കാൻസർ വന്ന മുലകളുടെ കഥയാണ്!

0
121

Edwin Peter

കാൻസർ വന്ന മുലകളുടെ കഥയാണ്!!!

കഥ ആരംഭിക്കുന്നത് 500 BCയിലെ പേർഷ്യൻ രാജ്ഞിയായ അറ്റോസയുടെ മുലകൾ പഴുത്ത് ചോരവരാൻ തുടങ്ങിയപ്പോഴാണ്! അതെന്തുകൊണ്ടാണെന്ന് അവർക്ക് അറിവില്ലായിരുന്നു പക്ഷേ അതിനൂതമായ ഒരു ശസ്ത്രക്രിയ ചെയ്തു. സിംപിൾ… അടിമയായ ഡെമോസീഡ്സ് വന്ന് മുല വെട്ടിയെടുത്തു. അടിമയായോണ്ടാണ്, ആചാര്യനാർന്നേ ഒരു സംഹിത എഴുതാനുള്ള സ്കോപ്പുണ്ട് ചെലപ്പൊ പിതാവും ആയേനേ. അറ്റോസ 29 കൊല്ലം പിന്നെയും ജീവിച്ചെന്നൊക്കെയാണ് പറയപ്പെടുന്നത്…

ഈജിപ്തുകാർ അക്കാലത്തേ പുലികളായിരുന്നു. മുലകളിലെ തടിപ്പൊക്കെ തപ്പിയെടുത്ത് കാൻസറേതാ എന്നൊക്കെ കണ്ടുപിടിച്ചു. കണ്ടുപിടുത്തം മാത്രേ ഒള്ളൂ. മാസങ്ങൾക്കുള്ളിൽ മരണം ഒറപ്പാണ്. ഹിപ്പോക്രാറ്റസ് കാർസിനോസ് എന്ന ഓമനപ്പേരൊക്കെ തടിപ്പിന് കൊടുത്തു. ക്ലോഡിയസ് ഗാലനാണ് ആ സത്യം കണ്ടു പിടിച്ചത്! അയ്യേ ഇത് ചെറുത് ശരീരത്തിൽ ‘കറുത്ത പിത്തത്തിന്റെ’ അളവ് കൂടിയതാണ്… മൊയ്തീനേ ആ പത്തേ പത്തിന്റെ സ്പാനറിങ്ങെടുത്തേ… ഇപ്പ ശര്യാക്യരാം

മധ്യ കാലഘട്ടം (ജസ്റ്റ് അഞ്ഞൂറ് കൊല്ലം മുന്‍പ് വരെ) ആയപ്പോഴേക്കും ചുമ്മാ തടിപ്പ് വന്ന മൊല വെട്ടികളയുന്നതിൽ നിന്നു നമ്മൾ ഒരുപാട് വളർന്നു. ഉം… പിന്നേ… മരുന്നൊക്കെ വന്നു. ലെഡ്തകിട് വച്ച് കെട്ടുക, വിശുദ്ധജലം തളിക്കുക, ഞണ്ട് ലേഹ്യം തേക്കുക, തവള രക്തം തളിക്കുക ആഹാ… തങ്കലിപികളിൽ എഴുതപ്പെട്ട പാരമ്പര്യം! കാര്യങ്ങൾ മാറാൻ തുടങ്ങിയത് 1700കളിൽ ജോൺ ഹണ്ടറുടെ വരവോടെയാണ്.

കക്ഷി മുലകളിൽ മാത്രമേ മുഴ ഉള്ളൂ എങ്കിൽ കത്തിവച്ച് മുറിച്ചെടുത്തു.
(ഇപ്പോഴും കള്ളും കഞ്ചാവും കറുപ്പുമൊക്കെയാണ് മയക്കാനുള്ള മരുന്ന്, പിന്നെ കൈകാലുകൾ കെട്ടിയിടലും – അല്ലെങ്കീ ഡോക്ടര്‍ രോഗിയുടെ ചവിട്ടുകൊണ്ട് നിര്യാതനാവും! ഏക് വെട്ട് ദോ പീസ് ഇതായിരുന്നു അന്ന് സർജന്മാരുടെ ആപ്തവാക്യം).അപ്പൊ മുലകൾക്ക് പുറത്തേക്ക് തടിപ്പ് പടർന്നാലോ? മെറ്റാസ്റ്റാസിസ്! പിന്നെ മുല വെട്ടണ്ട, കുഴി വെട്ടിയാ മതിയെന്ന് ഹണ്ടര്‍ പറഞ്ഞു. വാട്ട് എ വണ്ടർ. അസുഖം തരം തിരിക്കപ്പെട്ടിരിക്കുന്നു. മുലമുറിയുടെ പിതാവ് പക്ഷേ മറ്റൊരാളാണ്, റാഡിക്കല്‍ മാസ്റ്റെക്ടമിയുടെ അപ്പസ്തോലനായ ഹാൾസ്റ്റെഡ് ആണത്.

കൂടുതല്‍ മെച്ചപ്പെട്ട രോഗശമനത്തിനായി കൂടുതല്‍ തീവ്രമായി മുലകളും ചുറ്റുവട്ടവും അറുത്ത് മാറ്റണമെന്ന് പുള്ളിയും ശിഷ്യന്മാരും വാദിച്ചു. അറുത്തറുത്ത് ആ ഏരിയയിൽ ഇനി മുറിച്ച് കളയാന്‍ ബാക്കി ഒന്നും ഇല്ല എന്ന അവസ്ഥയായി. എന്നിട്ടും കാൻസർ പടർന്ന് ആളുകൾ മരിച്ചു. പക്ഷേ ആചാര്യന്‍മാര്‍ തോറ്റു. ശാസ്ത്രം ജയിച്ചു. മുലകൾ എടുത്ത് കളയുന്നതിന് പുറമേ നെഞ്ചിലും കഴുത്തിലും ഒരു പരിധി വരെ ചുഴിഞ്ഞെടുത്ത് കളഞ്ഞാൽ മതി, പിന്നെയും ആഴത്തിൽ പോയിട്ട് വല്ല്യ ഗുണമൊന്നുമില്ലെന്ന് പഠനങ്ങൾ പറഞ്ഞു. പെറ്റിയും, സ്കാൻലോണും, ഓച്ചിൻക്ലോസും മുലമുറിയുടെ തന്നെ മികച്ച രീതികളുമായി രംഗത്ത് വന്നു.

മുലകളിൽ മാത്രം തടിപ്പ് ഒതുങ്ങി നിന്ന നേരത്തേ കണ്ടെത്തിയവർ രക്ഷപ്പെട്ടു. ബാക്കിയെല്ലാവരും പടമായി. അങ്ങനിരിക്കുമ്പോഴാണ് ഇരുപതാം നൂറ്റാണ്ടിൽ റേഡിയേഷൻ ചികിത്സ കണ്ടുപിടിക്കുന്നത്. കുതിച്ചു ചാട്ടം. 1950കളിൽ മുലമുറിച്ച് ബാക്കി നെഞ്ചും കൂടെ കരിച്ച് കളഞ്ഞപ്പോൾ ഒരുപാട് പേര്‍ കൂടുതലായി രക്ഷപ്പെടാൻ തുടങ്ങി. പിന്നാലെ 1970കളിൽ സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ റിസെപ്റ്ററുകൾക്കെതിരേയുള്ള ഹോർമോൺ തെറാപ്പി വികസിച്ചു. കാൻസർ കോശങ്ങളെ കൊല്ലുന്ന കീമോ തെറാപ്പി വന്നു. പ്രതിരോധ ശേഷിയുടെ സംവിധാനങ്ങളെ ചികിൽസക്കുപയോഗിക്കുന്ന ഇമ്മ്യുണോതെറാപ്പി വന്നു.

സർജന് മാത്രമായി ഇവടെ അത്ഭുതങ്ങള്‍ ചെയ്യാനൊന്നുമില്ലെന്ന് ശാസ്ത്രം മനസ്സിലാക്കിയ നാളുകൾ. ശസ്ത്രക്രിയക്ക് മുൻപ് മയക്കം കൊടുക്കണം, ശസ്ത്രക്രിയക്ക് മുൻപും ശേഷവുമുള്ള കെയർ കൊടുക്കണം, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ഇമ്മ്യുണോ തെറാപ്പി, ഹോർമോൺ തെറാപ്പി എല്ലാം കൃത്യമായി ലഭിച്ചാൽ മാമോഗ്രം/അൾട്രാ സൗണ്ട് സ്കാൻ വഴി നേരത്തേ രോഗം കണ്ടെത്തിയ രോഗി പൂർണമായി സുഖപ്പെടുന്നു. വൈകി കണ്ടെത്തിയവർ പോലും മാസങ്ങളും വർഷങ്ങളും ജീവിക്കുന്നു. കാൻസറിന്റെ തോൽവിയുടെ ആരംഭമായിരുന്നു അത്.

1990ൽ ദേ പിന്നെയും കുതിച്ച് ചാട്ടം. ഭാവിയിൽ മുലക്ക് കാൻസർ വരാൻ സാധ്യതയുണ്ടോ എന്ന് BRCA1/2 ജീനിൽ വ്യത്യാസമുണ്ടോ എന്ന് കണ്ടുപിടിക്കാൻ തുടങ്ങി. ഒരാള്‍ക്കുണ്ടെങ്കിൽ വീട്ടിലുള്ളവർക്കും വരാന്‍ സാധ്യതയുണ്ടൊ എന്ന് നോക്കാൻ തുടങ്ങി. വരാതിരിക്കാന്‍ ഇപ്പൊഴേ ശരിക്കുമുള്ള മുലകൾ മുറിച്ച് കളഞ്ഞ് സിലിക്കണ്‍ മുലകൾ വക്കാമെന്നായി (ആഞ്ചലീന ജോളി ഫാൻസിന് ആഘോഷിക്കാനുള്ള നൂല്)
ഇന്ന് എന്റെ DNA പരിശോധിച്ചാൽ അതിൽ ഏതെല്ലാം ജീനിൽ വ്യതിയാനങ്ങളുണ്ടെന്ന് കണ്ടുപിടിക്കാനാവും. ഭാവിയില്‍ എനിക്ക് മുലകളിലോ വേറെവിടെയെങ്കിലുമോ കാൻസർ വരാനുള്ള സാധ്യതകളുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനാവും. (ആണുങ്ങൾക്കും മുലയുണ്ട്, അതിലും കാൻസർ വരും, ഇത് പെണ്ണുങ്ങളുടെ കുത്തകയൊന്നുമല്ല).

ഓരോ വർഷവും അതിനെ ടാർഗെറ്റ് ചെയ്യുന്ന കൂടുതൽ മികച്ച മരുന്നുകൾ പുറത്തിറങ്ങുന്നു. സ്ക്രീനിങ്ങ് നടക്കുന്നു. അതെ. കാൻസർ വന്ന് മുലമുറിച്ച് കളഞ്ഞിട്ടും മരിച്ച് പോകുന്നിടത്തു നിന്ന് കാൻസർ വരുന്നതേ തടയുന്നിടത്തേക്ക് വളർന്നതാണ് മുലകളിന്റെ കാൻസറിന്റെ കഥ. കഥ കഴിഞ്ഞു.