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സഞ്ചിയില്‍ നിന്നും ഒരു പുസ്തകമെടുത്ത് വായന തുടങ്ങി.‍ ഓഷോയുടെ “MEDITATION – THE ART OF ECTASY” ആയിരുന്നു അത്. വളരെ ഗഹനമായ വായന അവിശ്യപ്പെടുന്ന പുസ്തകം. ബുദ്ധിജീവികളില്‍ മാത്രം കാണാനിടയുള്ള ഒന്ന്.

ഇദ്ദേഹത്തെക്കുറിച്ച് എഴുത്തുകാരന്‍ ആനന്ദ് കുറിച്ചിട്ടിരിക്കുന്നത്‌ ഇങ്ങനെ – “ബിരുദങ്ങള്‍ ഓരോന്നായി കരസ്ഥമാക്കി കഴിയുമ്പോഴേക്കും അതിന്‍റെ പരിമിതിയും,‍ വ്യര്‍ഥതയും ബോധ്യമാവുകയും അതിനപ്പുറത്തേക്ക് അന്വേഷണം തുടരുകയും ചെയ്യുന്നയാള്”.. കൈരളി ചാനലില്‍ വി.കെ. ശ്രീരാമന്‍ അവതരിപ്പിച്ച ‘വേറിട്ട കാഴ്ച’കളിലും വോക്കര്‍ പ്രത്യക്ഷപെട്ടിട്ടുണ്ട്…..

ഐ എ എസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട‌ വോക്കര്‍. പ്രാരംഭ പരിശീലനത്തിനായി പോകുന്നതിന്‍റെ തലേന്ന് ഒരു സ്വപ്നം കണ്ടു !. അതില്‍ പ്രത്യക്ഷപ്പെട്ട ഈശ്വരന്‍ ചോദിച്ചു – “മകനേ, ഒരു ഐഎഎസ് കാരനായി ഏതെങ്കിലും ജില്ലയുടെ ആസ്ഥാനത്ത് ചടഞ്ഞുകൂടി നശിപ്പിക്കാനുള്ളതാണോ നിന്‍റെ ജീവിതം? നാടു നീളെ സഞ്ചരിച്ച് നിനക്ക് ജനങ്ങളെ സേവിച്ചൂടേ…?” അതു കേട്ടതോടെ ആളുടെ മനസ്സു മാറി. യാത്ര മാറ്റിവെച്ചു. പിറ്റേന്ന് മുതല് രാജ്യത്തിന്‍റെ ഒരറ്റം മുതല്‍ നടക്കാന്‍ തുടങ്ങി. മഹാത്മാഗാന്ധിക്കൊ, വിനോഭാ ഭാവേക്കൊ അവകാശപ്പെടാനാവാത്ത വിധം രാജ്യം മുഴുവന്‍ നെടുകേയും കുറുകേയും അളന്നു. ഒരു വട്ടമല്ല, പലവട്ടം. പശ്ചിമഘട്ടം കയറിയിറങ്ങി…. ആസാമിലെ കാസിര൦ഗയില്‍ ചെന്നു….ഹിമാലയ സാനുക്കളിലെ മഞ്ഞുമൂടിയ മലനിരകളോട് സംസാരിച്ചു. മാനസസരോവരത്തിന്‍റെ കുളിര്‍മയും, വിശുദ്ധിയും തൊട്ടറിഞ്ഞു. പ്രകൃതിയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു. ജീവിതത്തിന്‍റെ പൊരുള്‍ തേടിയുള്ള ആ യാത്രയങ്ങനെ അനന്തമായി നീണ്ടു പോയപ്പോള്‍ അയാള്‍ക്ക് ദിവാകരമേനോന്‍ എന്ന സ്വന്തം പേര്‍ നഷ്ടപ്പെട്ടു – പകരം ‘വോക്കര്‍’ എന്ന പട്ടം ചാര്‍ത്തിക്കിട്ടി.

പാലക്കാട്ടെ വിക്ടോറിയ കോളേജില്‍ നിന്നും ബി. എ. പൊളിറ്റിക്സും, ബികോമും എടുക്കുന്നതിനിടയില്‍ അവസാന വര്‍ഷം യൂനിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായി. ബോംബെ എല്‍ഫിന്‍സ്ററന്‍ കോളേജില്‍ നിന്നും പൊളിറ്റിക്സിലും, ഇംഗ്ലീഷ് സാഹിത്യത്തിലും എം.എയും, ബജാജ് ഇന്‍സ്റ്റിടൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നും എംബിഎയും, ബോംബെ ലോ കോളേജില്‍ നിന്നും എല്‍ എല്‍ ബിയും പാസ്സായി. കുക്കൂഷ്യ ആന്‍റ് കമ്പനിയില്‍ ഇന്‍ടേണല്‍ ഷിപ്പു ചെയ്തുകൊണ്ട് സി എ നേടി. ബിരുദങ്ങള്‍ ഓരോന്നായി തന്നോടൊപ്പം ചേരുമ്പോഴും അതിന്‍റെ പരിമിതികളും വ്യര്‍ത്ഥതയും മനസ്സിലാക്കി സമയം പാഴാക്കിയതില്‍ ‍ ഖേദിച്ചു. തനിക്കു‍ പറ്റിയതല്ല ഈ ലോകമെന്ന് മനസ്സിലാക്കിയപ്പോഴേക്കും പലരും വോക്കറെ ഒരു ഭ്രാന്തനായി കണ്ടു. പക്ഷേ ജ്ഞാനാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത തനിത്തങ്കമായിരുന്നു ആ ജന്മമെന്നു ആരുമറിഞ്ഞില്ല. ഒരിക്കല്‍ ഇന്ദിരാ ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി പി സി അലക്സാണ്ടറുടെ ക്ഷണ൦ സ്വീകരിച്ച്‌ ഡല്‍ഹിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയെ കണ്ടു. വേഷമൊക്കെ പതിവുപോലെ തന്നെ. പക്ഷേ, അലക്കിയിരുന്നെന്ന് മാത്രം. കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് മേഡം‍ നെഹ്രുവിന്‍റെ പുസ്തകങ്ങളില്‍ ‍ മൂന്നെണ്ണവും, നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കി ആദരപൂര്‍വ്വം യാത്രയാക്കി.

ഈ കൂടിക്കാഴ്ചയുടെ വിശേഷം പറയാന്‍ വോക്കര്‍‍ പുത്തന്‍‌ച്ചിറയിലെ എക്സ്. പി എസ് സി ചെയര്‍മാന്‍ മൂഞ്ഞേലി ദേവസ്സി സാറിന്‍റെ വീട്ടില്‍ ചെന്നു. വോക്കറുടെ കോലം കണ്ട് ഭയന്ന ദേവസ്സി സാറിന്‍റെ ഭാര്യ ഓടിച്ചന്ന് വാതിലടച്ച് ഭര്‍ത്താവിനെ വിളിച്ചു. ബഹളം കേട്ടുവന്ന ദേവസ്സി സാര്‍ ഭവ്യതയോടെ വോക്കറെ സ്വീകരിച്ചിരുത്തി. “ഇതാണ് ഞാന്‍ പറയാറുള്ള ദിവാകരമേനോന്‍. 1960 ഐ എ എസ് ബാച്ചില്‍ സെലക്റ്റേഴ്സിനെ അത്ഭുതപ്പെടുത്തിയ ആള്‍.”എന്നു പറഞ്ഞ് ഭാര്യക്ക്‌ പരിചയപ്പെടുത്തി.

യാത്ര പറഞ്ഞപ്പോള്‍‍ സാര്‍ 100 രൂപ നീട്ടിയെങ്കിലും ഒരു ചെറു പുഞ്ചിരിയോടെ നിരസിച്ച വോക്കര്‍ അഞ്ചുരൂപ മതിയെന്ന് കൈകൊണ്ട് ആ൦ഗ്യം കാണിച്ചു.. അക്കാലത്ത് ഒരു ദിവസത്തെ ഭക്ഷണത്തിന്‌ അഞ്ചുരൂപ ധാരാളം ! സാധാരണക്കാരുടെ ആധികളായിരുന്നില്ല വോക്കറുടേത്. ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ മനുഷ്യര്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് അവയൊക്കെ വലിയ നരകങ്ങളാകുന്നു?…. ഇന്ത്യന്‍ പീനല്‍ കോഡ് എന്തുകൊണ്ട് എട്ടുകാലിവലപോലെ ദുര്‍ബലമായി… ലോകത്തിലെ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ നിയുക്തനായവനാണ് താനെന്നു വോക്കര്‍ വിശ്വസിച്ചു. കൂടംകുളം ആണവനിലയത്തെ അനുകൂലിച്ചു എ പി ജെ അബ്ദുള്‍ കലാം പ്രസ്താവന ഇറക്കിയപ്പോള്‍ “താങ്കള്‍ പറയുന്നത് ശുദ്ധ അബദ്ധ”മാണെന്ന് സ്ഥാപിച്ചുകൊണ്ട് അദ്ദേഹത്തിന്‌ കത്തയച്ചു. കത്ത് കിട്ടിയിട്ടാണോ അല്ലയോ എന്നറിയില്ല പിന്നീട് എ.പി.ജെ അഭിപ്രായം തിരുത്തിയത് ചരിത്രം. ധിഷണയുടെ ധാരാളിത്വമായിരുന്നു വോക്കറുടെ പ്രശ്നം.

ബ്രഹ്ത്തിനെപ്പോലെ, ബര്‍നാഡ് ഷായെപ്പോലെ ഒരു വലിയ ധിഷണാശാലിയായിരുന്ന വോക്കര്‍ ഓര്‍മ്മയിലേക്ക് മറഞ്ഞുപോയി. നമുക്കിടയില്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നുവെന്ന് പുതു തലമുറ അറിയാനാണ്. ഇടയ്ക്കിടെ ഇതോര്‍മ്മിപ്പിക്കുന്നത്…