ലിലിത്ത് (കഥ)

851

ലിലിത്ത്. (കഥ)

ബിജോയ് കെ ഏലിയാസ്

യോഹന്നാൻ 1:1 – ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. 1:3- സകലവും അവൻ മുഖാന്തരം ഉളവായി.

ഇരുളിന് കനം വെച്ച് തുടങ്ങി. മരുഭൂമിയിൽ മണൽകാറ്റ് വീശിയടിച്ചു. കാറ്റിനും മീതെ ലിലിത്ത് അവളുടെ സുന്ദരമായ അളകങ്ങൾ പാറിച്ച് ഒഴുകി നടന്നു.

ഞാൻ ലിലിത്ത്.
പൊടിയിൽ നിന്നും ആദമിനെ സൃഷ്ടിക്കുന്നതിനും മുൻപേ ദൈവത്താൽ വാക്ക് കൊണ്ട് ഉണ്ടാക്കപ്പെട്ടവൾ. ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവന്റെ ഒപ്പം നിർമ്മിക്കപ്പെട്ടവൾ. ദൈവം സൃഷ്ടിച്ച ആണിനൊപ്പം സൗന്ദര്യവും കരുത്തും ബുദ്ധിയും ഉള്ളവൾ.

(ഉൽപ്പത്തി 1:26 – അനന്തരം ദൈവം പറഞ്ഞു, നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക. 1:27- ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു….ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.)

പക്ഷേ പിന്നീട് ഭൂമിയിലെ പൊടിമണ്ണിനാൽ ദൈവം ഉണ്ടാക്കിയ ആദമിന്റെയും അവന്റെ വാരിയെല്ലിനാൽ മെനയപ്പെട്ട ഹൗവ്വയുടേയും പരമ്പരകൾക്ക് ഞാൻ ഇന്ന് പേടിസ്വപ്നമായ ദുർദേവതയാണ്.

(ഉൽപ്പത്തി 2:7- യഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു. ഉൽപ്പത്തി 2:22 – യഹോവയായ ദൈവം മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി.)

എട്ടു ദിവസം വരെ പ്രായമുള്ള ആൺകുട്ടികളേയും പന്ത്രണ്ടു ദിവസം വരെ പ്രായമുള്ള പെൺകുട്ടികളേയും കട്ടുകൊണ്ടുപോയി വകവരുത്തുന്ന രക്ഷസായാണ് ആദമിന്റെ മക്കൾ എന്നെ കരുതുന്നത്.

എനിക്ക് ഉറക്കെ ചിരിക്കാൻ തോന്നുന്നു. വാക്കുകൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടവൾ എന്തിന് മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ മക്കളെ എടുക്കണം?

ഇന്നുവരേയും ഒരു കുഞ്ഞിനെയും ഞാൻഎടുത്തിട്ടില്ല.

കുഞ്ഞുങ്ങളെ കുറിച്ചോർത്തപ്പോൾ എന്റെ സഫലമാകാത്ത മാതൃത്വം കണ്ണീർ പൊഴിക്കുന്നു.

കണ്ണുനീർ ഭൂമിയിൽ മഴത്തുള്ളികളായി പതിക്കട്ടെ.

രാത്രിയിൽ മരുഭൂമിയിൽ ആരംഭിച്ച കാറ്റും മഴയും മനുഷ്യൻ താമസിക്കുന്ന ഇടങ്ങളിലേക്ക് വ്യാപിച്ചു. പ്രായമുള്ള മനുഷ്യർ ലിലിത്തിനെ അകറ്റാനുള്ള പ്രാർത്ഥനാ മന്ത്രങ്ങൾ ഉറക്കെ ചൊല്ലിയും, കുഞ്ഞുങ്ങളെ അടുക്കിപ്പിടിച്ചും, വീടുകളുടെ വാതിലുകളും ജനാലകളും അടച്ചുറപ്പാക്കിയും ഭയപ്പാടോടെയിരുന്നു.

ഇരുട്ടിൽ കാർമേഘങ്ങൾക്കും, കാറ്റിനും, മഴയ്ക്കും മീതെ സുന്ദരിയായ ലിലിത്ത് പാറി നടന്നു.

ഒരു ആജ്ഞയാൽ വാക്കുകൾ കൊണ്ട് ഒരേ പോലെ സൃഷ്ടിക്കപ്പെട്ടവർ.

പക്ഷേ എന്തിനാണ് അവൻ എന്നെ കീഴ്പെടുത്തുവാൻ ശ്രമിച്ചത്?

എന്റെ വ്യക്തിത്വവും സ്വാതന്ത്ര്യവും എന്തുകൊണ്ട് അവൻ അംഗീകരിച്ചില്ല?

എന്ത് കുറവാണ് എനിക്കുള്ളത്?

എന്നെ സൃഷ്ടിച്ചതിന്റെ കഥകൾ പോലും മണ്ണിൽ മെനയപ്പെട്ടവന്റെ മക്കളുടെ മനസ്സിൽ നിന്നും ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു.

ഭൂമിയിലെ മനുഷ്യർക്ക് ആദമും ഹൗവയുമാണ് ആദിമനുഷ്യർ. എന്തൊരു കളവാണത്.

ഞാനാണ് ആദ്യം സൃഷടിക്കപ്പെട്ടവൾ.

ആ ഹൗവ, ആദം എന്ന മൺമനുഷ്യന്റെ എല്ലിന്റെ രൂപമാറ്റം മാത്രമാണ്.

ഇനിയും ജനിക്കുന്ന ശിശുക്കളോടെങ്കിലും പറയണം മാതൃത്വം നിഷേധിക്കപ്പെട്ട ആദ്യ സൃഷ്ടിയായ സ്ത്രീയാണ് ഞാനെന്ന്.

പക്ഷേ എങ്ങനെ പറയും?

ഹൗവ്വയും ആദമും തലമുറകളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത് ഞാൻ ശിശുഘാതകയായ ദുർദേവതയാണെന്നാണ്. സാത്താന്റെ ഭാര്യ.

എന്തിനാണ് ഇവർ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത്.

സമസൃഷ്ടിയായ പുരുഷന്റെ ആധിപത്യ ശ്രമങ്ങൾക്ക് മീതേ സ്വാതന്ത്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയർന്നവളാണ് ഞാൻ.

എന്റെ പോരാട്ടം വ്യക്തിസ്വാതന്ത്ര്യങ്ങളേയും മനുഷ്യസമത്വത്തേയും നിഷേധിക്കുന്ന അധികാരങ്ങളോടാണ്.

എന്നെ തിരികെ കൂട്ടിക്കൊണ്ടു വരുവാൻ ദൈവം അയച്ച മാലാഖമാരോട് ദൈവം കൽപ്പിച്ചത്,
“അവൾക്ക് താൽപര്യം ഉണ്ടെങ്കിൽ കൂട്ടിക്കൊണ്ടു വരിക, അവളുടെ ഇച്ഛക്കെതിരായി ഒന്നും ചെയ്യരുത്”, എന്നാണ്.

വെറും കയ്യോടെ മടങ്ങിയ മാലാഖമാർ എന്തായിരിക്കും ദൈവത്തോടും എന്നോടൊപ്പം സൃഷ്ടിക്കപ്പെട്ട പുരുഷനോടും പറഞ്ഞിട്ടുണ്ടാവുക?

അതോ പക മൂത്ത പുരുഷൻ പടച്ച ദൂഷണങ്ങളായിരിക്കുമോ എന്നെ ദുർദേവതയാക്കിയത്?

വാക്കുകളാൽ ഒരുമിച്ച് സൃഷ്ടിക്കപ്പെട്ടവരല്ലേ അവനും ഞാനും?

അവൻ എന്തുകൊണ്ട് സ്നേഹത്തോടെ എന്നെ തിരികെ വിളിച്ചില്ല?

” സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിൻമേലും, ആകാശത്തിലെ പറവജാതിയിൻമേലും സകലഭൂചരജന്തുവിൻമേലും വാഴുവിൻ”(ഉൽപ്പത്തി1:28), എന്ന് ദൈവം കൽപ്പിച്ചത് അവനോടും എന്നോടും ഒരുമിച്ചായിരുന്നില്ലേ?

അവൻ എന്നെ ഭരിക്കാൻ വന്നതുകൊണ്ടല്ലേ എല്ലാം നഷ്ടപ്പെട്ടത്?

ഞാൻ എന്തിന് അവന് കീഴ്പ്പെടണം?

ഒരുതവണയെങ്കിലും അവൻ സമഭാവനയോടെ എന്നോട് പെരുമാറിയിരുന്നെങ്കിൽ മണ്ണുമനുഷ്യർ ലോകം വാഴുമായിരുന്നോ?

അവൻ എവിടേക്കാണ് പോയത്?

അവനെ ദൈവം എങ്ങോട്ടാണ് മാറ്റിയത്?

ഞാൻ ഇപ്പോൾ അലയുന്നത് അവനെയും തേടിയാണ്….

പക്ഷേ ഭൂമിയിലെ മൺമനുഷ്യർക്ക് ഞാൻ കുട്ടികളെ പിടിക്കാൻ നടക്കുന്ന യക്ഷിയാണ്.

യഥാർത്ഥത്തിൽ ആദമിന്റെയും ഹൗവ്വയുടേയും മക്കളാണ് രക്തദാഹികൾ.
പരസ്പരം കൊന്നും മൃഗങ്ങളെ കൊന്നും തിന്നും ജീവിക്കുന്ന പിശാചുക്കൾ.

ദൈവം എന്നോടും അവനോടും പറഞ്ഞത് “ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും…… നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ (ഉൽപ്പത്തി 1:29)എന്നാണ്.

ഞാനിതുവരെ മാംസവും രക്തവും ആഹരിച്ചിട്ടില്ല. എന്നിട്ടും ഭൂമിയിലെ മനുഷ്യർക്ക് ഞാൻ രക്തദാഹിയാണ്.

എന്റെ സ്വാതന്ത്ര്യം, സമത്വം, ആത്മാഭിമാനം, ഇവയെല്ലാം എങ്ങനെ തെറ്റുകളാകും?

നസ്രേത്തിലെ മറിയമിന്റെ മകൻ യേശുവിന്റെ അനുയായികൾ എന്നെ ഒഴിവാക്കി വേദഗ്രന്ഥം ക്രമീകരിച്ചിക്കുന്നു.

ഞാനിന്ന് ജനനം പോലും നഷ്ടപ്പെട്ട് പേരും തുണയും നഷ്ടപ്പെട്ടവളാണ്.

കാറ്റിന്റെ ശക്തി കുറഞ്ഞു.

കണ്ണീർ വറ്റി.

മഴ ശമിച്ചു.

ആകാശത്തിന്റ ഏതോ അതിരിൽ സൂര്യൻ വരവറിയിച്ചു.

ഇനി ഏതെങ്കിലും ഇരുണ്ട മേഘത്തിൽ അല്ലെങ്കിൽ ആരും കാണാത്ത വലിയ ഈന്തപ്പനയുടെ മുകളിൽ വിശ്രമിക്കാം. അവനെ അന്വേഷിച്ചുള്ള എന്റെ യാത്രകൾ ഇരുളുമ്പോൾ തുടരാം.

ഭൂമിയിൽ ഹൗവ്വയുടെ പെൺമക്കൾ അതിരാവിലെ ഉണർന്ന് ജോലികൾ ആരംഭിച്ചിരിക്കുന്നു. പുരുഷൻമാരും മക്കളും ഉറക്കത്തിലാണ്.

ഹൗവയുടെ പെൺമക്കൾ… അടിമകൾ…..
അടിമകളേ…നിങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കരുത്…സ്വാതന്ത്ര്യവും സമത്വവും അപകടകരമാണ്…..അവ നിങ്ങൾക്ക് നിങ്ങളുടെ;
പുരുഷനെ നഷ്ടമാക്കും…
മാതൃത്വം നഷ്ടമാക്കും…
ജൻമം നഷ്ടമാക്കും…
ദൈവത്തെ പോലും നഷ്ടമാക്കും…
നിങ്ങൾ ദുർദേവതകളാകും….

ഒരു കറുത്ത മേഘം ലിലിത്തിനെ പൊതിഞ്ഞു.

(ബിജോയ് കെ ഏലിയാസ്)