ഇത് അബൂട്ടിക്കയുടെ കഥ

0
732

ഇത് അബൂട്ടി…

2010 മുതൽ ഇയാളെ ട്രയിനിൽ വച്ച് പതിവായ് കാണാറുണ്ടായാരുന്നു … (നിങ്ങളിൽ പലരും കണ്ടിരിക്കും പല തവണ ) യാത്രക്കാരോടെല്ലാം ചിരപരിചിതനെപ്പോലെ ചിരിച്ചും ലോഹ്യം പറഞ്ഞും വാച്ചുകളും ,കുട്ടികളുടെ കളിപ്പാട്ടങ്ങളുമൊക്കെ ചുറുചുറുക്കോടെ വിറ്റുനടന്നിരുന്ന ഇയാളുടെ പെരുമാറ്റം അന്നേ ശ്രദ്ധിച്ചിരുന്നു . സീസൺ ടിക്കറ്റ്കാരും ജീവനക്കാരും ഒക്കെ ഇയാളുടെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു .
സാധാരണ ട്രയിനിൽ സാധനങ്ങൾ വിൽക്കുന്നവരുടെ ചിരിയും വാചാലതയുമൊക്കെ തികച്ചും കച്ചവടത്തിന് വേണ്ടി മാത്രമാണെന്ന് തോന്നാറുണ്ട് ,എന്നാൽ ഇയാൾ ഒരിക്കലും അങ്ങനെയായിരുന്നില്ല.. ചില യാത്രക്കാർ വാച്ചുകൾക്കും മറ്റും വിലപേശി വെറുതെ പരമാവധി വില കുറക്കും എന്നിട്ട് അവസാനം പറയും വേണ്ട എന്ന് .അവരോട് പോലും ഒട്ടും മുഷിയാതെ ചിരിച്ച് കൊണ്ട് മാത്രം ഇയാൾ വർത്തമാനം പറയുന്നത് പലതവണ കണ്ടിട്ടുണ്ട് . ഭരതന്റെ ‘മഞ്ജീരധ്വനി’ എന്ന ചിത്രത്തിലെ വിനീത് അവതരിപ്പിച്ച നായക കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന ചിരിയും ചടുലതയും ആയിരുന്നു ഇയാൾ .നാളുകൾ കഴിഞ്ഞപ്പോൾ ഇയാളെ ട്രയിനിൽ കാണാതായ് ..

രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ കൂടെ എന്തോ ആവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ഓപ്പറേഷൻ ബ്ലോക്കിലൂടെ ഒരു സ്ത്രീയും കുട്ടിയും ഒരു സ്ട്രച്ചറിൽ ഒരു രോഗിയെ കിടത്തി തള്ളികൊണ്ട് പോകുന്നത് കണ്ടു , ആ സ്ത്രീയുടെ മുഖത്തെ ദൈന്യത കണ്ടത് കൊണ്ടാവാം വെറുതെ ആ രോഗിയുടെ മുഖത്തേക്ക് നോക്കി … ട്രയിനുകളിൽ നിന്ന് ട്രയിനുകളിലേക്ക് ചുറുചുറുക്കോടെ ചാടി നടന്ന അബൂട്ടിക്ക ശരീരം പകുതിയോളം തളർന്ന് ചലനമറ്റ് കിടക്കുന്നു ..
ആൾക്ക് എന്നെ ഓർമ്മയുണ്ട് .. ഇടറിയ ശബ്ദത്തിൽ പറഞ്ഞു ..
“ചെറിയ കാല് വേദനയിൽ തുടങ്ങിയതാണ് .. ഇപ്പോൾ രണ്ട് കാലുകളും പൂർണ്ണമായ് തളർന്ന് പോയ് .. മൂന്ന് മാസമായ് മെഡിക്കൽ കോളേജിൽ ,രണ്ട് ഓപ്പറേഷനുകൾ ചെയ്തു “..!
വേദന കടിച്ചമർത്തി കഥ പറയുമ്പോഴും മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിക്കുകയായിരുന്നു അയാൾ..!
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാത്തത് കൊണ്ട് ഞാൻ ആ കൈ പിടിച്ച് കൊണ്ട് വെറുതെ പറഞ്ഞു “തളരുരുത് ….ഒക്കെ ശരിയാകും”

മറുപടി ഇതായിരുന്നു …,
” അല്ലെങ്കിലും തളർന്ന് കിടക്കാൻ പറ്റൂല ഭായ് .. ഇതിലും താഴെ രണ്ടെണ്ണം കൂടിയുണ്ട് ”

കണ്ണീരിന്റെ നേർത്ത പാടയിലൂടെ കാഴ്ച്ച മറയും വരെ ഞങ്ങൾ അയാളെ നോക്കി നിന്നു …!

പിന്നീട് പലപ്പോഴും ഓർത്ത് അസ്വസ്ഥനായിട്ടുണ്ട് …അയാളെക്കുറിച്ച് .. പിന്നെ അർദ്ധനീതി മാത്രമായ എന്റെയാ കണ്ണീരിനെ പറ്റി ..!

മനസ്സ് കൊതിച്ചത് പോലെ ജീവിതത്തോട് തോൽക്കാൻ മനസ്സില്ലാത്ത ആ മനുഷ്യൻ വീണ്ടും നമുക്ക് മുന്നിലെത്തിയിരിക്കുന്നു ..!
വിധിയെ പഴിച്ച് ആളുകൾക്ക് മുന്നിൽ കൈ നീട്ടാൻ നിൽക്കാതെ തൊഴിലെടുത്ത് ജീവിക്കാനായ് ലോട്ടറി വിൽപ്പനക്കാരനായിരിക്കുകയാണിയാൾ .

കോഴിക്കോടിനും മഞ്ചേശ്വരത്തിനുമിടയിൽ
ട്രയിൻ യാത്ര ചെയ്യുമ്പോൾ എന്നെങ്കിലുമൊരിക്കൽ കൂത്ത്പറമ്പ് കോട്ടയങ്ങാടിയിൽ താമസിക്കുന്ന അബൂബക്കർ എന്ന മനുഷ്യനെ നിങ്ങളും കണ്ടേക്കാം .. ഒരു കയ്യിൽ നിശ്ചയദാർഢ്യത്തിൻറ ഊന്നുവടിയും മറുകൈയ്യിൽ ഭാഗ്യക്കുറികളുമായ് ചുണ്ടിൽ നിറപുഞ്ചിരിയുമായ് ..!

ഒരു ഭാഗ്യക്കുറി ടിക്കറ്റ് വാങ്ങുക .. ചിലപ്പോൾ മനുഷ്യർക്ക് ദൈവങ്ങളാകാനുള്ള അപൂർവ്വ അവസരമാവാം അത് ..!മുടങ്ങിപ്പോയ ചികിത്സയും ,നിർദ്ധേശിക്കപ്പെട്ട ഓപ്പറേഷനനും ഇയാളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിട്ടും ആരോടും ഒരു പരിവേതനവും പറയാറില്ല ഇയാൾ.. പുഞ്ചിരിയുടെ മുഖമൂടിക്കുള്ളിലൊരു സങ്കടക്കടലുണ്ടെങ്കിലും …!

പറ്റുന്നവർ ഈ പോസ്റ്റ് ഒന്നു ഷെയർ ചെയ്യണേ …

(കടപ്പാട് )