മുഴക്കോലിലൊതുങ്ങാത്തവർ

ചേത്ത്യാരേ….. പൂയ് ചേത്ത്യാരേ….
കക്ഷത്തിലിറുക്കിപ്പിടിച്ച മുഴക്കോലുമായി ‘കുള്ളൻശങ്കു കുണ്ടനിടവഴിയിലൂടെ വിളിച്ചുകൂവിക്കൊണ്ട് പാഞ്ഞു.
ശങ്കുവിനെ പിൻപറ്റിയെന്നോണം ഇടവഴിയുടെമുഖത്ത് ഒരു ജീപ്പ് ശബ്ദമില്ലാതെ നിരങ്ങിവന്നുനിന്നു.
അതിൽനിന്നും ഒന്നുരണ്ട് കാക്കിധാരികളും പിന്നെകുറച്ച് ഗുണ്ടകളെപോലിരിക്കുന്ന തടിമാടന്മാരും കമ്പിയുംമുളവടികളുമായി പാഞ്ഞിറങ്ങി.

നാക്കുവടിക്കാനായി തൈത്തെങ്ങിൽനിന്നും ഈർക്കിൽ ഇടിഞ്ഞെടുക്കുകയായിരുന്ന രാഘവനതുകണ്ട് പിറുപിറുത്തു.
” കുരുപ്പോള് … നേരം പൊലർന്നില്ല! അതിനുമുമ്പ് കെട്ടിയെടുത്തല്ലോ….”
ഇതുകേട്ട്, മുറ്റത്തെഅടുപ്പിൽവെച്ച കഞ്ഞിക്കലത്തിനുകീഴെ വിറകൊടിച്ചുവെക്കുകയായിരുന്ന ‘രാധമ്മ’ പുകകേറിചുവന്നകണ്ണുകളോടെ തിരിഞ്ഞ് രാഘവനെ തുറിച്ചുനോക്കി.
”അത്രക്ക് ദെണ്ണണ്ടങ്കിലേ…..
വേണ്ട ന്നെക്കൊണ്ട് പറയിപ്പിക്കണ്ട…”
രാഘവൻ എന്തോ മറുപടിപറയാനാഞ്ഞെങ്കിലും പച്ചീർക്കിൽ നെടുകെക്കീറി നാക്കിൽചോരവരുവോളം വടിച്ചെടുത്തു.

കുണ്ടനിടവഴിയിലൂടെ ഉരുണ്ടുപിരണ്ടുവീണ് ഓടിക്കയറിയ ‘കുള്ളൻ ‘ശങ്കു’ ലീലയുടെ വീട്ടുപടിക്കലെത്തി നീട്ടി വിളിച്ചു,
”ചേത്ത്യാരേ….. പൂയ്…
– അവരിവിടെത്തി ,ഒക്കെ വേഗംമാറ്റിക്കോളിൻ…..”
ദൗത്യംപൂർത്തിയാക്കിയ ‘കുള്ളൻശങ്കു’ കോട്ടക്കുന്നിലെ പുല്ലാനിച്ചെടികൾക്കിടയിലൂടെ എവിടേക്കോ ഓടിമറഞ്ഞു.
* *
ഇടവഴിയിലൂടെ ചടുപിടാന്ന് ഓടിക്കയറുന്നതിനിടയിൽ ,രാഘവന്റെമുറ്റത്തെ അടുപ്പിൽതിളക്കുന്ന വലിയകലം ഒരു കാക്കിധാരിയുടെ കണ്ണിൽപ്പെട്ടു.
മുറ്റത്തേക്ക് ഓടിക്കയറിയ കാക്കിധാരിയെക്കണ്ട് തീയ്യൂതിനിന്ന രാഘവന്റെ പാവാടക്കാരിയായമകൾ പേടിച്ചുള്ളിലേക്കോടിക്കയറി.
കാക്കിധാരി കലത്തിന്റെമൂടിതട്ടിയിട്ട് കൈയിലെ മുളവടികൊണ്ട് കലത്തിളക്കിനോക്കി.

ഇളകിമറിഞ്ഞ കലക്കവെള്ളത്തിൽ ചത്തുമലച്ചപോലെ അഞ്ചാറുറേഷനരിവറ്റുകൾ പാറിനടക്കുന്നതുകണ്ടപ്പോളാണ് കാക്കിധാരിക്ക് അബദ്ധം മനസ്സിലായത്.

അതുകണ്ടുകൊണ്ടുവന്ന രാധമ്മയുടെനെഞ്ച് വിങ്ങിപ്പോയി.

‘ആകെയുള്ള ഒരുപിടി അരിയാണ് ഇക്കണ്ട വെള്ളത്തിൽകിടന്ന് തിളക്കുന്നത്,
അതിലേക്കാണ് കണ്ട കാടുംപടലവുംതല്ലുന്ന തീട്ടക്കോലിട്ടിളക്കിയിരിക്കുന്നത്..
”അയ്യോ….
ഇനി കെട്ട്യോനും കുട്ട്യോൾക്കും ഒരുതുള്ളി കഞ്ഞിവെള്ളം ഞാനെവിടെനിന്നെടുത്ത് കൊടുക്കും…
നീയൊക്കെ വെള്ളെറങ്ങാതേ… ചാവൂ..
രാധമ്മ തലയ്ക്കുതല്ലി പ്രാകി.
ആകെ നിയന്ത്രണംവിട്ട രാധമ്മ കൈയിലിരുന്ന ചിരട്ടക്കയിലുമായി കാക്കിധാരിക്കുനേരെ ഓങ്ങിയടുത്തു.
പന്തികേട് തിരിച്ചറിഞ്ഞ കാക്കിധാരി മുള്ളുവേലിയെടുത്തുചാടി.
ഇല്ലിമുള്ളുകൊണ്ട് അവിടവിടെ പോറലേറ്റെങ്കിലും തെല്ല് ജാള്യതയോടെ ചുറ്റുംകണ്ണോടിച്ച കാക്കിധാരി വേഗം സ്ഥലംകാലിയാക്കി.
രാധമ്മയപ്പോളും നെഞ്ചത്തലച്ചു നിലവിളിച്ചുകൊണ്ടിരുന്നു.
* *
‘കുള്ളൻശങ്കുവിന്റെ മുന്നറിയിപ്പ്കേട്ട ‘ലീല’ ഞൊടിയിടയിൽ അടുപ്പത്തെ വാഷെടുത്ത് ചാണകക്കുഴിയിൽ ചരിച്ചുകളഞ്ഞു.
കന്നാസും,കുപ്പികളും പുല്ലാനിക്കാടുകളിൽ ഒളിപ്പിച്ചു.
എന്നിരുന്നാലും അന്തരീക്ഷത്തിലാകെ വാറ്റുചാരായത്തിന്റെ രൂക്ഷഗന്ധം തങ്ങിനിന്നിരുന്നു.
അവിടേക്ക് കടന്നുവന്ന കാക്കിധാരി കൈയിലിരുന്ന മുളവടികൊണ്ട് അടഞ്ഞുകിടന്ന വാതിൽപ്പാളികളിൽതട്ടി.
പ്രതികരണമൊന്നും കാണാഞ്ഞ് തികട്ടിവന്ന തെറിവാക്ക് പണിപ്പെട്ടുവിഴുങ്ങി.

”അകത്തൊളിച്ചിരിക്കാതെ പുറത്തു വാടീ…” കാക്കിധാരി അലറി.

വാതിൽപ്പാളികൾ മലക്കെത്തുറന്ന് ഒറ്റക്കാഴ്ച്ചയിൽ ആകെ മുഷിവ്തോന്നിപ്പിക്കുന്നൊരു സത്രീരൂപം ഇറങ്ങിവന്നു.
‘മുടിയൊന്നാകെ വാരിച്ചുറ്റി നെറുകയിൽ കെട്ടിവെച്ചിരിക്കുന്നു.
മുഷിഞ്ഞുനാറുന്നൊരു മുണ്ടും ബ്ലൗസും,
മാറിലൂടെ അലസമായി വിരിച്ചിട്ടിരിക്കുന്ന ഒരു തോർത്തും വേഷം.
പ്രായം നാൽപ്പതിനോടടുത്തെങ്കിലും യൗവ്വനത്തിന്റെയെല്ലാ മുഴുപ്പും വടിവഴകുകളും അവളിൽ നിറഞ്ഞുനിന്നിരുന്നു.
ചുരുക്കത്തിൽ; വേഷംകൊണ്ട് മുഷിവുണ്ടാക്കുമെങ്കിലും ‘ഓടയിലെ അഴുക്കിൽവീണുതിളങ്ങുന്ന പൊൻനാണയംപോലെ അവളിലെയൗവ്വനം കാഴ്ചയെ ആകർഷിക്കുന്നുണ്ടായിരുന്നു.

”നിന്റെ കെട്ടിയോനെവിടേടീ..
കാക്കിധാരി അവളെയാകെ ഉഴിഞ്ഞുനോക്കിക്കൊണ്ട് കൂടുതൽ അടുത്തേക്ക്നീങ്ങി..
തോർത്തുകൊണ്ട് മറയാതെകിടക്കുന്ന അവളുടെ യൗവ്വനത്തിന്റെമുഴുപ്പ് അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

”നീയെവിടെ എന്തൊക്കെ ഒളിപ്പിച്ചിട്ടുണ്ടോ..അതൊക്കെ വേഗം ഇങ്ങെടുത്തോ…”
കാക്കിധാരി വിരട്ടി.
അറിയാതെനീണ്ട കൈ വല്ലാതെപൊള്ളിയെന്നോണം കാക്കിധാരി പെട്ടെന്ന് പിൻവലിച്ചു.

‘തളിർമരംപോലെനിന്ന പെണ്ണാ; ഇപ്പോൾ തൊട്ടാൽ പൊള്ളുംവിധം ജ്വലിച്ചുനിൽക്കുന്നത്.
ആകെ പരുങ്ങലിലായ കാക്കിധാരിയെ രക്ഷിക്കാനെന്നോണം തെരച്ചിൽ സംഘാംഗങ്ങൾ അവിടേക്ക് കടന്നുവന്നു.
” ആകെ പൊല്ലാപ്പായല്ലോ സാറേ…
” ഈ സാറിന് വിശാലമായ വെളിമ്പ്രദേശം കണ്ടപ്പോൾ ഒരു ശങ്ക.
സംഘാംഗത്തിലൊരുവൻ മറ്റൊരു കാക്കിധാരിയെ ചൂണ്ടിക്കാണിച്ചു.
ശങ്കതീർത്ത് തുടച്ചത്,കടിത്തുവവെച്ചായിരുന്നു പാവം!.

” ഛെ… വേഗം വെള്ളമെടുത്ത് കഴുകെടോ…”

ഒരു തൊട്ടിവെള്ളവുമായി മറപ്പുരയിലേക്കുകയറിയയാൾ അതിശീഘ്രം മരണവെപ്രാളത്തോടെ ഇറങ്ങിയോടി.

”ആകെ കുഴഞ്ഞല്ലോ സാറേ…..”

സംഘാംഗങ്ങൾ ചിരിയടക്കാൻ പാടുപെട്ടു.
അകത്തേക്ക് കയറിപ്പോകുന്ന ലീലയുടെ താളത്തിൽചലിക്കുന്ന പുറവടിവുകളിൽ ഇച്ഛാഭംഗത്തോടെ കാക്കിധാരി ഒരുനിമിഷം നോക്കിനിന്നു.
”പോകാം സാറേ… ”
തിരച്ചിലുമതിയാക്കിയ സംഘാംഗങ്ങൾ
ഇടവഴിയിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു.
* *
സാധാരണ തിരച്ചിൽസംഘം വലിയആഘോഷമായി കന്നാസും, പാത്രങ്ങളുംതലയിലേറ്റി കരഞ്ഞുപിഴിയുന്ന ലീലയുമായിയെത്തുമ്പോൾ, ചുറ്റുംകൂടുന്ന ചെക്കന്മാർ തലേന്നുരാത്രി അമ്മയുടെപുറത്തുവീണ അടിയുടെ കണക്കെടുത്ത് പ്രതികാരസുഖത്തോടെ നോക്കിനിൽക്കുകയാണ് പതിവ്.
ഇന്നിപ്പോൾ,
ജീപ്പിന്ചുറ്റുംകൂടി കൂക്കിവിളിക്കുന്ന ചെക്കന്മാരെ കാക്കിധാരി മുളവടിചുഴറ്റിവിരട്ടി.
” പോയിനെടാ……
‘കറുത്തപുകതുപ്പിക്കൊണ്ട് ജീപ്പ് അവിടെനിന്നും ഇരച്ചുനീങ്ങി’
* * * *
സുനിൽ കുണ്ടോട്ടിൽ